*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 7

◾തുടര്‍ ഭൂകമ്പമുണ്ടായ തുര്‍ക്കിയില്‍ 2,300 മരണം. 12 മണിക്കൂറിനിടെ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനമുണ്ടായി. തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനം. ആദ്യ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനും മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനും ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ഭൂചലനമുണ്ടായത്. നൂറുകണക്കിനു കെട്ടിടങ്ങള്‍ നിലംപൊത്തി. രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ ദുരന്ത നിവാരണ സേനയെ അയക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

◾ജഡ്ജി നിയമനം വിവാദത്തില്‍. മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി മുന്‍ ബിജെപി നേതാവ് ലക്ഷ്മണ ചന്ദ്ര വിക്ടോറിയ ഗൗരിയെ നിയമിച്ചതിനെതിരേയുള്ള ഹര്‍ജികള്‍ ഇന്നു സുപ്രീം കോടതി പരിഗണിക്കും. മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബെഞ്ചില്‍ അഭിഭാഷകയായിരുന്നു വിക്ടോറിയ ഗൗരി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഗൗരി നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇവര്‍ ഉള്‍പ്പെടെ അഞ്ചു പേരെയാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്തത്.

◾ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. വിധി പുനപരിശോധിച്ചു വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വനികുമാര്‍ ചൗബെ ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. എംപിമാരായ ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനാണ് മറുപടി.



◾റോഡരികിലെ അനധികൃത ഫ്ളക്സ് ബോര്‍ഡുകള്‍ക്കെതിരേ നടപടിയെടുക്കാത്തതിനു സര്‍ക്കാരിനു താക്കീതുമായി ഹൈക്കോടതി. സത്യവാങ്മൂലം സമര്‍പ്പിക്കാത്ത വ്യവസായ സെക്രട്ടറിയെ കോടതി വിമര്‍ശിച്ചു. ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നു താക്കീതു നല്‍കി. മാറ്റിയ പഴയ ബോര്‍ഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയെ അറിയിച്ചു.

◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്നാണു സംശയം. ചികില്‍സ നല്‍കുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടിയുടെ അനുജന്‍ അലക്സ് വി ചാണ്ടി ആരോപിച്ചിരിക്കേ, കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയും എം.എം. ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടു. ചികിത്സയ്ക്കു ബംഗളുരുവിലെക്കു കൊണ്ടുപോകുമെന്നാണ് എംഎം ഹസന്‍ ആദ്യം പറഞ്ഞത്.

◾മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയുടെ ബന്ധുക്കളെ ഫോണില്‍ വിളിച്ചു ആരോഗ്യ വിവരങ്ങള്‍ അന്വേഷിച്ചു. ഇന്ന് ആശുപത്രിയിലേക്ക് ആരോഗ്യ മന്ത്രിയെ അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.  



◾മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നല്‍കുന്നില്ലെന്ന് ആരോപിച്ച് ഉമ്മന്‍ചാണ്ടിയുടെ മകനും ഭാര്യയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. കോണ്‍ഗ്രസ് നടുവണ്ണൂര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറി പി.ബി അജിത്താണ് ബാലുശ്ശരി പൊലീസില്‍ പരാതി നല്‍കിയത്.

◾എല്‍ഡിഎഫ് പാര്‍ലമെന്ററി യോഗത്തില്‍ കെബി ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രി. വിമര്‍ശനങ്ങള്‍ വാര്‍ത്ത വരുത്താനാകരുത്. പത്തനാപുരത്തെ വികസനം സര്‍ക്കാര്‍ ഫണ്ട് കൊണ്ടല്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു. ഗണേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

◾സ്വവര്‍ഗാനുരാഗിയായ പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയില്‍ കൗണ്‍സിലിംഗിനു വിടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. പെണ്‍കുട്ടിയെ കൊല്ലം കുടുംബക്കോടതിയില്‍ ഹാജരാക്കണമെന്നും സുപ്രീം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ പെണ്‍കുട്ടിയെ കണ്ട് സംസാരിച്ച് റിപ്പോര്‍ട്ട് രഹസ്യരേഖയായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.

◾പോക്സോ പീഡന കേസില്‍ ട്രാന്‍സ്ജെന്ററായ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ്. പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ചിറയിന്‍കീഴ് ആനന്ദലവട്ടം സ്വദേശി സന്‍ജു സാംസണെ (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണു ശിക്ഷിച്ചത്.

◾തന്റെ പേരില്‍ പ്രചരിക്കുന്ന വിവാദത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ഇന്ദ്രന്‍സ്. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ്. ഡബ്ല്യുസിസിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണമെന്നും ഇന്ദ്രന്‍സ് ഫേസ് ബുക്കില്‍ കുറിച്ചു.  

◾ക്വാറി ഉടമക്കു കരമടയ്ക്കാനും, ജിയോളജി വകുപ്പിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനും വഴിവിട്ടു സഹായിച്ചെന്ന പരാതിയില്‍ തൃശൂര്‍ മുന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.പി.കിരണ്‍, തഹസില്‍ദാര്‍ ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ക്ക് സസ്പെന്‍ഷന്‍. തോംസണ്‍ ഗ്രാനൈറ്റ്സിനെ സഹായിച്ചെന്ന പരാതിയില്‍ ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇപ്പോള്‍ കണ്ണൂര്‍ ജില്ലാ ഡപ്യൂട്ടി കളക്ടറാണ് എ.പി കിരണ്‍. പെരുമ്പാവൂര്‍ തഹസില്‍ദാരാണ് ജോര്‍ജ്ജ് ജോസഫ്.

◾ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിജയകരമായി നടത്തി. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയാണ് ശസ്‌ക്രിയയ്ക്കു വിധേയയായത്.

◾താഴ്ന്നു കിടന്ന കേബിളില്‍ കുരുങ്ങി സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് വിജയനു പരിക്കുണ്ട്. കായംകുളത്ത് റോഡിന് കുറുകെ കിടന്ന കേബിള്‍ വയറില്‍ സ്‌കൂട്ടര്‍ കുരുങ്ങിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്.

◾കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍നിന്നു യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിലെ രണ്ടു പ്രതികള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ മമ്പറം കൊളാലൂര്‍ കുളിച്ചാല്‍ വീട്ടില്‍ നിധിന്‍ (33), കൂത്തുപറമ്പ് എരിവട്ടി സീമ നിവാസില്‍ ദേവദാസ് (46) എന്നിവരെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശി അബൂബക്കറിനെ തട്ടിക്കൊണ്ടുപോയി നാലു ലക്ഷം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്.

◾പ്രസവ ശസ്ത്രക്രിയക്കായി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയില്‍നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ. രാജനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. മതിലകത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തുവച്ചാണ് അറസ്റ്റു ചെയ്തത്.

◾ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി വീട്ടമ്മ വിമാനത്തില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50 )ആണ് മരിച്ചത്. ചികിത്സയ്ക്കായി വിമാനം ഗോവയില്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തി.

കോഴിക്കോട് പന്തീരാങ്കാവില്‍ ഹൈ ലൈറ്റ് ഗ്രൂപ്പിന്റെ ഫ്ളാറ്റ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. സമീപത്തെ കിണറുകളില്‍ നിര്‍മ്മാണ സ്ഥലത്തെ ചെളി വെള്ളം ഒഴുകിയെത്തിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കിണറുകള്‍ വൃത്തിയാക്കി പ്രശ്നം പരിഹരിക്കാമെന്ന് ഹൈ ലൈറ്റ് ഗ്രൂപ്പ് ഉറപ്പു നല്‍കി.

◾യുഎഇയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്‌മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ (25) ആണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

◾വീട്ടില്‍ അതിക്രമിച്ചു കയറി എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മധ്യവയസ്‌കന് 40 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. വലപ്പാട് സ്വദേശി സന്തോഷിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.

◾വയനാട് വൈത്തിരിയില്‍ കാപ്പി പറിക്കുന്നതിനിടെ മരക്കൊമ്പ് തലയില്‍ വീണ് തൊഴിലാളി മരിച്ചു. പൂഞ്ചോല പ്രദേശത്തെ ചാരിറ്റി അംബേദ്ക്കര്‍ കോളനിയിലെ മരിയ ദാസിന്റെ ഭാര്യ മരിയ (57) ആണ് മരിച്ചത്.

◾കെ.എസ്.ആര്‍.ടി.സി ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗീകമായി ഉപദ്രവിച്ച തൃശൂര്‍ ആര്‍.ടി.ഒ. ഓഫീസിലെ ഡ്രൈവര്‍ അറസ്റ്റില്‍. വടമ സ്വദേശി ഐവീട്ടില്‍ രാജീവാ(50)ണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്.

◾പതിനേഴു ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ വഴിക്കടവ് പോലീസ് അറസ്റ്റു ചെയ്തു. കരുളായി സ്വദേശികളായ കാരക്കാടന്‍ ഷറഫുദ്ദീന്‍ എന്ന കുള്ളന്‍ ഷര്‍ഫു (35), കൊളപ്പറ്റ റംസാന്‍ (43) എന്നിവരെയാണ് പിടികൂടിയത്.

◾പാറശാലയില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ കാര്‍ പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ചില്ലുകള്‍ തകര്‍ന്ന നിലയിലുള്ള കാറിനുള്ളില്‍ വെട്ടുകത്തി കണ്ടെത്തി. എന്നാല്‍ വാഹനത്തിന്റെ ആര്‍ടിഒ രേഖകളില്‍നിന്ന് ഉടമസ്ഥനെ കണ്ടെത്താനായില്ല

◾അദാനി ഗ്രൂപ്പ് ഓഹരി ഈടുവച്ചെടുത്ത വായ്പകള്‍ അടച്ചുതീര്‍ക്കുന്നു. അടച്ചുതീര്‍ക്കാന്‍ അടുത്ത വര്‍ഷം വരെ സാവകാശമുണ്ടെങ്കിലും 9,100 കോടി രൂപയുടെ വായ്പകള്‍ നേരത്തെ അടച്ചു തീര്‍ക്കുകയാണ്. അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നീ കമ്പനികള്‍ക്കായി എടുത്ത വായ്പകളാണ് തിരിച്ചയ്ക്കുന്നത്. സാമ്പത്തികനില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാനാണ് ഈ നീക്കമെന്നാണു വിലയിരുത്തപ്പെടുന്നത്.

◾അദാനി ഗ്രൂപ്പിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാത്തത് ഭയം കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അദാനി ഗ്രൂപ്പിനു പിന്നിലുള്ള ശക്തികള്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. രണ്ടുവര്‍ഷമായി താന്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സത്യം അറിയണം. ലക്ഷക്കണക്കിനു കോടികളുടെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.  

◾ഹിന്ദുസ്ഥാന്‍ ഏയ്റോനോട്ടിക്സ് ലിമിറ്റഡിനെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെന്ന് നുണപ്രചാരണം നടത്തിയ പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ പ്രഹരമാണ് കര്‍ണാടക തുമകുരുവിലെ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്ടറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ ഫാക്ടറിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

◾അന്തരിച്ച പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ് വെറുക്കപ്പെട്ടവനായിരുന്നെങ്കില്‍ 2003 ലെ ബിജെപി സര്‍ക്കാര്‍ അദ്ദേഹവുമായി എന്തിനാണു വെടിനിര്‍ത്തല്‍ കരാറിനു ചര്‍ച്ച നടത്തിയതെന്ന് ശശി തരൂര്‍ എംപി. അന്നത്തെ പ്രധാനമന്ത്രി വാജ് പേയിയും മുഷറഫും കരാറില്‍ ഒപ്പുവച്ചിരുന്നു. അന്നു ബിജെപിക്ക് വിശ്വസ്തനായ പങ്കാളിയായിരുന്നു മുഷറഫ് എന്നും ശശി തരൂര്‍.

◾ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്ട്‌സാപ് അക്കൗണ്ടിലൂടെ കബളിപ്പിച്ചതിന് ഇറ്റലിയില്‍ താമസക്കാരനായ ജമ്മു സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. ഗഗന്‍ദീപ് സിംഗ് എന്ന 22 കാരനാണ് അറസ്റ്റിലായത്. ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് സഹായം തേടാനും ഇയാള്‍ ഈ വ്യാജ വാട്സാപ് ഉപയോഗിച്ചിരുന്നു. ഇയാള്‍ കുടുംബത്തോടൊപ്പം 2007 മുതല്‍ ഇറ്റലിയിലെ ഒഫനെന്‍ഗോയിലാണ് താമസം.

◾ബെംഗളൂരുവില്‍ എംഎല്‍എ ബോര്‍ഡുള്ള എസ് യു വി ഇടിച്ച് രണ്ട് സ്‌കൂട്ടര്‍ യാത്രികര്‍ മരിച്ചു. ബംഗളുരു നൃപതുംഗ റോഡിലാണ് അപകടമുണ്ടായത്. ബിജെപി എംഎല്‍എ ഹാര്‍ത്തലു ഹാലപ്പയുടെ ബന്ധുവിന്റേതാണ് എസ് യു വി.

◾ബിഹാറിലെ സമസ്തിപൂരില്‍ റെയില്‍വേ ലൈന്‍ മോഷണം പോയി. രണ്ടു കിലോമീറ്റര്‍ നീളമുള്ള ട്രാക്കാണ് മോഷണം പോയത്. രണ്ട് ആര്‍പിഎഫ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തു.

◾ഭൂചലനങ്ങളില്‍ തകര്‍ന്ന തുര്‍ക്കിക്കു ലോക രാജ്യങ്ങളുടെ സഹായം. ഇന്ത്യയും അമേരിക്കയും അടക്കം 45 രാജ്യങ്ങളുടെ സഹായ വാഗ്ദാനങ്ങള്‍ ലഭിച്ചെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിനാണു സഹായം. ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളെ തുര്‍ക്കിയിലേക്ക് ഇന്ത്യ അയക്കും.  

◾തായ്ലന്‍ഡില്‍നിന്നു 321 പേരുമായി പറന്നുയരുന്നതിനിടെ റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്റെ എന്‍ജിനു തീ പിടിച്ച് ടയറുകള്‍ പൊട്ടിത്തെറിച്ചു. റഷ്യന്‍ ചാര്‍ട്ടര്‍ കമ്പനിയായ അസുര്‍ എയറിന്റെ 26 വര്‍ഷം പഴക്കമുള്ള ബോയിംഗ് 767 - 306 ഇആര്‍ എന്ന വിമാനത്തിനാണ് അപകടമുണ്ടായത്.

◾മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം യു. ഷറഫലി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റ്. മേഴ്സിക്കുട്ടന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ച ഒഴിവിലേക്കാണ് ഷറഫലിയെ തിരഞ്ഞെടുത്തത്. മേഴ്സികുട്ടനൊപ്പം സ്പോര്‍ട്സ് കൗണ്‍സിലിലെ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും രാജിവച്ചു. കായിക മന്ത്രിയുമായുള്ള ഭിന്നതകളെത്തുടര്‍ന്ന് സിപിഎം ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. കാലാവധി തീരാന്‍ ഒന്നര വര്‍ഷം ശേഷിക്കേയാണ് രാജി.

◾ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു, കളത്തിലും പുറത്തും ക്ലബ്ബിനെ പ്രതിനിധീകരിക്കുമെന്നും ക്ലബ് മാനേജ്മെന്റ് വ്യക്തമാക്കി.

◾ഏഷ്യാകപ്പ് പാക്കിസ്ഥാനിലാണ് നടത്തുന്നതെങ്കില്‍ കളിക്കാനില്ലെന്ന ബിസിസിഐയുടെ നിലപാടിനെതിരെ പാക്കിസ്ഥാന്റെ മുന്‍ നായകന്‍ ജാവേദ് മിയാന്‍ദാദ്. പാക്കിസ്ഥാനിലേക്കു വരാന്‍ താല്‍പര്യമില്ലെങ്കില്‍ ഇന്ത്യന്‍ ടീം ഏതു നരകത്തിലേക്കെങ്കിലും പോകട്ടെയെന്നും ഇന്ത്യ ഏഷ്യാകപ്പിന് വരുന്നുണ്ടോ എന്നത് പാക്കിസ്ഥാനെ ബാധിക്കുന്ന കാര്യമല്ലെന്നും മിയാന്‍ദാദ് പ്രതികരിച്ചു. ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഐസിസിയുടെ ചുമതലയാണെന്നും മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു.

◾ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ് നടത്തി വോഡഫോണ്‍ ഐഡിയയുടെ ഓഹരികള്‍. ഓഹരി വിലയില്‍ 24 ശതമാനം വര്‍ധനവാണ് ഇന്നുണ്ടായത്. കേന്ദ്ര സര്‍ക്കാരിന് നല്‍കാനുള്ള കോടിക്കണക്കിന് രൂപയുടെ കുടിശികയ്ക്ക് പകരം ഓഹരികള്‍ നല്‍കാമെന്ന വോഡഫോണ്‍ ഐഡിയയുടെ നീക്കം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതാണ് ഈ കുതിപ്പ് സാധ്യമാക്കിയത്. കഴിഞ്ഞ വര്‍ഷം തന്നെ ബാധ്യതയായ 16,133 കോടി രൂപയ്ക്ക് പകരം ഓഹരി നല്‍കാമെന്ന് വോഡഫോണ്‍ ഐഡിയ ബോര്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രം അംഗീകാരം നല്‍കിയിരുന്നില്ല. പ്രൊമോട്ടര്‍മാര്‍ പുതിയ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നല്‍കുന്നത് വരെ തീരുമാനം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. വലിയ നിക്ഷേപം നടത്താമെന്ന് പ്രെമോട്ടര്‍മാരായ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉറപ്പ് നല്‍കിയതോടെയാണ് കേന്ദ്രം വഴങ്ങിയത്.

◾മാത്യു തോമസും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രിസ്റ്റിയിലെ വീഡിയോ ഗാനം പുറത്തെത്തി. 'തെരവന്ന് കാലീ തൊട്ടാ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. പൂവാറിന്റെ പശ്ചാത്തലത്തില്‍ മാത്യു തോമസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ സാമൂഹ്യ ജീവിതം പകര്‍ത്തിയിരിക്കുന്ന ഗാനമാണിത്. വിജയ് ആരാധകനായ ഈ കഥാപാത്രം ഒരു വിജയ് ചിത്രം തിയറ്ററില്‍ കണ്ട് നായകന്റെ ഇന്‍ട്രൊ സമയത്ത് കൂട്ടുകാര്‍ക്കൊപ്പം ആര്‍പ്പ് വിളിക്കുന്നുണ്ട്. നവാഗതനായ ആല്‍വിന്‍ ഹെന്റിയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൂവാര്‍ ആണ് സിനിമയുടെ പശ്ചാത്തലം. ഈ പ്രദേശം ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമായാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്. ഈ പ്രദേശത്തിന്റെ സംസ്‌കാരവും ആചാരങ്ങളും ഭാഷയുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.

◾ബാലതാരമായി എത്തി പ്രേക്ഷകരുടെ മനംകവര്‍ന്ന അനിഖ സുരേന്ദ്രന്‍ നായികയായി എത്തുന്ന 'ഓ മൈ ഡാര്‍ലിങ്ങി'ന്റെ ടീസര്‍ പുറത്തിറങ്ങി. കൗമാരക്കാരുടെ കഥ പറയുന്ന ചിത്രമാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനീഷ് കെ ജോയ് ആണ്. മുന്‍പെങ്ങും പറയാത്ത മനോഹരമായൊരു കൗമാര പ്രണയകഥയാണ് ഓ മൈ ഡാര്‍ലിംഗിന്റെ അടിസ്ഥാന പ്രമേയം. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്.

◾ഐസ് കട്ടയില്‍ 7.351 കിലോ മീറ്റര്‍ ദൂരം ഡ്രിഫ്റ്റ് ചെയ്തു കൊണ്ട് രണ്ട് ഗിന്നസ് ലോക റെക്കോഡുകള്‍ നേടി സ്‌കോഡയുടെ ഇലക്ട്രിക് എസ് യു വിയായ എന്‍യാക് ആര്‍ എസ് 4. മഞ്ഞ് കട്ടയില്‍ ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്ത കാറിനും ഏറ്റവും ദൂരം ഡ്രിഫ്റ്റ് ചെയ്ത ഇലക്ട്രിക് വാഹനത്തിനുമുള്ള ഗിന്നസ് റെക്കോഡുകളാണ് വാഹനത്തിന് ലഭിച്ചത്. മാധ്യമ പ്രവര്‍ത്തകനായ റിച്ചാര്‍ഡ് മ്യാഡനനാണ് സ്വീഡനിലെ ഓസ്റ്റര്‍സണ്‍ ഡിനടുത്തുളള മഞ്ഞു മൂടിയ തടാകത്തില്‍ കാര്‍ ഡ്രിഫ്റ്റ് ചെയ്തു കൊണ്ട് 15 മിനിറ്റില്‍ റെക്കോഡിട്ടത്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ സൃഷ്ടിച്ച 6.231 കിലോമീറ്ററിന്റെ റെക്കോഡ് ഭേദിക്കുകയായിരുന്നു. ചെക്ക് വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള ആദ്യത്തെ ഓള്‍-ഇലക്ട്രിക് ഓഫറാണ് എന്‍യാക്. 'ജീവന്റെ ഉറവിടം' എന്നര്‍ത്ഥം വരുന്ന 'എന്യ' എന്ന ഐറിഷ് നാമത്തില്‍ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞത്. ഈ ഓള്‍-ഇലക്ട്രിക് എസ്യുവിക്ക് സ്‌പോര്‍ട്ടി റോഡ് സാന്നിധ്യമുണ്ട്. സ്‌കോഡ എന്‍യാക് ഇതിനകം സമാരംഭിച്ച തിരഞ്ഞെടുത്ത ആഗോള വിപണികളില്‍ അഞ്ച് പതിപ്പുകളില്‍ ലഭ്യമാണ്.

◾ലോകനാടകവേദിയിലെ ഒരു മഹാസംഭവമാണ് സാമുവല്‍ ബെക്കറ്റിന്റെ 'ഗോദൊയെ കാത്ത്'. പതിവനുസരിച്ചുള്ള ഒരു കഥയോ കഥാപാത്രങ്ങളോ ഈ നാടകത്തിലില്ല. ഓരോ സംഭവവും ഓരോ പദവും ശൂന്യതയുടെയും മടുപ്പിന്റെയും യാന്ത്രികശീലങ്ങളുടേതുമായ ആധുനിക ലോകത്തിന്റെ അനുഭവമായി മാറുന്നു. അജ്ഞാതനായ ഗോദൊയെ കാത്തിരിക്കുന്നതിലൂടെ ലക്ഷ്യമുണ്ടാക്കാന്‍ ശ്രമിക്കുകയും, പ്രവൃത്തികളുടെയും ശീലങ്ങളുടെയും ഓര്‍മ്മകളിലൂടെ അനുഭവങ്ങള്‍ക്ക് അര്‍ത്ഥ മുണ്ടാക്കാന്‍ ശ്രമിക്കുകയുമാണ് നാടക ത്തിലെ കഥാപാത്രങ്ങളായ വ്ളാഡിമറും എസ്ട്രാഗണും. മനുഷ്യന്‍ അവന്റെ പീഡകളോടു നടത്തുന്ന ആത്മസമരത്തിന്റെ തീവ്രവും ദാര്‍ശനികവുമായ ഒരു രംഗരേഖയായ ഈ നാടകം എക്കാലത്തെയും ലോകക്ലാസിക്കുകളിലൊന്നാണ്. വിവര്‍ത്തനം - കടമ്മനിട്ട രാമകൃഷ്ണന്‍. ഡിസി ബുക്സ്. വില 114 രൂപ.

◾ഹൃദയസ്തംഭനത്തിന്റെ ഉയര്‍ന്ന നിരക്ക് സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒരു പുതിയ പഠനറിപ്പോര്‍ട്ട്. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ഹൃദയസ്തംഭനം മൂലം ആശുപത്രിയിലാകാനുള്ള സാധ്യത 15% മുതല്‍ 20% വരെ വര്‍ധിപ്പിച്ചതായി ഗവേഷകര്‍ കണ്ടെത്തി. എന്നിരുന്നാലും, സാമൂഹിക ഒറ്റപ്പെടല്‍ ഏകാന്തത ഉണ്ടാക്കുന്നു എങ്കില്‍ മാത്രമേ അപകടകരമാകൂ എന്നും ഗവേഷകര്‍ വിലയിരുത്തി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു വ്യക്തി സാമൂഹികമായി ഒറ്റപ്പെടുകയും ഏകാന്തത അനുഭവിക്കുകയും ചെയ്താല്‍, ഏകാന്തതയാണ് കൂടുതല്‍ പ്രധാനം. അതായത് വ്യക്തി സാമൂഹികമായി ഒറ്റപ്പെട്ടില്ലെങ്കിലും അയാളുടെ ഏകാന്തത അപകടസാധ്യത വര്‍ധിപ്പിക്കും. ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും പുരുഷന്മാരില്‍ കൂടുതലായി കാണപ്പെടുന്നു, പുകയില ഉപയോഗം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യപരമായ പെരുമാറ്റങ്ങളുമായും അവസ്ഥകളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പഠനത്തിനായി യുകെ ബയോബാങ്ക് പഠനത്തില്‍ നിന്നുള്ള ഡാറ്റ ഗവേഷകര്‍ പരിശോധിച്ചു. മധ്യവയസ്‌കരും പ്രായമായവരുമായ 4,00,000-ത്തിലധികം വരുന്ന ജനസംഖ്യയുടെ ആരോഗ്യ ഫലങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഏകാന്തത നിലനില്‍ക്കുമ്പോള്‍, സാമൂഹിക ഒറ്റപ്പെടലിന് ഹൃദയസ്തംഭനത്തില്‍ വലിയ പ്രാധാന്യമില്ലെന്ന് ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഏകാന്തത സാമൂഹ്യമായ ഒറ്റപ്പെടലിനേക്കാള്‍ ശക്തമായ മാനസിക പിരിമുറുക്കം ഉണ്ടാക്കാമെന്നും ശത്രുതയുള്ളവരോ സമ്മര്‍ദ്ദപൂരിതമായ സാമൂഹിക ബന്ധങ്ങളുള്ളവരോ ആയ വ്യക്തികളില്‍ ഈ ഏകാന്തത സാധാരണമാണെന്നും ഗവേഷകര്‍ പറയുന്നു. സാധാരണ ക്ലിനിക്കല്‍ പരിചരണത്തില്‍ സാമൂഹിക ഒറ്റപ്പെടലിനും ഏകാന്തതയ്ക്കും പരിഹാരമാകുന്ന ഫലപ്രദമായ നടപടികളുടെ ആവശ്യകത പഠനസംഘം ചൂണ്ടിക്കാണിക്കുന്നു. സാമൂഹിക ഒറ്റപ്പെടലും ഏകാന്തതയും ഹൃദയധമനികളെ ബാധിക്കുന്ന സംവിധാനങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ പരീക്ഷണാത്മക പഠനങ്ങള്‍ നടത്താനും സംഘം തയാറെടുക്കുകയാണ്.

◾അയാളെ എല്ലാവരും ഒരു ദുഃശ്ശകുനമായാണ് കണ്ടത്. അയാളെ കണികണ്ടാല്‍ ആ ദിവസം ദുരന്തമായിരിക്കും എന്നായിരുന്നു ജനങ്ങളുടെ വിശ്വാസം. അവര്‍ രാജാവിനോടും പരാതി പറഞ്ഞു. പിറ്റേന്നു രാവിലെ രാജാവ് അയാളെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കുറച്ച് നേരം സംസാരിച്ചിരുന്ന ശേഷം അയാളെ പറഞ്ഞുവിടുകയും ചെയ്തു. നിര്‍ഭാഗ്യവശാല്‍ അന്ന് രാജാവിന് തിരക്കുമൂലം ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടിയില്ല. അയാളെ വിളിച്ചുവരുത്തിയത് കൊണ്ടാണ് താന്‍ പട്ടിണിയായതെന്ന് രാജാവും വിശ്വസിച്ചു. ദുശ്ശകുനമായ അയാളെ തൂക്കിക്കൊല്ലാന്‍ രാജാവ് വിധിച്ചു. ഇതറിഞ്ഞ മന്ത്രി രാജാവിനോട് ചോദിച്ചു: അയാളെ കണ്ട താങ്കള്‍ പട്ടിണി കിടന്നതേയുള്ളൂ. താങ്കളെ കണ്ട അയാള്‍ക്ക് കഴുമരമാണ് ലഭിച്ചത്. ആരാണ് കൂടുതല്‍ അപകടകാരി? തന്റെ തെറ്റുമനസ്സിലായ രാജാവ് അയാളെ വെറുതെ വിട്ടു. വിധിയെഴുതും മുമ്പ് വിധികര്‍ത്താക്കളുടെ യോഗ്യതയെക്കുറിച്ചും വിധിന്യായത്തിന്റെ നൈതികതയെക്കുറിച്ചും ആലോചിക്കണം. വിധികളിലൂടെ പുറത്ത് വരേണ്ടത് സത്യമാണ്. ആരുടേയും മുന്‍വിധികളല്ല. വിധിക്കുന്നവന്‍ ഉര്‍ന്നസ്ഥാനം അലങ്കരിക്കുന്നവനും വിധിക്കപ്പെടുന്നവന്‍ താഴ്ന്നവനുമാണെന്ന അനാരോഗ്യചിന്തയാണ് തെറ്റായവിധികള്‍ക്ക് പോലും അംഗീകാരം ലഭിക്കുന്നതിനുളള കാരണം. സ്ഥാനം മാത്രമല്ല വിധികര്‍ത്താക്കള്‍ക്ക് വേണ്ടത്, വസ്തുനിഷ്ഠാപരമായ വിശകലനത്തിന് ഉള്ള യോഗ്യതകൂടി അവര്‍ക്കുണ്ടാകണം. നാം ഇടപെടുന്നവിധികള്‍ അന്യായമാകാതിരിക്കാന്‍ എങ്കിലും നമുക്ക് ശ്രദ്ധിക്കാം - ശുഭദിനം.