◾മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തട്ടിപ്പ്. അനര്‍ഹര്‍ക്ക് ധനസഹായം ലഭിച്ചതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. എറണാകുളം ജില്ലയില്‍ സമ്പന്നരായ വിദേശമലയാളികള്‍ക്കു മൂന്നു ലക്ഷം രൂപവരെ ചികിത്സാസഹായം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഒരു ഏജന്റ് നല്‍കിയ 16 അപേക്ഷയില്‍ സഹായം അനുവദിച്ചു. കരള്‍ രോഗിക്ക് ഹൃദ്രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റില്‍ ചികിത്സാ സഹായം നല്‍കി. കൊല്ലത്ത് പരിശോധിച്ച 20 അപേക്ഷയില്‍ 13 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കിയത് ഒരേ എല്ലുരോഗ വിദഗ്ധനാണ്. പുനലൂര്‍ താലൂക്കിലെ ഒരു ഡോക്ടര്‍ 1500 സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും കണ്ടെത്തി.
◾ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസു നിര്‍ബന്ധമാണെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തില്‍നിന്ന് ഇളവു തേടാനുള്ള നീക്കവുമായി കേരള സര്‍ക്കാര്‍. കേരളത്തില്‍ അഞ്ചു വയുസുള്ള കുട്ടികളെ ഒന്നാം ക്ലാസില്‍ ചേര്‍ക്കാമെന്ന നയമാണു പിന്തുടരുന്നത്. മൂന്നു വര്‍ഷത്തെ പ്രീ സ്‌കൂള്‍, അങ്കണവാടി വിദ്യാഭ്യാസം, തുടര്‍ന്ന് ആറാം വയസു മുതല്‍ ഒന്ന്, രണ്ട് ക്ലാസുകള്‍, എട്ടു മുതല്‍ 11 വരെ വയസുള്ള കുട്ടികള്‍ക്കു പ്രിപറേറ്ററി സ്റ്റേജ്, 11 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് മിഡില്‍ സ്റ്റേജ്, 14 മുതല്‍ 18 വരെ വയസില്‍ സെക്കന്‍ഡറി സ്റ്റേജ് എന്നിങ്ങനെ ക്ലാസുകള്‍ ക്രമപ്പെടത്തണമെന്നാണ് കേന്ദ്ര നിര്‍ദേശം.
◾എഐസിസി പ്ലീനറി സമ്മേളനത്തിന് ചത്തീസ്ഗഡിലെ റായ്പൂരില്‍ നാളെ തുടക്കം. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുക്കുന്ന കാര്യം ഈ സമ്മേളനത്തില്‍ തീരുമാനിക്കും. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്നണി ശക്തമാക്കി ഭരണം പിടിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണു സമ്മേളനം.
◾ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗില്‍ ഇന്ത്യ -ചൈന ചര്‍ച്ച. അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ചൈന വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരേ പ്രതിപക്ഷം ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
◾അനധികൃത നിക്ഷേപ പദ്ധതികളിലൂടെ സംസ്ഥാനത്തു വിവിധ സ്ഥാപനങ്ങള്‍ രണ്ടായിരം കോടി രൂപയുടെ വെട്ടിപ്പു നടത്തിയെന്നു പോലീസ് റിപ്പോര്‍ട്ട്. അമ്പതു സ്ഥാപനങ്ങള്‍ക്കെതിരേയുള്ള പരാതികളില്‍ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. ഇതില്‍ 27 സ്ഥാപനങ്ങളുടേയും അവയുടെ ഉടമകളുടേയും സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ ഉത്തരവായിട്ടുണ്ടെന്നു പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വെളിപെടുത്തി.
◾എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ് കീപ്പിംഗിന് പ്രത്യേക വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിയുടെ അകത്തും പുറത്തുമുള്ള ശുചിത്വം, ശുചിമുറികളുടെ ശുചിത്വം, അണുബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ചെറിയ അറ്റകുറ്റപണികള്‍ വേഗത്തിലാക്കുക എന്നിവ ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തണം. മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, സൂപ്രണ്ടുമാര്‍, നോഡല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
◾തിരുവനന്തപുരത്ത് ആല്‍ത്തറ ജംഗ്ഷന് സമീപത്തും വഴുതക്കാട് ടാഗോര്‍ ഹാളിന് സമീപത്തും മുഖ്യമന്ത്രിക്കു നേരെ യുവമോര്‍ച്ചയുടെ കരിങ്കൊടി പ്രതിഷേധം. നാലു യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ്സിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജും നടത്തി.
◾സംസ്ഥാനത്ത് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക സൃഷ്ടിച്ചു. ആംഡ് പൊലീസ് ബറ്റാലിയന്‍ എസ് പിയായ ജയ്ദേവിനെ ഈ തസ്തികയില്‍ നിയമിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരേ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ശക്തമായിരിക്കേയാണ് വിഐപി സുരക്ഷയ്ക്കായി പ്രത്യേക തസ്തിക സൃഷ്ടിച്ചത്.
◾ഏഷ്യാനെറ്റ് ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ വിനു വി ജോണിനെ പോലീസ് ഇന്നു ചോദ്യം ചെയ്യും. രാവിലെ 11 ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നോട്ടീസ് നല്‍കി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28 ന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ ജനങ്ങള്‍ക്കെതിരേ നടത്തിയ അക്രമങ്ങളുടെ പേരില്‍ സി ഐ ടി യു നേതാവ് എളമരീം കരീം എംപിയെ വിമര്‍ശിച്ചതിനാണു വിനുവിനെതിരേ പൊലീസ് കേസെടുത്തത്.
◾സര്‍ക്കാരിന്റെ നികുതിക്കൊള്ളയ്ക്കു സംരക്ഷണം നല്‍കാന്‍ പൊലീസ് നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. പ്രതിഷേധക്കാരെ വണ്ടിയിടിച്ചോ തലക്കടിച്ചോ അപായപ്പെടുത്താനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടോയെന്ന് ഡിജിപി വ്യക്തമാക്കണമെന്നും സുധാകരന്‍.
◾ഹരിപ്പാട് ദേശീയപാതയ്ക്കു നടുവില്‍ ദശാബ്ദങ്ങളായി നിന്നിരുന്ന ഒറ്റപ്പന മുറിച്ചുമാറ്റി. തൊട്ടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കുരുട്ടൂര് ഭഗവത്രി ക്ഷേത്രത്തിലെ ഉല്‍സവം കഴിയുന്നതുവരെ പന മുറിക്കരുതെന്ന് വിശ്വാസികള്‍ അഭ്യര്‍ഥിച്ചിരുന്നു. ഭഗവതിയുടെ തോഴിയായ യക്ഷി വസിക്കുന്നത് ഈ പനയിലാണെന്നാണ് ഐതിഹ്യം.
◾കാലുമാറി ശസ്ത്രക്രിയ നടത്തിയെന്ന് കോഴിക്കോട് നാഷണല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരേ ആരോപണം. പരിക്കേറ്റ ഇടതു കാലിനു പകരം വലതു കാലിനാണ് ശസ്ത്രക്രിയ ചെയ്തത്. കോഴിക്കോട് കക്കോടി സ്വദേശിയായ അറുപതുകാരിയാണ് കാലുമാറിയുള്ള ശസ്ത്രക്രിയക്ക് ഇരയായത്.
◾താമരശേരി ചുരത്തില്‍ എന്‍ജിന്‍ തകരാറായി കുടുങ്ങുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ ലക്കിടിയില്‍ ക്രെയിന്‍ സംവിധാനമൊരുക്കും. സ്ഥിരമായി പൊലീസിനെയും നിയോഗിക്കും. വയനാട്- കോഴിക്കോട് കലക്ടര്‍മാര്‍ നടത്തിയ ടെലഫോണ്‍ ചര്‍ച്ചയിലാണ് തീരുമാനം. അടിവാരത്തും ക്രെയിന്‍ സൗകര്യമൊരുക്കും. ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് നടപടികള്‍.
◾താമരശേരിയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി അലി ഉബൈറാന്‍ പിടിയിലായി. കഴിഞ്ഞ ഒക്ടോബറിലാണ് മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. അഷ്റഫിന്റെ ഭാര്യാ സഹോദരനും അലി ഉബൈറാനും തമ്മില്‍ വിദേശത്തുണ്ടായിരുന്ന സ്വര്‍ണ ഇടപാടുകളെച്ചൊല്ലിയുളള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകാന്‍ കാരണം.
◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായുള്ള ഇലക്ട്രിക് സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. വിഴിഞ്ഞം തുറമുഖത്തോടു ചേര്‍ന്നുള്ള 33 കെവി സബ്സ്റ്റേഷന്റെ ഉദ്ഘാടനമാണ് തുറമുഖ മന്ത്രി നിര്‍വഹിച്ചത്.
◾അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരെ പാര്‍ട്ടി അന്വേഷണം. നാലംഗ കമ്മീഷനാണ് അന്വേഷണം നടത്തുക.
◾മൂന്നാര്‍ പഞ്ചായത്ത് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗങ്ങള്‍ നടത്തിയ നീക്കം പൊളിഞ്ഞു. കൂറുമാറി കോണ്‍ഗ്രസിനൊപ്പം എത്തിയ സിപിഎം അംഗം വി ബാലചന്ദ്രന്റെ രാജിക്കത്ത് തപാലില്‍ സെക്രട്ടറിക്കു ലഭിച്ചതോടെ അവിശ്വാസ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അംഗത്തെ അനുവദിച്ചില്ല. ഇതോടെ കോറം തികയാതെ അംഗങ്ങള്‍ക്ക് പിരിഞ്ഞുപോകേണ്ടി വന്നു. കൂറുമാറിയ ബാലചന്ദ്രന്റെ കോട്ടേജ് ഒരുസംഘം അക്രമികള്‍ തല്ലിത്തകര്‍ത്തു.
◾അവിശ്വാസികള്‍ക്കെതിരായ പരാമര്‍ശത്തില്‍ നടന്‍ സുരേഷ് ഗോപിക്കെതിരെ പൊലീസില്‍ പരാതി. അവിശ്വാസികള്‍ക്കെതിരേ കലാപത്തിന് ആഹ്വാനം ചെയ്തതെന്നാണ് ആരോപണം. ആലപ്പുഴ സ്വദേശി സുഭാഷ് എം തീക്കാടനാണ് പരാതി നല്‍കിയത്.
◾കൊച്ചിയില്‍ കേബിള്‍ കുരുങ്ങി യാത്രക്കാരനു പരിക്കേറ്റ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുക്കണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണര്‍. കൊച്ചി സിറ്റി പൊലിസ് കമ്മീഷണര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.
◾ഗാനമേളക്കിടെ ഭിന്നശേഷിക്കാരനായ ഗായകന്‍ കുഴഞ്ഞുവീണു മരിച്ചു. മതിലകം സെന്ററിനടുത്ത് മുള്ളച്ചാം വീട്ടില്‍ പരേതനായ ഹംസയുടെ മകന്‍ അബ്ദുല്‍ കബീര്‍ എന്ന 42 കാരനാണു മരിച്ചത്. പുന്നക്കബസാര്‍ ആക്ട്സിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഭിന്നശേഷിക്കാരുടെ 'മ്യൂസിക്ക് ഓണ്‍ വീല്‍സ്' ഗാനമേളക്കിടെയാണ് സംഭവം.
◾മൂന്നാര്‍ എന്‍ജിനിയറിംഗ് കോളജില്‍ പ്രതിഷേധ സമരവുമായി പെണ്‍കുട്ടികള്‍. ഹോസ്റ്റല്‍ രാത്രി പൂട്ടിയിടുന്നതിനെതിരേയാണ് പരാതി. ശുചിമുറികള്‍ ശോചനീയാവസ്ഥയിലാണെന്നും ഇവര്‍ ആരോപിച്ചു.
◾കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒരു കോടിയിലധികം രൂപ വില വരുന്ന സ്വര്‍ണ്ണം പിടികൂടി. അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 1,832 ഗ്രാം സ്വര്‍ണം സഹിതം കാസര്‍കോട് സ്വദേശി സൈഷാദിനെയാണ് അറസ്റ്റു ചെയ്തത്.
◾കോഴിക്കോട് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ സുപ്രീം കോടതി ഭര്‍ത്താവിന്റെ ശിക്ഷാവിധി മരവിപ്പിക്കുകയും ജാമ്യം നല്‍കുകയും ചെയ്തു. എരഞ്ഞിക്കല്‍ മൊകവൂര്‍ സ്വദേശി പ്രജിത്ത് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹൈക്കോടതിയിലെ അപ്പീലില്‍ തീരുമാനമാകുന്നതുവരെയാണ് ജാമ്യം.
◾സിപിഎം ബ്രാഞ്ച് സെക്രട്ടറി പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതിന് പോക്സോ കേസില്‍ അറസ്റ്റില്‍. സി പി എം കണിയാപുരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ കല്ലിങ്കര ബ്രാഞ്ച് സെക്രട്ടറി ഷമീറിനെ (50) യാണ് മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തത്.
◾വടകര അഴിയൂരില്‍ പരീക്ഷാ ഹാളില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ ചല്ലിവയല്‍ അഞ്ചാംപുരയില്‍ ലാലു (45) വിനെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.
◾തൃശൂരില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പോക്സോ കേസില്‍ അറസ്റ്റില്‍. തൃശൂര്‍ കോലഴി പഞ്ചായത്തിലെ മുന്‍ പ്രസിഡന്റ് പി.ജി. ഉണ്ണികൃഷ്ണന്‍ (57) ആണ് അറസ്റ്റിലായത്. 13 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്.
◾ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കൗമാരക്കാരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ആറാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച മുറ്റിച്ചൂര്‍ പുലാമ്പുഴ കടവിലുള്ള കാട്ടുതിണ്ടിയില്‍ നീരജ് (18), പടിയം പത്യാല അമ്പലത്തിനു സമീപം വാടയില്‍ വിഷ്ണു (19 ) എന്നിവരാണ് പിടിയിലായത്.
◾ദമ്പതികള്‍ ചമഞ്ഞ് വീട്ടുജോലിക്കു നിന്ന കമിതാക്കളെ മോഷണത്തിന് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ഷിജി ജിനേഷിന്റെ ആലപ്പുഴ തോട്ടപ്പിള്ളിയിലെ വീട്ടില്‍നിന്ന് അഞ്ചു ലക്ഷത്തിലേറെ സാധനങ്ങള്‍ മോഷ്ടിച്ചതിന് കോട്ടയം പാറത്തോട് പോത്തല വീട്ടില്‍ ജിജോ (38), കോട്ടയം മുണ്ടക്കയം കാര്യാട്ട് വീട്ടില്‍ സുജാ ബിനോയ് (43) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾വടക്കാഞ്ചേരി ബോയ്സ് ഹൈസ്‌കൂള്‍ പരിസരത്ത് പ്യാരി ഗിഫ്റ്റ് ഹൗസ് കെട്ടിടത്തില്‍ അഗ്നിബാധ. ബഹുനിലക്കെട്ടിടത്തിന്റെ മുകള്‍ഭാഗം കത്തിയമര്‍ന്നു. രാത്രി ഏഴരയോടെയാണ് സംഭവം.
◾പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി കനക് റെലെ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഗുജറാത്ത് സ്വദേശിയാണെങ്കിലും കേരളവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച പ്രതിഭയാണ് കനക് റെലെ.
◾തൊട്ടടുത്ത ഫ്ളാറ്റില്‍ ഒളിച്ചിരുന്ന് നടി ആലിയ ഭട്ടിന്റെ സ്വകാര്യ ചിത്രങ്ങളെടുത്ത ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെ മുംബൈ പൊലീസ് കേസെടുക്കും. നടിയോട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടു. താരത്തിന്റെ പി ആര്‍ ടീം ഓണ്‍ലൈന്‍ പോര്‍ട്ടലുമായി ആശയവിനിമയം നടത്തിയിരുന്നു.
◾വിവാഹ വിരുന്നിനു തൊട്ടുമുമ്പ് വധുവും വരനും വീട്ടിലെ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. അസ്ലം (24) കങ്കാഷ ബാനു (22) എന്നിവരാണു മരിച്ചത്. ഇരുവരും രക്തത്തില്‍ കുളിച്ച നിലയില്‍ നിലത്തു കിടക്കുകയായിരുന്നു.
◾ശിവസേന തര്‍ക്കത്തില്‍ ഉദ്ധവ് താക്കറെയുടെ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കാമെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതിനെതിരെ ഉദ്ധവ് താക്കറെ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.
◾അദാനിയെക്കുറിച്ച് താന്‍ പ്രധാനമന്ത്രിയോട് പാര്‍ലമെന്റില്‍ ചോദിച്ചെങ്കിലും മോദി മറുപടിയൊന്നും പറഞ്ഞില്ലെന്നു രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മേഘാലയയിലെ ഷില്ലോംഗില്‍ എത്തിയ രാഹുല്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും വിമര്‍ശിച്ചത്.
◾2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണി അധികാരത്തിലെത്തുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഖാര്‍ഗെ പറഞ്ഞു.
◾അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാലക്കാടന്‍ മലയാളി വിവേക് രാമസ്വാമി. 37 കാരനായ വിവേക് രാമസ്വാമി യുവ വ്യവസായിയാണ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മറ്റൊരു ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് മത്സരിക്കും. വടക്കഞ്ചേരി സ്വദേശിയും എന്‍ജിനിയറുമായ രാമസ്വാമിയുടേയും മനോരോഗ വിദഗ്ധ വയോജനയുടേയും മകനാണു വിവേക്. അമേരിക്കയിലെ സിന്‍സിനാറ്റിയിലാണ് ജനിച്ചത്.
◾ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തെ തടയുകയാണെന്ന് ബ്രിട്ടീഷന്‍ പാര്‍ലമെന്റില്‍ വിമര്‍ശനം. ഇന്ത്യയിലെ ബിബിസി ഓഫീസുകളില്‍ ആദായനികുതി റെയ്ഡ് നടത്തിയതിനെ പരാമര്‍ശിച്ചാണ് വിഷയം ചര്‍ച്ചയായത്.
◾സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ പാകിസ്ഥാനില്‍ മന്ത്രിമാരുടെ അടക്കം ശമ്പളം വെട്ടിക്കുറച്ചു. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്.
◾ഫ്രാന്‍സിലെ സ്‌കൂളില്‍ വിദ്യാര്‍ഥി അധ്യാപികയെ കുത്തിക്കൊന്നു. സാഷോ ഡെലൂസ് പട്ടണത്തിലെ സ്‌കൂളിലാണ് 16 കാരനായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി സ്പാനിഷ് അധ്യാപികയെ കുത്തിക്കൊന്നത്. വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.
◾പ്ലേഓഫ് പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ഒഡിഷയ്ക്ക് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായകമായ മത്സരത്തില്‍ തോല്‍വി. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് ജംഷേദ്പുര്‍ എഫ്.സിയാണ് ഒഡിഷയെ കീഴടക്കിയത്. ഇതോടെ ഒഡിഷയുടെ പ്ലേഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. ഗോവയുടെ അവസാനമത്സരഫലം ആശ്രയിച്ചുമാത്രമേ ഒഡിഷയ്ക്ക് പ്ലേഓഫിലേക്ക് പ്രവേശിക്കാനാകൂ.
◾ഈജിപ്തിലെ കെയ്‌റോയില്‍ വെച്ച് നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ രുദ്രാന്‍ക്ഷ് പാട്ടീലിന് സ്വര്‍ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് രുദ്രാന്‍ക്ഷ് സ്വര്‍ണം നേടിയത്.
◾ദക്ഷിണാഫ്രിക്ക വനിതാ ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകര്‍ത്താണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക സെമിയിലെത്തിയത്. ഇതോടെ നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ നേരിടും. ഇന്ന് നടക്കുന്ന ആദ്യ സെമിയില്‍ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയയെ നേരിടും.
◾ഇന്ത്യയുടെ വിദേശ നാണയശേഖരം ഫെബ്രുവരി 10ന് അവസാനിച്ചവാരം 831 കോടി ഡോളര്‍ ഇടിഞ്ഞ് 56,695 കോടി ഡോളറിലെത്തി. കഴിഞ്ഞ 11 മാസത്തിനിടയിലെ ഏറ്റവും വലിയ വീഴ്ചയാണിത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കം കുറയ്ക്കാന്‍ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്കിന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കേണ്ടി വന്നതാണ് തിരിച്ചടിയായത്. അദാനി വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരിവിപണിയില്‍ നിന്ന് വന്‍തോതില്‍ വിദേശനിക്ഷേപം കൊഴിഞ്ഞതാണ് രൂപയ്ക്ക് സമ്മര്‍ദ്ദമായത്. വിദേശ കറന്‍സി ആസ്തി (എഫ്.സി.എ) 710.8 കോടി ഡോളര്‍ കുറഞ്ഞ് 50,058.7 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 91.9 കോടി ഡോളര്‍ താഴ്ന്ന് 4,286.2 കോടി ഡോളറിലെത്തി. 2021 ഒക്ടോബറിലെ 64,500 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം.
◾സന്തോഷ് കല്ലാറ്റ് രചന നിര്‍വഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പുലിയാട്ടം'. സെവന്‍ മാസ്റ്റര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജു അബ്ദുല്‍ഖാദര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുധീര്‍ കരമന, മീരാ നായര്‍, മിഥുന്‍ എം ദാസ്, സുമാദേവി, ദീപു നാവായിക്കുളം, ശിവ, ജയരാജ് മിത്ര, ബിഞ്ചു ജേക്കബ്, വിക്ടര്‍ ലൂയി മേരി, ചന്ദ്രന്‍ പട്ടാമ്പി, ജഗത് ജിത്ത്, സെല്‍വരാജ്, ആല്‍വിന്‍, മാസ്റ്റര്‍ ഫഹദ് റഷീദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പുലി ജോസ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ജോസ് തൃശൂരിലെ ഒരു വലിയ പുലിക്കളിക്കാരന്‍ ആയിരുന്നു. ജീവിതത്തില്‍ സംഭവിച്ച ദുരന്തം അയാളെ മദ്യപാനിയാക്കി മാറ്റിയപ്പോള്‍ പുലിക്കളി അയാള്‍ പാടെ ഉപേക്ഷിക്കുന്നു. ജോസിന്റെ പുലിക്കളിയുടെ ആരാധകനായ മനോഹരന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് തിരിച്ചു വരുമ്പോള്‍, ജോസിന്റെ പുലിക്കളി വീണ്ടും കളിക്കുവാന്‍ ആവശ്യപ്പെടുന്നു. ഭാര്യ മേരിയുടെ എതിര്‍പ്പിനെ മറികടന്നുകൊണ്ട് വീണ്ടും പുലിവേഷം കെട്ടുവാന്‍ ജോസ് തീരുമാനിക്കുന്നു. തുടര്‍ന്ന് ജോസിന്റെയും മനോഹരന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ അനാവരണം ചെയ്യുന്ന ചിത്രമാണ് പുലിയാട്ടം. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ പുലിയാട്ടത്തിന് ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
◾വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന 'കള്ളനും ഭഗവതിയും'എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. സലിം കുമാര്‍, ജോണി ആന്റണി,പ്രേംകുമാര്‍, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, ജയപ്രകാശ് കുളൂര്‍, ജയന്‍ ചേര്‍ത്തല, ജയകുമാര്‍, അനുശ്രീ, മാല പാര്‍വ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയന്‍ കെ.വി. അനില്‍ എന്നിവര്‍ ചേര്‍ന്നാണ്. പത്താം വളവിലൂടെ സ്വതന്ത്ര ക്യാമറാമാനായി മാറിയ രതീഷ് റാം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഗാനങ്ങള്‍ -സന്തോഷ് വര്‍മ്മ, സംഗീതം -രഞ്ജിന്‍ രാജ്, ഛായാഗ്രഹണം- രതീഷ് റാം.
◾ആര്‍വി400 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് വീണ്ടും തുടങ്ങിയതായി റിവോള്‍ട്ട് മോട്ടോഴ്‌സ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 2,499 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. ഇലക്ട്രിക് ബൈക്കിന്റെ ഡെലിവറി 2023 മാര്‍ച്ച് 31-ന് മുമ്പ് ആരംഭിക്കും. റിവോള്‍ട്ടിന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമുണ്ട്. ഒരു ശരാശരി റൈഡറിന് പെട്രോള്‍ ബൈക്കുകള്‍ക്ക് 3,500 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതിമാസം 350 രൂപയില്‍ താഴെയുള്ള പ്രതിമാസ പ്രവര്‍ത്തനച്ചെലവുള്ള റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ ഉപഭോക്താക്കള്‍ക്ക് വലിയ ലാഭം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. മോട്ടോര്‍സൈക്കിളിന് 156 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് ഉണ്ട്. നോര്‍മല്‍, ഇക്കോ, സ്പോര്‍ട്ട് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
◾ആളുകള്‍ക്ക് അവരുടെ സ്വന്തം ആന്തരികസത്തയെ മനസ്സിലാക്കുവാന്‍ കഴിയുന്ന ഒരു സാഹചര്യം, ഒരു വിദ്യാഭ്യാസം സൃഷ്ടിക്കുവാന്‍ നമുക്ക് സാധിച്ചാല്‍, അതിലൂടെ അവര്‍ പുറത്തുവരുന്നത് മഹത്തായ കരുണയോടെ, എല്ലാത്തിനോടുമുള്ള സ്‌നേഹത്തോടെ ആയിരിക്കും. അവര്‍ക്ക് ജീവിതത്തോട് അതിതായ ആദരവുണ്ടായിരിക്കും. അവര്‍ക്ക് ആരേയും ചൂഷണം ചെയ്യുവാന്‍ കഴിയില്ല. വാസ്തവത്തില്‍, ആദ്യം വരേണ്ടത് ആദ്ധ്യാത്മിക കമ്യൂണിസമാണ്. അതിനുശേഷം മാത്രമേ അതിനെ അനുഗമിച്ച് കൊണ്ടുമാത്രമേ, സാമ്പത്തിക കമ്യൂണിസത്തിന് വന്നുചേരാന്‍ സാധിക്കൂ- ഓഷോ. 'കമ്മ്യൂണിസവും ധ്യാനവും'. സൈലന്‍സ് ബുക്സ്. വില 171 രൂപ.
◾അമിതമായി കോട്ടുവായ് ഇടുന്നത് ചില രോഗങ്ങളുടെ ലക്ഷണമായി കണക്കാക്കപ്പെടുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അമിതമായ പകല്‍ ഉറക്കത്തിന് കാരണമാകുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് എപ്നിയ പോലുള്ള ഒരു സ്ലീപ് ഡിസോര്‍ഡറിന്റെ ലക്ഷണമാകാം ഇത്. കോട്ടുവായിടുന്നത് ശരീരത്തിലെ മെറ്റബോളിസവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. പകല്‍ സമയത്ത് അമിതമായി ഉറങ്ങുന്നവരില്‍ കോട്ടുവായ് കൂടുതലായി ഉണ്ടാകാറുണ്ട്. രാത്രിയില്‍ നിങ്ങളുടെ ഉറക്കം പൂര്‍ത്തിയായില്ലെങ്കില്‍ അടുത്ത ദിവസം നിങ്ങള്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടുകയും നിങ്ങള്‍ കൂടുതല്‍ കോട്ടുവായ് ഇടുകയും ചെയ്യും. കോട്ടുവായ് ഹൈപ്പോഗ്ലൈസീമിയയുടെ ആദ്യകാല ലക്ഷണമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറവാണെങ്കില്‍ കോട്ടുവായ് ഇടാന്‍ തുടങ്ങും. കൂര്‍ക്കംവലിയുളളവര്‍ക്ക് രാത്രി ഉറങ്ങുമ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇക്കാരണത്താല്‍, അവര്‍ക്ക് രാത്രിയില്‍ വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. അതിനാല്‍ അടുത്ത ദിവസം അവര്‍ക്ക് വളരെ ക്ഷീണം അനുഭവപ്പെടുകയും കോട്ടുവായ് ഇടുകയും ചെയ്യുന്നു. ഉറക്കവുമായി ബന്ധപ്പെട്ട ഒരു തരം പ്രശ്‌നമാണ് നാര്‍കോലെപ്‌സി. അതില്‍ ഒരു വ്യക്തി എപ്പോള്‍ വേണമെങ്കിലും എവിടെയും പെട്ടെന്ന് ഉറങ്ങി വീഴും. ഈ രോഗമുളളവര്‍ക്ക് പകല്‍ സമയത്ത് പലതവണ ഉറക്കം അനുഭവപ്പെടുന്നു, ഇത് കാരണം അവന്‍ വളരെയധികം കോട്ടുവായ് ഇടുകയും ചെയ്യും. ഉറക്കമില്ലായ്മയും ഉറക്കവുമായി ബന്ധപ്പെട്ട ഒരു രോഗമാണ്. ഈ രോഗമുളള ഒരു വ്യക്തിക്ക് രാത്രിയില്‍ ഉറക്കം വരില്ല. അതിനാല്‍ തന്നെ രാത്രിയിലെ ഉറക്കക്കുറവ് കാരണം, ആളുകള്‍ക്ക് പകല്‍ സമയത്ത് അമിതമായി കോട്ടുവായ് ഇടും. ചില ഗവേഷണങ്ങള്‍ അനുസരിച്ച്, അമിതമായി കോട്ടുവായ് ഇടുന്നത് ഹൃദയത്തിന് ചുറ്റുമുള്ള രക്തസ്രാവം കുറയുന്നതിന്റെ അഥവാ ഹൃദയാഘാത സാധ്യതയെ സൂചിപ്പിക്കുന്നു.
*ശുഭദിനം*
1986 നവംബര്‍ 15 ന് മുംബയിലായിരുന്നു അവള്‍ ജനിച്ചത്. അച്ഛന്‍ ഇമ്രാന്‍ മിശ്ര ഒരു ബില്‍ഡര്‍ ആയിരുന്നു. അമ്മ നസീമ. തന്റെ ആറാം വയസ്സില്‍ അച്ഛനൊപ്പം അവള്‍ ടെന്നീസ് കളിക്കാന്‍ ആരംഭിച്ചു. തന്റെ മകളുടെ ഇഷ്ടം തിരിച്ചറിഞ്ഞ അച്ഛന്‍ ടെന്നീസിലെ ആദ്യ ഗുരുനാഥനായി. നിസം ടെന്നീസ് ക്ലബ്ബിന് വേണ്ടിയാണ് അവള്‍ ആദ്യം കളിച്ചത്. പിന്നീട് സെക്കന്തറാബാദിലുള്ള സിന്നെറ്റ് ടെന്നീസ് അക്കാദമിയില്‍ ചേര്‍ന്നു. അവിടെ നിന്ന് അമേരിക്കയിലെ എയ്‌സ് അക്കാദമിയില്‍. 1999 ല്‍ ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടന്ന ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ആദ്യ അന്തര്‍ദേശീയമത്സരം. അവിടന്നങ്ങോട്ട് ടെന്നീസ് ചരിത്രത്തിലെ അവളുടെ യാത്ര ആരംഭിക്കുകയായിരുന്നു. ക്രിക്കറ്റിനും ഫുഡ് ബോളിനും വേണ്ടി മാത്രം കായിക പേജിലെ കോളങ്ങള്‍ ഒഴിച്ചിട്ടിരുന്ന മാധ്യമങ്ങളെ ടെന്നീസ് എന്ന ഗെയിമിന് വേണ്ടി സ്‌പേസ് ഒഴിച്ചാടാന്‍ നിര്‍ബ്ധിതരാക്കി ആ പെണ്‍കുട്ടി. പതിനൊന്ന് ഗ്ലാന്‍ഡ് സ്ലാം ഫൈനലുകള്‍ അതില്‍ ആറ്തവണ കീരീടം, ഡബിള്‍സ് റാങ്കിങ്ങില്‍ 91 ആഴ്ചകള്‍ ലോകത്തെ ഒന്നാം നമ്പര്‍ പദവി, മാര്‍ട്ടീന ഹിന്‍ഗിസുമായി കൈകോര്‍ത്തു തുടര്‍ച്ചയായി 44 മത്സരങ്ങള്‍ തോല്‍വിയറിയാതെ മുന്നേറി ചരിത്രമെഴുതിയവള്‍, സിംഗിള്‍സ് റാങ്കിങ്ങില്‍ ആദ്യ നൂറില്‍ എത്തിയ രണ്ടാമത്തെ ഇന്ത്യാക്കാരി, രാജ്യാന്തര ഗെയിംസില്‍ രാജ്യത്തിന് വേണ്ടി ആറ് സ്വര്‍ണ്ണമടക്കം പതിനാലു മെഡലുകള്‍ നേടി രാജ്യത്തിന്റെ ത്രിവര്‍ണ്ണപതാക ഉയരങ്ങളില്‍ എത്തിച്ചവള്‍.. സാനിയ മിര്‍സ 2004 ല്‍ അര്‍ജ്ജുന അവാര്‍ഡ്, 2006 ല്‍ പത്മശ്രീ, 2016 ല്‍ പത്മഭൂഷന്‍ എന്നിവ നല്‍കി രാജ്യം ഇവരെ ആദരിച്ചു. ഇന്ത്യന്‍ കായികമേഖലയില്‍ സ്ത്രീകളുടെ കുതിപ്പിന് ആക്കം കൂട്ടിയ, പ്രചോദനം നല്‍കിയ പെണ്‍കുട്ടി. സ്വപ്നങ്ങളിലേക്കുള്ളയാത്രയില്‍ അവരുടെ നിശ്ചയദാര്‍ഢ്യവും, ലക്ഷ്യബോധം നമുക്ക് ഓരോരുത്തര്‍ക്കും പ്രചോദനമാകട്ടെ - *ശുഭദിനം.*