◾സംസ്ഥാന ബജറ്റില്‍ വര്‍ധിപ്പിച്ച രണ്ടു രൂപ ഇന്ധന സെസ് അടക്കമുള്ള നികുതി കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും. നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ നികുതി വര്‍ധനയെ ന്യായീകരിച്ചു. പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്താണു വിശദീകരണം നല്‍കിയത്. പ്രതിഷേധിച്ച് യുഡിഎഫ് വാക്കൗട്ടു നടത്തി. തുടര്‍ന്നു സഭക്കു പുറത്ത് ബാനറുകളുമായി പ്രതിഷേധിച്ചു. ഇന്നു നിയമസഭയിലേക്കു കാല്‍നടയായാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തുക.
◾തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരം. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതല്‍ കണ്ടെടുത്തു. ഇരുപതിനായിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം. പത്ത് ഇന്ത്യക്കാര്‍ തുര്‍ക്കിയില്‍ കുടുങ്ങി. ഒരാളെ കാണാനില്ല.
◾പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനിക്കും എതിരേ നടത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്സഭ രേഖകളില്‍നിന്ന് നീക്കി. രാഹുലിന്റെ ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന് ആരോപിച്ചാണ് രേഖകളില്‍നിന്ന് നീക്കിയത്. ലോക്സഭയില്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. അദാനി വിവാദത്തില്‍ ഇന്നലേയും പാര്‍ലമെന്റില്‍ ബഹളമായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നോട്ടീസ് നല്‍കി. ഇതേസമയം, രാജ്യസഭയില്‍ അദാനിയുടെ പേരു പറയാതെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചു. തെളിവില്ലാത്തതു പറയാന്‍ അനുവദിക്കില്ലെന്നു രാജ്യസഭാ ചെയര്‍മാന്‍ പറഞ്ഞു.
◾കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ നീക്കണമെന്ന് സിന്‍ഡിക്കറ്റ്. ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. ബജറ്റ് തയ്യാറാക്കല്‍, സപ്ലിമെന്ററി പരീക്ഷകള്‍, സിലബസ് പരിഷ്‌കരണം, ജനുവരിയില്‍ നടത്തേണ്ട പിഎച്ച്ഡി പ്രവേശനം തുടങ്ങിയവ മുടങ്ങിയതിനു ഉത്തരവാദി വിസിയാണെന്നാണ് ആരോപണം. യൂണിവേഴ്സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് വിസി നേരത്തെ ആരോപിച്ചിരുന്നു.
◾ലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ വിജിലന്‍സ് അറസ്റ്റു ചെയ്തു. തൊടുപുഴ മുട്ടം റേഞ്ച് ഓഫീസര്‍ ലിപിന്‍ ജോസാണ് അറസ്റ്റിലായത്.
◾ആറളം വിയറ്റ്നാം കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് ഇവിടെ എത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു.
◾കുഞ്ഞിനു ജന്മം നല്‍കിയ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികള്‍ക്ക് മന്ത്രി വീണാ ജോര്‍ജിന്റെ ആശംസകള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ പ്രസവം കഴിഞ്ഞ് ചികിത്സയിലാണ് സഹദ്. ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനുമാണ് ഫോണില്‍ വിളിച്ച് മന്ത്രി ആശംസകള്‍ നേര്‍ന്നത്.
◾തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ മകന്‍ അടക്കമുള്ള യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ പോലീസ് അഞ്ചു ദിവസത്തിനുശേഷം കേസെടുത്തു. മെഡിക്കല്‍ കോളേജിലെ ട്രാഫിക് വാര്‍ഡന്‍, സെക്യൂരിറ്റി എന്നിവര്‍ അഖിലിനേയും കൂടെയുണ്ടായിരുന്നവരേയും മര്‍ദിച്ചെന്നാണ് കേസ്.
◾അശ്ലീല സൈറ്റില്‍ യുവതിയുടെ ഫോട്ടോ അപ്ലോഡ് ചെയ്തെന്ന പരാതിയില്‍ സഹപാഠികളായിരുന്ന എട്ടു പേര്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. ആലമുക്ക് സ്വദേശിനിയുടെ പരാതിയിലാണ് പെണ്‍കുട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. 207 അംഗങ്ങളുള്ള സ്‌കൂള്‍ ഗ്രൂപ്പിലെ യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്തെന്നാണ് പരാതി.
◾ഇന്ധന സെസ് വിഷയത്തില്‍ ആഴ്ച്ചകള്‍ നീളുന്ന കളക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഇരട്ടച്ചങ്കല്ല, എത്ര ചങ്ക് മുഖ്യമന്ത്രിക്കുണ്ടെങ്കിലും വര്‍ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരും. അതുവരെ സമരം തുടരും. മന്ത്രിമാരെ വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
◾രാജ്യം അതിവേഗം വികസനത്തിലേക്കു കുതിക്കുമ്പോള്‍ കേരളത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമാക്കി മാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇടതുഭരണത്തില്‍ കേരളം കിതക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
◾ചിന്താ ജെറോമിന്റെ അമ്മയെ ചികില്‍സിച്ചത് തന്റെ ഭാര്യയാണെന്ന് റിസോര്‍ട്ട് ഉടമ. അവര്‍ കുടുംബ സുഹൃത്തുക്കളാണ്. സ്ഥാപനം നിശ്ചയിച്ച വാടക തന്നാണ് ചിന്ത താമസിച്ചത്. ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.
◾കണ്ണൂര്‍ എസ്എന്‍ കോളേജില്‍ കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്ക്. രണ്ടു കെ എസ് യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. കെ എസ് യു പ്രവര്‍ത്തകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു.
◾കൊല്ലം കക്ടറേറ്റില്‍ ബോംബ് വച്ചെന്നു ഭീഷണിക്കത്തെഴുതിയ കേസില്‍ അമ്മയും മകനും അറസ്റ്റിലായി. മതിലില്‍ സ്വദേശി ഷാജന്‍ ക്രിസ്റ്റഫര്‍, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടില്‍നിന്ന് നിരവധി ഭീഷണിക്കത്തുകള്‍ കണ്ടെടുത്തു. എട്ടു കൊല്ലം മുമ്പ് വേളാങ്കണ്ണി പള്ളി ബോംബുവച്ചു തകര്‍ക്കുമെന്ന് ഷാജന്‍ ഐസ്ഐസിന്റെ പേരില്‍ ഭീഷണിക്കത്തെഴുതിയിരുന്നെന്നു പോലീസ് പറയുന്നു.
◾മലയോര ഹൈവേയുടെ ഭാഗമായി കാസര്‍കോട്ടെ കോളിച്ചാല്‍ - എടപ്പറമ്പ റോഡില്‍ ബേത്തുപ്പാറ - പരപ്പ ലിങ്ക് റോഡ് കൂടി ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ അനുമതി നല്‍കി.
◾വസ്ത്രനിര്‍മാണത്തിന് ഉപയോഗിക്കുന്ന നിറങ്ങള്‍ കലര്‍ത്തി പഞ്ഞി മിഠായി ഉണ്ടാക്കിയ കേന്ദ്രം ഭക്ഷ്യസുരക്ഷ വിഭാഗം അടച്ചുപ്പൂട്ടി. കൊല്ലം കരുനാഗപ്പള്ളിയിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിട ഉടമയ്ക്കും 25 ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമെതിരേ കേസെടുത്തു.
◾മലയാളി ദമ്പതികള്‍ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. കണ്ണൂര്‍ ചെറുപുഴ സ്വദേശികളായ കടേക്കര വീട്ടില്‍ രവീന്ദ്രന്‍ (58) ഭാര്യ സുധ (55) എന്നിവരാണ് മരിച്ചത്. ടെക്സ്റ്റൈല്‍ വ്യാപാരിയാണ് രവീന്ദ്രന്‍.
◾എറണാകുളം പറവൂരില്‍ ഇറച്ചി കടയില്‍ 350 കിലോ പഴകിയ ഇറച്ചി പിടികൂടി. നീണ്ടൂരില്‍ നൗഫല്‍ എന്ന ആളുടെ സ്ഥാപനത്തില്‍നിന്നാണ് ഇറച്ചി പിടികൂടിയത്. കട പഞ്ചായത്ത് പൂട്ടിച്ചു.
◾ജലഗതാഗത വകുപ്പിന്റെ എക്സ്പ്രസ് ബോട്ട് അമിതവേഗത്തില്‍ പാഞ്ഞതോടെ വേമ്പനാട്ടുകായലില്‍ ശക്തമായ ഓളംതള്ളി ചെറിയ ഹൗസ്ബോട്ട് മുങ്ങി. പോഞ്ഞിക്കര ഭാഗത്ത് തീരത്തെ കല്‍ക്കെട്ടിനോട് ചേര്‍ത്ത് കെട്ടിയിട്ടിരുന്ന ഒറ്റനില ഹൗസ്ബോട്ടാണ് മുങ്ങിയത്. ശക്തമായ ഓളത്തില്‍ കല്‍ക്കെട്ടില്‍ ഇടിച്ചാണ് തകര്‍ന്നത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമണ്ടെന്ന് ഹൗസ്ബോട്ട് ഉടമ രാഹുല്‍ രമേശ് പറഞ്ഞു.
◾കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വേങ്ങപ്പള്ളി സ്വദേശി ഗ്രിജേഷിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. ചികിത്സാ പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം.
◾റോഡരികില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പാലക്കാട് കുഴല്‍മന്ദം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തേങ്കുറിശ്ശിയിലാണ് സംഭവം.
◾പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവര്‍ഷം കഠിനതടവും. നിലമ്പൂര്‍ പോക്സോ കോടതിയാണു ശിക്ഷ വിധിച്ചത്.
◾പതിനഞ്ചുകാരിക്കു ചോക്ലേറ്റും ചുരിദാറും വാങ്ങിക്കൊടുത്തു വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ യുവാവിനെ കോടതി റിമാന്റ് ചെയ്തു. വണ്ടൂര്‍ കൂരാട് വരമ്പന്‍കല്ല് അമ്പലപ്പറമ്പന്‍ മിഥിലാജ് (20)നെയാണ് നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജയിലിലേക്കയച്ചത്.
◾ഒമ്പത് വിദ്യാര്‍ഥിനികളെ മാനഭംഗപ്പെടുത്തിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന അധ്യാപകന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. കുമരനെല്ലൂര്‍ കോമത്ത് അബ്ദുല്‍സമദ് (38)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി തള്ളിയത്.
◾ജനാധിപത്യത്തിന്റെ ശബ്ദം മായ്ച്ചുകളയാനാവില്ലെന്നു രാഹുല്‍ ഗാന്ധി. മോദി സുഹൃത്തല്ലെങ്കില്‍ അദാനിയുടെ തിരിമറി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. ലോക്സഭയില്‍ മോദി - അദാനി ബന്ധത്തെകുറിച്ച് ആരോപണം ഉന്നയിച്ച പ്രസംഗം സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടു.
◾രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നുണകളാണു പറഞ്ഞതെന്ന് മന്ത്രി കിരണ്‍ റിജ്ജു. രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ഭാഷ പാകിസ്ഥാന്റേതാണെന്നും റിജ്ജു ആരോപിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗലോട്ടും, റോബര്‍ട്ട് വധേരയും അദാനിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ റിജ്ജു സഭയില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.
◾രാഹുല്‍ ഗാന്ധിയെ പേരെടുത്തുപറയാതെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദാനി വിവാദത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടിയതുമില്ല. ലോക്സഭയില്‍ പ്രസംഗിച്ച ഒരാള്‍ രാഷ്ട്രപതിയെവരെ അപമാനിച്ചെന്നു മോദി കുറ്റപ്പെടുത്തി. യുപിഎ കാലത്ത് ഭീകരാക്രമണങ്ങളും അഴിമതിയും മാത്രമാണ് നടന്നത്. ബിജെപി ഭരണത്തില്‍ രാജ്യം അഴിമതി മുക്തമായെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നും മോദി അവകാശപ്പെട്ടു.
◾ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്കു ബോട്ടുമാര്‍ഗം സ്വര്‍ണം കടത്താന്‍ ശ്രമം. തമിഴ്നാട് രാമേശ്വരത്തിനു സമീപം തീരക്കടലില്‍ കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സ് വിഭാഗവും പിന്തുടര്‍ന്നതോടെ സ്വര്‍ണക്കടത്തുകാരുടെ ബോട്ടില്‍നിന്നു സ്വര്‍ണമടങ്ങിയ പെട്ടികള്‍ കടലിലേക്കു തള്ളി. ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു. കടലിലേക്കു തള്ളിയ പെട്ടികള്‍ തെരയാന്‍ മുങ്ങല്‍ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.
◾പളനി ക്ഷേത്രത്തില്‍ തൈപ്പൂയം ഉത്സവത്തോടനുബന്ധിച്ച് സംഘര്‍ഷം. പളനി മലയടിവാരത്തുള്ള ഉപക്ഷേത്രമായ തിരുവിനാങ്കുടി ക്ഷേത്രത്തിലാണ് ഭക്തര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. തേങ്ങയും കല്ലും കൊണ്ട് ഇരു സംഘവും പരസ്പരം എറിഞ്ഞു. ഏറുകൊണ്ട് ഏതാനും പേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രം താത്കാലികമായി അടച്ചു. കോയമ്പത്തൂരില്‍ നിന്നും ഇടപ്പാടിയില്‍ നിന്നും പദയാത്രയായി എത്തിയ ഭക്തര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
◾യുപിയിലെ ഗാസിയാബാദ് കോടതിയില്‍ പുള്ളിപ്പുലി ആക്രമണം. കോടതിക്കുള്ളില്‍ കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കോടതി ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വടികളുമായി പുലിയെ അടിച്ചുവീഴ്ത്തി. പിന്നീട് പുലിയെ പിടികൂടി കൂട്ടിലടച്ചു.
◾ഇന്ത്യയിലേക്കു തീര്‍ത്ഥാടനത്തിനു തിരിച്ച 190 ഹിന്ദുക്കളെ പാകിസ്ഥാന്‍ അധികൃതര്‍ തടഞ്ഞു. സിന്ധ് പ്രവിശ്യയിലെ 190 ഹിന്ദുക്കളുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്തെന്നു വ്യക്തമല്ലാത്തതിനാലാണു തടഞ്ഞതെന്നു പാകിസ്ഥാന്‍ അധികൃതര്‍ ന്യായീകരിച്ചു. കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബങ്ങള്‍ തീര്‍ഥാടന വിസയിലാണ് ഇന്ത്യയിലേക്കു പുറപ്പെട്ടത്.
◾ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ നീരീക്ഷിക്കാന്‍ ചൈന ചാര ബലൂണ്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയും ജപ്പാനും ഉള്‍പ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന നിരീക്ഷണ ബലൂണ്‍ ഉപയോഗിച്ചെന്നു ദ വാഷിങ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ടു ചെയ്തത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഇരുടീമുകളും മൂന്ന് ഗോളുകള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്. ഈ സമനിലയോടെ അവസാന സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചു. ഒന്‍പതാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇനി ആദ്യ ആറില്‍ ഇടം നേടാനാകൂ.
◾ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ടെസ്റ്റ് നാഗ്പുരില്‍ ഇന്നു മുതല്‍. ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫി എന്നറിയപ്പെടുന്ന ഈ പരമ്പരയില്‍ നാല് ടെസ്റ്റുകളാണുള്ളത്.
◾നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ വണ്ടര്‍ല ഹോളിഡേയ്സ് ലിമിറ്റഡിന്റെ മൊത്തവരുമാനം 117.8 കോടി രൂപ രേഖപ്പെടുത്തി. 2020 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലെ 72.7 കോടിയില്‍ നിന്ന് 62 ശതമാനം വര്‍ധനവാണുണ്ടായത്. അവലോകന പാദത്തിലെ വരുമാനം 61 കോടി രൂപയാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 27.7 കോടി രൂപയായിരുന്നു.കോവിഡിന് മുമ്പുള്ള നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വണ്ടര്‍ലയിലെത്തിയ ആളുകളുടെ എണ്ണത്തില്‍ 28 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തില്‍ 9.2 ലക്ഷമായിരുന്നു മൊത്തം ആളുകളുടെ എണ്ണം. ബാംഗ്ലൂരിലെ പാര്‍ക്കില്‍ 3.21 ലക്ഷം ആളുകളും, കൊച്ചിയിലെ പാര്‍ക്കില്‍ 3.16 ലക്ഷം ആളുകളും, ഹൈദരാബാദ് പാര്‍ക്കില്‍ 2.82 ലക്ഷം ആളുകളുമെത്തി. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ 9 മാസത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തവരുമാനം 339.8 കോടി രൂപയാണ്. നികുതിക്കു ശേഷമുള്ള ലാഭം 113.9 കോടി രൂപയും. 25.1 ലക്ഷം ആളുകള്‍ ഈ കാലയളവില്‍ വണ്ടര്‍ലയില്‍ എത്തിയിട്ടുണ്ട്.
◾സൂപ്പര്‍ഹിറ്റ് ചിത്രം മാളികപ്പുറം ഒടിടി റിലീസിനൊരുങ്ങുന്നു ഫെബ്രുവരി 15ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ ചിത്രം റിലീസ് ചെയ്യും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം ആസ്വദിക്കാനാകും. 2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമാണ് ബോക്സ്ഓഫിസില്‍ നിന്നും നേടിയത്. ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പര്‍ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറാണ് സംവിധാനം. ദേവനന്ദ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍, , മനോജ് കെ. ജയന്‍, സൈജു കുറുപ്പ്, രമേഷ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.
◾ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ദൃശ്യം ഹോളിവുഡിലേക്കും. ചിത്രത്തിന്റെ റീമേക്കുകള്‍ വലിയ വിജയമാണ് കരസ്ഥമാക്കിയത്. മലയാളത്തില്‍ വലിയ ഹിറ്റായ സിനിമ തമിഴിലേക്കും പിന്നീട് ഹിന്ദിയിലേക്കുമൊക്കെ റീമേക്ക് ചെയ്തിരുന്നു. സിനിമ ഹോളിവുഡില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നു. സിനിമ ഹോളിവുഡിലും ചൈനീസിലും റീമേക്ക് ചെയ്യുമെന്നാണ് ട്വീറ്റ്. ഹോളിവുഡില്‍ കൂടാതെ, സിന്‍ഹള, ഫിലിപ്പീനോ, ഇന്തോനേഷ്യന്‍ ഭാഷകളിലും റീമേക്ക് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴില്‍ കമല്‍ ഹാസനും ഹിന്ദിയില്‍ അജയ് ദേവഗണുമാണ് പ്രാധാന കഥാപാത്രത്തെ ആവതരിപ്പിച്ചത്. ഹിന്ദിയില്‍ ദൃശം രണ്ടാം ഭാഗത്തിന് മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചിത്രം ബോക്‌സ് ഓഫീസിലും ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞു.
◾ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സ് പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ അവതരിപ്പിച്ചു. ഒഡീസ് ട്രോട് എന്ന ഇലക്ട്രിക് ഇരുചക്ര വാഹനമാണ് കമ്പനി പുറത്തിറക്കിയത്. 99,999 രൂപയാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറൂം വില. ഈ ഹെവി-ഡ്യൂട്ടി സ്‌കൂട്ടര്‍ 250 കിലോഗ്രാം വരെ ലോഡിംഗ് ശേഷിയുള്ള അവസാന മൈല്‍ ലോജിസ്റ്റിക്‌സ് ആവശ്യത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഈ സ്‌കൂട്ടര്‍ മഞ്ഞ, കറുപ്പ്, ചുവപ്പ്, മെറൂണ്‍ എന്നിങ്ങനെ നാല് നിറങ്ങളില്‍ ലഭ്യമാണ്. ഒഡീസ് ട്രോട്ട് ഇലക്ട്രിക് സ്‌കൂട്ടര്‍ ഫുള്‍ ചാര്‍ജില്‍ 75 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്. ഇതിന് 25 കിലോമീറ്റര്‍ വേഗതയില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും.
'◾കേരളം അറിയേണ്ട സംഗീതകാരന്മാര്‍' എന്ന പുസ്തകത്തിലൂടെ രമേശ് ഗോപാലകൃഷ്ണന്‍ നടത്തുന്നത് ആ ചരിത്രത്തിന്റെകൂടി എഴുത്താണ്. ഒരു സംഗീതവും ഒരു ദേശത്തിനും സ്വന്തമല്ലെന്നു പറയുമ്പോള്‍തന്നെ, ജാതിമതവര്‍ഗദേശങ്ങള്‍ക്കതീതമായ ഒന്നാണ് യഥാര്‍ത്ഥ സംഗീതമെന്ന് ഉറപ്പിക്കുമ്പോള്‍തന്നെ, ഈ പുസ്തകം കേരളത്തിന്റെ സംഗീതചരിത്രമായും ഓരോ സംഗീതകാരന്റെയും ജീവിതവും സംഗീതവുമായും മാറുന്നുണ്ട്. ഗ്രന്ഥകാരന്റെ സംഗീതചരിത്രത്തിലുള്ള അഗാധമായ അറിവും സംഗീതകലയിലുള്ള അപാരമായ ആസ്വാദനശേഷിയുമാണ് ഈ ഗ്രന്ഥത്തിലുടനീളം പ്രകടമാവുന്നത്. കൈരളി ബുക്സ്. വില 237 രൂപ.
◾മൂഡ് സ്വിംഗ്‌സ് ഒരു പരിധി വരെ കുറയ്ക്കാന്‍ ഭക്ഷണങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സന്തോഷകരമായ ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഇതിന് സഹായകമാണെന്ന് വിദഗ്ധര്‍ പറയുന്നു. വിഷാദരോഗത്തിനെതിരെ പോരാടാന്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റ് (ധാന്യങ്ങള്‍, ബ്രൗണ്‍ അരി, പച്ചക്കറികള്‍ എന്നിവയില്‍ നിന്നുള്ള നല്ല കാര്‍ബോഹൈഡ്രേറ്റ്) ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണക്രമം അസ്വസ്ഥത, ഉത്കണ്ഠ, ഏകാഗ്രത കുറയല്‍, ഉറക്കമില്ലായ്മ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ധാരാളം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍ പരിമിതപ്പെടുത്തുന്നതിലൂടെ തലച്ചോറിന് സെറോടോണിന്‍ പോലെയുള്ള നല്ല മസ്തിഷ്‌ക രാസവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വന്നേക്കാം. കൂടാതെ നിങ്ങള്‍ക്ക് വളരെ അലസത അനുഭവപ്പെടാം. വിഷാദരോഗമുള്ളവരില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണെന്ന് പല ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. തലച്ചോറിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും വിറ്റാമിന്‍ ഡി പ്രധാനമാണ്. നിങ്ങളുടെ വിറ്റാമിന്‍ ഡിയുടെ അളവ് നിലനിര്‍ത്താനും വിഷാദരോഗം നിയന്ത്രിക്കാനും കൊഴുപ്പുള്ള മത്സ്യം, പ്രത്യേകിച്ച് ട്യൂണ, കൂണ്‍, ഓറഞ്ച് ജ്യൂസ്, മുട്ട എന്നിവ കഴിക്കാം. ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ഭക്ഷണക്രമം സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയെ അകറ്റുന്നിന് സഹായിക്കുന്നു. മാനസികാരോഗ്യത്തിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ ആന്റിഓക്‌സിഡന്റുകള്‍ സഹായിക്കും. ബെറികളും പഴങ്ങളും ചെറി, മുന്തിരി, കടും പച്ച നിറത്തിലുള്ള പച്ചക്കറികള്‍ എന്നിവ ആന്റിഓക്‌സിഡന്റുകളാല്‍ നിറഞ്ഞിരിക്കുന്നു, അവ ശരിക്കും സഹായിക്കും. കരോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വിഷാദരോഗത്തെ നേരിടാന്‍ സഹായിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാളുടെ മകന് നിസ്സാരകാര്യങ്ങള്‍ പോലും ചിന്തിച്ച് വഷളാക്കി സ്വയം സങ്കടപ്പെടുകയും ആകുലപ്പെടുകയും ചെയ്യുന്ന സ്വഭാവമുണ്ടായിരുന്നു. ഒരുപാട് തവണ ഉപദേശിച്ചുനോക്കിയെങ്കിലും ഫലം കണ്ടില്ല. അങ്ങനെ അയാള്‍ അവനെ ഒരു ഡോക്ടറെ കാണിക്കാന്‍ തീരുമാനിച്ചു. വിവരങ്ങള്‍ അറിഞ്ഞ ശേഷം ഡോക്ടര്‍ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. തിരിച്ചുവന്നത് കയ്യില്‍ ഒരു മണ്‍ഗ്ലാസ്സുമായി ആയിരുന്നു. അതില്‍ കുറച്ച് വെള്ളവും ഉണ്ടായിരുന്നു. എന്നിട്ട് ചോദിച്ചു: ഈ ഗ്ലാസ്സിന് എത്ര കനമുണ്ടാകും. കുറച്ച് കനമുണ്ടായിരിക്കും. കുട്ടി പറഞ്ഞു. അദ്ദേഹം തുടര്‍ന്നു. ഞാന്‍ ഈ ഗ്ലാസ്സ് കുറച്ചു നേരം ഇങ്ങനെ കയ്യില്‍ പിടിച്ചുനിന്നാല്‍ എന്താണ് സംഭവിക്കുക? പ്രത്യേകിച്ച് ഒന്നും സംഭവിക്കില്ല. ഡോക്ടര്‍ വീണ്ടും ചോദിച്ചു: ഞാന്‍ ഈ ഗ്ലാസ്സ് ഒരു മണിക്കൂര്‍ നേരം പിടിച്ചു നിന്നാലോ? താങ്കളുടെ കൈ വേദനിക്കും. കുട്ടി പറഞ്ഞു. ഞാനിതിങ്ങനെ ഒരു ദിവസം മുഴുവന്‍ പിടിച്ചു നിന്നാലോ എന്നായി ഡോക്ടര്‍ . താങ്കളുടെ കൈ ഭയങ്കരമായി വേദനിക്കും. ഒരു പക്ഷേ, നിങ്ങള്‍ക്ക് ഇതിങ്ങനെ തുടര്‍ന്നാല്‍ കൈ വേദനകൊണ്ട് പുളയാനും അസ്വസ്ഥമാകാനും സാധ്യതയുണ്ട്. അപ്പോള്‍ ഡോക്ടര്‍ ചോദിച്ചു: അതെന്താണ് അങ്ങിനെ, ഗ്ലാസ്സിന് ഭാരം ഒന്നും കൂടിയിട്ടില്ലല്ലോ? ഇല്ല ഭാരം കൂടിയിട്ടൊന്നുമില്ല. കൂടുതല്‍ നേരം പിടിച്ച് നില്‍ക്കുന്നത് കൊണ്ടാണ്. കുട്ടി പറഞ്ഞു. അപ്പോള്‍ ഡോക്ടര്‍ ചോദിച്ചു: ഞാന്‍ ഈ അസ്വസ്ഥതയും കൈകഴപ്പും മാറ്റാന്‍ എന്താണ് ചെയ്യേണ്ടത്. കുട്ടി ഉടനടി ഉത്തരം പറഞ്ഞു: ആ ഗ്ലാസ്സ് താഴെ വെയ്ക്കണം. ചിരിച്ചുകൊണ്ട് ആ കുട്ടിയെ ചേര്‍ത്ത് പിടിച്ച് ഡോക്ടര്‍ തുടര്‍ന്നു. നാം ഒരു കാര്യത്തെ കുറിച്ചോ, ചെയ്ത് പോയ തെറ്റിനെ കുറിച്ചോ ഒക്കെ കുറച്ചൊക്കെ ചിന്തിക്കുന്നത് നല്ലത് തന്നെയാണ്. വീണ്ടും തെറ്റ് പറ്റാതെയിരിക്കാനും, കാര്യങ്ങളെ കുറച്ചുകൂടി വ്യക്തതയോടെ ചെയ്തു തീര്‍ക്കുവാനുമെല്ലാം ചിന്ത സഹായിക്കുക തന്നെ ചെയ്യും. കുറെ നേരം, ചിലപ്പോള്‍ ദിവസങ്ങളോളം ഇതു തന്നെ ചിന്തിച്ചിരുന്നാല്‍ അത് നമുക്ക് അസ്വസ്ഥതകളും വേദനകളും മാത്രമേ തരൂ. ജീവിത്തതില്‍ തെറ്റുകള്‍ സംഭവിക്കാം. ആ തെറ്റില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിച്ച് മുന്നോട്ട് പോകാന്‍ നാം തയ്യാറാകണം. കാരണം ജീവിതമാണ്.. അത് മുന്നോട്ട് ചലിക്കുക തന്നെ വേണം.. - ശുഭദിനം