പ്രഭാത വാർത്തകൾ**_2023 | ഫെബ്രുവരി 21 ചൊവ്വ

◾സാമ്പത്തിക പ്രതിസന്ധിമൂലം സംസ്ഥാന സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി. 10 ലക്ഷത്തിനു മുകളിലുള്ള തുകയ്ക്കു ബില്ല് മാറാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നാണു നിയന്ത്രണം.

◾എറണാകുളം സ്വദേശിനിയായ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ മദ്യപിപ്പിച്ച് കോഴിക്കോട്ട് കൂട്ടബലാല്‍സംഗം ചെയ്തു. സൂഹൃത്തുക്കളായ രണ്ടു പേര്‍ ഒളിവിലാണ്. ശനിയാഴ്ച രാത്രിയാണ് സംഭവം. പീഡനശേഷം പെണ്‍കുട്ടിയെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. കസബ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

◾ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ എം ശിവശങ്കറെ നാലുദിവസത്തേക്കുകൂടി എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ശിവശങ്കറിന്റെ പങ്കാളിത്തത്തിന് ഏറെ വ്യാപ്തിയുണ്ടെന്നും തുടര്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നും ഇഡി വാദിച്ചു.

◾ആര്‍എസ്എസുമായി 2017 ല്‍ ചര്‍ച്ച നടത്തിയ കാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മറക്കരുതെന്ന് ജമാ അത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി. മുജീബ് റഹ്‌മാന്‍. ചര്‍ച്ചയില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണനും പങ്കെടുത്തിരുന്നു. ആര്‍എസുഎസുമായി ഒറ്റയ്ക്കല്ല ജമാ അത്തെ ഇസ്ലാമി ചര്‍ച്ച നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

◾വധശ്രമ കേസില്‍ ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് അംഗീകരിച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവു സ്റ്റേ ചെയ്യണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ആവശ്യം ഇപ്പോള്‍ അംഗികരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ മുഹമ്മദ് ഫൈസലിനു നോട്ടീസ് നല്‍കുമെന്നും കോടതി അറിയിച്ചു.

◾തിരുവനന്തപുരം വിമാനത്താവളത്തില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലെ സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. അറ്റകുറ്റ പണികള്‍ക്കായി റണ്‍വേ അടയ്ക്കുന്നതിനാലാണ് 12.30 മുതല്‍ 4.30 വരെയുള്ള സര്‍വീസുകള്‍ പുനഃക്രമീകരിച്ചത്.

◾ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍. ഷുഹൈബ് വധക്കേസില്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ച് തലശ്ശേരി സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.അജിത്ത് കുമാര്‍ മുഖേന പൊലീസ് ഹര്‍ജി നല്‍കി. 2018 ഫെബ്രുവരി 12 നാണ് ഷുഹൈബിനെ വെട്ടിക്കൊന്നത്.

◾തില്ലങ്കേരിയിലെ പാര്‍ട്ടി, ക്വട്ടേഷന്‍ സംഘമല്ലെന്നു സിപിഎം നേതാവ് പി. ജയരാജന്‍. തില്ലങ്കേരിയിലെ പാര്‍ട്ടി ഈ പ്രദേശത്തെ പ്രവര്‍ത്തകരും നേതാക്കളുമാണ്. ആകാശും കൂട്ടരും അല്ല. പാര്‍ട്ടി ക്വട്ടേഷന്‍ സംഘത്തിനു പിറകേ പോയിട്ടില്ലെന്നും ജയരാജന്‍. തില്ലങ്കേരിയില്‍ സിപിഎം സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുയോഗത്തില്‍ ആകാശിന്റെ അച്ഛന്‍ വഞ്ഞേരി രവിയും പങ്കെടുത്തു. ആകാശിനെ കഴിഞ്ഞ ദിവസം ജാമ്യത്തിലിറക്കിയതു രവിയാണ്.

◾ട്രെയിനില്‍ വനിതാ ടിക്കറ്റ് പരിശോധകയോട് മോശമായി പെരുമാറിയ കേസില്‍ അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡു ചെയ്തത്. കഴിഞ്ഞ മാസമാണ് കോട്ടയം റെയില്‍വേ പൊലീസ് അര്‍ജുന്‍ ആയങ്കിക്കെതിരെ കേസെടുത്തത്.

◾വിവാഹം മുടക്കാന്‍ ശ്രമിച്ചെന്നു സംശയിച്ച് എസ്എഫ്ഐ ഏരിയാ പ്രസിഡന്റിനെ ഡിവൈഎഫ്ഐ ബ്ലോക്ക് ഭാരവാഹി ബൈക്കിടിച്ചു വീഴ്ത്തി മര്‍ദിച്ചു. കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്സണ്‍ പി. ചിന്നുവിനാണു മര്‍ദനമേറ്റത്. അമ്പാടി ഉണ്ണിക്കെതിരേയാണു പരാതി. അമ്പാടി ഉണ്ണിയെ ഡിവൈഎഫ്ഐ പുറത്താക്കി.

◾ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി ഷിബു ബേബി ജോണിനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ സെക്രട്ടറി എ.എ അസീസാണ് ഷിബുവിന്റെ പേരു നിര്‍ദേശിച്ചത്. 'ഇടതുമുന്നണിയില്‍ ഓച്ഛാനിച്ചു നിന്നാല്‍ മാത്രമല്ല ഇടതുപക്ഷമാകുന്നതെന്നും യുഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്നും' സ്ഥാനമേറ്റ ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.

◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു മത്സരമുണ്ടാകുമോയെന്ന് അറിഞ്ഞശേഷം മല്‍സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല. ദേശീയ രാഷ്ട്രീയത്തിലേക്കു പോകില്ല, കേരളത്തില്‍തന്നെ തുടരും. മഹാരാഷ്ട്രാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ദൗത്യം എഐസിസി ഏല്‍പിച്ചതിന് കേരളം വിടുന്നുവെന്ന അര്‍ത്ഥമില്ലെന്നും രമേശ് ചെന്നിത്തല.

◾തിരുവനന്തപുരം നെയ്യാറ്റിന്‍കര ധനുവച്ചപുരം എന്‍എസ്എസ് കോളേജില്‍ പോലീസ് അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ പിടിച്ചുകൊണ്ടുപോയി. അധ്യാപകര്‍ പൊലീസ് സ്റ്റേഷനിലെത്തിയോടെ കസ്റ്റഡിയില്‍ എടുത്ത ഏഴു പേരെയും വിട്ടയച്ചു. പൊലീസ് കോളജില്‍ എത്തിയത് അനുമതി തേടാതെയാണെന്നും പരാതി നല്‍കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

◾ആദായ നികുതി വകുപ്പ് നടന്‍ ഫഹദ് ഫാസിലിന്റെ മൊഴിയെടുത്തു. ഫഹദ് ഫാസിലിന്റെ വീട്ടിലും സ്ഥാപനത്തിലും നേരത്തെ പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് ഫഹദ് ഫാസിലിനെ ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തി മൊഴിയെടുത്തത്.

◾കൊള്ളപ്പലിശക്കാരുടെ കെണിയില്‍ കുടുങ്ങിയാണ് കഴിഞ്ഞ വര്‍ഷം ബഹറിനില്‍ മലയാളി യുവാവ് ആത്മഹത്യ ചെയ്തതെന്നു കുടുംബത്തിന്റെ പരാതി. മലപ്പുറം പള്ളിക്കല്‍ ചേലപ്പുറത്ത് വീട്ടില്‍ രാജീവന്റെ (40) ഭാര്യ പി.എം സിജിഷയാണു അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യയിലും ബഹ്റൈനിലും പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 26 നാണു രാജീവന്‍ മരിച്ചത്.

◾തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിനു മുകളില്‍നിന്നു വീണ് രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിക്കേറ്റു. എം ബി എ വിദ്യാര്‍ത്ഥികളായ അപര്‍ണ (22) സുദേവ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാത്രി ഏഴുമണിയോടെ കെട്ടിടത്തിന്റെ ലിഫ്റ്റിനായി ഒഴിച്ചിട്ട ഭാഗത്തുകൂടി താഴെ വീഴുകയായിരുന്നു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾അവകാശ ലംഘനം നടത്തിയാതായി ആരോപണമുള്ള 12 പ്രതിപക്ഷ എംപിമാര്‍ക്കെതിരേ അന്വേഷണ നടപടികളുമായി രാജ്യസഭാധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍. കോണ്‍ഗ്രസിലെ ഒമ്പതും ആം ആദ്മി പാര്‍ട്ടിയിലെ മൂന്നും എംപിമാര്‍ക്കെതിരേ നടപടിക്ക് പാര്‍ലമെന്ററി സമിതിയോടാണ് ആവശ്യപ്പെട്ടത്. നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കി സഭാ നടപടികള്‍ തടസപ്പെടുത്തിയതിനാണു നടപടി.

◾സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം നിശ്ചയിക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്നു കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയയാണു ഹര്‍ജി നല്‍കിയത്.

◾തമിഴ്നാട്ടില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര രാജന്‍ അടിതെറ്റി വീണു. ഹൈബ്രിഡ് റോക്കറ്റ് ലോഞ്ച് പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു തമിഴിസൈ സൗന്ദരരാജന്‍.

◾കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വോട്ടവകാശം ഉത്തര്‍പ്രദേശ് പിസിസിയില്‍ നിന്ന്. പ്രിയങ്കഗാന്ധി ഡല്‍ഹി പിസിസി പട്ടികയിലാണുള്ളത്. രാജസ്ഥാനിലെ പട്ടികയില്‍ അശോക് ഗലോട്ടിന്റെ വിശ്വസ്തര്‍ പുറത്താണ്. എന്നാല്‍ സച്ചിന്‍ പൈലറ്റിന്റെ വിശ്വസ്തരായ മൂന്നു പേര്‍ പട്ടികയിലുണ്ട്.

◾ന്യൂയോര്‍ക്കില്‍നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള നോണ്‍ സ്റ്റോപ്പ് എയര്‍ ഇന്ത്യ വിമാനം യാത്രക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ ലണ്ടനില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. 350 യാത്രക്കാരാണു വിമാനത്തിലുണ്ടായിരുന്നത്.

◾പുതുതായി നിര്‍മിച്ച ബെംഗളുരു - മൈസുരു അതിവേഗ പാതയുടെ ഇരുവശത്തുമുള്ള പ്രദേശങ്ങളിലേക്കു പോകാന്‍ സര്‍വീസ് റോഡ് ആവശ്യപ്പെട്ട് അതിവേഗപാത ഉപരോധിച്ചവര്‍ക്കെതിരേ ലാത്തിച്ചാര്‍ജ്. കര്‍ഷകരും നാട്ടുകാരുമാണു റോഡ് ഉപരോധിച്ചത്.

◾തുര്‍ക്കിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി തിരിച്ചെത്തിയ ഇന്ത്യന്‍ ദുരന്തനിവാരണ സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. സംഘാംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

◾രാജ്യത്ത് മാസ്‌ക് ഒഴിവാക്കാനായത് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സീന്‍ ഉറപ്പാക്കിയതുകൊണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. അമേരിക്കയില്‍ ജോ ബൈഡന്‍ ഇപ്പോഴും മാസ്‌ക് ധരിക്കുന്നു. അമേരിക്കയില്‍ 67 ശതമാനം പേര്‍ക്കു മാത്രമാണ് വാക്സീന്‍ കിട്ടിയതെന്നും ജെപി നദ്ദ പറഞ്ഞു. കര്‍ണാടക ഉഡുപ്പിയില്‍ തെരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു നദ്ദ.

◾മുഖ്യമന്ത്രി സ്ഥാനം കിട്ടാന്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ കാലില്‍ വീണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾വീട്ടില്‍ അപൂര്‍വയിനം തത്തയെ വളര്‍ത്തിയ തമിഴ് ഹാസ്യ നടന്‍ റോബോ ശങ്കറിന് അഞ്ചു ലക്ഷം രൂപ പിഴ. തമിഴ്നാട് വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയാണ് പിഴ ചുമത്തിയത്. യൂട്യൂബ് ചാനലിലൂടെ വീട് പരിചയപ്പെടുത്തുന്ന ഹോം ടൂര്‍ വീഡിയോയില്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് അലക്സാന്‍ഡ്രൈന്‍ തത്തകളേയും കാണിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ചിലര്‍ നല്‍കിയ പരാതിയിലാണ് നടപടി.

◾ലുഡോ ഗെയിം കളിച്ച് ഉത്തര്‍പ്രദേശിലെ യുവാവുമായി പ്രണയത്തിലായി വിവാഹം കഴിക്കാന്‍ നേപ്പാള്‍ വഴി എത്തിയ പാക്കിസ്ഥാന്‍കാരിയായ പത്തൊമ്പതുകാരി ഇഖ്റയെ പാക്കിസ്ഥാനിലേക്കു തിരിച്ചയച്ചു. വിസയും യാത്രാരേഖകളുമില്ലാതെയാണ് ഇഖ്റ ഇവിടെയെത്തി 26 കാരനായ മുലായം സിംഗ് യാദിവുമൊത്തു താമസം ആരംഭിച്ചത്.

◾ബുക്ക് ചെയ്ത ഐ ഫോണിനു നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയ ഇരുപതുകാരന്‍ കര്‍ണാടകയിലെ ഹാസനില്‍ അറസ്റ്റിലായി. കൊലപാതകത്തിനുശേഷം മൃതദേഹം ഇരുചക്രവാഹനത്തില്‍ കൊണ്ടുപോയ സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചു. ക്യാഷ് ഓണ്‍ ഡെലിവറി വ്യവസ്ഥയില്‍ ഫോണ്‍ എത്തിച്ച ഫ്ളിപ്കാര്‍ട്ട് ഡെലിവറി ഏജന്റ് ഹേമന്ത് നായിക് എന്ന 23 കാരനാണ് കൊല്ലപ്പെട്ടത്. ഹേമന്ത് ദത്തയാണു പിടിയിലായത്.

◾വിവാഹേതര ബന്ധം ചോദ്യം ചെയ്തതിനു ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കഷ്ണങ്ങളായി ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവതിയും കാമുകനും അറസ്റ്റിലായി. ഭര്‍ത്താവ് അമര്‍ജ്യോതി ഡേ, ഭര്‍തൃമാതാവ് ശങ്കരി ഡേ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യ ബന്ദന കലിതയും കാമുകനായ ധന്‍ജിത് ദേകയുമാണു പിടിയിലായത്. ഏഴു മാസം മുമ്പാണ് സംഭവം. മൃതദേഹം കഷ്ണങ്ങളാക്കി മൂന്നു ദിവസം ഫ്രിഡ്ജില്‍ സൂക്ഷിച്ചശേഷം ചിറാപുഞ്ചിയില്‍ കൊണ്ടുപോയി പലയിടത്തായി വലിച്ചെറിഞ്ഞെന്നാണു പൊലീസ് പറയുന്നത്.

◾മരണത്തില്‍നിന്ന് പിഞ്ചുകുഞ്ഞിനു പുതുജീവന്‍. ഡല്‍ഹി ലോക്നായക് ജയപ്രകാശ് നാരായണ്‍ ആശുപത്രിയില്‍ മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയ നവജാത ശിശുവിനെ പെട്ടിയിലാക്കി വീട്ടുകാര്‍ക്കു കൈമാറി. സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഞ്ഞിനു ജീവനുണ്ടെന്നു മനസിലായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾അദാനി ഗ്രൂപ്പിന് വായ്പ നല്‍കുന്നത് തുടരുമെന്ന് പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ലോകത്തിലെ ഏറ്റവും വലിയ ചേരി പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ഒരു പ്രോജക്ടിന് ഉള്‍പ്പെടെ അദാനി ഗ്രൂപ്പിന് അധിക പണം അനുവദിക്കുമെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ സഞ്ജീവ് ചദ്ദ പറഞ്ഞു.

◾അപ്രതീക്ഷിതമായി യുക്രൈന്‍ സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇതോടെ യുദ്ധത്തില്‍ യുക്രൈന് അമേരിക്ക പരസ്യ പിന്തുണ പ്രഖ്യാപിച്ചു. യുക്രൈന്‍ തലസ്ഥാനമായ കീവിലാണ് ബൈഡന്‍ എത്തിയത്. യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി ബൈഡന്‍ കൂടിക്കാഴ്ചയും നടത്തി.

◾തുര്‍ക്കിയെയും സിറിയയെയും നടുക്കി വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇരു രാജ്യങ്ങളിലൂം കൂടുതല്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. ഇരു രാജ്യങ്ങളുടേയും അതിര്‍ത്തിയിലാണ് ഭൂചലനമുണ്ടായത്.

◾അലഞ്ഞു തിരിയുന്ന പശുക്കളെ വെടിവച്ചു കൊല്ലാന്‍ അമേരിക്കയിലെ ന്യൂമെക്‌സിക്കോ സംസ്ഥാനത്തെ ഗില മേഖലയിലെ ഭരണകൂടം. അലഞ്ഞു തിരിയുന്ന നൂറ്റമ്പതോളം പശുക്കളെ കൊല്ലാനാണ് അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

◾അയര്‍ലണ്ടിനെ 5 റണ്‍സിന് തോല്‍പിച്ച ഇന്ത്യ വനിതാ ട്വന്റി 20 ലോകകപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത അയര്‍ലന്‍ഡ് 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളി തടസപ്പെടുത്തിയത്.

◾ഇന്ത്യയില്‍ നിന്നുള്ള തേയില കയറ്റുമതി 2022 ജനുവരി-നവംബറില്‍ 18 ശതമാനം ഉയര്‍ന്നു. ലേലവില ഇക്കാലയളവില്‍ കിലോയ്ക്ക് 7 രൂപവരെ വര്‍ദ്ധിച്ചു. 200 ദശലക്ഷം കിലോയാണ് ജനുവരി-നവംബറില്‍ കയറ്റുമതി ചെയ്തത്. 2021 ജനുവരി-ഡിസംബറിലെ കയറ്റുമതി 176.53 ദശലക്ഷം കിലോഗ്രാമായിരുന്നു. 2022 ഡിസംബറിലെ കണക്കുകൂടി ലഭിക്കുമ്പോഴേക്കും കയറ്റുമതി 230 ദശലക്ഷം കിലോ കവിഞ്ഞിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മുന്‍വര്‍ഷങ്ങളില്‍ കുറഞ്ഞവില, ഉയര്‍ന്ന ഉത്പാദനച്ചെലവ് എന്നിവമൂലം പ്രതിസന്ധിയിലായിരുന്ന മേഖലയ്ക്ക് 2022 സമ്മാനിച്ചത് മികച്ചനേട്ടമാണ്. 2022ലെ മൊത്തം ഉത്പാദനത്തില്‍ 90 ശതമാനവും സി.ടി.സി ഇനമായിരുന്നു. ഓര്‍ത്തഡോക്‌സ് ഇനം 10 ശതമാനമേയുള്ളൂ. ഓര്‍ത്തഡോക്‌സ് ഇനത്തിനാണ് കയറ്റുമതിയില്‍ കൂടുതല്‍ ഡിമാന്‍ഡും വിലയും.അതേസമയം, ഇന്ത്യയിലെ ആളോഹരി തേയില ഉപഭോഗം 850 ഗ്രാമാണ്. ഇത് ഉയരേണ്ടതും തേയിലമേഖലയ്ക്ക് അനിവാര്യമാണ്.

◾ആന്‍ഡ്രിയ ജെറെമിയ നായികയായെത്തുന്ന ഹൊറര്‍ ത്രില്ലര്‍ 'നോ എന്‍ട്രി'യുടെ ട്രെയിലര്‍ എത്തി. വൈറസ് ബാധിച്ച നായകളുടെ ഇടയില്‍ പെട്ടുപോകുന്ന ഒരുകൂട്ടം ആളുകളുടെ കഥയാണ് ചിത്രം പറയുന്നത്. നായ കടിക്കുന്ന ആള്‍ സോംബിയായി മാറുന്നു. ഈ അപകടത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഒരു ടീമിന്റെ നേതാവായി ആന്‍ഡ്രിയ ചിത്രത്തിലെത്തുന്നു. ആദവ് കണ്ണദാസന്‍, രണ്യ റാവു, മനസ്, ജാന്‍വി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. അന്തരിച്ച നടന്‍ പ്രതാപ് പോത്തന്‍ അവസാനമായി അഭിനയിച്ച തമിഴ് ചിത്രം കൂടിയാണിത്. ആര്‍. അളകുകാര്‍ത്തിക് ആണ് സംവിധാനം. സംഗീതം അജേഷ്. ഛായാഗ്രണം രമേശ് ചക്രവര്‍ത്തി. എഡിറ്റിങ് പ്രദീപ് രാഘവ്.

◾പൃഥ്വിരാജ്-ഷാജി കൈലാസ് മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ചിത്രം 'കടുവ' തമിഴിലേക്ക്. മാര്‍ച്ച് 3ന് തമിഴില്‍ മൊഴിമാറ്റം ചെയ്ത് കടുവ എത്തും. 50 കോടിയിലധികം കളക്റ്റ് ചെയ്ത സിനിമ തമിഴിലും മുന്നേറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നായിരുന്നു സിനിമയുടെ നിര്‍മ്മാണം. പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ മലേഷ്യന്‍ കമ്പനി മൂന്ന് കോടി കൈക്കൂലി വാഗ്ദാനം ചെയ്തതായി സിനിമയില്‍ പറയുന്നുണ്ട്. സകല മേഖലയിലും അഴിമതി നിറഞ്ഞ മലേഷ്യയുടെ നേര്‍ചിത്രമാണ് സിനിമയില്‍ തെളിയുന്നതെന്ന തരത്തിലും, ഈ പരാമര്‍ശം രാജ്യത്തിന്റെ അന്തസ് ഇടിക്കുകയാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സിനിമ മലേഷ്യയില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ 7ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഓഗസ്റ്റ് 4ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ആമസോണ്‍ പ്രൈമിലാണ് ചിത്രം എത്തിയത്. ജിനു വി. എബ്രഹാമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വിവേക് ഓബ്‌റോയ്, സംയുക്ത എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്.

◾പുതുവര്‍ഷത്തിലും ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ മുന്നേറ്റം തുടര്‍ന്ന് കേരളം. പരിവാഹന്‍ രജിസ്ട്രേഷന്‍ കണക്കുകള്‍ പ്രകാരം, 2023 ജനുവരിയില്‍ മാത്രം 5,207 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തില്‍ എത്തിയത്. മുന്‍ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് ജനുവരിയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നിട്ടുള്ളത്. ഫെബ്രുവരി മാസത്തില്‍ ആദ്യത്തെ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും 2,297 ഇലക്ട്രിക് വാഹനങ്ങളാണ് കേരളത്തിന്റെ നിരത്തുകളില്‍ എത്തിയത്. ഈ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഫെബ്രുവരിയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ജനുവരിയിലെ കണക്കുകളെ മറികടക്കാന്‍ സാധ്യതയുണ്ട്. ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 2021- നേക്കാള്‍ 454 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ച 2022- ല്‍ ഉണ്ടായിട്ടുണ്ട്. 2021- ല്‍ 8,706 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചതെങ്കില്‍, 2022- ല്‍ ഇത് 39,525 യൂണിറ്റായാണ് കുതിച്ചുയര്‍ന്നത്. 2022- ല്‍ ദേശീയ തലത്തിലും ഇലക്ട്രിക് വാഹന വില്‍പ്പന ഉയര്‍ന്നിട്ടുണ്ട്. 10 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്.

◾കൃത്രിമസത്യങ്ങളും നുണകളും കൊണ്ടുള്ള നവ ഗീബല്‍സിയന്‍-സൈബര്‍ തന്ത്രങ്ങളാല്‍ സോഷ്യല്‍മീഡിയകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയവിജയങ്ങളെക്കുറിച്ചുള്ള സത്യാനന്തര കുമാരന്‍, മൂക്കിനുതാഴെ വളര്‍ന്നുപെരുകുന്ന ഉശിരന്‍ രോമങ്ങളാല്‍ ആള്‍ക്കൂട്ടങ്ങള്‍ക്കുമുന്നില്‍ പരിഹാസപാത്രമായിത്തീരുന്ന മുയല്‍ക്കുഞ്ഞി സുമയിലൂടെയും അവളെ പെണ്‍കരുത്തിന്റെ വഴികളിലൂടെ നടത്തുന്ന മിടുക്കത്തി രാജിയിലൂടെയും പുതിയ കാലത്തെ സ്ത്രീയെ പുത്തനായി വ്യാഖ്യാനിക്കുന്ന മീശപിരിച്ചവള്‍, ഒരു തലമുറയെയപ്പാടെ സ്വന്തം ഇച്ഛകള്‍ക്കുവേണ്ടി രൂപകല്പന ചെയ്‌തെടുക്കാനുള്ള മത-കോര്‍പ്പറേറ്റ് അധികാരകേന്ദ്രങ്ങളുടെ മാരകമായ ദീര്‍ഘകാലപദ്ധതിയെപ്പറ്റിയുള്ള ചേന എന്നിവയുള്‍പ്പെടെ പത്തു രചനകള്‍. 'സത്യാനന്തര കുമാരന്‍'. അമല്‍. മാതൃഭൂമി ബുക്സ്. വില 218 രൂപ.

◾രക്തത്തിലെ ഒരു പ്രധാനഘടകമാണ് പ്ലേറ്റ്ലെറ്റുകള്‍. മുറിവ് പറ്റിയാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നത് ഈ ചെറുകോശങ്ങളാണ്. പ്ലേറ്റ്‌ലറ്റിന്റെ കൗണ്ട് കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ ചില ഭക്ഷണങ്ങള്‍ സഹായിക്കും. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ആരോഗ്യകരമായ കോശവിഭജനത്തിന് വളരെ പ്രധാനമായേക്കാവുന്ന വിറ്റാമിന്‍ ബി 9 അല്ലെങ്കില്‍ ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ഓറഞ്ച് ജ്യൂസ്, ചീര, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പ്ലേറ്റ്ലെറ്റിന്റെ കൗണ്ട് കൂട്ടാന്‍ സഹായിക്കും. മുട്ട, പച്ച ഇലക്കറികള്‍, കരള്‍, മാംസം, കാബേജ് തുടങ്ങിയവ കഴിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. രക്തകോശങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ വിറ്റാമിന്‍ ബി 12 സഹായിക്കും. വിറ്റാമിന്‍ ബി 12 സാധാരണയായി മുട്ട, പാല്‍, ചീസ് തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്നു. ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ ഉത്പാദനത്തെ ഇരുമ്പ് പ്രോത്സാഹിപ്പിക്കുന്നു. മത്തങ്ങ വിത്തുകള്‍, മാതളനാരങ്ങ, പയര്‍, ഇലക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുക. വിറ്റാമിന്‍ സി സമ്പന്നമായ ഭക്ഷണം പ്ലേറ്റ്‌ലെറ്റിന്റെ പ്രവര്‍ത്തനത്തെ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. ഇരുമ്പ് ആഗിരണം ചെയ്യാനും ഇത് ശരീരത്തെ സഹായിക്കുന്നു. മാമ്പഴം, ബ്രോക്കോളി, പൈനാപ്പിള്‍, തക്കാളി, കുരുമുളക്, കോളിഫ്‌ളവര്‍, നെല്ലിക്ക എന്നിവ കഴിക്കുന്നത് നല്ലതാണ്. വീറ്റ് ഗ്രാസ് രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഉയര്‍ത്താന്‍ സഹായിക്കുമെന്ന് 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് യൂണിവേഴ്സല്‍ ഫാര്‍മസി ആന്‍ഡ് ലൈഫ് സയന്‍സ' സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു കപ്പ് വീറ്റ് ഗ്രാസ് ജ്യൂസില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുന്നത് രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് വര്‍ദ്ധിപ്പിക്കും.

*ശുഭദിനം*