◾സംസ്ഥാനത്തു പോലീസിന്റെ ഗുണ്ടാവേട്ടയില്‍ 2,507 ഗുണ്ടകള്‍ പിടിയിലായി. 'ഓപറേഷന്‍ ആഗ്' എന്നു പേരിട്ടു നടത്തിയ തെരച്ചിലില്‍ ഒളിവിലായിരുന്ന ഗുണ്ടകളും ലഹരി കേസ് പ്രതികളും കസ്റ്റഡിയിലായി. 297 ഗുണ്ടകളെ പിടികൂടിയ തിരുവനന്തപുരം ജില്ലയാണ് ഗുണ്ടാവേട്ടയില്‍ ഒന്നാം സ്ഥാനത്ത്. പിടിയിലായവരുടെ ചിത്രങ്ങളും വിരല്‍ അടയാളങ്ങളും ശേഖരിച്ച് കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ചില പിടികിട്ടാപ്പുള്ളികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തിട്ടുമുണ്ട്. ഗുണ്ടകളുടെ ഡേറ്റാ ബാങ്ക് തയാറാക്കാനായിരുന്നു ഗുണ്ടാവേട്ട. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡിജിപി 13 ന് ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
◾ചൈനയുടെ 138 വാതുവയ്പ് ആപ്പുകളും 94 വായ്പാ ആപ്പുകളും ഇന്ത്യയില്‍ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയത്.
◾കൂടത്തായി കൊലപാതക പരമ്പര കേസില്‍ മൃതദേഹങ്ങളില്‍ സൈനൈഡിന്റേയോ വിഷത്തിന്റേയോ അംശമില്ലെന്ന നാഷണല്‍ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ.ജി സൈമണ്‍. സംസ്ഥാന ഫൊറന്‍സിക് ലാബ് പരിശോധാ ഫലത്തിലും വിഷത്തിന്റെയോ സൈനൈഡിന്റെയോ സാന്നിധ്യം കണ്ടിരുന്നില്ല. കാലപ്പഴക്കംകൊണ്ട് തെളിവില്ലാതായതാകാം. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് തെളിവായി ഉപയോഗിക്കുമെന്നും സൈമണ്‍. സൈനൈഡും വിഷവും നല്‍കി കൊന്നെന്ന ആരോപണത്തിലാണ് പോലീസ് കൂടത്തായി കൊലപാതക പരമ്പര കേസുകള്‍ കെട്ടിപ്പൊക്കിയത്.
◾കളമശേരി മെഡിക്കല്‍ കോളജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതു നിയമവിരുദ്ധമായി ദത്തെടുത്ത കുഞ്ഞിന്റെ പേരില്‍. സംഭവത്തില്‍ ശിശുക്ഷേമ സമിതി അന്വേഷണം തുടങ്ങി. കുഞ്ഞിനെ അടിയന്തിരമായി ഹാജരാക്കാന്‍ ദത്തെടുത്ത് ജനന സര്‍ട്ടിഫിക്കറ്റ് തയാറാക്കിച്ച ദമ്പതികള്‍ക്കു നിര്‍ദ്ദേശം നല്‍കി. സംഭവത്തില്‍ പ്രതിയായ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മെഡിക്കല്‍ കോളജ് സൂപ്രണ്ടും പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ്.
◾എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ പറഞ്ഞു.
◾കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍മൂലം കേരളത്തിനു വര്‍ഷം 33,000 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടായെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഫേസ് ബുക്കില്‍ കുറിച്ചു. കേന്ദ്രം പിരിക്കുന്ന നികുതിയുടെ 41 ശതമാനം സംസ്ഥാനങ്ങള്‍ക്കു നല്‍കുമെന്നാണു ധാരണ. കേരളത്തിനുള്ള ഡിവിസിബിള്‍ പൂള്‍ വിഹിതം പകുതിയായി വെട്ടിക്കുറച്ചതുമൂലം വര്‍ഷം 18,000 കോടി രൂപ കുറവാണു ലഭിക്കുന്നത്. ജിഎസ്ടിയില്‍ ആഡംബര ഇനങ്ങളുടെ നികുതി കുറച്ചതും റവന്യൂ ന്യൂട്രല്‍ റേറ്റ് കുറച്ചതുംമൂലം വര്‍ഷം 15,000 കോടി രൂപയുടെ നഷ്ടമുണ്ടായി. ധനമന്ത്രി വിശദീകരിച്ചു.
◾കൃഷിരീതികള്‍ പഠിക്കാന്‍ കൃഷിമന്ത്രി പി. പ്രസാദിന്റെ ഇസ്രയേല്‍ യാത്രയ്ക്ക് ഉടക്കിട്ടത് സിപിഎം. ഇസ്രയേലുമായി ലോഹ്യം വേണ്ടെന്ന സിപിഎം നയത്തിന്റെ ഭാഗമായാണ് കൃഷിമന്ത്രിക്കു മുഖ്യമന്ത്രി യാത്രാനുമതി നിഷേധിച്ചത്. സിപിഐ അനുമതി നല്‍കിയില്ലെന്നാണ് ഇതുവരേയും പ്രചരിച്ചിരുന്ന വാര്‍ത്ത. 20 കര്‍ഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തിനു യാത്രാനുമതി നല്‍കി. യാത്രയ്ക്കു രണ്ടു കോടി രൂപ സര്‍ക്കാര്‍ മുടക്കുന്നതിനെതിരേ വിമര്‍ശനങ്ങളുണ്ട്.
◾വിമാന ടിക്കറ്റു നിരക്ക് വര്‍ധന തടയാന്‍ 'ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തു'മെന്നുപോലും നിര്‍ദേശിച്ച് പ്രവാസികളെ പരിഹസിക്കുന്ന ബജറ്റിനെ പ്രവാസികളും പുച്ഛിച്ചു തള്ളിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബജറ്റിനെതിരായ ജനവികാരം മനസിലാക്കാന്‍ കരിമ്പൂച്ചകള്‍ക്കിടയില്‍നിന്ന് മുഖ്യമന്ത്രി വല്ലപ്പോഴും പുറത്തുവരണം. സുധാകരന്‍ പറഞ്ഞു.
◾തുടര്‍ചികിത്സ നിഷേധിക്കുന്നുവെന്ന പ്രചാരണം ശരിയല്ലെന്നു മുന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മികച്ച ചികിത്സയാണ് കിട്ടുന്നത്. കുടുംബവും പാര്‍ട്ടിയും നല്ല പിന്തുണയാണ് തരുന്നതെന്നും ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കിലൂടെ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.
◾കാല്‍നടയായി ഹജ്ജിനു പോകുന്ന മലയാളി തീര്‍ഥാടകന്‍ ശിഹാബ് ചോറ്റൂരിന് പാക്കിസ്ഥാന്‍ വിസ അനുദവിച്ചു. വിസ ഇല്ലാത്തതിനാല്‍ നിര്‍ത്തിവച്ച യാത്ര നാളെ പുനരാരംഭിക്കും. നാലു മാസമായി ശിഹാബ് അമൃത്സറിലെ ആഫിയ കിഡ്സ് സ്‌കൂളിലാണ് താമസിച്ചിരുന്നത്.
◾തൃശൂര്‍ കൈപ്പമംഗലത്ത് ആത്മഹത്യയ്ക്കു ശ്രമിച്ച് അവശനിലയിലായ യുവതിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ലൈംഗികാതിക്രമം കാണിച്ചയാളെ അറസ്റ്റു ചെയ്തു. കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവണ്‍മെന്റ് ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരന്‍ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെയാണ് അറസ്റ്റു ചെയ്തത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സിലായിരുന്നു പീഡനശ്രമം.
◾ഭാര്യയുമായി സൗഹൃദമുള്ള ഏവിയേഷന്‍ കോഴ്സ് വിദ്യാര്‍ത്ഥിയെ പ്രവാസിയായ ഭര്‍ത്താവ് ക്വട്ടേഷന്‍ നല്‍കി മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യാനക്കല്‍ സ്വദേശി ഷംസുദീന്‍ (31), ചക്കുംകടവ് മുഹമ്മദ് റഫീക്ക് (34), പയ്യാനക്കല്‍ കെഫ്സീബ് (31) എന്നിവരാണ് പിടിയിലായത്.
◾തൃശൂര്‍ മണ്ണുത്തിയില്‍ ക്ഷേത്ര കമ്മിറ്റി ഉത്സവ നടത്തിപ്പിനായി ആഴ്ചക്കുറി പിരിച്ച് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നെട്ടിശ്ശേരി ശിവ ക്ഷേത്രത്തിലെ മുന്‍ കമ്മിറ്റിക്കെതിരെയാണ് മണ്ണുത്തി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ ക്ഷേത്ര ഭൂമി തിരിച്ചുപിടിക്കാന്‍ കോടതിയില്‍ കേസ് നടത്തിയതാണ് വിവാദമായിരിക്കുന്നതെന്നാണ് മുന്‍ കമ്മിറ്റിക്കാരുടെ വിശദീകരണം.
◾ഇടുക്കി മുതിരപ്പുഴയാറില്‍ തെന്നിവീണ വിനോദ സഞ്ചാരിയെ കാണാതായി. ഹൈദരാബാദ് സ്വദേശി സന്ദീപിനെയാണ് കാണാതായത്. ശ്രീനാരായണ പുരത്തെ ചുനയംമാക്കല്‍ കുത്തിനു സമീപമാണ് സന്ദീപ് വെള്ളത്തിലേക്കു വീണത്.
◾തൃശൂര്‍ പഴുവില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ തീ കൊളുത്തി മരിച്ചു. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. 45 വയസുള്ള കോഴിക്കോട് സ്വദേശിനിയാണ്.
◾മാഹിയില്‍നിന്ന് ബൈക്കില്‍ കടത്തിയ 32 ലിറ്റര്‍ വിദേശമദ്യവുമായി രണ്ടു പേര്‍ എക്സൈസിന്റെ പിടിയിലായി. എ.ടി സഞ്ജു (29), പി.കെ സനീഷ് (30) എന്നിവരാണ് അറസ്റ്റിലായത്.
◾കൊല്ലം കടയ്ക്കലില്‍ പീഡനക്കേസ് പ്രതി 15 വര്‍ഷത്തിനു ശേഷം പിടിയിലായി. വയല സ്വദേശി സന്തോഷാണ് അറസ്റ്റിലായത്.
◾തിരുവനന്തപുരം പേട്ടയില്‍ വീട്ടിലെ മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. അര്‍ജുന്‍ പ്രതാപാണ് മരിച്ചത്. തൈക്കാട് മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
◾രണ്ടു ലക്ഷം കോടിയിലേറെ രൂപ ഇന്ത്യയിലെ ബാങ്കുകളില്‍നിന്നു വായ്പയെടുത്ത അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറണമെന്നു കോണ്‍ഗ്രസ്. അദാനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ്, സിബിഐ എന്നീ ഏജന്‍സികളെ ഉപയോഗിക്കുമോ? അദാനിയുടെ സഹോദരന്‍ ഉള്‍പ്പെട്ട പനാമാ, പാണ്ടോര പേപ്പര്‍ വെളിപ്പെടുത്തലുകളിലെ അന്വേഷണം എവിടംവരെയായി? വിമാനത്താവളങ്ങളും തുറമുഖങ്ങളും അദാനിയെ ഏല്‍പിച്ചത് ഉത്തമ ബോധ്യത്തോടെയാണോ? ചോദ്യങ്ങള്‍ക്കു മോദി മറുപടി പറയണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
◾ഈയിടെ ശസ്ത്രക്രിയക്കു വിധേയയായ അര്‍ബുദരോഗിയായ സ്ത്രീയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. വിമാനത്തില്‍ മുകളിലെ ക്യാബിനിലേക്കു ബാഗ് വയ്ക്കാന്‍ സഹായം ആവശ്യപ്പെട്ടതിനാണു തന്നെ ഇറക്കിവിട്ടതെന്നാണു മീനാക്ഷി സെന്‍ ഗുപ്ത എന്ന യാത്രക്കാരി അമേരിക്കന്‍ എയര്‍ലൈന്‍സിനെതിരേ പരാതി നല്‍കിയത്. ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
◾അന്തരിച്ച പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് തന്ത്രശാലിയാണെന്നു വിശേഷിപ്പിച്ച് ട്വിറ്ററില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരേ വിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരുപാട് ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണക്കാരനായ മുഷാറഫിന് ഇന്ത്യയില്‍ ആരാധകരുണ്ടാകുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനം.
◾കൂറ്റന്‍ ചൈനീസ് ബലൂണ്‍ മിസൈല്‍ തൊടുത്തു തകര്‍ത്ത് കടലില്‍ വീഴ്ത്തിയ അമേരിക്കയ്ക്കു ചുട്ട മറുപടി നല്‍കുമെന്നു ചൈന. അമേരിക്കന്‍ നടപടി അന്താരാഷ്ട്ര മര്യാദയുടെ ലംഘനമാണെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം. മൂന്നു ലോറികളുടെ വലുപ്പമുള്ള ബലൂണ്‍ കാലാവസ്ഥ പഠനത്തിനുള്ള സിവിലിയന്‍ എയര്‍ഷിപ്പാണെന്നാണ് ചൈന പറയുന്നത്. എന്നാല്‍ ചാര ബലൂണാണെന്നാണ് അമേരിക്കയുടെ വാദം.
◾പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സി കരുത്തരായ മോഹന്‍ ബഗാനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് തോല്‍പിച്ചു. ഈ ജയത്തോടെ ബെംഗളുരു ആറാം സ്ഥാനത്തെത്തി. മോഹന്‍ ബഗാന്‍ നിലവില്‍ നാലാം സ്ഥാനത്താണ്.
◾പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി പ്രദര്‍ശനമത്സരം നടന്ന സ്റ്റേഡിയത്തിന് കിലോമീറ്ററുകള്‍പ്പുറം സ്ഫോടനം. സ്ഫോടനത്തെ തുടര്‍ന്ന് പ്രദര്‍ശനമത്സരം തടസപ്പെടുകയും താരങ്ങളെ ഡ്രസിംഗ് റൂമിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
◾ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് പാക്കിസ്ഥാനിലാണെങ്കില്‍ അങ്ങോട്ടു പോകില്ലെന്ന തീരുമാനത്തില്‍ ഉറച്ച് ബിസിസിഐ. 2008ന് ശേഷം പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരമ്പരയ്ക്കായി പോയിട്ടില്ല. അതേസമയം ഏഷ്യാ കപ്പ് നഷ്ടമായാല്‍ ഇന്ത്യയില്‍ നടക്കേണ്ട ഏകദിന ലോകകപ്പില്‍ കളിക്കില്ലെന്ന ഭീഷണിയും പാക്കിസ്ഥാന്‍ ഉയര്‍ത്തുന്നുണ്ട്. ഏഷ്യാ കപ്പിനുള്ള പുതിയ വേദി ഏതെന്ന് മാര്‍ച്ചില്‍ പ്രഖ്യാപിച്ചേക്കും.
◾പുതിയ വില്‍പ്പനക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ആഗോള ഇ- കൊമേഴ്സ് വമ്പനായ ആമസോണ്‍. ഇത്തവണ പുതിയ വില്‍പ്പനക്കാരെ സഹായിക്കാന്‍ റഫറല്‍ ഫീസിലാണ് ആമസോണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആമസോണില്‍ പുതുതായി എത്തുന്ന വില്‍പ്പനക്കാര്‍ക്ക് 50 ശതമാനം വരെ ഫീസ് ഇളവ് ലഭിക്കുന്നതാണ്. 60 ദിവസത്തെ കാലയളവിലേക്കാണ് ഫീസ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ഏപ്രില്‍ 14 വരെ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ പുതിയ വില്‍പ്പനക്കാര്‍ക്കുമാണ് ഫീസ് ഇളവ് ലഭിക്കുക. ഓണ്‍ലൈന്‍ വിപണിയില്‍ വില്‍പ്പന സുഗമമാക്കുന്നതിന് ആമസോണിലേക്ക് വില്‍പ്പനക്കാര്‍ നല്‍കേണ്ട ഫീസാണ് റഫറല്‍ ഫീസ്. വിവിധ ഘട്ടങ്ങളിലായി ആമസോണ്‍ റഫറല്‍ ഫീസില്‍ ഇളവുകള്‍ വരുത്താറുണ്ട്. ഇത് കൂടുതല്‍ വില്‍പ്പനക്കാരെ ആമസോണിന്റെ ഭാഗമാക്കാന്‍ സഹായിക്കുന്നതാണ്. ആമസോണ്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വേളയിലാണ് വില്‍പ്പനക്കാര്‍ക്കായി പുതിയ പ്രഖ്യാപനവുമായി എത്തിയത്.
◾മമ്മൂട്ടി ചിത്രം 'ക്രിസ്റ്റഫറി'ന്റെ പ്രമോ സോംഗ് പുറത്തുവിട്ടു. തിയറ്ററുകളില്‍ പ്രേക്ഷകരില്‍ ആവേശം കൊള്ളിക്കാന്‍ ഉതകുന്ന തരത്തിലാണ് പാട്ട് തയ്യാറാക്കിയിരിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം നല്‍കിയ ഗാനം ജാക്ക് സ്റ്റൈല്‍സ് ആണ് വരികള്‍ എഴുതി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വിവിധ ലുക്കുകളും രംഗങ്ങളും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. അമല പോള്‍, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയില്‍ മമ്മൂട്ടി എത്തുന്നത്. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി, വിനയ് റായ് തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു.
◾മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളില്‍പ്പെട്ട സ്ഫടികം ഡിജിറ്റല്‍ റീമാസ്റ്ററിംഗ് പൂര്‍ത്തിയാക്കി റീ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാല്‍ ആരാധകരുടെയും സംവിധായകന്‍ ഭദ്രന്റെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഫെബ്രുവരി 9 ന് സഫലമാവുന്നത്. പഴയ സ്ഫടികത്തില്‍ തോമയുടെ ഇന്‍ട്രോ ആട്ടിന്‍കൂട്ടത്തില്‍ നിന്ന് ഒരു ആട്ടിന്‍കുട്ടിയെ പിടിച്ച് കൊന്ന് ചങ്കിലെ ചോര കുടിക്കുന്നതാണ്. അന്ന് 40 ആടുകളെയാണ് ഉപയോഗിച്ചത്. ഇന്നത് 500 ആടുകളെവച്ച് റീഷൂട്ട് ചെയ്തു. ജിയോമെട്രിക്സ് എന്ന കമ്പനി വഴി ഏകദേശം രണ്ട് കോടി രൂപയോളം ചെലവിട്ടാണ് വീണ്ടും സ്ഫടികം തിയറ്ററുകളില്‍ എത്തിക്കുന്നത്. പഴയ സിനിമയ്ക്ക് മിഴിവ് പതിന്മടങ്ങ് വര്‍ധിച്ചതോടൊപ്പം ചില രംഗങ്ങള്‍ 4കെ പതിപ്പില്‍ കൂട്ടിച്ചേര്‍ത്തിട്ടുമുണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍ പറയുന്നു. ഡോള്‍ബി സാങ്കേതിക വിദ്യയില്‍ കൂടുതല്‍ മിഴിവേകാന്‍ കൂടുതല്‍ ഷോട്ടുകള്‍ സ്ഫടികത്തില്‍ ചേര്‍ത്തിട്ടുണ്ട്. എട്ടര മിനിറ്റ് ദൈര്‍ഘ്യം കൂടിയ സ്ഫടികമാണ് ഇനി കാണാന്‍ പോകുന്നത്. അതിനായി എട്ട് ദിവസത്തോളം ആര്‍ട്ടിസ്റ്റുകള്‍ ഇല്ലാതെ ഷൂട്ടിംഗ് ഭദ്രന്റെ മേല്‍നോട്ടത്തില്‍ നടത്തി.
◾വില പ്രഖ്യാപിക്കും മുമ്പേ മികച്ച ബുക്കിങ്ങുമായി മാരുതിയുടെ കോംപാക്റ്റ് ക്രോസ് ഓവര്‍ ഫ്രോങ്സ്.് ഇതുവരെ 5500 ബുക്കിങ്ങുകള്‍ ലഭിച്ചു. നെക്സ വഴി ഏപ്രില്‍ മുതല്‍ വാഹനം വില്‍പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഗ്രാന്‍ഡ് വിറ്റാരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട മുന്‍ഭാഗം സ്‌പോര്‍ട്ടിയും സ്റ്റൈലിഷും ആണ്. ഐഡില്‍സ്റ്റാര്‍ട് സ്റ്റോപ്പുള്ള 1.2 ലീറ്റര്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍ വിവിടി പെട്രോള്‍ എന്‍ജിനും 1.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിനും വാഹനത്തിലുണ്ട്. 1 ലീറ്റര്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 147.6 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുമ്പോള്‍ 1.2 ലീറ്റര്‍ എന്‍ജിന്‍ 90 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും നല്‍കും. ടര്‍ബോ പെട്രോള്‍ എന്‍ജിനൊപ്പം അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക്ക് ഗീയര്‍ബോക്സുമുണ്ട്. 1.2 ലീറ്റര്‍ എന്‍ജിനൊപ്പം 5 സ്പീഡ് മാനുവലും എഎംടി ഗീയര്‍ബോക്സും ലഭിക്കും. ഹാര്‍ടെക് പ്ലാറ്റ്‌ഫോമിലാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്, മാരുതി സുസുക്കി ഫ്രോങ്‌സില്‍ ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേയും വയര്‍ലെസ് ചാര്‍ജിംഗ് സവിശേഷതകളും സജ്ജീകരിച്ചിരിക്കുന്നു. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, സീറ്റ, ആല്‍ഫ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളില്‍ ഫ്രോങ്സ് വിപണിയിലെത്തും.
◾വടക്കന്‍ ബംഗാളിലെ ഗതാഗതസൗകര്യങ്ങള്‍ കുറഞ്ഞ ഗ്രാമങ്ങളില്‍നിന്നുള്ള നാലായിരത്തിലധികം രോഗികളെ സ്വന്തമായി രൂപംകൊടുത്ത ബൈക്ക് ആംബുലന്‍സില്‍ ആശുപത്രികളിലെത്തിച്ച് ജീവന്‍ രക്ഷിച്ച കരീം ഉള്‍ ഹക്കിന്റെ ജീവിതകഥ. തോട്ടം തൊഴിലാളിയായ കരീം തന്റെ അമ്മ യഥാസമയം ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ കഴിയാതെ മരണമടഞ്ഞ സാഹചര്യത്തില്‍ ആരംഭിച്ച ഈ പരിശ്രമം പില്‍ക്കാലത്ത് അദ്ദേഹത്തെ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനാക്കി. അസാധാരണപ്രവൃത്തികള്‍ ചെയ്യാന്‍ സാധാരണ മനുഷ്യര്‍ക്കും കഴിയുമെന്ന് പ്രഖ്യാപിക്കുന്ന പുസ്തകം. 'ബൈക്ക് ആംബുലന്‍സ് ദാദ'. ബിശ്വജിത്ത് ഝാ. പരിഭാഷ - സ്മിത മീനാക്ഷി. മാതൃഭൂമി ബുക്സ്. വില 204 രൂപ.
◾നമ്മളില്‍ അധിക പേരും ടിവി കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്നവരാണ്. എന്നാല്‍, എത്ര അളവില്‍ നമ്മള്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് നാം ചിന്തിക്കാറില്ല. ഇതിനോടൊപ്പം മറ്റു ചില ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ നിങ്ങള്‍ കടുത്ത 'സ്ട്രെസ്' അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പല കാരണങ്ങള്‍ കൊണ്ടാകാം 'സ്ട്രെസ്' ഉണ്ടാകുന്നത്. എത്രയും നേരത്തേ ഇത് തിരിച്ചറിയുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇതിന് വേണ്ടി 'സ്ട്രെസ്' സൂചിപ്പിക്കുന്ന മറ്റ് ലക്ഷണങ്ങള്‍ എന്തെല്ലാമാണ് എന്നറിയണം. ഉയര്‍ന്ന തോതിലുള്ള ഹൃദയസ്പന്ദനം. പ്രത്യേകിച്ച് കാരണങ്ങളില്ലാതെയോ, പ്രസക്തമല്ലാത്ത കാര്യങ്ങള്‍ക്ക് വേണ്ടിയോ ഉത്കണ്ഠപ്പെടുന്നത്. പൊതുവേ എപ്പോഴും അസ്വസ്ഥത തോന്നുന്നത്. ശരീരത്തിന് ഒരു വിറയല്‍ ബാധിക്കുന്നത്. ദിവസങ്ങളോളം ഉറക്കമില്ലാതാകുന്നത്. ഇടവിട്ട് കടുത്ത തലവേദന വരുന്നത്. ദഹനമില്ലായ്മ പോലെ വയറിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍. കഴുത്തുവേദനയോ നടുവേദനയോ വരുന്നത്. മാനസിക സമ്മര്‍ദ്ദമുള്ളവരില്‍ പെട്ടെന്ന് വിഷാദരോഗവും ഉത്കണ്ഠയുമെല്ലാം പിടിപെടാന്‍ സാധ്യതയുണ്ട്. ഇത് ക്രമേണ ജോലിയേയോ കുടുംബജീവിതത്തെയോ ഒക്കെ ബാധിച്ചേക്കാം. അതിനാല്‍ ശ്രദ്ധിക്കുക.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു വേട്ടക്കാരന്‍ കാട്ടിലൂടെ നടക്കുമ്പോള്‍ ഒരു കിളിയുടെ കരച്ചില്‍ കേട്ടു. വളരെനേരത്തെ തിരച്ചിലിന് ശേഷം ദൂരെയുളള മരക്കൊമ്പില്‍ കൂടിനരികെ ഇരുന്ന് ഒരു അമ്മക്കിളി കരയുന്നത് കണ്ടു. ആ കൂട്ടില്‍ അമ്മക്കിളിയുടെ കുഞ്ഞുങ്ങളുണ്ട്. ആ കൂടിനെ ലക്ഷ്യമാക്കി ഒരു പാമ്പ് ഇഴഞ്ഞ് വരുന്നത് കണ്ടാണ് അമ്മക്കിളി കരയുന്നത്. അത് സഹായത്തിനായ് ചുറ്റുപാടും നോക്കുന്നുണ്ട്. വേട്ടക്കാരന് വേണമെങ്കില്‍ ആ പാമ്പിനെ ഓടിപ്പിച്ച് ആ കുഞ്ഞുങ്ങളെ രക്ഷിക്കാവുന്നതേയുള്ളൂ. പക്ഷേ, അയാള്‍ അത് ചെയ്തില്ല.. സ്വാഭാവിക പരിണാമത്തിനായി അയാള്‍ കാത്തുനിന്നു. അയാള്‍ നോക്കിനില്‍ക്കെ അമ്മക്കിളി എവിടേക്കോ പറന്നുപോയി. കുറച്ച് നേരത്തേക്ക് ആ കിളിയെ കാണാന്‍ ഉണ്ടായിരുന്നില്ല. പാമ്പ് കൂടിനടുത്ത് എത്താറായി. അപ്പോള്‍ ചുണ്ടില്‍ രണ്ടുമൂന്ന് ഇലകളുമായി അമ്മക്കിളി എത്തി. അവള്‍ ആ ഇലകള്‍ കുഞ്ഞുങ്ങളുടെ മീതെ ഇട്ടു. കുഞ്ഞുങ്ങളെ കഴിക്കാനായി കൂട്ടില്‍ തലയിട്ടപാമ്പ് പെട്ടെന്ന് തന്നെ തിരിച്ച് ഇറങ്ങിപ്പോകുന്നത് വേട്ടക്കാരന്‍ കണ്ടു. വേട്ടക്കാരന്‍ ഈ വിവരം ആ കാട്ടില്‍ താമസിക്കുന്ന ഒരാളെ അറിയിച്ചപ്പോള്‍ അയാള്‍പറഞ്ഞു: പാമ്പിന് ആ ഇലകളുടെ മണം ഇഷ്ടമല്ല. കൂട്ടിലേക്ക് തലയിട്ടപ്പോള്‍ ആ ഇലയുടെ മണം വന്നതുകൊണ്ടാണ് പാമ്പ് തിരിച്ചുപോയത്. പ്രതിസന്ധികള്‍ ധാരാളം നമ്മുടെ ജീവിതത്തിലും കടന്നുവരും. പലപ്പോഴും നമ്മെ സഹായിക്കാന്‍ കഴിയുന്നവര്‍ പോലും സ്വാഭാവിക പരിണാമത്തിനായി കാത്തുനില്‍ക്കും. സഹായിക്കുമെന്ന് നാം കരുതുന്ന പലവാതിലുകളും നമുക്ക് മുന്നില്‍ അടഞ്ഞാലും അണയാന്‍ പാടില്ലാത്ത ഒന്നുണ്ട് നമ്മുടെ ഉള്ളില്‍. നമുക്ക് നമ്മോടുള്ള വിശ്വാസം. ആ വിശ്വാസമുണ്ടെങ്കില്‍ ഉറപ്പായും പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് ഒരു വഴി നമുക്ക് മുന്നില്‍ തുറക്കുക തന്നെ ചെയ്യും. ആ വഴിക്കായി നാം പ്രതീക്ഷയോടെ പരിശ്രമിക്കുക, കാത്തിരിക്കുക - ശുഭദിനം.