◾കേരള സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തര്‍ക്കം നിയമയുദ്ധത്തിലേക്ക്. വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്കു മൂന്നു പേരടങ്ങിയ പാനല്‍ സംസ്ഥാന സര്‍ക്കാര്‍ ചാന്‍സലറായ ഗവര്‍ണര്‍ക്കു നല്‍കി. ഗവര്‍ണര്‍ നിയമിച്ച താത്കാലിക വിസി ഡോ. സിസ തോമസിനെ മാറ്റി പുതിയ നിയമനത്തിനു പേരുകള്‍ നിേേര്‍ദശിക്കാമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധിക്കെതിരേ ഗവര്‍ണര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നടപടികളാരംഭിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ വൃന്ദ വി നായര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിന്‍സിപ്പല്‍ ഡോ സതീഷ് കുമാര്‍ എന്നിവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുള്ളത്.
◾ക്രിമിനലുകളുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി തുടരണമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. ഇക്കാര്യത്തില്‍ റാങ്ക് വ്യത്യാസമില്ലാതെ നടപടി ഉണ്ടാകണം. ഇന്നലെ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു ഡിജിപിയുടെ നിര്‍ദേശം. കളങ്കിതര്‍ക്കെതിരെ ഡിഐജിമാരും എസ്.പിമാരും വീഴ്ച വരുത്താതെ നടപടി സ്വീകരിക്കണമെന്നും പൊലീസ് മേധാവി നിര്‍ദേശിച്ചു.
◾ഹൈക്കോടതി ഉത്തരവുകള്‍ ഇനി മലയാളത്തിലും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ രണ്ട് ഉത്തരവുകള്‍ മലയാളത്തില്‍ പുറത്തിറക്കി. രാജ്യത്തെ ഹൈക്കോടതികളില്‍ ആദ്യമായാണ് പ്രാദേശിക ഭാഷയില്‍ ഉത്തരവു പുറത്തിറക്കിയത്. പ്രാദേശിക ഭാഷകളില്‍ ഉത്തരവുകള്‍ ലഭ്യമാക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഹൈക്കോടതികള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു.
◾ഡല്‍ഹി ജലബോര്‍ഡിലെ ഇ പേയ്മെന്റില്‍ തട്ടിപ്പു നടത്തി 20 കോടി രൂപ അപഹരിച്ചതിനു രണ്ടു മലയാളികള്‍ അടക്കം നാലു പേര്‍ പിടിയില്‍. കൊച്ചി സ്വദേശി രാജേന്ദ്രന്‍ നായര്‍, പന്തളം സ്വദേശി അഭിലാഷ് പിള്ള എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഡല്‍ഹി ജല്‍ ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍ നരേഷ് സിംഗിനെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.
◾നിര്‍ബന്ധിച്ച് ഗര്‍ഭപാത്രം നീക്കുന്നതിനെതിരേയുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. ബിഹാര്‍, ചത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പിന്നാക്കക്കാരായ വനിതകളുടെ ഗര്‍ഭപാത്രം നിര്‍ബന്ധിച്ചു നീക്കം ചെയ്യുന്നതിനെതിരേയാണ് ഹര്‍ജി. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാരിനോട് മറുപടി സത്യവാങ്മൂലം നല്‍കാന്‍ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നില്ല.
◾യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു പ്രവര്‍ത്തകര്‍ കളമശേരിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിച്ചാര്‍ജു നടത്തുകയും പലതവണ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. എട്ടു പ്രവര്‍ത്തകര്‍ക്കും നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. അറസ്റ്റിലായവരെ സന്ദര്‍ശിക്കാനെത്തിയ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുള്ളവരെ പൊലീസ് തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളമശേരി പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പോലീസിന്റെ കൈയേറ്റത്തിനെതിരേ ഷാഫി പറമ്പില്‍ നിയമസഭാ സ്പീക്കര്‍ക്കു പരാതി നല്‍കി.
◾കൊല്ലം ചിന്നക്കടയില്‍ മന്ത്രി പി രാജീവിനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സനല്‍ പന്തളം അടക്കം രണ്ടുപേര്‍ക്കു പരിക്കേറ്റു. സമീപത്തെ കടകളില്‍ വില്‍ക്കാന്‍ വച്ചിരുന്ന ലോഹപാത്രങ്ങള്‍ അപഹരിച്ച് ആയുധമാക്കിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ചത്.
◾2017 ല്‍ നടത്തിയ ആര്‍എസ്എസ്- സിപിഎം ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഈ ചര്‍ച്ചയെ തുടര്‍ന്നാണ് ബിജെപി- സിപിഎം സംഘട്ടനം അവസാനിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ബിജെപി വോട്ടുമറിച്ചതും ലാവ്‌ലിന്‍ കേസ് 33 തവണ നീട്ടിവച്ചതും ചര്‍ച്ചയുടെ ഫലമാണെന്ന് സുധാകരന്‍ ആരോപിച്ചു.
◾അടുത്ത ഡിജിപിയാകാന്‍ അഞ്ചു പേരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ തയാറാക്കി. പട്ടിക യുപിഎസ് സിക്കു കൈമാറും. എഡിജിപിമാരായ പത്മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, ടി.കെ. വിനോദ്കുമാര്‍, സഞ്ജീവ് പട്ജോഷി, യോഗേഷ് ഗുപ്ത എന്നിവരാണ് പട്ടികയിലുള്ളത്. ഡിജിപി അനില്‍കാന്ത് ജൂണ്‍ മുപ്പതിനു വിരമിക്കും.
◾സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ റീത്തു വാങ്ങിയയാളെ അറസ്റ്റു ചെയ്തു. കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് പിടികൂടിയത്. നാലു വര്‍ഷത്തിനു ശേഷമാണ് ഈ കേസില്‍ ഒരാളെ അറസ്റ്റു ചെയ്യുന്നത്. മറ്റൊരു പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശബരി ഒളിവിലാണെന്നു പൊലീസ്.
◾മരടില്‍ പൊളിച്ച ഫ്ളാറ്റുകളിലൊന്നായ ഹോളി ഫെയ്ത്തിന്റെ ഉടമകളുടെ വ്യക്തിഗത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ സുപ്രീംകോടതി ഉത്തരവ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കേണ്ട തുക ഇതുവരെ കെട്ടിവയ്ക്കാത്തതിനാലാണ് നടപടി. ഹോളി ഫെയ്ത്ത് കമ്പനിയുടെ സ്വത്തുക്കള്‍ നേരത്തെ ജപ്തി ചെയ്തിരുന്നു.
◾പൂന്താനം ജ്ഞാനപ്പാന പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്കു നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മിറ്റി തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. പുരസ്‌കാര നിര്‍ണയത്തിന് മാനദണ്ഡങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ഉദയംപേരൂര്‍ സൗത്ത് പറവൂര്‍ സ്വദേശി രതീഷ് മാധവന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
◾തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിത്യപൂജയ്ക്കുള്ള സാധനങ്ങള്‍ക്കു ക്ഷാമം. പല ഇനങ്ങളും സ്റ്റോക്കില്ലെന്ന് സ്റ്റോര്‍ കീപ്പര്‍ അറിയിച്ചു. സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ കണ്‍സ്യൂമര്‍ ഫെഡിന് 90 ലക്ഷം രൂപ കൊടുക്കാനുണ്ട്. കുടിശിക തന്നില്ലെങ്കില്‍ സാധനങ്ങള്‍ തരില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചതായി സ്റ്റോര്‍ കീപ്പര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ക്കു കത്ത് നല്‍കി. സാമ്പത്തിക പ്രതിസന്ധിയില്ലെന്നും പ്രശ്നം പരിഹരിച്ചെന്നും ഭരണ സമിതി അംഗം പ്രൊഫ മാധവന്‍ നായര്‍ പറഞ്ഞു.
◾ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് മാര്‍ച്ച് 28 നകം പൊളിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീംകോടതി. നെടിയ തുരുത്ത് ദ്വീപില്‍ നിര്‍മിച്ച കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് 2020 ജനുവരി പത്തിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച കെട്ടിട്ടം പൊളിക്കണമെന്ന ഹൈക്കോടതി വിധി ശരിവയ്ക്കുകയായിരുന്നു.
◾തിരൂരിലെ കൂട്ടായി എംഎംഎം എച്ച്എസ്എസിലെ കംപ്യൂട്ടര്‍ അധ്യാപകന്‍ രാജേഷ് കുമാറിനെതിരായ പോക്സോ കേസ് ഹൈക്കോടതി തള്ളി. 2017 ല്‍ കംപ്യൂട്ടര്‍ ക്ലാസിനിടെ ലാബില്‍ മൗസ് ഉപയോഗിക്കുമ്പോള്‍ കൈയില്‍ സ്പര്‍ശിച്ചെന്നായിരുന്നു പരാതി. തിരൂര്‍ പൊലീസ് അധ്യാപകനെ പിന്നീട് അറസ്റ്റു ചെയ്തിരുന്നു. സ്വകാര്യ ഭാഗത്ത് ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയോ ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാത്തതിനാല്‍ പോക്സോ കേസായി പരിഗണിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതി കേസ് തള്ളിയത്.
◾യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭാ യോഗത്തിനിടെ കൈയാങ്കളി. അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് ഉന്തും തള്ളുമുണ്ടായത്. ഭരണപക്ഷ കൗണ്‍സിലര്‍മാരെ മര്‍ദിച്ച ഡ്രൈവര്‍ മുകേഷിനെ പുറത്താക്കാനുള്ള അജണ്ട വായിക്കുന്നതിനിടെയാണ് എല്‍ഡിഎഫ് അംഗങ്ങള്‍ എതിര്‍പ്പുമായി എഴുന്നേറ്റത്.
◾കരിങ്കൊടി കാണിച്ചതിനിടെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. സംസ്ഥാന സമിതി അംഗം റിജിന്‍ രാജാണ് കൂത്തുപറമ്പ് പൊലീസിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയത്. അഞ്ചരക്കണ്ടിയില്‍ പ്രതിഷേധക്കാരെ ഇടിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
◾നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പൊലീസ് സ്റ്റേഷനിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്ക്. ചുനക്കര കോമല്ലൂര്‍ വെട്ടത്തു പറമ്പില്‍ അനു സജിയുടെ മകന്‍ സിജിന്‍ (16) നാണ് പരിക്കേറ്റത്. സ്റ്റേഷന്റെ നിര്‍മാണ ജോലികള്‍ക്കിടെ കട്ടിംഗ് യന്ത്രത്തില്‍നിന്നും ബ്ലേഡ് തെറിച്ചുവീണാണ് അപകടം. സിജിന്റെ മുഖത്തും വായിലുമായി പതിനാറു സ്റ്റിച്ചുകളിട്ടു. പൊലീസിന്റെ അനാസ്ഥയ്ക്കെതിരേ മുഖ്യമന്ത്രിക്കു പരാതി നല്കി.
◾ജമാഅത്തെ ഇസ്ലാമി - ആര്‍എസ്എസ് ചര്‍ച്ചയെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മുത്തലാക്ക് നിരോധനത്തിനെതിരെ മുഖ്യമന്ത്രി വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗീയ പ്രീണനത്തിനു ശ്രമിക്കുകയാണ്. എം വി ഗോവിന്ദന്റെ യാത്ര വര്‍ഗീയ കലാപമുണ്ടാക്കാനാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
◾ആര്‍എസ്എസുമായി ജമാ അത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയ സംഭവം ഗൗരവമുള്ള വിഷയമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജും പ്രസിഡന്റ് വസീഫും. വിഷയത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇരുവരും ആരോപിച്ചു.
◾കൊടുങ്ങല്ലൂരിനടുത്ത് വെളയനാട് റോഡ് നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് മിക്സിംഗ് യന്ത്രത്തില്‍ കുടുങ്ങി പത്തൊമ്പതുകാരനായ ബിഹാര്‍ സ്വദേശിയായ തൊഴിലാളി മരിച്ചു. വെസ്റ്റ് ചംമ്പാരന്‍ സ്വദേശി വര്‍മ്മാനന്ദ് കുമാര്‍ (19) ആണ് മരിച്ചത്. വര്‍മ്മാനന്ദ് കുമാര്‍ കോണ്‍ക്രീറ്റ് മിക്‌സിംഗ് മെഷീനകത്ത് ജോലി ചെയ്യുന്നതിനിടെ പുറമെനിന്ന് മെഷീന്‍ ഓണ്‍ ചെയ്തതാണ് അപകട കാരണം.
◾20 വര്‍ഷം മുന്‍പ് നടന്ന മുത്തങ്ങ സമരത്തിന്റേയും വെടിവയ്പിന്റേയും ഓര്‍മ പുതുക്കി ഗോത്രജനത. സമരവാര്‍ഷിക പരിപാടിയായ 'നങ്ക തെറെ' (ഞങ്ങളുടെ ആഘോഷം) സാംസ്‌കാരിക ആഘോഷത്തില്‍ മുഖത്തു ചായം പൂശിയാണ് അന്നു കൊല്ലപ്പെട്ടവരുടെ ഉറ്റവരും നാടുവിടേണ്ടിവന്നവരും ബത്തേരിയില്‍ ഒത്തുകൂടിയത്. ആദിശക്തി സമ്മര്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് കവി സുകുമാരന്‍ ചാലിഗദ്ദ ഉദ്ഘാടനം ചെയ്തു.
◾ജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പരസ്യപ്രസ്താവനകള്‍ അരുതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. പത്തനംതിട്ട ജില്ലയിലെ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പു പോരില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
◾പത്തനംതിട്ട ഏനാദിമംഗലത്ത് കൊല്ലപ്പെട്ട സുജാതയുടെ മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. സുജാതയുടെ സംസ്‌കാരത്തിനു ശേഷമാണ് മക്കളായ സൂര്യലാല്‍, ചന്ദ്രലാല്‍ എന്നിവരെ കസ്റ്റഡിയിലെടുത്തത്. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് മുളയങ്കോട് ഉണ്ടായ അക്രമത്തിലെ പ്രതികളാണ് ഇരുവരും.
◾ക്ലാസ് മുറിയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 30 വര്‍ഷം കഠിന തടവിനും 85,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. കൊയിലാണ്ടി പൊക്കിഞ്ഞാരി വീട്ടില്‍ രാധാകൃഷ്ണനെ (56) യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
◾ഇടുക്കിയില്‍ മാസങ്ങളായി നാടു വിറപ്പിക്കുകയും വീടുകളും കടകളും തകര്‍ക്കുകയും ചെയ്യുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവിറക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവിട്ടത്. പിടികൂടി ജിഎസ്എം കോളര്‍ ഘടിപ്പിച്ച് ഉള്‍ക്കാട്ടിലേക്കു വിടാനാണ് പരിപാടി.
◾പാലക്കാട് മലമ്പുഴയില്‍ പുലി രണ്ടു പശുക്കളെ കൊന്നു. ജനവാസ മേഖലയായ കൊല്ലങ്കുന്നിലാണ് ശാന്ത, വീരന്‍ എന്നി ആദിവാസി ദമ്പതികളുടെ തൊഴുത്തിലെ പശുക്കളെ കൊന്നത്. രാത്രി ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് പുലിയെ കണ്ടത്. ബഹളം വയ്ക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തതോടെ പുലി കാട്ടിലേക്കു മറഞ്ഞു.
◾കേബിള്‍ കഴുത്തില്‍ കുരുങ്ങി 11 വയസുകാരന് പരിക്കേറ്റു. കൊച്ചി മുണ്ടന്‍ വേലിയില്‍ ജോസഫ് ബൈജുവിന്റെ മകന്‍ സിയാന്‍ ആണ് പരിക്കേറ്റത്. സൈക്കിളില്‍ പാല്‍ വാങ്ങി വരുമ്പോഴായിരുന്നു അപകടം. താഴ്ന്നു കിടന്ന കേബിളില്‍ സിയാന്റെ കഴുത്ത് കുരുങ്ങി വീഴുകയായിരുന്നു.
◾കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ ട്രയിനില്‍ നിന്ന് 21 ലക്ഷം രൂപ പിടിച്ചു. കാരക്കല്‍ എക്സ്പ്രസിന്റെ എസി കോച്ചില്‍ നിന്നാണു കുഴല്‍പണം കണ്ടെടുത്തത്. പണം കടത്താന്‍ ശ്രമിച്ചയാളെ കണ്ടെത്തിയിട്ടില്ല.
◾ഒരു കോടിയോളം രൂപയുടെ ഒന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതം പാന്റിലും ബനിയനിലും ഉള്‍ഭാഗത്ത് തേച്ചുപിടിപ്പിച്ചു കൊണ്ടുവന്ന വടകര സ്വദേശി മുഹമ്മദ് സഫുവാന്‍ പോലീസിന്റെ പിടിയിലായി. കസ്റ്റംസ് പരിശോധന മറികടന്നു പുറത്തെത്തിയ ഇയാളെ പോലീസാണു പിടികൂടിയത്.
◾സൗദി അറേബ്യയില്‍ പ്രവാസിയും വ്യവസായിയുമായിരുന്ന മലപ്പുറം കോട്ടക്കല്‍ പുതുപ്പറമ്പ് സ്വദേശി ഹംസ പൂക്കയില്‍ (65) നിര്യാതനായി.
◾തൃശൂര്‍ മൃഗശാലയ്ക്കു മുമ്പില്‍ പാര്‍ക്കുചെയ്തിരുന്ന കാറില്‍നിന്ന് ആറു പവന്റെ ആഭരണം മോഷ്ടിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. കുന്നംകുളം പന്നിത്തടം സ്വദേശി റഷീദ് ആണ് പിടിയിലായത്.
◾കൊല്ലത്ത് പങ്കാളിയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. ചിതറ സ്വദേശി സ്മിതയെ മദ്യലഹരിയില്‍ തീ കൊളുത്തിയ സുനില്‍കുമാറിനെ പൊലീസ് പിടികൂടി.
◾വര്‍ക്കലയില്‍ ബസില്‍ യുവതിയോടു മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ അറസ്റ്റു ചെയ്തു. മേല്‍വെട്ടൂര്‍ സ്വദേശിയായ ശ്രീചിത്തിര വീട്ടില്‍ ആദര്‍ശിനെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്.
◾പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററി അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ യശസ് കളങ്കപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രാജ്യ വിരുദ്ധ ശക്തികള്‍ ഇന്ത്യക്കകത്തും പുറത്തും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്നും ജയശങ്കര്‍ ആരോപിച്ചു.
◾പിതൃത്വം സംബന്ധിച്ച തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ ഡിഎന്‍എ പരിശോധന നടത്താവുവെന്ന് സുപ്രീംകോടതി. ഡിഎന്‍എ പരിശോധന നടത്താനുള്ള മാര്‍ഗനിര്‍ദേശവും കോടതി പുറപ്പെടുവിച്ചു. പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഉത്തരവ്.
◾കര്‍ണാടകയില്‍ പരസ്യമായി സമൂഹമാധ്യമങ്ങളില്‍ പോരടിച്ച യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡി രൂപ ഐപിഎസിനെയും രോഹിണി സിന്ദൂരി ഐഎഎസിനെയുമാണു മാറ്റിയത്. ഇരുവര്‍ക്കും പദവികളൊന്നും നല്‍കിയിട്ടില്ല. പരസ്യപ്രതികരണം ചീഫ് സെക്രട്ടറി വിലക്കിയിരുന്നു. ഡി രൂപയുടെ ഭര്‍ത്താവ് മുനിഷ് മൗദ്ഗിലിനെയും സ്ഥലം മാറ്റി.
◾എയര്‍പോര്‍ട്ടിലെത്താന്‍ വൈകി വിമാനം കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍. ഹൈദരാബാദ്-ചെന്നൈ വിമാനത്തിലാണ് ബോംബുണ്ടെന്ന് വിളിച്ചു പറഞ്ഞ തെലങ്കാന വാറങ്കല്‍ സ്വദേശിയായ സൂപ്രണ്ടിംഗ് എന്‍ജിനീയറായിരുന്ന അജ്മീര്‍ ഭദ്രയ്യ (59) ആണ് പിടിയിലായത്.
◾ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായി. വിദേശത്ത് നിന്നു വരുന്ന യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ സിബിഐ ആണ് പിടികൂടിയത്. രണ്ടു കസ്റ്റംസ് സൂപ്രണ്ടുമാര്‍, ഒരു കസ്റ്റംസ് ഇന്‍സ്പെക്ടര്‍, ഹവില്‍ദാര്‍ എന്നീ നാലു പേരെയാണ് അറസ്റ്റു ചെയ്തത്.
◾മധ്യപ്രദേശില്‍ മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകിയതിന് പൂര്‍വ വിദ്യാര്‍ത്ഥി വനിതാ പ്രിന്‍സിപ്പാളിനെ പെട്രോളൊഴിച്ച് തീകൊളുത്തി. ഇന്‍ഡോറിലെ ബി എം കോളജിലെ പ്രിന്‍സിപ്പല്‍ വിമുക്ത വര്‍മയെ (50) 90 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂര്‍വ വിദ്യാര്‍ത്ഥി അശുതോഷ് ശ്രീവാസ്തവയെ പൊലീസ് അറസ്റ്റ് ചെയ്തു.
◾കുവൈറ്റില്‍ അപ്പാര്‍ട്ട്മെന്റിനു മുകളില്‍നിന്ന് ചാടി ജീവനൊടുക്കിയ ഇന്ത്യക്കാരി തമിഴ്നാട് ചിദംബരം കടലൂര്‍ സ്വദേശിനി അഖില കാര്‍ത്തികേയന്‍ (38) ആണെന്നു തിരിച്ചറിഞ്ഞു. ഇവരുടെ രണ്ട് കുട്ടികളെ അപ്പാര്‍ട്ട്മെന്റിനുള്ളിലെ മുറിയില്‍ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി.
◾ബഹറിനിലെ പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് അംഗങ്ങളുടെ ആവശ്യം. ഇതു സംബന്ധിച്ച നിയമനിര്‍മാണ ശുപാര്‍ശ എം.പിമാര്‍ സമര്‍പ്പിച്ചതായി ഗള്‍ഫ് ഡെയിലി ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
◾യുക്രെയ്നിലെ പ്രാദേശിക പ്രശ്നം അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആഗോള പ്രശ്നമാക്കി മാറ്റിയെന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. യുക്രൈനു പിന്നില്‍ പാശ്ചാത്യ രാജ്യങ്ങളാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യുക്രെയിന്‍ സന്ദര്‍ശനത്തിനു പിറകേയാണ് പുടിന്‍ റഷ്യന്‍ പാര്‍ലമെന്റില്‍ ഇങ്ങനെ പ്രതികരിച്ചത്.
◾റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിനു കാന്‍സറും പാര്‍ക്കിന്‍സന്‍സ് അസുഖവും കലശലായെന്നു റിപ്പോര്‍ട്ട്. ബെലാറസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പുടിന്റെ കാലുകള്‍ വിറയ്ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് പുടിന്റെ ആരോഗ്യപ്രശ്നങ്ങള്‍ ചര്‍ച്ചയായത്.
◾ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സയുടെ പ്രൊഫഷണല്‍ കരിയറിന് വിരാമം. 20 വര്‍ഷങ്ങള്‍ നീണ്ട ടെന്നീസ് കരിയറാണ് ഇതോടെ അവസാനിച്ചത്. നേരത്തെ തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്ന സാനിയ ദുബായ് ഡ്യൂട്ടി ഫ്രീ ചാമ്പ്യന്‍ഷിപ്പ് ഡബിള്‍സ് മത്സരത്തില്‍ ഒന്നാം റൗണ്ടില്‍ തന്നെ തോറ്റ് പുറത്താകുകയായിരുന്നു. 2003-ല്‍ കരിയര്‍ ആരംഭിച്ച സാനിയക്ക് ആറ് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുണ്ട്. കോടികണക്കിന് ഇന്ത്യന്‍ വനിതകളേയും പെണ്‍കുട്ടികളേയും പ്രചോദിപ്പിച്ച സാനിയ മിര്‍സ തന്റെ മുപ്പത്തിയാറാം വയസിലാണ് ടെന്നിസില്‍ നിന്ന് പടിയിറങ്ങുന്നത്.
◾ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കിറ്റ് സ്പോണ്‍സര്‍മാരായി ഇനി അഡിഡാസെത്തും. കില്ലര്‍ ജീന്‍സുമായുള്ള കരാര്‍ അവസാനിക്കുന്നതോടെ ജൂണ്‍ മുതല്‍ അഡിഡാസ് ലോഗോയുള്ള ജേഴ്സി ധരിച്ചാവും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങുക. അഞ്ച് വര്‍ഷത്തെ കരാറാണ് അഡിഡാസുമായി ബിസിസിഐ ഒപ്പുവെച്ചിരിക്കുന്നത്.
◾ലൈംഗികാതിക്രമക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ഡാനി ആല്‍വസിന്റെ ജാമ്യാപേക്ഷ സ്പാനിഷ് കോടതി തള്ളി. ജാമ്യത്തില്‍ വിട്ടാല്‍ താരം രാജ്യം വിടാനുള്ള സാധ്യതയുള്ളതിനാല്‍ അന്വേഷണം കഴിയുന്നത് വരെ ജയിലില്‍ കഴിയണമെന്നും കോടതി വ്യക്തമാക്കി.
◾പ്രാഥമിക ഓഹരി വിപണിയില്‍ നിന്ന് 2,300 കോടി രൂപ സമാഹരിക്കാനുള്ള നീക്കത്തില്‍ നിന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് താല്‍കാലികമായി പിന്മാറി. സെബി വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. വിപണിയില്‍ നിന്ന് കൂടുതല്‍ പണം സമാഹരിച്ച് കൂടുതല്‍ ശാഖകള്‍ ആരംഭിക്കുക എന്നതായിരുന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഈ വര്‍ഷം ആദ്യം ഐ.പി.ഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറുകള്‍) യിലൂടെ ഓഹരികള്‍ വിറ്റഴിച്ച് പണം സമാഹരിക്കാനായിരുന്നു തീരുമാനം. വിപണിയിലെ നിലവിലെ മോശം പ്രകടനവും ഐ.പി.ഒയിലൂടെ ഇപ്പോള്‍ നടത്തുന്ന സമാഹരണം ലക്ഷ്യമിട്ട നേട്ടം കൈവരിക്കാന്‍ സാധിക്കാതെ വരുമോ എന്ന ആശങ്കയും പരിഗണിച്ചാണ് പിന്‍മാറാനുള്ള പുതിയ തീരുമാനം. 2002 മാര്‍ച്ചിലാണ് പണം സമാഹരണത്തിനുള്ള നടപടികള്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് പൂര്‍ത്തിയാക്കിയത്. അതേസമയം, ഈ വര്‍ഷം തന്നെ ഐ.പി.ഒ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തല്‍. 11 രാജ്യങ്ങളിലായി 130 ജൂവല്‍റി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്.
◾ബോക്സ് ഓഫീസില്‍ കോടികള്‍ കിലുക്കിയ കാന്തരയുടെ പ്രീക്വലായി എത്തുന്ന 'കാന്താര 2' വില്‍ ബോളിവുഡ് താരം ഉര്‍വശി റൗട്ടേല നായിക. കാന്താര 2 എന്ന അടിക്കുറിപ്പില്‍ കാന്താരയുടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയോടൊപ്പമുള്ള ചിത്രം ഉര്‍വശി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഒരു സിനിമയ്ക്ക് 20 കോടി വരെയാണ് ഉര്‍വശിയുടെ പ്രതിഫലം. ചിരഞ്ജീവി ചിത്രം വാള്‍ട്ടര്‍ വീരയ്യയില്‍ ഒരു ഗാന രംഗത്ത് അഭിനയിക്കാന്‍ രണ്ട് കോടി വാങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കാന്താര 2വില്‍ തന്റെ പ്രതിഫലം ഉര്‍വശി വീണ്ടും കൂട്ടാനാണ് സാധ്യത. അതേസമയം കാന്താരയുടെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ജൂണില്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. കാന്താരയുടെ രണ്ടാംഭാഗമാണ് പ്രേക്ഷകര്‍ കണ്ടതെന്നും ഒന്നാംഭാഗം അടുത്തവര്‍ഷം വരുമെന്നും ഋഷഭ് ഷെട്ടി പറഞ്ഞിരുന്നു. അടുത്തവര്‍ഷം ഏപ്രില്‍- മേയ് മാസത്തില്‍ പാന്‍ ഇന്ത്യന്‍ റിലീസായി കാന്താര 2 എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.
◾കാമ്പുള്ള ഒരു കവിത മനോഹരമായി ചിത്രീകരിച്ച് ഒരു വീഡിയോ രൂപത്തില്‍ ആക്കിയാലോ? അരുണ്‍ യോഗനാഥന്‍ സംവിധാനം ചെയ്തിരിക്കുന്ന 'ഫേഡിംഗ് ഷേഡ്സ'് അത്തരത്തില്‍ ഒന്നാണ്. ജന്‍ഡര്‍ ന്യൂട്രാലിറ്റിയെക്കുറിച്ചും ഡി ജന്ററിംഗ് ഫാഷനെക്കുറിച്ചുമൊക്കെ ആകര്‍ഷകമായി പറയുന്ന വീഡിയോ ഇതിനകം ആസ്വാദകശ്രദ്ധ നേടിയിട്ടുണ്ട്. ഫഹ്‌മിത ഷിരിന്‍ ബി യാണ് കവിത രചിച്ചിരിക്കുന്നത്. എല്‍ജിബിടിക്യു കമ്മ്യൂണിറ്റിയില്‍ പെടുന്ന ഒരു വ്യക്തിയുടെ കഥയാണ് വീഡിയോ ദൃശ്യവല്‍ക്കരിക്കുന്നത്. സമൂഹത്തില്‍ അവര്‍ക്കെതിരെ ഉയരുന്ന കൂവലുകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത്. അക്ഷയ് രാധാകൃഷ്ണനാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. സംവിധായകന്‍ അരുണ്‍ യോഗനാഥന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും ഒപ്പം നിര്‍മ്മാണവും. ജിയോ ബേബിയാണ് ഫേഡിംഗ് ഷേഡ്സ് അവതരിപ്പിച്ചിരിക്കുന്നത്. ഒപിഎം റെക്കോര്‍ഡ്സ് ആണ് കവിതാ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. സിബിയാണ് കവിതയ്ക്ക് സംഗീതം നല്‍കിയിരിക്കുന്നത്.
◾ഒകയ ഇവി പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ഫാസ്റ്റ് എഫ്2എഫ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 83,999 രൂപ പ്രാരംഭ വിലയില്‍ ആണ് വാഹനത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജില്‍ 70 മുതല്‍ 80 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ലോഡിന് അനുസരിച്ച് 55 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും സ്‌കൂട്ടറിന് കഴിയും. ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്കുകളും സ്പ്രിംഗ് ലോഡഡ് ഹൈഡ്രോളിക് റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളും സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡിആര്‍എല്‍ ഹെഡ് ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയുമായാണ് ഇത് വരുന്നത്. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് സിയാന്‍, മാറ്റ് ഗ്രീന്‍, മെറ്റാലിക് ഗ്രേ, മെറ്റാലിക് സില്‍വര്‍, മെറ്റാലിക് വൈറ്റ് എന്നീ 6 നിറങ്ങളില്‍ ഒകായ ഫാസ്റ്റ് എഫ്2എഫ് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്. ഒകായ ഇവി ബാറ്ററിക്ക് രണ്ട് വര്‍ഷവും 20,000 കിലോമീറ്ററും വാറന്റി വാഗ്ദാനം ചെയ്യുന്നു. 10 ഇഞ്ച് ട്യൂബ്ലെസ് ടയറിലാണ് ഇ-സ്‌കൂട്ടര്‍ ഓടുന്നത്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. ഇത് ഇക്കോ, സിറ്റി, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
◾ലോകത്തിതുവരെ ഉണ്ടായ ഏറ്റവും ഉന്നതശീര്‍ഷരായ തത്വചിന്തകരില്‍ ഒരാളായ ഹെഗെല്‍ ഇന്ത്യന്‍ തത്വചിന്തയെ എങ്ങനെ കണ്ടു എന്ന അന്വേഷണമാണ് ഈ കൃതി. ഹെഗെലിന്റെ തത്വചിന്ത, ഇന്ത്യന്‍ ചരിത്രദര്‍ശനം, ഹിന്ദു മതവും ഇന്ത്യയിലെ തത്വചിന്തകളും, സാംഖ്യദര്‍ശനം. ന്യായവൈശേഷികം, ഭഗവദ്ഗീത, സൗന്ദര്യശാസ്ത്രം,ഹിന്ദുകല എന്നിവ ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. 'ഹെഗെലും ഇന്ത്യയിലെ തത്വചിന്തകളും'. വി സി ശ്രീജന്‍. സൈന്‍ ബുക്സ്. വില 465 രൂപ.
◾തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയ്ക്കെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ തലച്ചോറിന്റെ ഘടനയിലും ആരോഗ്യത്തിലും വലിയ സ്വാധീനം വഹിക്കുന്നു. ശരീരത്തിലെ കലോറിയുടെ ഏകദേശം 20 ശതമാനവും ഉപയോഗിക്കുന്നത് മസ്തിഷ്‌കം ആണ്. അതിനാല്‍, തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് നല്ലതാണ്. വിഷാദരോഗം, സ്ട്രോക്ക് എന്നിവ ഒരു പരിധിവരെ തടയുന്നതിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും മത്സ്യം ശീലമാക്കുന്നത് നല്ലതാണ്. കശുവണ്ടി വിറ്റാമിന്‍ ഇയുടെ കലവറയാണ്. ഇത് തലച്ചോറിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. കാബേജ്, കോളിഫ്ളവര്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ശരിയായി നിലനിറുത്തുന്നതിന് ധാന്യങ്ങള്‍ ആവശ്യമാണ്. അതിനാല്‍ അവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഡാര്‍ക്ക് ചോക്കളേറ്റ്, കോഫി, മുട്ട, കപ്പലണ്ടി, അവോക്കാഡോ, സോയ, വാള്‍നെട്ട്, പിസ്ത എന്നീ ഭക്ഷണങ്ങളും കഴിക്കുക. കൂടാതെ ഭക്ഷണത്തിനൊപ്പം കൃത്യമായ ഉറക്കവും വ്യായാമവും ശീലമാക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ബീറ്റ്‌റൂട്ട്, തക്കാളി, മധുരക്കിഴങ്ങ്, മത്തങ്ങ, ക്യാരറ്റ്, സ്പിനാച്ച് തുടങ്ങിയ കടുംനിറമുള്ള പച്ചക്കറികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗത്തിലൂടെ തലച്ചോറിലെ കോശങ്ങള്‍ക്കു ശക്തിയും ആരോഗ്യവും ലഭിക്കുന്നു.
*ശുഭദിനം*
തനിക്ക് കൂടുതല്‍ പ്രബലനാകണം.. അതിനായി രാജാവ് സന്യാസിയെ കാണാന്‍ തീരുമാനിച്ചു. സന്യാസി പറഞ്ഞു: ഇവിടുന്ന് ഒരു നാല്‍പത് കിലോമീറ്റര്‍ മുന്നോട്ട് നടക്കണം. അപ്പോള്‍ അവിടെ വലിയൊരു മരം നില്‍ക്കുന്നുണ്ടാകും. അതൊരു അത്ഭുതമരമാണ്. അതിലെ പഴം തിന്നാല്‍ നിങ്ങള്‍ക്ക് നൂറിരട്ടി ശക്തി ലഭിക്കും. പക്ഷേ, പോകുന്ന വഴിയില്‍ നിങ്ങള്‍ ദുര്‍ഭൂതത്തെ കാണും. അതിനെ അപ്പോള്‍ തന്നെ കൊല്ലണം. യാത്ര ആരംഭിച്ച രാജാവ് അധിക ദൂരമെത്തും മുമ്പേ ഭൂതത്തെ കണ്ടു. ഈര്‍ക്കില്‍ വലുപ്പമുളള അതിനെ കൊല്ലുന്നത് തനിക്ക് തന്നെ നാണക്കേടാണെന്ന് കരുതി രാജാവ് അതിനെ ശ്രദ്ധിക്കാതെ നടന്നു. യാത്രയ്ക്കിടയില്‍ ഇങ്ങനെ പലതവണ ഈ ഭൂതം പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരുന്നു. പക്ഷേ, അപ്പോഴെല്ലാം രാജാവ് ശ്രദ്ധിക്കാത്ത ഒരു കാര്യം സംഭവിക്കുന്നുണ്ടായിരുന്നു. ആ ഭൂതം ഓരോ തവണ പ്രത്യക്ഷപ്പെടുമ്പോഴും വലുപ്പം വെയ്ക്കുന്നുണ്ടായിരുന്നു. അവസാനം മരത്തിനടുത്തെത്തിയപ്പോഴേക്കും ഭൂതം ഭീമാകാര രൂപം പൂണ്ടു. ആ ഭൂതത്തെ കീഴ്‌പ്പെടുത്താന്‍ അദ്ദേഹം നന്നേ കഷ്ടപ്പെട്ടു. മുന്നറിയിപ്പുകളെ ഒരിക്കലും അവഗണിക്കരുത്. ചുവപ്പ് തെളിയുന്നതിന് മുമ്പ് മഞ്ഞവെളിച്ചമുണ്ടാകും. ആകസ്മിക അപകടങ്ങളുടെ സാധ്യത എല്ലാവരുടേയും മുന്നിലുണ്ടാകും. അവയെ യഥാസമയത്ത് തിരിച്ചറിയാനും പക്വതയോടെ തടുക്കാനുമുള്ള വകതിരിവാണ് അനാവശ്യസംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നത്. എല്ലാ പ്രലോഭനങ്ങളേയും പരിഗണിക്കേണ്ടതില്ല. പക്ഷേ, പടര്‍ന്നു പന്തലിക്കാന്‍ സാധ്യതയുളളവയെ വേരോടെ പിഴുതെറിയണം. എല്ലാ പ്രശ്‌നങ്ങളേയും നിസ്സാരവത്കരിക്കുന്നതാണ് തോറ്റുപോകുന്നവരുടെ അടിസ്ഥാന വിഢ്ഢിത്തം. പ്രതിയോഗിയുടെ തത്സമയ വലുപ്പവും കരുത്തുമല്ല, അവ ആര്‍ജ്ജിക്കാന്‍ സാധ്യതയുളള ആകാരവും പ്രാപ്തിയുമാണ് ഇതില്‍ പ്രധാനം. മുന്നറിയിപ്പുകളെ തള്ളാതെ, അവ ആയിരിക്കാന്‍ സാധ്യതയുളള അവസ്ഥകളെ കൂടി മുന്‍കൂട്ടി കാണാന്‍ നമുക്ക് ശ്രദ്ധിക്കാം - ശുഭദിനം.