*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 26 | ഞായർ

◾ബിജെപിയെ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി നേരിടണമെന്നു റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം. മൂന്നാമതൊരു മുന്നണിയുണ്ടായാല്‍ ബിജെപിക്കു ഗുണമാകുമെന്നും സമ്മേളനം മുന്നറിയിപ്പു നല്‍കി. ഇതേസമയം, സമ്മേളനത്തിനിടെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പോരും ആരോപണങ്ങളും. എഐസിസി അംഗങ്ങളെ നിശ്ചയിച്ചത് ആരോടും കൂടിയാലോചിക്കാതെയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകളുടെ നേതാക്കള്‍. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എതിരേയാണ് രമേശ് ചെന്നിത്തലയും കൊടിക്കുന്നില്‍ സുരേഷും അടക്കമുള്ള നേതാക്കള്‍ പരസ്യമായി പ്രതികരിച്ചത്.

◾സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്ന സൂചനയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി. റായ്പൂരില്‍ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലെ പ്രസംഗത്തിലാണ് സോണിയ ഈ പരാമര്‍ശം നടത്തിയത്. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിംഗ്സ് അവസാനിച്ചെന്നാണ് സോണിയ പ്രസംഗത്തില്‍ പറഞ്ഞത്.

◾കെഎസ്ആര്‍ടിസിയില്‍ വോളണ്ടറി റിട്ടയര്‍മെന്റിന് 7,200 പേരുടെ പട്ടിക തയാറാക്കിയിട്ടില്ലെന്ന് മാനേജുമെന്റ്. നിര്‍ബന്ധിത വിആര്‍എസ് ഇല്ല. പട്ടിക തയ്യാറാക്കിയിട്ടില്ല. ജോലിക്ക് ഹാജരാകാത്ത 1,243 ജീവനക്കാരുണ്ട്. ഇവര്‍ പിരിഞ്ഞുപോകാന്‍ രണ്ടു വര്‍ഷം മുന്‍പ് 200 കോടി ചോദിച്ചിരുന്നു. മാനേജുമെന്റ് വ്യക്തമാക്കി.

◾സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ജനശതാബ്ദി അടക്കമുള്ള ട്രെയിനുകള്‍ റദ്ദാക്കി. ഇന്ന് ഉച്ചയ്ക്ക് 2.50 നുള്ള 12082 തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി, വൈകീട്ട് 5.35 നുള്ള 6018 എറണാകുളം-ഷൊര്‍ണൂര്‍ മെമു, രാത്രി 7.40 നുള്ള 6448 എറണാകുളം-ഗുരുവായൂര്‍ എക്‌സ്പ്രസ്, നാളെ പുലര്‍ച്ചെ 4.50 നുള്ള 12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എന്നീ ട്രെയിനുകളാണു റദ്ദാക്കിയത്. ഏതാനും ട്രെിനുകള്‍ ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.50 നുള്ള 16306 നമ്പര്‍ കണ്ണൂര്‍-എറണാകുളം എക്‌സ്പ്രസ് തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. വൈകിട്ട് മൂന്നിന് തിരുവനന്തപുരത്തുനിന്നുള്ള 12624 നമ്പര്‍ ചെന്നൈ ട്രെയിന്‍ തൃശൂരില്‍നിന്ന് രാത്രി 8.43 നു പുറപ്പെടും. ഇന്നു 10.10-ന് കന്യാകുമാരിയില്‍നിന്ന് പുറപ്പെടേണ്ട 16525 നമ്പര്‍ കന്യാകുമാരി- ബെംഗളൂരു ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകും. തൃശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു ട്രെയിനുകള്‍ റദ്ദാക്കിയത്. കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയതായി കെഎസ്ആര്‍ടിസി അറിയിച്ചു.

◾പാര്‍ട്ടിയെക്കാള്‍ വലിയ ഗ്രൂപ്പ് അനുവദിക്കില്ലെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാര്‍ട്ടിയാണ് വലുത്. ഗ്രൂപ്പ് ഇല്ലാതാക്കും എന്നല്ല. തീരുമാനങ്ങള്‍ എല്ലാവരോടും ആലോചിച്ചുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എഐസിസിയില്‍ താന്‍ ഉന്നയിച്ച പരാതികള്‍ പരിശോധിക്കുമെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കൂടിയാലോചനകള്‍ നടത്തിയെന്ന വി.ഡി സതീശന്റെ ന്യായീകരണം ശരിയല്ലെന്നും കൊടിക്കുന്നില്‍.

◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു സഹായം കിട്ടാന്‍ അര്‍ഹനായ ആള്‍ക്കാണു ശുപാര്‍ശ ചെയ്ത് ഒപ്പിട്ടു നല്‍കിയതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രണ്ടു വൃക്കകളും തകരാറിലായയാളെ വ്യക്തിപരമായി അറിയാം. വരുമാനം രണ്ടു ലക്ഷത്തില്‍ താഴെയാണെന്ന വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. എംഎല്‍എ എന്ന നിലയിലാണ് സഹായംതേടി തന്നെ സമീപിച്ചതെന്നും സതീശന്‍ പറഞ്ഞു.

◾ടൈറ്റാനിയം ജോലി തട്ടിപ്പുകേസിലെ പ്രതി ടൈറ്റാനിയം ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പിയെ അറസ്റ്റു ചെയ്തു. രാവിലെ കണ്ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിക്കെതിരേ 15 കേസുകളാണുള്ളത്.

◾സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാന്‍ സ്‌കൂള്‍ ബസ് ഉപയോഗിച്ചതായി പരാതി. കോഴിക്കോട് പേരാമ്പ്ര മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂളിലെ ബസിലാണ് പ്രവര്‍ത്തകരെ എത്തിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കു പരാതി നല്‍കി.

◾യുഡിഎഫിനു ഭൂരിപക്ഷമുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം നറുക്കെടുപ്പിലൂടെ പ്രസിഡന്റായി. സിപിഎം അഗം മാധവനാണു പ്രസിഡന്റായത്. മുന്നണി ധാരണ പ്രകാരം മുസ്ലിം ലീഗിനു വേണ്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചു നടത്തിയ തെരഞ്ഞെടുപ്പില്‍ ഒരു ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതോടെയാണ് നറുക്കെടുപ്പു വേണ്ടിവന്നത്. 19 അംഗങ്ങളില്‍ യുഡിഎഫിന് പത്തും എല്‍ഡിഎഫിന് ഒമ്പതും അംഗങ്ങളാണുള്ളത്.

◾ഇരുപത്തയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് അസിസ്റ്റന്റിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. മലപ്പുറം എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ചന്ദ്രനാണ് അറസ്റ്റിലായത്. സ്വന്തം പുരയിടത്തില്‍നിന്ന് ചെങ്കല്‍ വെട്ടിയെടുക്കാന്‍ രണ്ടത്താണി സ്വദേശി മുസ്തഫയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.

◾കോട്ടയത്തുനിന്നു കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ ബഷീര്‍ തമിഴ്നാട്ടിലെ ഏര്‍വാടിയിലുണ്ടെന്ന് കുടുംബത്തെ അറിയിച്ചു. രണ്ടു ദിവസത്തിനുശേഷം തിരിച്ചു വരുമെന്ന് മുഹമ്മദ് ബഷീര്‍ ബന്ധുക്കളോടു പറഞ്ഞെന്നു പോലീസ്.

◾മുഖ്യമന്ത്രിയുടെ വാക്കുകള്‍ എഡിറ്റു ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനു ജാമ്യം. സിബിന്‍ ജോണ്‍സണാണ് വഞ്ചിയൂര്‍ കോടതി ജാമ്യം അനുവദിച്ചത്.

◾തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന സഹോദരിക്കു കൂട്ടിരിക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ഇടവ സ്വദേശി ഷെമീറിനെയാണ് അറസ്റ്റ് ചെയ്തത്.

◾സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പികെ ശശിക്കെതിരെ മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയില്‍ തെളിവെടുപ്പ്. പാര്‍ട്ടി ഫണ്ട് തിരിമറി ആരോപണങ്ങളില്‍ ഏരിയ കമ്മിറ്റി നേതാക്കള്‍ രേഖകളും തെളിവുകളും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനു കൈമാറി.

◾വയനാട് മുട്ടില്‍ വാര്യാട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനവുമായി രാഹുല്‍ ഗാന്ധി എംപി. 2021 ഏപ്രിലില്‍ വയനാട് സന്ദര്‍ശന വേളയില്‍ താനുമായി സംസാരിച്ച ഓട്ടോ ഡ്രൈവര്‍ ഷരീഫിന്റെ ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ രാഹുല്‍ഗാന്ധി അനുശോചനം അറിയിച്ചത്.

◾യുവ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസ് ആയിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു. നാന്‍സി റാണി എന്ന അരങ്ങേറ്റ സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മനു ജയിംസ് വിടവാങ്ങിയത്.

◾യുവതിയെ തട്ടിക്കൊണ്ടുപോയശേഷം പിടിക്കപ്പെട്ടപ്പോള്‍ വിവാഹം ചെയ്യാമെന്ന് പൊലീസ് സ്റ്റേഷനില്‍ ഉറപ്പു നല്‍കിയ യുവാവ് വിവാഹ ദിവസം മുങ്ങി. വിവാഹം മുടങ്ങിയ 23 കാരി ജീവനൊടുക്കി. കൊല്ലം കടയ്ക്കല്‍ ഇട്ടിവ വട്ടപ്പാട് മധു ഭവനില്‍ ധന്യ (23) ആണ് മരിച്ചത്. കൊല്ലം അഞ്ചല്‍ അതിശയമംഗലം സ്വദേശി അഖിലുമായി ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നെന്നു പോലീസ്.

◾പുന്നപ്രയില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ പ്രതി പിടിയില്‍. ചുങ്കം സ്വദേശി ശ്രീക്കുട്ടന്‍ എന്ന ശ്രീജിത്ത് ആണ് പിടിയിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് സ്വദേശി അതുലാണ് കൊല്ലപ്പെട്ടത്.

◾നീയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവിരിയില്‍ ഇടിച്ച് കാര്‍ യാത്രക്കാരന്‍ മരിച്ചു. വീയപുരം രണ്ടാം വാര്‍ഡില്‍ ഇലഞ്ഞിക്കല്‍ പുത്തന്‍പുരയില്‍ ഇലഞ്ഞിക്കല്‍ ട്രാവല്‍സ് ഉടമ ഇട്ടി ചെറിയാ ഫിലിപ്പ് (ഫിലിപ്പോച്ചന്‍-68) ആണ് മരിച്ചത്.

◾തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്.

◾അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി വൃദ്ധന്‍ മരിച്ചു. പുതൂര്‍ മുള്ളി സ്വദേശി നഞ്ചന്‍ ആണ് മരിച്ചത്. ആടിനു തീറ്റ ശേഖരിക്കാന്‍ പോയപ്പോള്‍ നഞ്ചന്‍ ആനയുടെ മുന്നില്‍ പെടുകയായിരുന്നു.

◾വീടിനുമുകളില്‍ ഉണങ്ങാനിട്ട തുണി എടുക്കുന്നതിനിടെ അയകയറില്‍ കുടുങ്ങി 10 വയസുകാരന്‍ മരിച്ചു. തച്ചമ്പാറ കോലാനി വീട്ടില്‍ ഷമീറിന്റെ മകന്‍ ആലിഫ് (10) ആണ് മരിച്ചത്.

◾ബത്തേരി മൂലങ്കാവിനടുത്ത് ഓടപ്പള്ളം വനത്തില്‍ കാട്ടുതീ. അഗ്നിബാധയില്‍ ആറ് ഏക്കറിലധികം സ്ഥലത്തെ വനം കത്തി നശിച്ചു.

◾ജനവിരുദ്ധ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ തെരഞ്ഞെടുപ്പുകളില്‍ സഖ്യമുണ്ടാക്കുമെന്ന് എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. കേന്ദ്രം ഭരിക്കുന്നവരുടെ ഡിഎന്‍എ പാവപ്പെട്ടവര്‍ക്കെതിരാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിനെ ചോദ്യം ചെയ്യും. പാര്‍ലമെന്റിന്റെ രേഖകളില്‍നിന്നു നീക്കംചെയ്ത കവിത ആലപിച്ച ഖര്‍ഗെ കോണ്‍ഗ്രസ് തന്നിലര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും പറഞ്ഞു.

◾അധികാരത്തിലെത്തിയാല്‍ ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ്. റായ്പൂരിലെ പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ നിര്‍ദേശം. മതത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം നടത്തും. ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്യം ഉറപ്പാക്കുമെന്നും മറ്റു പ്രമേയങ്ങളില്‍ പാര്‍ട്ടി വ്യക്തമാക്കി.

◾അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒറ്റക്കെട്ടായാല്‍ ബിജെപിക്കു നൂറു സീറ്റുപോലും കിട്ടില്ലെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ജാതിയുടേയും മതത്തിന്റേയും പേരില്‍ രാജ്യത്തെ വിഭജിക്കാനാണു ബിജെപി ശ്രമിക്കുന്നത്. പാട്നയ്ക്കടുത്ത പുര്‍ണിയയില്‍ നടത്തിയ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിഹാറില്‍ വീണ്ടും ജംഗിള്‍ രാജ് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നു കേന്ദ്രമന്ത്രി അമിത്ഷാ. നിതീഷ് കുമാറിനു മുന്നില്‍ എന്‍ഡിഎയുടെ വാതില്‍ എന്നന്നേക്കുമായി അടഞ്ഞെന്നും വെസ്റ്റ് ചെംപാരനില്‍ നടത്തിയ റാലിയില്‍ അമിത് ഷാ പറഞ്ഞു.

◾കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ റാലിയില്‍ പങ്കെടുത്ത് മടങ്ങിയ പ്രവര്‍ത്തകരുടെ ബസ് അപകടത്തില്‍ പെട്ട് 14 പേര്‍ മരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ മര്‍ക്കദ വില്ലേജിനടുത്ത് സിദ്ധിയില്‍ സിമന്റ് കയറ്റി വന്ന ലോറി വഴിയരികില്‍ നിര്‍ത്തിയിട്ട മൂന്നു ബസുകളില്‍ ഇടിക്കുകയായിരുന്നു.

◾മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളിലൂടെ ഇന്ത്യ നേടുന്ന വളര്‍ച്ചയെ പുകഴ്ത്തി ജര്‍മന്‍ വ്യവസായികള്‍. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിനൊപ്പം ഇന്ത്യയിലെത്തിയ ജര്‍മന്‍ ടെക്നോളജി സ്ഥാപനങ്ങളുടെ സിഇഒമാരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ഇന്ത്യയുടെ വളര്‍ച്ചയേയും പുകഴ്ത്തിയത്. മേക്ക് ഇന്‍ ഇന്ത്യ പോലെയുള്ള പദ്ധതികളാണ് ലോകത്തിനു തന്നെ വേണ്ടതെന്നും പ്രമുഖ കമ്പനികളുടെ സി ഇ ഒ മാര്‍ അഭിപ്രായപ്പെട്ടു.

◾റഷ്യയും യുക്രൈനും തമ്മില്‍ യുദ്ധം അവസാനിപ്പിക്കണമെന്ന പ്രമേയം തര്‍ക്കംമൂലം പാസാക്കാതെ ബംഗളൂരുവില്‍ നടന്ന ജി 20 യോഗം അവസാനിച്ചു. 'റഷ്യ - യുക്രൈന്‍ യുദ്ധം' എന്ന പരാമര്‍ശത്തിലെ യുദ്ധം എന്ന വാക്കിനെ റഷ്യയും ചൈനയും എതിര്‍ത്തു. ധനകാര്യമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗമാണ് പ്രമേയം പുറത്തിറക്കാതെ അവസാനിപ്പിച്ചത്.

◾മാര്‍ക്കു ലിസ്റ്റ് വൈകിയതിനു പൂര്‍വ വിദ്യാര്‍ത്ഥി പെട്രോളൊഴിച്ചു കത്തിച്ച വനിതാ പ്രിന്‍സിപ്പല്‍ മരിച്ചു. ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക് ശര്‍മയാണ് (54) മരിച്ചത്. പൂര്‍വ വിദ്യാര്‍ത്ഥി അശുതോശ് ശ്രീവാസ്തവയെ അറസ്റ്റു ചെയ്തിട്ടുണ്ട്.

◾കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ റായ്പൂരില്‍ വരവേറ്റത് റോസ് കാര്‍പെറ്റ്. സിറ്റി എയര്‍പോര്‍ട്ടിനു മുന്നിലുള്ള റോഡിന്റെ ഒരു വശത്താണ് പ്രിയങ്ക ഗാന്ധിക്കായി റോഡില്‍ റോസാപ്പൂക്കള്‍ വിതാനിച്ചത്. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രിയങ്ക ഗാന്ധി എത്തിയത്. ആറായിരം കിലോഗ്രാം റോസാപ്പൂക്കള്‍ ഉപയോഗിച്ച് രണ്ടുകിലോമീറ്റര്‍ ദൂരത്തോളമാണ് റോസ് കാര്‍പെറ്റ് തയ്യാറാക്കിയത്.

◾ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എടികെ മോഹന്‍ ബഗാന്‍. ഈ ജയത്തോടെ 20 മത്സരങ്ങളില്‍ നിന്ന് 34 പോയന്റുമായി എടികെ മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

◾മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനിയായ മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസിന്റെ അറ്റാദായം 2022 ഡിസംബര്‍ 31 ന് അവസാനിച്ച 9 മാസക്കാലയളവില്‍ 52 കോടിയായി. ഓഡിറ്റു ചെയ്യാത്ത കണക്കുകളനുസരിച്ച് ഡിസംബര്‍ 31ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ ഇക്കാലയളവിലെ 4.52 കോടിയില്‍ നിന്ന് 335% വര്‍ധിച്ച് 19.66 കോടിയായി. മൊത്തവരുമാനം 93.01 കോടിയില്‍ നിന്ന് 21% വര്‍ധിച്ച് 112.8 കോടിയുമായി.വായ്പാതുകഡിസംബര്‍ 31 ന് അവസാനിച്ച 9 മാസക്കാലയളവിലെ അറ്റാദായം മുന്‍വര്‍ഷത്തെ ഇക്കാലയളവിലെ 18.32 കോടിയില്‍ നിന്ന് 385% വര്‍ധിച്ച് 52.27 കോടിയായി. വായ്പയായി നല്‍കിയ തുക വാര്‍ഷികനിരക്കില്‍ നോക്കുമ്പോള്‍ 779 കോടിയില്‍ നിന്ന് 32% വര്‍ധിച്ച് 1030 കോടിയായി. കമ്പനി മാനേജ് ചെയ്യുന്ന മൊത്തം ആസ്തികളുടെ വലിപ്പം 4.6 കോടിയുടെ ഡിഎ പോര്‍ട്ഫോളിയോ ഉള്‍പ്പെടെ 2141 കോടിയുമായി. പ്രതി ഓഹരി വരുമാനം 11.37 രൂപയില്‍ നിന്ന് 32.05 രൂപയായി.

◾ധനുഷ് നായകനായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'വാത്തി'യുടെ ബോക്സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മലയാളി നടി സംയുക്തയാണ് നായിക. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇതുവരെ നേടിയത് 75 കോടി രൂപയാണ്. തമിഴകത്ത് ഗ്യാരന്റിയുള്ള നടന്‍ എന്ന തന്റെ സ്ഥാനം അടിവരയിടുകയാണ് ധനുഷ് 'വാത്തി'യിലൂടെ. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 3.75 കോടി രൂപയ്ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് 'വാത്തി' നിര്‍മിച്ചിരിക്കുന്നത്. നവീന്‍ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വെങ്കി അറ്റ്ലൂരി തന്നെയാണ്.

◾ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം 'ധ്രുവനച്ചത്തിരം' ഒടുവില്‍ റിലീസിന് തയ്യാറാകുന്നു. 'ധ്രുവനച്ചത്തിര'ത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലികള്‍ ഹാരിസ് ജയരാജ് തുടങ്ങി. ഹാരിസ് ജയരാജ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. 2023ല്‍ സമ്മര്‍ റിലീസായി വിക്രം ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏഴ് രാജ്യങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുകയാണ്. ഒരു സ്പൈ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രമാണ് ഇത്. ഋതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിര ചിത്രത്തിലുണ്ട്. വിക്രം ഒരു സീക്രട്ട് ഏജന്റായിട്ടാണ് ചിത്രത്തില്‍ വേഷമിടുന്നത്. 'ജോണ്‍ എന്നാണ്' കഥാപാത്രത്തിന്റെ പേര്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിന്റെ വിതരണം.

◾ടാറ്റ മോട്ടോഴ്‌സിന്റെ ത്രിമൂര്‍ത്തികള്‍ എന്ന വിശേഷിപ്പിക്കാവുന്ന മോഡലുകളാണ് നെക്‌സോണ്‍, ഹാരിയര്‍, സഫാരി എന്നിവ. ഡാര്‍ക്ക് എഡിഷനായും കാസിരംഗ എഡിഷനായും എത്തി ഹിറ്റായ ഈ വാഹനങ്ങളുടെ മറ്റൊരു എഡിഷന്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. റെഡ് ഡാര്‍ക്ക് എഡിഷന്‍ എന്ന പേരില്‍ എത്തിയിട്ടുള്ള ഈ വാഹനത്തെ അലങ്കരിക്കുന്ന കറുപ്പ്-ചുവപ്പ് നിറങ്ങളുടെ കോംമ്പിനേഷനാണെന്നതാണ് പ്രധാന സവിശേഷത. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ നെക്‌സോണും ഡീസല്‍ എന്‍ജിന്‍ ഹാരിയറും ആറ്, ഏഴ് സീറ്റിങ് ഓപ്ഷനുകളില്‍ സഫാരിയുടെയും റെഡ് ഡാര്‍ക്ക് എഡിഷന്‍ വിപണിയില്‍ എത്തുന്നുണ്ട്. നെക്‌സോണ്‍ റെഡ് ഡാര്‍ക്ക് പെട്രോള്‍ മോഡലിന് 12.35 ലക്ഷവും ഡീസല്‍ മോഡലിന് 13.70 ലക്ഷവുമാണ് വില. ഹാരിയര്‍ റെഡ് ഡാര്‍ക്ക് എഡിഷന് 21.77 ലക്ഷം രൂപ വിലയാകുമ്പോള്‍ സഫാരിയുടെ ഏഴ് സീറ്റര്‍ മോഡലിന് 22.61 ലക്ഷവും ആറ് സീറ്ററിന് 22.71 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. റെഗുലര്‍ മോഡലില്‍ നിന്ന് ലുക്കില്‍ കാര്യമായ മാറ്റംവരുത്തിയാണ് റെഡ് ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ നിരത്തുകളില്‍ എത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ ഈ മോഡലുകള്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

◾സ്ത്രീപക്ഷത്തു നില്‍ക്കുന്ന കവിതകളുടെ ഒരു വിവര്‍ത്തന സമാഹാരമാണ് 'അവനോട് പറയാനുള്ളത്'. വിവിധ ഭാഷകള്‍ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത 29 കവിതകളാണ് ഈ സമാഹാരത്തില്‍ ചേര്‍ത്തിട്ടുള്ളത്. അമൃതാ പ്രീതം, അനാമിക, അരുന്ധതി സുബ്രഹ്‌മണ്യം, അസാവരി കാക്ഡേ, ഫാറൂഖ് ഫറോഖ്സാദ്, ജ്യോത്സ്നാ മിലന്‍, കാത്യായനി, കവിതാ മഹാജന്‍, മന്ദാക്രാന്ത സെന്‍, മല്ലിക അമര്‍ഷേക്ക്, പ്രതിഭാ നന്ദകുമാര്‍, മാലതി മൈത്രി, സല്‍മ, റാബിയ ബസ്രി, നിശിഗന്ധ, പോപ്പതി ഹിരാനന്ദാനി, തെന്‍ട്രല്‍ മധു, സാദിയാ മുഫാരെ, കൊണ്ടെപ്പുഡി നിര്‍മല, പ്രവീണ്‍ ഷാക്കിര്‍ എന്നിവരുടെ കവിതകളാണ് ഇതിലുള്ളത്. കവിതകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റിയത് ആല്‍ബര്‍ട്ടോ. റീഡ് മി ബുക്സ്. വില 70 രൂപ.

◾ചായയും ബിസ്‌കറ്റും നല്ലൊരു കോമ്പിനേഷനാണെങ്കിലും വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ബിസ്‌കറ്റ് കഴിക്കുമ്പോള്‍ ഒരു ഊര്‍ജമൊക്കെ ലഭിക്കുന്നുണ്ട്. എന്നാല്‍, ചായ-ബിസ്‌കറ്റ് കോമ്പിനേഷന്‍ ഇന്‍സുലിന്‍ പ്രതിരോധം, വയറിലെ കൊഴുപ്പ്, അസിഡിറ്റി, മറ്റ് കുടല്‍ ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഒഴിഞ്ഞ വയറ്റില്‍ ചായ കുടിച്ചാല്‍, നിങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്താന്‍ സാധ്യതയുണ്ട്. അമിതമായ ഉപയോഗം മലബന്ധത്തിലേക്ക് നയിച്ചേക്കാം. ഇരുമ്പ് പോലുള്ള മറ്റ് പോഷകങ്ങളുടെ ആഗിരണത്തെയും ഇത് പ്രതികൂലമായി ബാധിക്കും. ബിസ്‌ക്കറ്റിലെ പഞ്ചസാരയുടെ അംശം കാരണം ചായയുടെ ആഘാതം കൂടുതല്‍ വഷളാകുന്നു. ശുദ്ധീകരിച്ച പഞ്ചസാരയ്‌ക്കൊപ്പം ബിസ്‌ക്കറ്റില്‍ സാധാരണയായി ഗോതമ്പ് പൊടിയും പൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള്‍ അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. രാവിലെ എഴുന്നേറ്റതിനു ശേഷം ആമാശയത്തിലെ ബാലന്‍സ് പുനഃസ്ഥാപിക്കുന്ന ആല്‍ക്കലൈന്‍ എന്തെങ്കിലും കുടിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ദഹനപ്രശ്നങ്ങളുണ്ടെങ്കില്‍, കുടലിന്റെ വീക്കം കുറയ്ക്കാനും ഗ്യാസ്ട്രോ ഈസോഫേഷ്യല്‍ റിഫ്ലക്സ് രോഗം ഒഴിവാക്കാനും പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഒരു ഗ്ലാസ് വെള്ളത്തില്‍ ഒന്നോ രണ്ടോ ടേബിള്‍ സ്പൂണ്‍ പെരുംജീരകം ചേര്‍ത്ത് തിളപ്പിച്ച ശേഷം പിറ്റേന്ന് രാവിലെ കുടിക്കാം. നിങ്ങള്‍ക്ക് പലപ്പോഴും വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, മല്ലിവെള്ളം നല്ലൊരു ചോയിസാണ്. ഇത് ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു. മലബന്ധമുള്ളവര്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കറുവപ്പട്ട ചേര്‍ത്ത് തേങ്ങാവെള്ളം കുടിക്കുന്നത് അതിരാവിലെ പഞ്ചസാരയുടെ ആസക്തിയെ ചെറുക്കാന്‍ സഹായിക്കും. കാരണം ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ലെപ്റ്റിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

*ശുഭദിനം*

ഒരു ദിവസം അച്ഛനും മകനും തടാകത്തിനരികിലൂടെ നടക്കുകയായിരുന്നു. ശാന്തമായ ജലാശയത്തിനു മുകളില്‍ ചെറിയ ഓളങ്ങളെപോലും പരിമിതപ്പെടുത്തി മനോഹരമായി ഒഴുകിനീങ്ങുന്ന താറാവുകളെ കണ്ടപ്പോള്‍ മകന്‍ പറഞ്ഞു: എത്ര ആയാസരഹിതമായാണ് അവ വെളളത്തിലൂടെ ഒഴുകി നീങ്ങുന്നത്. നമ്മുടെ ജീവിതവും ഇതു പോലെ ആയാസരഹിതമാണെങ്കില്‍ എത്ര നല്ലതായേനെ. അച്ഛന്‍ മകനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് പറഞ്ഞു: താറാവുകള്‍ വെള്ളത്തില്‍ ഒഴുകി നീങ്ങുന്നതായാണ് നമുക്ക് കാണുമ്പോള്‍ തോന്നുക. എന്നാല്‍ സത്യമതല്ല, ശാന്തമായി വെള്ളത്തിലൂടെ ഒഴുകി നീങ്ങാന്‍ അവ വെള്ളത്തിനടിയില്‍ കാലുകൊണ്ട് ശക്തമായി തുഴയുന്നുണ്ട്. അങ്ങനെ കഷ്ടപ്പെട്ട് തുഴഞ്ഞെങ്കിലേ അവയ്ക്ക് ഒഴുകി നീങ്ങാന്‍ കഴിയൂ. പുറമെ നിന്ന് നോക്കുമ്പോള്‍ എല്ലാം, ശാന്തം ഭദ്രം. പക്ഷേ, ഈ ശാന്തമുഖത്തിന് പിന്നില്‍ കാണാമറയത്ത് കഠിനപ്രയത്‌നമുണ്ട്. ഇത്തരം ധാരാളം സന്ദര്‍ഭങ്ങള്‍ ഓരോ മനുഷ്യജീവിത്തിലുമുണ്ടാകാറുണ്ട്. ജീവിതത്തിലെ കൊടിയ വെല്ലുവിളികള്‍ പിരിമുറുക്കത്തിലിരുന്നു നേരിടുമ്പോഴും. സമചിത്തത പുലര്‍ത്തി ശാന്തമുഖം നിരന്തരം പ്രദര്‍ശിപ്പിക്കുന്ന ധാരാളം പേരുണ്ട് നമുക്ക് ചുറ്റും. ഇങ്ങനെ കൃത്രിമമുഖം ബോധപൂര്‍വ്വം കാട്ടുമ്പോള്‍ , യാഥാര്‍ത്ഥ ഉത്കണ്ഠയും വിഷാദവും ഉള്ളില്‍ നിറയും. ദീര്‍ഘകാലം ഈ രീതി പിന്തുടര്‍ന്നാല്‍ അത് വിഷാദരോഗത്തിന് വഴിമാറുകയും ചെയ്യും. സമ്മര്‍ദ്ദം തരണം ചെയ്യാന്‍ എല്ലാം ഒതുക്കി വെച്ച് കഷ്ടപ്പെടുകയല്ല ചെയ്യേണ്ടത്. പങ്കുവെക്കപ്പെടലുകളാണ് ഏറ്റവും യോജ്യമായ രീതി. പങ്കുവെയ്ക്കപ്പെടുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ കുറഞ്ഞ് പോകുമെന്ന് പഠനങ്ങള്‍ പറയുന്നു. പ്രയത്‌നത്തിലായാലും വിശ്രമത്തിലായാലും ജീവിത്തില്‍ സത്യസന്ധത പുലര്‍ത്തുക. വെച്ചുകെട്ടലുകളെ നമുക്ക് ഒഴിവാക്കാം.. അപ്പോള്‍ ജീവിതം കൂടുതല്‍ സുഖകരമാകും. സത്യസന്ധതയെ ഏററവും മികച്ച നയമായി സ്വീകരിക്കാന്‍ നമുക്ക് സാധിക്കട്ടെ - *ശുഭദിനം.*