*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 4 | ശനി

സംസ്ഥാന ബജറ്റ്. നിരക്കു വര്‍ധനകളിലൂടെ മൂവായിരം കോടി രൂപ അധികമായി പിരിച്ചെടുക്കും. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ നിരക്കുവര്‍ധനയ്ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ സമരം തുടങ്ങി. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തി വില വര്‍ധിപ്പിച്ചതാണ് പ്രതിഷേധത്തിന് വഴിയൊരുക്കിയത്. ബജറ്റില്‍ വൈദ്യുതി നിരക്കില്‍ അഞ്ചു ശതമാനം സെസ്. മദ്യത്തിനു വില കൂട്ടി. 500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള വിദേശമദ്യത്തിന് 20 രൂപയും 1000 രൂപ മുതലുള്ള മദ്യത്തിന് 40 രൂപയും വര്‍ധിപ്പിച്ചു. മോട്ടോര്‍ വാഹന നികുതി രണ്ടു ശതമാനം കൂട്ടി. ഭൂമിയുടെ ന്യായ വില 20 ശതമാനം വര്‍ധിപ്പിച്ചു. ഫ്ളാറ്റുകളുടെ മുദ്ര വില കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കും. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് അടക്കമുള്ള അപേക്ഷകള്‍ക്കു ഫീസ് കൂട്ടി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി. കോടതി ഫീസുകളും വര്‍ധിപ്പിച്ചു.

◾വിലക്കയറ്റമുണ്ടാക്കുന്ന നിരക്കു വര്‍ധനകള്‍ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം നിയന്ത്രിക്കാനെന്ന പേരില്‍ നീക്കിവച്ചത് 2000 കോടി രൂപ. അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി. ലൈഫ് മിഷന് 1436.26 കോടി. കിഫ്ബിക്കായി 74,009.55 കോടി രൂപ വകയിരുത്തി. റീ ബില്‍ഡ് കേരളയ്ക്ക് 904 .83 കോടി രൂപ. കുടുംബശ്രീക്ക് 260 കോടി രൂപ. എല്ലാവര്‍ക്കും നേത്രപരിശോധനയും പാവപ്പെട്ടവര്‍ക്കു സൗജന്യ കണ്ണടകളും നല്‍കാന്‍ 50 കോടി.

◾നാളികേരത്തിന്റ താങ്ങു വില 32 രൂപയില്‍ നിന്ന് 34 ആക്കി വര്‍ധിപ്പിച്ചു. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി വിഹിതം 600 കോടി രൂപയാക്കി. നെല്‍കൃഷിക്ക് 91.05 കോടി. കുട്ടനാട് പാടശേഖരം പുറംബണ്ട് നിര്‍മ്മാണത്തിന് 100 കോടി. നാളികേര വികസന പദ്ധതിക്കായി 60.85 കോടി. സ്മാര്‍ട് കൃഷിഭവനുകള്‍ക്ക് 10 കോടി. കാര്‍ഷിക കര്‍മ്മ സേനകള്‍ക്ക് എട്ടു കോടി. വിള ഇന്‍ഷുറന്‍സിന് 30 കോടി. തൃത്താലക്കും കുറ്റ്യാടിക്കും നീര്‍ത്തട വികസനത്തിന് രണ്ടു കോടി വീതം. മൃഗചികിത്സ സേവനങ്ങള്‍ക്ക് 41 കോടി രൂപുയും അനുവദിച്ചു.

◾ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 525 കോടി. പൊതുജനാരോഗ്യത്തിന് 196.6 കോടി രൂപ വര്‍ധിപ്പിച്ച് 2,828.33 കോടി വകമാറ്റി. പട്ടികജാതി വികസന വകുപ്പിന് 1638.1 കോടി. സാമൂഹ്യ സുരക്ഷക്ക് 757.71 കോടി. തിരുവന്തപുരത്തും കൊച്ചിയിലും ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കാന്‍ 200 കോടി രൂപ. വ്യവസായ മേഖലയില്‍ അടങ്കല്‍ തുകയായി ബജറ്റില്‍ 1259.66 കോടി വകമാറ്റി. വ്യവസായ വികസന കോര്‍പറേഷന് 122.25 കോടി. വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ. ഉച്ചഭക്ഷണം പദ്ധതികള്‍ക്ക് 344.64 കോടി രൂപയും അനുവദിച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപ. കാരുണ്യ മിഷന് 574.5 കോടി രൂപ. ആരോഗ്യ വിദ്യാഭ്യാല മേഖലക്ക് 463.75 കോടി. കലാസാംസ്‌കാരിക വികസനത്തിന് 183.14 കോടി രൂപ വകമാറ്റി.

◾വിഴിഞ്ഞം തുറമുഖത്തിനു ചുറ്റും വ്യവസായ ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി രൂപ. നഗരവത്കരണത്തിന് 300 കോടി. അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നതിന് 63.5 കോടി രൂപ വകമാറ്റി. വനസംരക്ഷണ പദ്ധതിക്കായി 26 കോടി. ഡാം വികസനത്തിന് 58 കോടി. ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനായി ആറു കോടി. വന്യജീവി സംരഷണത്തിന് 17 കോടി. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ. എരുമേലി മാസ്റ്റര്‍ പ്ലാന് അധികമായി 10 കോടി. കുടിവെള്ള വിതരണത്തിന് 10 കോടി. നിലക്കല്‍ വികസനത്തിന് രണ്ടര കോടി. കുറ്റ്യാടി ജലസേചന പദ്ധതിക്കും തോട്ടപ്പള്ളി പദ്ധതിക്കും അഞ്ചു കോടി രൂപവീതം.

◾ബജറ്റിലെ നിരക്കു വര്‍ധന വിലക്കയറ്റത്തിന് ഇടയാക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടമെടുത്താണ് നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. മദ്യത്തിനും ഇന്ധനത്തിനും സെസ് ഏര്‍പ്പെടുത്തി മാത്രമേ സര്‍ക്കാരിന് അധിക വരുമാനമുണ്ടാക്കാനാകൂ. സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാനാണ് സെസ് ചുമത്തിയും വില വര്‍ധിപ്പിച്ചും വരുമാനമുണ്ടാക്കുന്നത്. വരുമാനം വര്‍ധിപ്പിക്കാന്‍ മറ്റു നിര്‍ദേശങ്ങളുണ്ടെങ്കില്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു.



◾ശബരി പാതയ്ക്കു നൂറു കോടി രൂപ അടക്കം കേന്ദ്ര ബജറ്റില്‍ കേരളത്തിന് 2033 കോടി രൂപ അനുവദിച്ചെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 116 കിലോമീറ്റര്‍ അങ്കമാലി -ശബരി പാതയ്ക്കു പുറമേ, തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലിന് 808 കോടിയും, എറണാകുളം - കുമ്പളം പാത ഇരട്ടിപ്പിക്കലിന് 101 കോടിയും വകയിരുത്തി. യാഥാര്‍ത്ഥ്യ ബോധം ഇല്ലാത്ത സില്‍വര്‍ ലൈന്‍ പദ്ധതി ജനവികാരം കണക്കിലെടുത്ത് നടപ്പാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. കേരളത്തില്‍ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്നും മന്ത്രി പറഞ്ഞു.

◾നികുതിക്കൊള്ളയ്ക്കെതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ഡിസിസികളുടെ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ രാവിലെ പ്രതിഷേധ പരിപാടികള്‍ നടത്തും. വെകുന്നേരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനങ്ങളും നടത്തും. ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ തീപാറുന്ന പ്രക്ഷോഭം ഉണ്ടാകുമെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

◾ബജറ്റിലെ നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം. കോണ്‍ഗ്രസ്, ബി ജെ പി, യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച, കെ എസ് യു സംഘടനകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ആലുവായില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചു.



◾കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ മറികടക്കാനുള്ള ശക്തമായ ഇടപെടലാണ് ബജറ്റിലെ നിരക്കു വര്‍ധന അടക്കമുള്ള നിര്‍ദേശങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം കൊണ്ടു നേടിയെടുത്തതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

◾ഇന്ധന വില വര്‍ദ്ധിപ്പിച്ച, ജീവിത ചെലവു വര്‍ധിപ്പിക്കുന്ന ബജറ്റ് ചെറുകിട വ്യാപാര- വ്യവസായ- സേവന മേഖലകളെ സാരമായി ബാധിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. 2017 ല്‍ നിര്‍ത്തലാക്കിയ വാറ്റ് നികുതി കുടിശ്ശിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശമില്ല. ചെറുകിട വ്യാപാരികള്‍ക്കു കോവിഡ് സമാശ്വാസ പദ്ധതിയായി നിയമസഭയില്‍ പ്രഖ്യാപിച്ച വായ്പാ സബ്സിഡി ഒരു വ്യാപാരിക്കും ലഭിച്ചിട്ടില്ലെന്നും ഏകോപന സമിതി.

◾ഡീസലിന് രണ്ടു രൂപ സെസ് ചുമത്തിയതിനു പിറകേ, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് സ്വകാര്യ ബസുടമകള്‍. ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ച് സമരം ചെയ്യേണ്ടി വരുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു.

◾സീസണ്‍ സമയത്ത് വിമാനയാത്രാക്കൂലി അമിതമായി വര്‍ധിപ്പിക്കുന്നതു തടയാന്‍ 15 കോടി രൂപ അനുവദിച്ച തീരുമാനം ഗള്‍ഫ് യാത്രക്കാര്‍ക്ക് ആശ്വാസമാകുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍. . ഇത്തരമൊരു പ്രഖ്യാപനം രാജ്യത്ത് തന്നെ ആദ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

◾ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സമസ്ത മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വേണുഗോപാല്‍ പറഞ്ഞു.

◾ഇടതു നേതാക്കളുടെ ധൂര്‍ത്തിന് പണമുണ്ടാക്കാനാണ് സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതിഭാരം അടിച്ചേല്‍പ്പിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. സാമൂഹ്യക്ഷേമ നികുതി എന്ന പേരില്‍ പിരിച്ചെടുക്കുന്ന പണം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയ്ക്കും ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധികളുടെയും കമ്മിഷന്‍ അധ്യക്ഷമാരുടെയും ക്ഷേമത്തിനുമാണ് ചെലവാക്കുന്നതെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

◾സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയില്‍ നിന്ന് എ.ഡി. ജയനെ പുറത്താക്കി. അശ്ലീല ദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ച സംഭവത്തില്‍ പാര്‍ട്ടി പുറത്താക്കിയ എ.പി. സോണയ്ക്കായി പരാതിക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി. ജയനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതികളും ലഭിച്ചിരുന്നു.

◾തന്നെ ആക്രമിച്ച കേസില്‍ സിപിഎം നേതാക്കള്‍ കൂറുമാറിയ വിഷയം നിയമസഭയില്‍ ഉന്നയിക്കാന്‍ അനുവദിക്കണമെന്ന് സിപിഐ നേതൃയോഗത്തില്‍ മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍. വിധി വന്ന ശേഷം സംസ്ഥാന സെക്രട്ടറി അടക്കം ആരും വിളിച്ചില്ല. ഇ ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി.

◾സംസ്ഥാനത്ത് നാലു ദിവസമായി തുടര്‍ന്നിരുന്ന ക്വാറി, ക്രഷര്‍ സമരം പിന്‍വലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാരില്‍നിന്ന് ഉറപ്പു കിട്ടിയെന്ന് ക്വാറി ഉടമകള്‍ അറിയിച്ചു.

◾കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. കളക്ടര്‍ക്കു കത്തിലൂടെയാണു ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. കത്ത് പോസ്റ്റ് ചെയ്തത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസില്‍നിന്നാണ്.

◾കോഴിക്കോട് മുക്കം എംഇഎസ് കോളജില്‍ വിദ്യാര്‍ഥികളും പുറത്തുനിന്നെത്തിയ ആളുകളും തമ്മില്‍ ഏറ്റുമുട്ടി. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനു വെട്ടേറ്റു. 10 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കുണ്ട്. റോഡരികില്‍ വിദ്യാര്‍ത്ഥികളുടെ വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.

◾ഇടുക്കി ബിഎല്‍ റാവിലെ ഏലത്തോട്ടത്തില്‍ വൈദ്യുതാഘാതമേറ്റു കാട്ടാന ചരിഞ്ഞ നിലയില്‍. സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാന്‍ തോട്ടത്തിനു നടുവിലൂടെ താഴ്ന്നു കിടന്ന വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റാണു ചരിഞ്ഞതെന്നാണു നിഗമനം.

◾കഞ്ചാവുകേസില്‍ യുവതിയുടെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവ്. 2020 ഡിസംബര്‍ 28 ന് തഴക്കരയില്‍ ജില്ലാ ആശുപത്രിക്കു സമീപത്തെ വാടകവീട്ടില്‍നിന്നു 30 കിലോ കഞ്ചാവ് പിടിച്ച കേസില്‍ അറസ്റ്റിലായ കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ നിമ്മിയുടെ (34) ജാമ്യമാണ് മാവേലിക്കര അഡീഷനല്‍ ജില്ലാ ജഡ്ജി വി ജി ശ്രീദേവി റദ്ദാക്കിയത്.

◾കൊല്ലം കടയ്ക്കലില്‍ 51 കാരി ഷീല ആത്മഹത്യ ചെയ്ത സംഭവത്തില്‍ മര്‍ദിച്ച ബന്ധു പിടിയില്‍. കോട്ടപ്പുറം സ്വദേശി നിതിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടപ്പായി എന്ന നിതിന്‍ മര്‍ദ്ദിച്ചതുകൊണ്ട് മരിക്കുകയാണെന്ന ശബ്ദസന്ദേശം ഷീല ബന്ധുക്കള്‍ക്ക് അയച്ചിരുന്നു.

◾തേങ്ങിയിടുന്നതിനിടെ വീടിന്റെ ടെറസില്‍നിന്ന് വീണ് വീട്ടമ്മ മരിച്ചു. തൃശൂര്‍ കൊടകര കൊപ്രക്കളത്ത് പുത്തന്‍വീട്ടില്‍ ജയന്തി (53) ആണ് മരിച്ചത്.

◾എറണാകുളം മെഡിക്കല്‍ കോളേജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച ജീവനക്കാരന് സസ്പെന്‍ഷന്‍. സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

◾എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ എംഡിഎംഎ ലഹരിയില്‍ ബസ് ഓടിച്ച ഡ്രൈവര്‍ പിടിയില്‍. പൂക്കാട്ടുപടി സ്വദേശി ഷെബിന്‍ പരീതിനെയാണ് പിടികൂടിയത്. ഇയാളില്‍നിന്ന് എംഡിഎംഎ കണ്ടെടുത്തു.  

◾ജോലിയില്‍നിന്നു യുവതിയെ പിരിച്ചുവിട്ടതിനു ഗുണ്ടാസംഘം കടയുടമയെ കടയില്‍ കയറി വെട്ടി പരിക്കേല്‍പിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡ് കസ്തൂര്‍ബ ജംക്ഷന് സമീപം വെളിയില്‍ വീട്ടില്‍ മാര്‍ട്ടിന്‍ വി സര്‍ജോനാണ് (57) വെട്ടേറ്റത്. ഗുണ്ടാസംഘത്തെ പോലീസ് തെരയുന്നു.

◾പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മദ്രസ അധ്യാപകന് 41 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. തച്ചനാട്ടുകര സ്വദേശി ഹംസക്കെതിരെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്.

◾ആലപ്പുഴയില്‍ ട്യൂഷനെത്തിയ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരിമ്പിന്‍കാലായില്‍ ഫ്രെഡി ആന്റണി ടോമിയെയാണ് (28) അറസ്റ്റു ചെയ്തത്.

◾അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും. അദാനിക്കുണ്ടാവുന്ന തിരിച്ചടി ഇന്ത്യന്‍ ബാങ്കിംഗ് വ്യവസ്ഥയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കി. പ്രതിസന്ധി അദാനിക്ക് മാത്രമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനും പ്രതികരിച്ചു. അദാനി ഗ്രൂപ്പില്‍ എല്‍ഐസി, എസ്ബിഐ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപത്തെക്കുറിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടിവി സോമനാഥനും പറഞ്ഞു. അദാനിക്കെതിരേ സംയുക്ത പാര്‍ലമെന്ററി സമിതിയോ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലോ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കേയാണ് സര്‍ക്കാര്‍ പ്രതികരണം.

◾അദാനി ഗ്രൂപ്പിന്റെ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്റ് പൊളിക്കണമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സുപ്രിം കോടതി ശരിവച്ചു. ചെന്നൈയില്‍ അദാനി ഗ്രൂപ്പിന്റെയും കെ ടി വി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഭക്ഷ്യ എണ്ണ സംഭരണ പ്ലാന്റാണ് പൊളിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്. തീരദേശ നിയമങ്ങള്‍ ലംഘിച്ചാണു പ്ലാന്റ് നിര്‍മിച്ചതെന്നാണ് ആരോപണം.

◾അദാനിക്കെതിരേ റിപ്പോര്‍ട്ടു പുറത്തുവിട്ട് ഓഹരി ഇടപാടുകളുടെ ഷോര്‍ട്ട് സെല്ലിംഗ് നടത്തുന്ന ഹിന്‍ഡന്‍ബര്‍ഗിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ഹിന്‍ഡന്‍ബര്‍ഗിനും സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഷോര്‍ട്ട് സെല്ലിംഗ് ക്രിമിനല്‍ കുറ്റമാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വക്കേറ്റ് എം എല്‍ ശര്‍മയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

◾മധ്യപ്രദേശിലെ സിയോണിയില്‍ മതപരിവര്‍ത്തനം ആരോപിച്ച് സി.എസ്.ഐ സഭയുടെ മലയാളി വൈദികന്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി പ്രസാദ് ദാസാണ് അറസ്റ്റിലായത്.

◾പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെതിരെ പരസ്യ വിമര്‍ശനങ്ങള്‍ ബിജെപി വിലക്കി. മുഖ്യമന്ത്രി മമതയുമായി സഹകരിക്കുന്നതിനെതിരേ ബംഗാളിലെ ബിജെപി നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.

◾കോണ്‍ഗ്രസ് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റിയതിനു പിറകേ ബിജെപിയില്‍ ചേര്‍ന്ന ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗിന്റെ ഭാര്യ പ്രണീത് കൗര്‍ എംപിയെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ചാണ് സസ്പെന്‍ഷന്‍.

◾രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും രേഖകളും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. രാജ്യസുരക്ഷയ്ക്കാണ് പ്രാധാന്യം. പൊലീസ്, എടിഎസ് എന്നിവയ്ക്കു വിവരങ്ങള്‍ നല്‍കാമെന്നും കോടതി.

◾തെലങ്കാനയില്‍ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ തീപിടിത്തം. ഹൈദരാബാദിലെ എന്‍ടിആര്‍ ഗാര്‍ഡന്‍സിനടുത്ത് പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.

◾അമേരിക്കയുടെ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാര ബലൂണ്‍. ബലൂണ്‍ വെടിവച്ചിടാന്‍ അമേരിക്ക ആലോചിച്ചെങ്കിലും ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വാതകങ്ങള്‍ ബലൂണില്‍ ഉണ്ടാകുമോയെന്ന ശങ്കമൂലം ആ നീക്കം ഉപേക്ഷിച്ചു. ബലൂണിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നാണു ചൈനയുടെ പ്രതികരണം.

◾കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ പിന്‍വലിച്ചു.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. തോല്‍വി വഴങ്ങിയെങ്കിലും ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. എന്നാല്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി നേരിട്ട് സെമിയില്‍ കയറാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകള്‍ക്കാണ് ഈ തോല്‍വിയോടെ മങ്ങലേറ്റത്.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ നോക്കൗട്ട്, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളുടെ തീയതികള്‍ പ്രഖ്യാപിച്ചു. ഫൈനല്‍ മാര്‍ച്ച് 18 ന് നടക്കും. ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്ന ടീം നേരിട്ട് സെമിയിലേക്ക് യോഗ്യത നേടും. മൂന്ന്, നാല്, അഞ്ച്, ആറ് സ്ഥാനക്കാര്‍ക്ക് നോക്കൗട്ട് കളിച്ച് സെമി ഫൈനലിലേക്ക് മുന്നേറാം. നോക്കൗട്ട് മത്സരങ്ങള്‍ മാര്‍ച്ച് മൂന്നിന് ആരംഭിക്കും.

◾സൗദി ക്ലബ് അല്‍ നസ്‌റിനായി ആദ്യ ഗോള്‍ നേടി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗിലെ മത്സരത്തില്‍ അല്‍ ഫത്തെഹിനെതിരെയാണ് റൊണാള്‍ഡോ ആദ്യ ഗോള്‍ നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയം ഉറപ്പാക്കിയ അല്‍ ഫത്തേഹിനെതിരെ ഇഞ്ചുറി ടൈമിലാണ് റൊണാള്‍ഡോ സമനില ഗോള്‍ നേടിയത്.

◾നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2022-23) മൂന്നാം പാദഫലങ്ങള്‍ പ്രസിദ്ധീകരിച്ച് പൊതുമേഖല ബാങ്കായ എസ്ബിഐ. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ ബാങ്ക് 14,205.34 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം ഉയര്‍ന്നത് 68 ശതമാനത്തോളം ആണ്. 2022-23ലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായത്തിലെ വര്‍ധനവ് 7 ശതമാനം ആണ്. അറ്റ പലിശ വരുമാനം 24 ശതമാനം വര്‍ധിച്ച് 38,068.62 കോടിയിലെത്തി. അതേ സമയം നിഷ്‌ക്രിയ ആസ്തികള്‍ക്കായുള്ള ബാങ്കിന്റെ നീക്കിയിരിപ്പ് 5761 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നീക്കിയിരിപ്പ് 17 ശതമാനത്തോളം ആണ് കുറച്ചത്. അറ്റ നിഷ്‌ക്രിയ ആസ്തി 32 ശതമാനം താഴ്ന്ന് 23,484 കോടിയായി. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 13.27 ശതമാനം ആണ്. 17.60 ശതമാനം ആണ് എസ്ബിഐയുടെ വായ്പ വളര്‍ച്ച. ഇന്ന് 3.33 ശതമാനം ഉയര്‍ന്ന് 545.70 രൂപയിലാണ് എസ്ബിഐ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.

◾ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'ലിയോ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബ്ലഡി സ്വീറ്റ് എന്നാണ് ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. ആകാംക്ഷ ജനിപ്പിക്കും വിധം 2.48 മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറോടെയാണ് ടൈറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നായക കഥാപാത്രത്തിന്റെ പേര് എന്ന നിലയിലാണ് ടൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടീസറില്‍ ചോക്കലേറ്റും വാളും ഒരേ സമയം നിര്‍മ്മിക്കുന്ന നായകനെ കാണാം. തൃഷയാണ് ചിത്രത്തിലെ നായിക, 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ്യും തൃഷയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, സംവിധായകന്‍ മിഷ്‌കിന്‍, മന്‍സുര്‍ അലിഖാന്‍, ഗൗതം വാസുദേവ് മേനോന്‍, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍ നിന്ന് മാത്യു തോമസും ചിത്രത്തില്‍ വേഷമിടുന്നു. ലോകേഷ് കനകരാജിനൊപ്പം രത്നകുമാര്‍, ധീരജ് വൈദി എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം അനിരുദ്ധ് രവിചന്ദര്‍. ഒക്ടോബര്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും.

◾പ്രമുഖ ചലച്ചിത്ര സംവിധായകന്‍ വിശാല്‍ ഭരദ്വാജിന്റെ പുതിയ സിനിമ ഫുര്‍സാത്ത് യൂട്യൂബില്‍ റിലീസ് ചെയ്തു. ആപ്പിള്‍ ഡോട്ട് കോമിലും ആപ്പിളിന്റെ യൂട്യൂബ് പേജിലുമാണ് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ ഫോണായ ഐഫോണ്‍ 14 പ്രോയിലാണ് ഈ സിനിമ മുഴുവന്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഇഷാന്‍ ഖട്ടറും വാമിഖ ഗബ്ബിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. പൂര്‍ണ്ണമായും ഐഫോണ്‍ 14 പ്രോയില്‍ ചിത്രീകരിച്ച ഫുര്‍സാത്ത് തീര്‍ത്തും ബോളിവുഡ് ശൈലിയില്‍ ഫാന്റസിയും സയന്‍സ് ഫിക്ഷനും ഒക്കെ ചേര്‍ത്തുള്ള പ്രണയകഥയാണ് പറയുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ വിശാല്‍ ഭരദ്വാജിന്റെ നേതൃത്വത്തില്‍, പ്രശസ്ത ബോളിവുഡ് സാങ്കേതിക പ്രവര്‍ത്തകര്‍ ഈ ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ഒരു നോണ്‍-കൊമേഴ്‌സ്യല്‍ ചിത്രമായിട്ടും വളരെ സമ്പന്നമായ ദൃശ്യങ്ങളാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മരുഭൂമിയിലും, വെള്ളത്തിലും, മനോഹരമായ ഗാനരംഗങ്ങളും, ബോളിവുഡിലെ പതിവ് തട്ടുപൊളിപ്പന്‍ പാട്ട് രംഗവും ഒക്കെ ചിത്രത്തിലുണ്ട്.

◾ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി ഇന്ത്യ 2023 ക്രെറ്റയെ ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും അപ്‌ഡേറ്റ് ചെയ്ത പവര്‍ട്രെയിനുമായി അവതരിപ്പിച്ചു. റെഡ്, ഇ20 കംപ്ലയിന്റ് എഞ്ചിനുകള്‍ ഉള്ള ക്രെറ്റ മിഡ്‌സൈസ് എസ്യുവിയെ ഹ്യുണ്ടായ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ക്രെറ്റ മോഡലുകളുടെ വിലയില്‍ 45,000 രൂപ വരെ വര്‍ധിച്ചു. പുതിയ ശ്രേണിയില്‍ ആറ് എയര്‍ബാഗുകള്‍ പോലുള്ള സുരക്ഷാ ഫീച്ചറുകളും ലഭിക്കുന്നു. 10.84 ലക്ഷം മുതല്‍ 19.13 ലക്ഷം വരെയാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എക്സ്-ഷോറൂം വില. 2023 ഹ്യുണ്ടായ് ക്രെറ്റയുടെ പെട്രോള്‍ പതിപ്പ് ഇപ്പോള്‍ 10.84 ലക്ഷം മുതല്‍ 18.34 ലക്ഷം രൂപ വരെ ലഭ്യമാണ്. ഡീസല്‍ ശ്രേണി 11.89 ലക്ഷം രൂപയില്‍ തുടങ്ങി ടോപ് എന്‍ഡ് വേരിയന്റിന് 19.13 ലക്ഷം രൂപ വരെ ഉയരുന്നു. പെട്രോള്‍ പതിപ്പിന് സമാനമായി 20,000 രൂപ വില വര്‍ധിപ്പിച്ചപ്പോള്‍, ഡീസല്‍ ക്രെറ്റയ്ക്ക് ഇപ്പോള്‍ 45,000 രൂപ വില കൂടുതലാണ്.

◾പത്മാവതി എന്ന കേട്ടെഴുത്തുകാരി വെറും ഒരു കേട്ടെഴുത്തുകാരിയല്ല; പ്രശസ്ത സാഹിത്യകാരന്‍ ഒ. വി. വിജയന്റെ കേട്ടെഴുത്തുകാരി. വിജയന്‍ പറഞ്ഞുകൊടുത്ത കഥയിലെ ആദ്യവരികള്‍ അവള്‍ ആദ്യമായി ഇങ്ങനെ കുറിച്ചു: 'അന്നും പൂച്ചകള്‍ക്ക് എവിടെയും പ്രവേശിക്കാമായിരുന്നതിനാല്‍ ഗംഭീരമായ എടുപ്പോടെ നിന്ന ആ ക്ഷേത്രത്തില്‍ രാവു മുഴുവന്‍ കഴിയാനും കണ്ണുനിറയെ ഭഗവാനെ കാണാനുംവേണ്ടി അതിനും ഏഴുദിവസം മുമ്പുമാത്രം വിവാഹിതരായ ചീതയും രാമനും, പറയജാതിയില്‍ ജനിച്ച പെണ്ണും ആണും. വെളുപ്പും കറുപ്പും നിറമുള്ള പൂച്ചകളുടെ വേഷം സ്വീകരിച്ച് വൈകുന്നേരത്തോടെ, ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തി. വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് താഴ്ന്നജാതിയില്‍ ജനിച്ചവര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ലാതിരുന്ന ഒരു കാലത്ത് അടിയന്തരാവസ്ഥ മുതല്‍ 2014 വരെ നീണ്ടുനില്ക്കുന്ന ഒരു കാലത്തെ അടയാളപ്പെടുത്തുകയാണ് പത്മാവതിയിലൂടെയും വിജയനിലുടെയും മറ്റു വിജയന്‍ കഥാപാത്രങ്ങളിലൂടെയും ഈ നോവല്‍. 'കേട്ടെഴുത്തുകാരി'. കരുണാകരന്‍. ഡിസി ബുക്സ്. വില 199 രൂപ.

◾ഫെബ്രുവരി നാല്, ലോക ക്യാന്‍സര്‍ ദിനം. ശരീരത്തിലെ എതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അനിയന്ത്രിതമായ കോശവളര്‍ച്ചയാണ് ക്യാന്‍സര്‍ രോഗത്തിന്റെ തുടക്കം. ക്യാന്‍സര്‍ കേസുകളില്‍ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളെ കൃത്യസമയത്ത് തിരിച്ചറിയാതെ പോകുന്നതാണ് പലപ്പോഴും രോഗം സങ്കീര്‍ണമാകുന്നത്. അര്‍ബുദ സാധ്യതയും ഭക്ഷണ രീതിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് പല പഠനങ്ങളും പറയുന്നത്. റെഡ് മീറ്റിന്റെ അമിത ഉപയോഗം, കൊഴുപ്പടങ്ങിയ ഭക്ഷണം, , മധുരം, ഉപ്പ്, എണ്ണ എന്നിവ അടങ്ങിയ ഭക്ഷമങ്ങള്‍ മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. ചുവന്ന മാംസത്തിന്റെ അമിതോപയോഗം ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. അതിനാല്‍ അവയുടെ ഉപയോഗം കുറയ്ക്കുക. കൊഴുപ്പിന്റെയും പ്രിസര്‍വേറ്റീവുകളുടെയും അജിനോമോട്ടോയുടെയും അമിത ഉപയോഗം ശരീരത്തിന് ദോഷകരമാണ്. കൂടാതെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കാം. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. അര്‍ബുദ സാധ്യതെ തടയാന്‍ ചില ഭക്ഷണങ്ങള്‍ക്കാകുമെന്നാണ് പല പഠനങ്ങള്‍ പറയുന്നത്. സസ്യാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കാം. ചീര, കാബേജ്, കോളിഫ്ലവര്‍, ബ്രോക്കോളി, ക്യാരറ്റ്, തക്കാളി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യതയെ പ്രതിരോധിക്കാന്‍ സഹായിച്ചേക്കാം. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്സ് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. മഞ്ഞളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറച്ചേയ്ക്കാം.

*ശുഭദിനം*
*കവിത കണ്ണന്‍*
ആ കുറുക്കന്റെ ദേഹം മുഴുവന്‍ ചെള്ള് നിറഞ്ഞു. കുടഞ്ഞുകളയാന്‍ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഒരു ദിവസം വെള്ളം കുടിക്കാനായി നദിയില്‍ കാലെടുത്തുവെച്ചപ്പോള്‍ കാലിലെ ചെള്ളെല്ലാം താഴേക്ക് വീഴുന്നത് കുറുക്കന്‍ ശ്രദ്ധിച്ചു. ഉടനെ തന്നെ ഒരു വലിയ കമ്പും കടിച്ച് പിടിച്ച് അവന്‍ നദിയിലേക്കിറങ്ങി. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ചെള്ളുകള്‍ കുറുക്കന്റെ വയറിന്റെ ഭാഗത്തേക്ക് കയറി. വയറും മുങ്ങിയപ്പോള്‍ കഴുത്തിലേക്കും കഴുത്തും മുങ്ങിയപ്പോള്‍ മുഖത്തേക്കും അവ കടന്നു. കുറുക്കന്‍ രണ്ടും കല്‍പിച്ച് തലയും മുക്കി. അപ്പോള്‍ രക്ഷയില്ലാതെ ചെള്ളുകള്‍ വടിയില്ലേക്ക് കയറി. എല്ലാ ചെള്ളുകളും വടിയിലേക്ക് കയറിയെന്ന് ഉറപ്പായപ്പോള്‍ കുറുക്കന്‍ ആ വടി പുഴയില്‍ ഉപേക്ഷിച്ച് തിരിച്ചു വന്നു. ഉള്ള് കാര്‍ന്ന് ഉയിരെടുക്കാന്‍ ശേഷിയുള്ളവയെ ഉടലോടെ എടുത്ത് കളയണം. എത്ര അകറ്റാന്‍ ശ്രമിച്ചാലു അവര്‍ അകമ്പടി സേവിച്ച് അവര്‍ വരും. നിഗൂഡ താല്‍പര്യങ്ങളായിരിക്കും പലപ്പോഴും അവരുടെ ലക്ഷ്യം. കടിച്ചുതൂങ്ങി നില്‍ക്കുന്നവയെ കരുതലോടെ മാത്രമേ കളയാവൂ. വലിച്ചുപറിക്കാന്‍ ശ്രമിച്ചാല്‍ അവയുടെ ദംഷ്ട്രയേറ്റ് ദേഹമെല്ലാം മുറിയുകയാകും ഫലം. ഏത് സുഖത്തിലാണോ അവര്‍ അഭിമരിക്കുന്നത് ആ സുഖത്തിന്റെ വിപരീതഅനുഭവം നല്‍കുക എന്നതാണ് അത്തരക്കാരെ ഒഴിവാക്കാനുള്ള എളുപ്പവഴി. സ്വയം ഒഴിയാന്‍ നിര്‍ബന്ധിതരാകുന്ന അസഹ്യസാഹചര്യങ്ങളില്‍ മാത്രമേ അവര്‍ പൂര്‍ണ്ണമായും ഒഴിഞ്ഞുപോകൂ. നമ്മുടെ ബന്ധങ്ങളിലും സൗഹൃദങ്ങളിലുമെല്ലാം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുന്നത് നല്ലതാണ്. സ്വന്തം ആത്മാവിനേയും ശരീരത്തേയും നശിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്തിയാല്‍ അത്തരം ബന്ധങ്ങള്‍ക്ക് പൂര്‍ണ്ണവിരാമമിടാന്‍ നമുക്കാകണം. ഉയിര് കാര്‍ന്നെടുക്കാന്‍ ശേഷിയുള്ള അത്തരം ബന്ധങ്ങള്‍ ബന്ധനമാകാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം - ശുഭദിനം.