*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 8 | ബുധൻ

◾വെള്ളക്കരം വര്‍ദ്ധന 50 രൂപ മുതല്‍ 550 രൂപ വരെ. മിനിമം നിരക്ക് 22.05 രൂപയില്‍നിന്ന് 72.05 രൂപയായി വര്‍ധിപ്പിച്ചു. വര്‍ധനയ്ക്കു ഈ മാസം മൂന്നു മുതല്‍ മുന്‍കാല പ്രാബല്യം ഏര്‍പ്പെടുത്തി ജല അതോരിറ്റി പുതുക്കിയ താരിഫ് പുറത്തിറക്കി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15,000 ലിറ്റര്‍ വരെ സൗജന്യം. വെള്ളക്കരം, ഇന്ധന സെസ് വര്‍ധനയ്ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് നിരക്കു വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്.

◾പാര്‍ലമെന്റില്‍ വിലക്കിയ അദാനി വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. അദാനിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ബന്ധത്തെയും രാജ്യത്തെ അദാനിക്കു തീറെഴുതിയതിനേയും വിമര്‍ശിച്ചാണു പ്രസംഗം. നന്ദിപ്രമേയ ചര്‍ച്ചയില്‍ ഈ വിഷയം എന്തിനാണെന്നു ചോദിച്ച് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും തടസപ്പെടുത്തിയെങ്കിലും രാഹുല്‍ ഗാന്ധി പിന്മാറിയില്ല. ഭാരത് ജോഡോ യാത്ര വിജയകരമെന്നു പറഞ്ഞാണ് പ്രസംഗം തുടങ്ങിയത്. ജനങ്ങള്‍ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ സങ്കടങ്ങള്‍ പറഞ്ഞു. അദാനിക്ക് ഇന്ത്യയെ വിറ്റതിന്റെ വിശേഷങ്ങള്‍ ജനങ്ങള്‍ ചോദിച്ചു. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതലുള്ള ബന്ധമാണ്. വിമാനത്താവളങ്ങളും തുറമുഖങ്ങളും പ്രതിരോധ മേഖലയും അദാനിക്കു നല്‍കി. മോദിയുടെ വിദേശ സന്ദര്‍ശനത്തിന്റെ നേട്ടവും അദാനിക്കാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

◾തുര്‍ക്കിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 5,230 കടന്നു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തുവരികയാണ്. അതിശൈത്യംമൂലം തെരച്ചില്‍ ദുഷ്‌കരമായിരിക്കുകയാണ്. യഥാര്‍ത്ഥ മരണം മൂന്നിരിട്ടിയെങ്കിലും ആകുമെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ ദ്രുതകര്‍മ സേനയും ഡോക്ടര്‍മാരുടെ സംഘവും തുര്‍ക്കിയില്‍ എത്തിയിട്ടുണ്ട്.


◾വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം. രണ്ടാഴ്ചയ്ക്കകം വര്‍ധിപ്പിച്ച തുക നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി പത്തു സംസ്ഥാനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. ഉയര്‍ന്ന പെന്‍ഷനുള്ള തുക വകയിരുത്തിയെന്നും രണ്ടാഴ്ചക്കുള്ളില്‍ വിതരണം ചെയ്യുമെന്നും കേരളം കോടതിയെ അറിയിച്ചു.

◾ഇന്ധനവിലയില്‍ ഏര്‍പ്പെടുത്തിയ കനത്ത സെസ് പിന്‍വലിക്കില്ലെന്ന് എല്‍ഡിഎഫ് ഘടകകക്ഷി യോഗത്തില്‍ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ജനവികാരം മാനിക്കാത്ത ധിക്കാരിയായ ഒരു ഏകാധിപതിയുടെ ശബ്ദമാണത്. പിണറായി സര്‍ക്കാര്‍ മുട്ടുകുത്തുംവരെ തീപാറുന്ന സമരവുമായി നിയമസഭയിലും തെരുവുകളിലും കോണ്‍ഗ്രസ് ഉണ്ടാകുമെന്നും കെ പി സി സി പ്രസിഡന്റ് വ്യക്തമാക്കി.

◾ഇന്ധന വില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പുനരാലോചിക്കണമെന്ന് ഘടകകക്ഷിയായ എന്‍സിപി. ഇടതു മുന്നണി യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ പറഞ്ഞു. നികുതി വര്‍ദ്ധിപ്പിക്കാതെ മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയാത്ത സാഹചര്യമുണ്ടെന്നും ചാക്കോ വിശദീകരിച്ചു.


◾എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്നും ഉത്തരവാദിത്വപ്പെട്ട പല തലകളും ഉരുളുമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. എറണാകുളം കങ്ങരപ്പടിയില്‍ വാട്ടര്‍ അതോറിറ്റിയ്ക്കായി കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട് നല്‍കാതിരുന്ന ജില്ലാ കളക്ടറേയും കോടതി വിമര്‍ശിച്ചു.

◾സംസ്ഥാനത്തെ സര്‍ക്കാര്‍ - എയിഡഡ് ഹൈസ്‌കൂളുകളില്‍ അടുത്ത മാസത്തോടെ 36,366 ലാപ്ടോപ്പുകള്‍ പുതുതായി ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കൈറ്റ് ആണ് ലാപ് ടോപ്പുകള്‍ ലഭ്യമാക്കുന്നത്. ഹൈടെക് പദ്ധതികളുടെ ഭാഗമായി ഇതുവരെ 760 കോടി രൂപ ചെലവിട്ട് 4.4 ലക്ഷം ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ വിന്യസിപ്പിച്ചെന്നും മന്ത്രി.

◾വെള്ളക്കരം വര്‍ധന സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ, ഒരു കുടുംബത്തിന് പ്രതിദിനം ശരാശരി 100 ലിറ്റര്‍ വെള്ളം മതിയെന്നു നിയമസഭയില്‍ പ്രസംഗിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ ഫെയ്‌സ്ബുക്കിലൂടെ അതു തിരുത്തി. ഒരാള്‍ക്ക് 100 ലിറ്റര്‍ എന്ന നിലയില്‍ അഞ്ചംഗ കുടുംബത്തിന് 500 ലിറ്റര്‍ വെള്ളം മതിയാകില്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.

◾കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചത് അമ്മയുടെ ആയുര്‍വേദ ചികില്‍സയ്ക്കു വേണ്ടിയാണെന്നും പ്രതിമാസം 20,000 രൂപയാണു വാടക നല്‍കിയതെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. അറ്റാച്ച്ഡ് ബാത്റൂമില്ലാത്ത വീട് പുതുക്കി പണിയുന്ന സമയത്താണ് അവിടെ താമസിച്ചത്. തന്റെ ശമ്പളവും അമ്മയുടെ പെന്‍ഷന്‍ തുകയും ഉപയോഗിച്ചാണു വാടക നല്‍കിയെന്നും ചിന്ത വിശദീകരിച്ചു.  

◾മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ വിദഗ്ധ ചികില്‍സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടു. ചെലവുകള്‍ കെപിസിസി വഹിക്കുമെന്നു സതീശന്‍ പറഞ്ഞു. ആരോഗ്യമന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ച് മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചികില്‍സ നല്‍കാന്‍ ആശുപത്രി അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.

◾കേരള സ്‌പോട്‌സ് കൗണ്‍സിലിന്റെ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു ഷറഫ് അലി ചുമതലയേറ്റു. കായിക മന്ത്രിയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് മേഴ്‌സിക്കുട്ടന്‍ രാജിവച്ച ഒഴിവിലാണു നിയമനം.

◾വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പിടിഎയുടേയും നാട്ടുകാരുടേയും സഹകരണത്തോടെയാണ് പലയിടത്തും വിജയകരമായി മുന്നോട്ടു പോകുന്നത്. ഇത്തവണ ബജറ്റില്‍ തുക വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

◾ചങ്ങനാശേരിയില്‍ അനധികൃതമായി താമസിച്ചിരുന്ന അഫ്ഗാന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഹ്‌മദ് നസീര്‍ ഒസ്മാനി എന്ന ഇരുപത്തിനാലുകാരനാണ് അറസ്റ്റിലായത്. മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയതായിരുന്നു.

◾അഭയ കേസില്‍ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ സിബിഐക്കെതിരേ 14 വര്‍ഷത്തിനുശേഷം ഡല്‍ഹി ഹൈക്കോടതിയുടെ വിധി. കന്യകാത്വ പരിശോധന ഭരണഘടനാ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. സി.ബി.ഐക്കെതിരെ മാനനഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനും കേസ് നല്‍കാന്‍ സിസ്റ്റര്‍ സെഫിക്ക് അവകാശമുണ്ടെന്നും ഹൈക്കോടതി വിധിച്ചു.

◾മാവേലിക്കര സ്പെഷല്‍ ജയിലില്‍നിന്നു ചാടിപ്പോയ പ്രതിയെ തിരുവല്ലയില്‍ നിന്നു ജയിലധികൃതര്‍ പിടികൂടി. തിരുവല്ല നെടുമ്പ്രം കല്ലിങ്കല്‍ കാരാത്തറ കോളനി കണ്ണാചിറ വീട്ടില്‍ വിഷ്ണു ഉല്ലാസിനെ (28) തിരുവല്ല തുകലശേരിയില്‍നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയാണു ജയില്‍ അധികൃതര്‍ പിടികൂടിയത്.

◾കോഴിക്കോട് കൊടുവള്ളിയില്‍ എഴര കിലോയോളം സ്വര്‍ണവും പതിമൂന്ന് ലക്ഷത്തിലധികം രൂപയും ഡയക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ റെയ്ഡില്‍ പിടികൂടി. സ്വര്‍ണത്തിനു നാലു കോടിയിലേറെ രൂപ വിലവരും. വീടിന്റെ ഉടമസ്ഥനും ജ്വല്ലറി ഉടമയും അടക്കം നാലു പേരെ അറസ്റ്റു ചെയ്തു.

◾കാസര്‍കോട് പൈവളിഗയില്‍ പ്രവാസിയായ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ക്വട്ടേഷന്‍ സംഘാംഗമായ പൈവളിഗെ സ്വദേശി അബ്ദുല്‍ ഷിഹാബ് (29) പോലീസില്‍ കീഴടങ്ങുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.  

◾കുറവിലങ്ങാട്ട് മദ്യലഹരിയില്‍ മകന്‍ അച്ഛനെ തലയ്ക്കടിച്ചു കൊന്നു. നസ്രത്ത് ഹില്‍ സ്വദേശിയായ ജോസഫ് (69) ആണ് കൊല്ലപ്പെട്ടത്. മകന്‍ ജോണ്‍ പോളിനെ (39) അറസ്റ്റു ചെയ്തു. മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ റബര്‍ കമ്പുപയോഗിച്ച് അച്ഛന്‍ മകനെ അടിച്ചു. കമ്പിവടി കൊണ്ട് തിരിച്ചടിച്ചതോടെ ജോസഫ് മരിക്കുകയായിരുന്നു.

◾ബന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സിനു പിറകേ പോയ സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പുളിയാര്‍മല കളപ്പുരയ്ക്കല്‍ സന്തോഷിന്റെ മകന്‍ എം.എസ് വിഷ്ണു (22) ആണ് മരിച്ചത്.

◾ഓണ്‍ലൈന്‍ റമ്മി കളിച്ച് 18 ലക്ഷം രൂപയുടെ ബാധ്യതയുണ്ടായ യുവാവ് ജീവനൊടുക്കി. പാലക്കാട് കൊല്ലങ്കോട് പനങ്ങാട്ടിരി സ്വദേശി ഗിരീഷാണ് ആത്മഹത്യ ചെയ്തത്. തൃശൂരിലെ കോളജില്‍ ലാബ് ടെക്നീഷ്യനായിരുന്നു.

◾ഇഞ്ചിവിറ്റ പണം ആവശ്യപ്പെട്ടതിന് പുല്‍പ്പള്ളി സ്വദേശിയായ കര്‍ഷകനെ മാനന്തവാടിയിലെ വ്യാപാരി ഗുണ്ടകളുമായി എത്തി മര്‍ദ്ദിച്ചെന്ന് പരാതി. കര്‍ണാടകയില്‍ ഇഞ്ചികൃഷി നടത്തുന്ന പുല്‍പ്പള്ളി സീതാമൗണ്ട് സ്വദേശി സിജു (48) ആണ് വ്യാപാരിയായ ജോയിക്കെതിരേ കര്‍ണാടകയിലെ ജയ്പുര പൊലീസില്‍ പരാതി നല്‍കിയത്. ജോയിയുടെ കര്‍ണാടകയിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് മലയാളി കര്‍ഷകര്‍ മാര്‍ച്ച് നടത്തി.

◾കോഴിക്കോട് കോട്ടൂളിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു. ഒരു കാര്‍ പൂര്‍ണമായും കത്തി നശിച്ചു. മുന്‍ ഭാഗത്താണ് തീപടര്‍ന്നത്. കാറിലുണ്ടായിരുന്നുവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്സ് എത്തിയ ശേഷമാണ് തീയണച്ചത്.

◾പ്രവാസിയുടെ കാര്‍ ഡ്രൈവറായി ജോലിക്കെത്തി 1,15,000 രൂപ കവര്‍ന്ന പ്രതിയെ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. തിരുവനന്തപുരം പേട്ട പാല്‍ക്കുളങ്ങരയില്‍ ശരവണം വീട്ടില്‍ കെ ഹരികൃഷ്ണന്‍ (49)നെയാണ് കരീലകുളങ്ങര പൊലീസ് അറസ്റ്റു ചെയ്തത്. എറണാകുളം ആലുവ ചൂര്‍ണിക്കര ഉജ്ജയിനി വീട്ടില്‍ ഉണ്ണികൃഷ്ണപിള്ളയുടെ കാര്‍ ഓടിക്കാനായി ഏജന്‍സി മുഖേന എറണാകുളത്തുനിന്ന് എത്തിയ ഡ്രൈവറാണു മോഷണത്തിനു പിടിയിലായത്.

◾കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റ് സംഘം. ആറളം വിയറ്റ്നാം കുറിച്ചി കോളനിയില്‍ ആയുധധാരികളായ ഒരു സ്ത്രീയും അഞ്ചു പുരുഷന്മാരും അടങ്ങിയ സംഘമാണ് എത്തിയത്. ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് കൊട്ടിയൂര്‍ വനത്തിലേക്ക് മടങ്ങി.

◾കണ്ണൂരിലെ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബിജെപി. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സമൂഹത്തില്‍ വിഹരിക്കുകയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ല പ്രസിഡന്റ് എന്‍ ഹരിദാസ് ആരോപിച്ചു. കൊലപാതകം നേരില്‍ കണ്ട 16 കുട്ടികളില്‍ ഒരാളായ പാനൂര്‍ സ്വദേശി ഷെസീന വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദംമൂലമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്നും ഹരിദാസ് പറഞ്ഞു.

◾കോണ്‍ഗ്രസ് ഭരണകാലത്ത് ടാറ്റ, ബിര്‍ള, അംബാനി തുടങ്ങിയ വ്യവസായികളെയാണു സഹായിച്ചിരുന്നതെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും അദാനിയെ വഴിവിട്ടു സഹായിച്ചെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു ബിജെപി നേതാവ് നിഷികാന്ത് ദുബെ. 2010 ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് അദാനിക്ക് ഓസ്ട്രേലിയയില്‍ ഖനനാനുമതി നല്‍കിയതെന്നും അദ്ദേഹം ആരോപിച്ചു.

◾അദാനി ഗ്രൂപ്പിനെതിരായ മാധ്യമ വാര്‍ത്തകള്‍ നിരോധിക്കണെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി. അദാനിക്കെതിരേ റിപ്പോര്‍ട്ടു പുറത്തുവിട്ട ഹിന്‍ഡെന്‍ബര്‍ഗിനും സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്സനുമെതിരേ നടപടി ആവശ്യപ്പെട്ട് എം.എല്‍. ശര്‍മ നല്‍കിയ ഹര്‍ജിയുടെ അനുബന്ധമായാണ് പുതിയ ഹര്‍ജി.

◾കടുവാ സങ്കേതങ്ങളിലെ സഫാരികളും മൃഗശാലകളും അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതി. കടുവാ സങ്കേതങ്ങളില്‍ വിനോദസഞ്ചാരം അരുതെന്നു സമിതി സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

◾ഐഎസ്എല്ലിലെ നിര്‍ണായകമത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കിയത്. നിലവില്‍ 17 മത്സരങ്ങളില്‍ നിന്ന് 31 പോയന്റുമായി ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

◾പ്രഥമ വനിതാ ഐ.പി.എല്ലിന്റെ താരലേലം ഫെബ്രുവരി 13 ന്. 1525 പേര്‍ രജിസ്റ്റര്‍ ചെയ്തതില്‍ 409 പേര്‍ ഫൈനല്‍ ലിസ്റ്റില്‍ ഇടം നേടി. ഇതില്‍ 246 പേര്‍ ഇന്ത്യന്‍ താരങ്ങളും 163 പേര്‍ അന്താരാഷ്ട്ര താരങ്ങളുമാണ്. മാര്‍ച്ച് നാല് മുതല്‍ 26 വരെയാണ് വനിതാ ഐ.പി.എല്‍. ആകെ അഞ്ച് ടീമുകളാണ് വനിതാ ഐ.പി.എല്ലിനുള്ളത്. 50 ലക്ഷമാണ് ലേലത്തിലെ ഏറ്റവുമുയര്‍ന്ന അടിസ്ഥാന വില.

◾ഓസ്ട്രേലിയ ട്വന്റി20 ടീം ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയയ്ക്ക് ആദ്യ ട്വന്റി 20 കിരീടം നേടിക്കൊടുത്ത നായകനായ ഫിഞ്ച് 2015-ല്‍ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയന്‍ ടീം അംഗം കൂടിയാണ്. അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഫിഞ്ചിന്റെ പേരിലാണ്. 2018-ല്‍ സിംബാബ്വെയ്‌ക്കെതിരേ വെറും 76 പന്തില്‍ നിന്ന് 172 റണ്‍സാണ് താരം അടിച്ചെടുത്തത്.

◾നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്‌സിന്റെ ആകെ വിറ്റുവരവ് 13 ശതമാനം വളര്‍ച്ചയോടെ 3884 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3435 കോടി രൂപയായിരുന്നു. വരുമാനം 327 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 299 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ 135 കോടി രൂപയെ അപേക്ഷിച്ച് അവലോകന പാദത്തില്‍ മൊത്ത ലാഭം 148 കോടി രൂപയായി ഉയര്‍ന്നു. ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് മുന്‍ വര്‍ഷത്തെ 2880 കോടി രൂപയില്‍ നിന്ന് മൂന്നാം പാദത്തില്‍ 3219 കോടി രൂപയായി. ഇന്ത്യയിലെ വ്യാപാരത്തില്‍ നിന്ന് മാത്രമുള്ള വരുമാനം 276 കോടി രൂപയായി ഉയര്‍ന്നു. മൊത്ത ലാഭം മുന്‍ വര്‍ഷത്തെ 118 കോടി രൂപയില്‍ നിന്ന് 133 കോടി രൂപയായി ഉയര്‍ന്നു. ഗള്‍ഫ് മേഖലയില്‍ കമ്പനിയുടെ വിറ്റുവരവ് 515 കോടി രൂപയില്‍ നിന്ന് 641 കോടി രൂപയായി ഉയര്‍ന്നു. കമ്പനിയുടെ മൊത്തം വിറ്റുവരവിന്റെ 16.5 ശതമാനം ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വരുമാനം 52 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം അത് 46 കോടി രൂപയായിരുന്നു. ഗള്‍ഫ് മേഖലയില്‍ 17 കോടി രൂപ ലാഭം രേഖപ്പെടുത്തി. ഇ-കോമേഴ്‌സ് വിഭാഗമായ കാന്‍ഡിയറിന്റെ മൂന്നാം പാദ വിറ്റുവരവ് 44 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 47 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 26 ലക്ഷം ലാഭത്തിലായിരുന്നു കാന്‍ഡിയര്‍. മൂന്നാം പാദത്തില്‍ കല്യാണ്‍ ജൂവലേഴ്‌സ് ആറു പുതിയ ഷോറൂമുകള്‍ കൂടി തുറന്നു. കമ്പനിക്ക് 2022 ഡിസംബര്‍ 31 വരെ ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 169 ഷോറൂമുകളുണ്ട്.

◾പ്രണയവും പ്രതികാരവും പറഞ്ഞ് 'രേഖ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. തമിഴ് ചലചിത്ര സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ചേഴ്‌സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. വിന്‍സി അലോഷ്യസ് പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ ഐസക്ക് തോമസ് ആണ്. ചിത്രത്തില്‍ ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 10നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടന്‍, രഞ്ജി കാങ്കോല്‍, പ്രതാപന്‍ കെ എസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ചിത്രത്തിലെ കള്ളി പെണ്ണേ... എന്ന ഗാനത്തിനും ടീസറിനും സമൂഹമാധ്യമത്തില്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ജിതിന്‍ ഐസക് തോമസിന്റെ വരികള്‍ക്ക് മിലന്‍ വി എസ്, നിഖില്‍ വി എന്നിവരാണ് സംഗീതം ഒരുക്കുന്നത്. നെറ്റ്ഫ്ലിക്സിനാണ് സിനിമയുടെ ഡിജിറ്റല്‍ അവകാശം.

◾സാമന്ത കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ശാകുന്തള'ത്തിന്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ശ്രി വെങ്കിടേശ്വര ക്രിയേഷന്‍സ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് ആയിരുന്നു ശാകുന്തളത്തിന്റെ റിലീസ് വച്ചിരുന്നത്. അന്നേദിവസം സിനിമ തിയറ്ററില്‍ എത്തില്ലെന്നും ഉടന്‍ തന്നെ പുതുക്കിയ റിലീസ് തിയതി പുറത്തുവിടുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് ശാകുന്തളം. ഗുണശേഖര്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ആണ് 'ദുഷ്യന്തനാ'യി വേഷമിടുന്നത്. 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.

◾110 സിസി സെഗ്മെന്റില്‍ പുതിയ മോഡലായ 'സൂം' പുറത്തിറക്കി ഹീറോ മോട്ടോകോര്‍പ്. ഈ വിഭാഗത്തിലാദ്യമായാണ് ഹീറോ ഇന്റലിജന്റ് കോര്‍ണറിംഗ് ലൈറ്റ് അവതരിപ്പിക്കുന്നത്. രാത്രിയാത്രകളില്‍, വളവുകളിലും തിരുവുകളിലും ഹീറോയുടെ കോര്‍ണറിംഗ് ലൈറ്റുകള്‍ പ്രകാശം നല്‍കുകയും വ്യക്തമായ കാഴ്ച്ച ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ഹീറോയുടെ സവിശേഷമായ 'എക്സ് സെന്‍സ് ടെക്നോളജി', പ്രകടനത്തോടൊപ്പം തന്നെ മികച്ച ഇന്ധന ക്ഷമതയും ഉറപ്പ് വരുത്തുന്നു. ഷീറ്റ് ഡ്രം, കാസ്റ്റ് ഡ്രം, കാസ്റ്റ് ഡിസ്‌ക് എന്നീ മൂന്ന് വിഭാഗങ്ങല്‍ എത്തുന്ന സൂമിന് യഥാക്രമം 68,599 (എല്‍എക്സ് - ഷീറ്റ് ഡ്രം), 71,799 (വിഎക്സ് - കാസ്റ്റ് ഡ്രം) 76,699 (ഇസെഡ്എക്സ് - കാസ്റ്റ് ഡ്രം) എന്നിങ്ങനെയാണ് വില. ഹീറോ സൂം ആകര്‍ഷകമായ അഞ്ച് സ്‌പോര്‍ട്ടി നിറങ്ങളില്‍ ലഭ്യമാണ്. ഷീറ്റ് ഡ്രം വേരിയന്റ് പോള്‍ സ്റ്റാര്‍ ബ്ലൂ നിറത്തിലും, കാസ്റ്റ് ഡ്രം വേരിയന്റ് പോള്‍സ്റ്റാര്‍ ബ്ലൂ, ബ്ലാക്ക് , പേള്‍ സില്‍വര്‍ വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. കാസ്റ്റ് ഡിസ്‌ക് വേരിയന്റ് പോള്‍സ്റ്റാര്‍ ബ്ലൂ, ബ്ലാക്ക്, സ്പോര്‍ട്സ് റെഡ്, മാറ്റ് അബ്രാക്സ് ഓറഞ്ച് എന്നീ നാല് നിറങ്ങളിലും ലഭ്യമാണ്.

◾വാര്‍ദ്ധക്യത്തിന്റെ നിര്‍വ്വചിക്കാനാവാത്ത സ്നേഹവും സൗഹൃദവും വരച്ചിടുന്ന മനോഹരമായ ഒരു കൊച്ചുകാവ്യം എന്ന് 'നമ്മുടെ കിടക്ക ആകെ പച്ച' എന്ന നോവലിനെ വിശേഷിപ്പിക്കാം. ഇതിന്റെ വായന നമുക്കു പ്രിയപ്പെട്ട പ്രായമായവരിലേക്ക്, ഏകാന്തത അനുഭവിക്കുന്നവരിലേക്ക്, മരണത്തെ കാത്തുകിടന്ന് ജീവിതം വിരസമായിപ്പോയവരിലേക്ക് നമ്മുടെ മനസ്സുകളെ എത്തിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇത് സമ്പൂര്‍ണ്ണമായി വായിച്ചു കഴിയുമ്പോള്‍ നാം ഫോണെടുത്ത് അവരെ ഒന്നു വിളിച്ച് ക്ഷേമാന്വേഷണം നടത്താന്‍ മറക്കുകയുമില്ല. അത്രമേല്‍ ഹൃദ്യമായി, അത്രമേല്‍ നൊമ്പരപ്പെടുത്തിക്കൊണ്ട് ഈ നോവല്‍ നമ്മുടെ മനസ്സുകളെ കീഴടക്കും. അര്‍ഷാദ് ബത്തേരിയുടെ ആദ്യ നോവല്‍. മാതൃഭൂമി ബുക്സ്. വില 218 രൂപ.

◾ഇയര്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍. ഇയര്‍ഫോണുകളില്‍ നിന്ന് വരുന്ന ശബ്ദം ചെവിയില്‍ വലിയ സ്വാധീനം ചെലുത്തുന്നു. ഇത് സ്ഥിരമായ കേടുപാടുകളിലേക്ക് നയിക്കുന്നു. സുരക്ഷിതമല്ലാത്ത ശ്രവണ രീതികള്‍ മൂലം ലോകമെമ്പാടുമുള്ള ഒരു ബില്യണ്‍ യുവാക്കള്‍ക്ക് കേള്‍വിശക്തി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഇയര്‍ഫോണില്‍ നിന്നോ ഇയര്‍ ഫോണില്‍ നിന്നോ ഉയര്‍ന്ന ശബ്ദത്തില്‍ തുടര്‍ച്ചയായി സംഗീതം കേള്‍ക്കുന്നത് കേള്‍വിയെ ബാധിക്കും. ചെവിയുടെ കേള്‍വിശക്തി 90 ഡെസിബെല്‍ മാത്രമാണ്. തുടര്‍ച്ചയായി കേള്‍ക്കുന്നതിലൂടെ 40-50 ഡെസിബെല്‍ ആയി കുറയുന്നു. ഇയര്‍ഫോണില്‍ നിന്നും പുറപ്പെടുവിക്കുന്ന വൈദ്യുതകാന്തിക തരംഗങ്ങള്‍ തലച്ചോറിനെ മോശമായി ബാധിക്കുകയും തലവേദനയും മൈഗ്രേനും ഉണ്ടാക്കുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ അല്ലെങ്കില്‍ സ്ലീപ് അപ്നിയ എന്നിവയും പലരും അനുഭവിക്കുന്നു. ഇയര്‍ഫോണുകള്‍ ചെവി കനാലില്‍ നേരിട്ട് പ്ലഗ് ചെയ്തിരിക്കുന്നു. ഇത് വായു സഞ്ചാരത്തിന് തടസ്സമാകും. ബാക്ടീരിയയുടെ വളര്‍ച്ച ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ചെവി അണുബാധകള്‍ക്ക് കാരണമാകും. ദോഷകരമായ ബാക്ടീരിയകള്‍ ഒരു ചെവിയില്‍ നിന്ന് മറ്റൊന്നിലേക്ക് പകരാന്‍ സാധ്യതയുള്ളതിനാല്‍ ആരുമായും ഇയര്‍ഫോണ്‍ പങ്കിടുന്നത് ഒഴിവാക്കണമെന്ന് വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ഇയര്‍ഫോണുകളുടെ ദീര്‍ഘകാല ഉപയോഗം ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ ഒപ്റ്റിമല്‍ തലത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവിനെയും ബാധിക്കും. ഹെഡ്‌സെറ്റുകള്‍ / ഫോണുകള്‍ / മറ്റ് ഗാഡ്‌ജെറ്റുകള്‍ എന്നിവ ഉപയോഗിക്കാത്ത സമയങ്ങളില്‍ ശരീരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ശ്രദ്ധിക്കുക. ഒരിക്കലും കിടക്കയില്‍ ഗാഡ്‌ജെറ്റുകളുമായി ഉറങ്ങരുത്. ഫോണ്‍ വിളിക്കുന്നതിനോ വീഡിയോകള്‍ കാണുന്നതിനോ ഹെഡ്‌സെറ്റുകളുടെ ഉപയോഗം കുറയ്ക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
വീട്ടിലേക്ക് പച്ചക്കറി വില്‍ക്കാന്‍ വന്ന സ്ത്രീ ഒരു കെട്ട് ചീരയ്ക്ക് 20 രൂപ വില പറഞ്ഞു. അമ്മ അതിന്റെ പകുതി വില പറഞ്ഞു. 18 രൂപ വരെ വില്‍പനക്കാരി പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. ഇറങ്ങിപ്പോയ അവര്‍ തിരിച്ചുവന്ന് 15 രൂപ പറഞ്ഞപ്പോഴും അമ്മ തന്റെ വിലയില്‍ ഉറച്ചുനിന്നു. അവസാനം 13 രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. ചീരവാങ്ങുന്നതിനിടയില്‍ അമ്മ ചോദിച്ചു: നിങ്ങള്‍ എന്തെങ്കിലും കഴിച്ചുവോ? അവര്‍ പറഞ്ഞു: ഇല്ല, ഇത് വിറ്റുകിട്ടുന്ന പൈസകൊണ്ട് വേണം എന്തെങ്കിലും കഴിക്കാന്‍. ഇത് കേട്ട് അമ്മ അവര്‍ക്ക് വയറുനിറയെ ഭക്ഷണം കൊടുത്തു. ഇതെല്ലാം കണ്ട് നിന്ന മകള്‍ അമ്മയോട് ചോദിച്ചു: കച്ചവടസമയത്ത് അമ്മയ്ക്ക് ഒട്ടും അനുകമ്പയില്ലായിരുന്നു. പക്ഷേ, അത് കഴിഞ്ഞ് അവര്‍ക്ക് നിറയെ ഭക്ഷണം നല്‍കുകയും ചെയ്തു. അതെന്തുകൊണ്ടാണ്? അമ്മ പറഞ്ഞു: കച്ചവടത്തില്‍ ലാഭമാണ് മുഖ്യം. സല്‍പ്രവൃത്തിയില്‍ കരുണയും. എല്ലാ കര്‍മ്മങ്ങള്‍ക്കും അതിന്റെതായ വ്യവസ്ഥകളും മുറകളുമുണ്ട്. അവയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധ്യമാകൂ. കച്ചവടത്തിന്റെ അടിസ്ഥാന ലക്ഷ്യം അന്തസ്സോടെ ജീവിക്കാനുളള വരുമാനം തന്നെയാണ്. സല്‍കര്‍മ്മങ്ങളുടെ കാരണം സഹാനുഭൂതിയും സഹജീവി സ്‌നേഹവുമാകണം. നമ്മുടെ കര്‍മ്മങ്ങളില്‍ അവസ്ഥയ്ക്കനുസരിച്ച് ആദായവും, ആര്‍ദ്രതയും ഉണ്ടാകട്ടെ. - ശുഭദിനം.