ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഐ ഫോണ്‍ സ്വന്തമാക്കുന്നതിനായി ഡെലിവറി ഏജന്റിനെ 20കാരന്‍ കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം മൃതദേഹം ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു. ഫെബ്രുവരി ഏഴിന് കര്‍ണാടക ഹാസന്‍ ജില്ലയിലെ അരസികരെയിലാണ് സംഭവം. ക്യാഷ് ഓണ്‍ ഡെലിവറി വ്യവസ്ഥയില്‍ ഓണ്‍ലൈനില്‍ ഐ ഫോണിന് ഓര്‍ഡര്‍ ചെയ്ത ശേഷം ഫോണ്‍ കൊണ്ടുവന്നപ്പോള്‍ പണം നല്‍കാതെ കൊലപ്പെടുത്തി ഫോണ്‍ സ്വന്തമാക്കുകയായിരുന്നു. ഫ്ലിപ്കാര്‍ട്ട് ഡെലിവറി ഏജന്റ് ഹേമന്ത് നായിക് എന്ന 23കാരനാണ് കൊല്ലപ്പെട്ടത്. ഹേമന്ത് ദത്തയെന്ന യുവാവാണ് പ്രതി.
കൊറിയര്‍ കമ്പനിയില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയാണ് പ്രതിയായ ഹേമന്ത്. കൊലപാതകത്തിന് ശേഷം നായിക്കിന്റെ മൃതദേഹം മൂന്ന് ദിവസം ബാഗിനുള്ളിലാക്കി വീട്ടില്‍ ഒളിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കില്‍ എത്തിച്ച് സമീപം മണ്ണെണ്ണയും പെട്രോളും ഒഴിച്ച് കത്തിച്ചതായി പൊലീസ് പറഞ്ഞു. സിസിടിവി വീഡിയോയില്‍, മൃതദേഹവുമായി പ്രതി ബൈക്കില്‍ പോകുന്നത് കാണാം. രണ്ട് ദിവസം മുമ്പ് പെട്രോള്‍ പമ്പില്‍ നിന്ന് കുപ്പിയില്‍ പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
ഫെബ്രുവരി 11 ന് രാവിലെ അഞ്ചെകോപാലു പാലത്തിന് സമീപം ലക്ഷ്മിപുരത്ത് റെയില്‍വേ ട്രാക്കിന് സമീപം പാതി കത്തിക്കരിഞ്ഞ മൃതദേഹത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഫെബ്രുവരി ഏഴിന് ലക്ഷ്മിപുരത്ത് പാഴ്സല്‍ നല്‍കാന്‍ പോയതിന് ശേഷം ഹേമന്ത് നായിക്കിനെ കാണാതാകുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഹേമന്ത് ദത്ത 46000 രൂപ വിലയുള്ള സെക്കന്‍ഡ് ഹാന്‍ഡ് ഐഫോണിന് ഓര്‍ഡര്‍ ചെയ്തു. സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പ്പന്നത്തിന് ക്യാഷ് ഓണ്‍ ഡെലിവറി ലഭ്യമാണെന്ന സൗകര്യമാണ് ഇയാള്‍ ഉപയോഗപ്പെടുത്തിയത്. ഡെലിവറി ഏജന്റ് ഫോണുമായി എത്തിയപ്പോള്‍ ഹേമന്ത് ദത്തയുടെ കൈവശം പണമില്ലായിരുന്നു. പണം ഇപ്പോള്‍ കൊണ്ടുവരാമെന്നും അതുവരെ വീട്ടില്‍ ഇരിക്കണമെന്നും പ്രതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ഹേമന്ത് നായിക് ഫോണില്‍ നോക്കിയിരിക്കവെ പിന്നിലൂടെയെത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവാവിനോട് പ്രതിക്ക് ശത്രുതയോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലെന്നും പണം നല്‍കാതെ ഐഫോണ്‍ സ്വന്തമാക്കാന്‍ വേണ്ടി മാത്രമാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.