◾പെട്രോളിനും ഡീസലിനും ബജറ്റിലൂടെ ഏര്‍പ്പെടുത്തിയ രണ്ടു രൂപയുടെ സെസ് ഒരു രൂപയാക്കി കുറച്ചേക്കും. നിയമസഭയില്‍ ബജറ്റു ചര്‍ച്ചയ്ക്കിടെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്നെ ഇളവു പ്രഖ്യാപിക്കും. ജനരോഷം ശക്തമായതിനാലാണ് സെസ് കുറയ്ക്കാനുള്ള ആലോചന. രണ്ടു രൂപ സെസ് നിര്‍ദേശം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിരക്കു വര്‍ധന പുനരാലോചിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും പ്രതികരിച്ചിരുന്നു.
◾അഞ്ചു ഹൈക്കോടതി ജഡ്ജിമാരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. രാജസ്ഥാന്‍, പാറ്റ്ന, മണിപ്പൂര്‍ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരടക്കം അഞ്ചുപേരെയാണ് സുപ്രീം കോടതി ജഡ്ജിമാരാക്കുന്നത്. അഞ്ചുപേരുടേയും സത്യപ്രതിജ്ഞ നാളെ നടക്കും. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാര്‍ശകള്‍ മാസങ്ങളായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാതെ പിടിച്ചുവച്ചിരിക്കുകയായിരുന്നു.
◾2025 ആകുമ്പോഴേക്കും കേരളം മാലിന്യമുക്ത സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യപ്രശ്നം തടയാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മുഖ്യപങ്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. മുഖ്യമന്ത്രി പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ മാലിന്യ സംസ്‌കരണ രംഗത്തെ നവീന ആശയങ്ങള്‍, സാങ്കേതിക വിദ്യകള്‍ തുടങ്ങിയവ സംബന്ധിച്ചു ശുചിത്വ മിഷന്‍ സംഘടിപ്പിച്ച ജെക്സ് കേരള 2023 അന്താരാഷ്ട്ര എക്സ്പോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
➖➖➖➖➖➖➖➖
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ 👇
2023 ഫെബ്രുവരി 05
| 1198 | മകരം22| ഞായർ |
https://chat.whatsapp.com/JWdtUiiR779KH6g1K1G0xb
➖➖➖➖➖➖➖➖
◾ബജറ്റില്‍ നികുതിയും സെസും വര്‍ധിപ്പിച്ചതു കേരളത്തിന്റെ വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനും വേണ്ടിയാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. സമാനതകളില്ലാത്ത പ്രതിസന്ധി മൂലമാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിക്കു കാരണം കേന്ദ്ര സര്‍ക്കാരാണ്. ധനമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിച്ചു. നികുതിയും സെസ്സും കൂട്ടിയ സാഹചര്യം ജനങ്ങള്‍ക്കു ബോധ്യപ്പെടുമെന്നും സെസ് കൂട്ടിയതിനെ പര്‍വ്വതീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്ക്കെതിരേ സമരപരിപാടികള്‍ ആവഷികരിക്കാന്‍ യുഡിഎഫ് നേതൃയോഗം നാളെ. ശക്തമായ സമരപരിപാടികള്‍ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസനും മുന്നറിയിപ്പു നല്‍കിയിരുന്നു.
◾എറണാകുളം മുണ്ടംപാലത്ത് വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു പരിക്കേറ്റ ബൈക്കു യാത്രക്കാരന്‍ മരിച്ചു. മുണ്ടം പാലം സ്വദേശി ശ്യാമിലാണ് മരിച്ചത്. പണി കഴിഞ്ഞു പത്ത് ദിവസമായിട്ടും കരാറുകാരന്‍ കുഴി മൂടിയിരുന്നില്ല.
◾ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ് മണികുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചത് മകളുടെ വിവാഹത്തിനു ക്ഷണിക്കാനായിരുന്നെന്ന് വിശദീകരണം. എറണാകുളം ഗസ്റ്റ് ഹൗസില്‍ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ജഡ്ജിമാര്‍ക്കു കൈക്കൂലി നല്‍കിയെന്ന കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് 40 മിനിറ്റോളം നീണ്ട കൂടിക്കാഴ്ച.
◾കേരള യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്നു മാസം കൂടി രാജ്ഭവന്‍ നീട്ടി. കമ്മിറ്റിയിലേക്ക് കേരള സര്‍വ്വകലാശാല പ്രതിനിധിയെ നല്‍കിയിട്ടില്ല. നിലവില്‍ യുജിസിയുടെയും ചാന്‍സലറുടെയും പ്രതിനിധികള്‍ മാത്രമാണു കമ്മിറ്റിയിലുള്ളത്.
◾നികുതി വര്‍ധിപ്പിച്ച സംസ്ഥാന ബജറ്റിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപകമായി പന്തംകൊളുത്തി പ്രകടനം നടത്തി. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്.
◾അന്തരിച്ച ഗായിക വാണി ജയറാമിനു നെറ്റിയില്‍ മുറിവ്. ചെന്നൈ നുങ്കമ്പാക്കത്തെ ഹാഡോസ് റോഡിലുള്ള വസതിയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. വീട് അകത്തുനിന്ന് പൂട്ടിയിരുന്നു. കിടപ്പുമുറിയില്‍ കുഴഞ്ഞുവീണപ്പോള്‍ നെറ്റി ടീപ്പോയിയില്‍ ഇടിച്ചതാകാം പരിക്കിനു കാരണം. മുറിവു കണ്ടതോടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു. രാവിലെ 11 നു വീട്ടുജോലിക്കാരി മുട്ടിവിളിച്ചിട്ടും വാതില്‍ തുറക്കാതായപ്പോഴാണ് ബന്ധുക്കളേയും പോലീസിനേയും വിവരം അറിയിച്ച് വാതില്‍ പൊളിച്ച് അകത്തു കടന്നത്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്കു ചെന്നൈയില്‍.
◾ഭക്ഷണശാലകളിലെ ജീവനക്കാര്‍ക്കു ഹെല്‍ത്ത് കാര്‍ഡ് അനുവദിക്കുന്നതിനു മാര്‍ഗനിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്. അപേക്ഷകനെ ഡോക്ടര്‍ നേരിട്ടു പരിശോധിക്കണം. രക്ത പരിശോധന, ശാരീരിക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക്, നഖങ്ങള്‍ എന്നിവയുടെ പരിശോധന നടത്തണം. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന വേണം. ക്ഷയ രോഗ ലക്ഷണമുണ്ടെങ്കില്‍ കഫ പരിശോധന വേണം. ഫലങ്ങള്‍ പരിശോധിച്ചു ബോധ്യപ്പെട്ടശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ. വിരശല്യത്തിനെതിരെയും ടൈഫോയ്ഡിനെതിരെയുമുള്ള വാക്സിന്‍ എടുക്കണമെന്നും നിര്‍ദേശം.
◾ഇടുക്കിയിലെ കാട്ടാന ശല്യം പരിഹരിക്കാന്‍ വയനാട്ടില്‍നിന്നും ദ്രൂതകര്‍മ്മ സേന എത്തി. വയനാട് ആര്‍ആര്‍ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്.
◾പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച ഇ പോസ് മെഷീന്‍ മോഷണം പോയി. മദ്യപിച്ച് ബഹളംവച്ച കേസിലെ പ്രതിയാണ് മെഷീന്‍ മോഷ്ടിച്ചത്. മോഷ്ടാവായ ഇളമണ്ണൂര്‍ സ്വദേശി എബി ജോണിനെ പിടികൂടിയെങ്കിലും ഇ പോസ് മെഷീന്‍ കണ്ടെത്താനായില്ല.
◾കാസര്‍കോട് വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ച സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പുറത്താക്കി. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയാണു രാഘവന്‍.
◾പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസ് ഭാരവാഹികളെ തീരുമാനിക്കാനുള്ള പുനസംഘടന കമ്മിറ്റിയില്‍നിന്ന് മൂന്ന് മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ ഇറങ്ങിപ്പോയി. മാറി നില്‍ക്കുന്നവരെയും പരിഗണിക്കണമെന്ന മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ്, ബാബു ജോര്‍ജ് എന്നിവരുടെ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നു നിലവിലെ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ നിലപാടെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിമാരും ഈ നിലപാടിനെ പിന്തുണച്ചതോടെയാണ് നേതാക്കള്‍ ഇറങ്ങിപ്പോയത്.
◾ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ അനില്‍ ആന്റണിക്കെതിരേ നടപടി ആവശ്യമില്ലെന്ന് കെ സുധാകരന്‍. തെറ്റ് ആര്‍ക്കും പറ്റാം. തനിക്കും തെറ്റു പറ്റിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ഹണിട്രാപ്പില്‍ കുടുക്കി പത്തു ലക്ഷം രൂപ ആവശ്യപ്പെട്ട് മാരാരിക്കുളം വാറാന്‍കവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ മര്‍ദ്ദിച്ച കേസിലെ ഒന്നാം പ്രതിയായ യുവതി അറസ്റ്റില്‍. തൃശൂര്‍ മോനടി വെള്ളികുളങ്ങര മണമഠത്തില്‍ സൗമ്യ(35) ആണ് അറസ്റ്റിലായത്. മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി ഒന്നരവര്‍ഷത്തോളമായി വിദേശത്തായിരുന്നു. മടങ്ങിയെത്തിയ ഉടനേ തിരുവനന്തപുരം വിമാനത്താവളത്തില്‍ സൗമ്യയെ പൊലീസ് പിടികൂടുകയായിരുന്നു.
◾കോഴിക്കോട് മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണ് മരിച്ചത്.
◾എറണാകുളം കുറുപ്പംപടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഡൈവര്‍ കാര്‍ നിര്‍ത്തി പുറത്തേക്കിറങ്ങിയതിനാല്‍ ആളപായം ഉണ്ടായില്ല. പുണ്ടക്കുഴി സ്വദേശി എല്‍ദോസ് ഓടിച്ച മാരുതി ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്.
◾അമുല്‍ പാലിന്റെ വില ലിറ്ററിന് മൂന്നു രൂപ വരെ വര്‍ദ്ധിപ്പിച്ചു. ഉടമകളായ ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. അമുല്‍ ഗോള്‍ഡിന്റെ വില ലിറ്ററിന് 66 രൂപയായി.
◾പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയ നേതാവ്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'മോര്‍ണിംഗ് കണ്‍സള്‍ട്ട്' നടത്തിയ സര്‍വേയിലാണ് 78 ശതമാനം വോട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനക് എന്നിവരടക്കം 22 ലോക നേതാക്കളെ മറികടന്നാണ് 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍' സര്‍വേയില്‍ മോദി ഒന്നാമതെത്തിയത്.
◾നാഗാലാന്‍ഡ് തെരഞ്ഞെടുപ്പിനു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 21 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
◾കര്‍ണാടക കോണ്‍ഗ്രസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കോണ്‍ഗ്രസ് നേതാക്കളെ അഴിമതിക്കാരും ക്രിമിനലുകളും വര്‍ഗീയവാദികളുമായി അവഹേളിച്ച് വ്യാജവിവരങ്ങള്‍ ചേര്‍ക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പേരില്‍ വ്യാജ കത്തും വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബെംഗളൂരു സൈബര്‍ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾സെപ്റ്റംബറില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 927 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി സര്‍ക്കാര്‍. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ധനസഹായം ആവശ്യപ്പെട്ടത്.
◾മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ സണ്ണി ലിയോണ്‍ പങ്കെടുക്കാനിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്കു സമീപം സ്ഫോടനം. വേദിയില്‍നിന്നു നൂറ് മീറ്റര്‍ മാറിയാണ് സ്ഫോടനം നടന്നത്. ആളപായമില്ല.
◾സ്ത്രീയായി ആള്‍മാറാട്ടം നടത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ യുവതികളെ കബളിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ഐടി പ്രഫഷണലിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ദിലീപ് പ്രസാദ് എന്ന 28 കാരനെയാണ് പിടികൂടിയത്.
◾പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ടെലിഫോണില്‍ സംസാരിച്ചു. പരസ്പര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഇരു നേതാക്കളും വാഗ്ദാനം ചെയ്തു.
◾അമേരിക്കയുടെ ആകാശത്ത് കണ്ടെത്തിയ ചൈനയുടെ ചാരബലൂണ്‍ അമേരിക്ക വെടിവെച്ചിട്ടു. ബലൂണ്‍ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണ് യു.എസ്.പോര്‍ വിമാനങ്ങള്‍ വെടിവച്ചുവീഴ്ത്തിയത്. അതേസമയം ലാറ്റിന്‍ അമേരിക്കയിലും ചാരബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.
◾സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ലോകത്തിനു മുന്നില്‍ യാചിക്കരുതെന്നും അണുബോംബുമായി രാജ്യങ്ങളോടു പണം ആവശ്യപ്പെടുകയാണു വേണ്ടതെന്നും പാക്കിസ്ഥാനിലെ ഭീകരസംഘടനാ നേതാവ്. പാക്കിസ്ഥാന്‍ നിരോധിച്ചിട്ടില്ലാത്ത തെഹ്രീകെ-ഇ-ലബ്ബൈക് പാര്‍ട്ടി തലവനായ ഇസ്ലാമിക നേതാവ് സാദ് റിസ്വിയാണ് ഇങ്ങനെ പറഞ്ഞത്.
◾മതനിന്ദയുള്ള ഉള്ളടക്കം നീക്കാത്തതിന് പാക്കിസ്ഥാന്‍ വിക്കിപീഡിയയെ നിരോധിച്ചു. ഇസ്ലാം മതത്തെ അപമാനിക്കുന്ന കണ്ടന്റ് മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്ത്യശാസനം നല്‍കിയ 48 മണിക്കൂര്‍ സമയം അവസാനിച്ചതോടെയാണ് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയത്.
◾പാകിസ്ഥാനില്‍ ഇന്ധനക്ഷാമം. എണ്ണക്കമ്പനികളുടെ ഓയില്‍ അഡൈ്വസറി കൗണ്‍സില്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കത്തു നല്‍കി. പാകിസ്ഥാനി രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായുണ്ടായ തകര്‍ച്ച കമ്പനികളെ നഷ്ടത്തിലാക്കിയിരിക്കുകയാണ്.
◾പാക്കിസ്ഥാനു പിന്നാലെ ബംഗ്ലാദേശിലും സാമ്പത്തിക പ്രതിസന്ധി. വിലക്കയറ്റം രൂക്ഷമായതോടെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെതിരെ ജനം തെരുവിലിറങ്ങി. പ്രതിപക്ഷ കക്ഷികള്‍ ഹസീനയുടെ രാജി ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധിയില്‍ വസ്ത്ര നിര്‍മാണ മേഖല തകര്‍ന്നതാണ് ബംഗ്ലാദേശിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.
◾ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീം ഇന്ത്യയിലെത്തി. 4 മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഫെബ്രുവരി 9ന് നാഗ്പുരില്‍ ആരംഭിക്കും.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി മുംബൈ സിറ്റി എഫ്‌സിയെ സമനിലയില്‍ ഒതുക്കി. ഓരോ ഗോളുകള്‍ വീതമടിച്ചാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും മുംബൈ തന്നെയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഹൈദരാബാദ് രണ്ടാം സ്ഥാനത്ത് തുടരുന്നു.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ജംഷഡ്പൂര്‍ എഫ്‌സിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെയാണ് ജംഷഡ്പൂര്‍ തോല്‍പ്പിച്ചത്. പോയിന്റ് പട്ടികയില്‍ ജംഷഡ്പൂര്‍ പത്താം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പതിനൊന്നാം സ്ഥാനത്തുമാണ്.
◾ഡിജിറ്റല്‍ സാമ്പത്തിക സേവന സ്ഥാപനമായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് (പേടിഎം) ഡിസംബര്‍ പാദത്തില്‍ തങ്ങളുടെ ഏകീകൃത അറ്റ നഷ്ടം 392 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 778.4 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 1456.1 കോടി രൂപയില്‍ നിന്ന് 42 ശതമാനം ഉയര്‍ന്ന് 2062.2 കോടി രൂപയായി. ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 2.89 ശതമാനം ഇടിഞ്ഞ് 529.9 രൂപയിലെത്തി. അവലോകന പാദത്തില്‍ പ്രവര്‍ത്തന ലാഭത്തിന്റെ ലക്ഷ്യം കൈവരിച്ചതായി പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അപകടസാധ്യതകളില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നതിനാല്‍ മുന്നോട്ടും മെച്ചപ്പെട്ട വളര്‍ച്ച തങ്ങള്‍ കൈവരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
◾ഭാവന, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമാകുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. നീണ്ട ഇടവേളയ്ക്ക് ശേഷം ഭാവന മലയാളത്തില്‍ നായികയായെത്തുന്ന ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'. ഭാവന, ഷറഫുദ്ദീന്‍, അശോകന്‍, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അഫ്‌സാന ലക്ഷ്മി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. ബോണ്‍ഹോമി എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫാണ് ചിത്രത്തിന്റെ രചനയും, എഡിറ്റിങും, സംവിധാനവും നിര്‍വഹിക്കുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പോള്‍ മാത്യു, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ സംഗീതം നല്‍കുന്നു.
◾ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ 'ഡിയര്‍ വാപ്പി'യിലെ ഒരു ഗാനം പുറത്തുവിട്ടു. 'കിസ പറയണതാരോ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹരിനാരായണന്‍ ബി കെയാണ് ഗാനരചയിതാവ്. കൈലാസ് മേനോനാണ് ചിത്രത്തിന്റെ സംഗീതം. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ചിത്രത്തിലെ ടെയ്‌ലര്‍ ബഷീര്‍ എന്ന അച്ഛന്റേയും മോഡലായ മകളുടേയും കഥയാണ് ചിത്രം പറയുന്നത്. 'തിങ്കളാഴ്ച നിശ്ചയം' ഫെയിം അനഘ നാരായണന്‍, നിരഞ്ജ് മണിയന്‍പിള്ള രാജു എന്നിവരും പ്രധാന വേഷത്തിലുണ്ട്. മണിയന്‍ പിള്ള രാജു, ജഗദീഷ്,അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശ്രീരേഖ ('വെയില്‍' ഫെയിം), ശശി എരഞ്ഞിക്കല്‍ എന്നിവരെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾വില്‍പന കണക്കുകളില്‍ വന്‍ മുന്നേറ്റം നടത്തി ടൊയോട്ട. കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് 175 ശതമാനം വളര്‍ച്ചയാണ് ഈ ജനുവരിയില്‍ നേടിയത്. 2022 ജനുവരിയിലെ വില്‍പന 7328 യൂണിറ്റായിരുന്നു, ഈ വര്‍ഷം അത് 12835 യൂണിറ്റായി ഉയര്‍ന്നു. 2022 ഡിസംബറിനെ അപേക്ഷിച്ച് 23 ശതമാനം അധിക വില്‍പന നേടി. 10421 യൂണിറ്റായിരുന്നു കഴിഞ്ഞ മാസത്തെ വില്‍പന. കഴിഞ്ഞൊരു ദശാബ്ദത്തിലെ ഏറ്റവും വലിയ വില്‍പനയാണ് 2022 ല്‍ ലഭിച്ചത് എന്ന് ടൊയോട്ട പറയുന്നു. മാരുതിയുടെ സഹകരണത്തോടെ പുറത്തിറക്കിയ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിനും ഇന്നോവയുടെ പുതിയ മോഡല്‍ ഹൈക്രോസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ കാമ്രിക്കും ഫോര്‍ച്ചൂണറിനും ലെജെന്ററിനും വെല്‍ഫെയറിനും ഗ്ലാന്‍സയ്ക്കും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്നും ടൊയോട്ട പറയുന്നു.
◾പക്ഷികള്‍ തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ചും ജീവിതകഥകളെക്കുറിച്ചും ആഖ്യാനത്തിന്റെ പുതിയ തന്ത്രങ്ങളിലൂടെ അവതരിപ്പിക്കുന്ന നോവല്‍. കഥയ്ക്കുള്ളിലെ കഥകളും ഉപകഥകളും അവയുടെ ശൃംഖലകളുമായി ഒരു കഥാപ്രപഞ്ചം. കോതിമിനുക്കിയ ഭാഷയില്‍ അവയുടെ കൗതുകങ്ങളും രഹസ്യങ്ങളും അനുഭവിക്കാവുന്ന രചന. പ്രപഞ്ചത്തിന്റെ അമേയമായ സൗന്ദര്യത്തിലേക്കും കാണാകാഴ്ചകളിലേക്കും സര്‍വവ്വചരാചരങ്ങളുടെ നിലനില്‍പ്പിലേക്കും ഉള്ള ആകാശക്കാഴ്ചയാകുന്നു 'പക്ഷികളുടെ തമ്പുരാന്‍'. സി. റഹിം. ഗ്രീന്‍ ബുക്സ്. വില 332