◾സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ രണ്ടായിരം കോടി രൂപ കടമെടുക്കുന്നു. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കമ്പനി വഴി വായ്പയെടുത്ത് പെന്‍ഷന്‍ നല്‍കാനും ബാക്കി തുക നിത്യ ചെലവുകള്‍ക്കു വിനിയോഗിക്കാനുമാണു പരിപാടി.
◾ഒപ്പിടാതെ മാറ്റിവച്ച ബില്ലുകളില്‍ മാസങ്ങള്‍ക്കു മുമ്പേ സര്‍ക്കാരിന്റെ വിശദീകരണം തേടിയെങ്കിലും മറുപടി ലഭിച്ചില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധിപ്പെട്ട് ഹൈക്കോടതി ഉത്തരവു ലഭിച്ചിട്ടില്ല. അതിനാല്‍ നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾കെഎസ്ആര്‍ടിസിയില്‍ മാസം 240 കോടി രൂപയുടെ വരുമാനമുണ്ടാക്കണമെന്ന ലക്ഷ്യം പ്രഖ്യാപിച്ച് മാനേജുമെന്റ്. നിലവില്‍ 200 കോടി രൂപയാണ് ശരാശരി വരുമാനം. ശമ്പളവും പെന്‍ഷനും അടക്കമുള്ള ചെലവുകള്‍ക്കായി മാസം 240 കോടി രൂപ കണ്ടെത്തണം.
◾എരുമേലി സ്വദേശിനി ജസ്നയുടെ തിരോധാനം സംബന്ധിച്ച് തടവുപുള്ളിയില്‍നിന്നു നിര്‍ണായക വിവരം ലഭിച്ചെന്നു സിബിഐ. അഞ്ചു വര്‍ഷം മുമ്പു കാണാതായ ജസ്നയെക്കുറിച്ച പഴയ സഹതടവുകാരന്‍ തന്നോടു പറഞ്ഞിരുന്നതായി പോക്സോ കേസിലെ തടവുകാരന്‍ മൊഴി നല്‍കി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണു സിബിഐ.
◾കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ സിപിഎം നടത്തുന്ന ജനകീയ പ്രതിരോധ യാത്ര ഇന്നാരംഭിക്കും. വൈകുന്നേരം നാലരയ്ക്കു കാസര്‍കോട്ടെ മഞ്ചേശ്വരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന യാത്രയെ പതിനായിരത്തോളം പേര്‍ അനുഗമിക്കും.
◾ജിഎസ്ടി നഷ്ടപരിഹാരം കേരളത്തിനു ലഭ്യമാക്കാന്‍ ലോക്സഭയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനോട് താന്‍ ഉന്നയിച്ച ചോദ്യം സിപിഎമ്മും ധനമന്ത്രി ബാലഗോപാലനും ബിജെപിക്ക് അനുകൂല രാഷ്ട്രീയമാക്കിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി. തന്റെ ഇടപെടല്‍കൊണ്ടുകൂടിയാണ് സംസ്ഥാനത്തിന് ഇപ്പോള്‍ കുടിശിക അനുവദിച്ചത്. പക്ഷേ സിപിമ്മുകാര്‍ തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
◾മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുന്നിടത്തെല്ലാം കറുപ്പിനു വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത ഷര്‍ട്ടു ധരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ പരിപാടിയിലാണ് മന്ത്രി കറുത്ത ഷര്‍ട്ടു ധരിച്ച് എത്തിയത്. വിദ്യാര്‍ത്ഥികളോടു കറുത്ത വസ്ത്രമോ കറുത്ത മാസ്‌കോ ധരിക്കരുതെന്ന് കോളജ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
◾കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള മാനേജ്‌മെന്റിന്റെ നീക്കത്തിനു പിന്നില്‍ നിഗൂഡ അജണ്ടയുണ്ടെന്ന് സിഐടിയു വൈസ് പ്രസിഡന്റ് എകെ ബാലന്‍. മന്ത്രി ആന്റണി രാജുവിന്റെ നിലപാട് ഇടതുവിരുദ്ധമാണെന്നും ബാലന്‍ കുറ്റപ്പെടുത്തി.
◾കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിപഠനത്തിന് ഇസ്രായേലിലേക്കു പോയ കര്‍ഷകസംഘത്തിലെ ബിജു കുര്യന്‍ മുങ്ങിയ സംഭവത്തില്‍ നടപടിയെടുക്കുമെന്നു കൃഷിമന്ത്രി പി. പ്രസാദ്. വിശദമായ പരിശോധനക്കു ശേഷമാണ് സംഘത്തിലേക്കു കര്‍ഷകരെ തെരഞ്ഞെടുത്തത്. മുങ്ങിയ ബിജു കുര്യനെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. ഇതേസമയം, താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും ബിജു കുര്യന്‍ വീട്ടിലേക്കു വിളിച്ച് അറിയിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.
◾പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പു കേസില്‍ നജീബ് കാന്തപുരം എംഎല്‍എ സുപ്രീംകോടതിയിലേക്ക്. എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്.
◾വീട് പാട്ടത്തിനു നല്‍കാമെന്നു പരസ്യം നല്‍കി ലക്ഷങ്ങള്‍ തട്ടിയയാള്‍ പിടിയില്‍. ശാസ്തമംഗലം പൈപ്പിന്‍മൂട് സ്വദേശി ശ്രീകുമാരന്‍ തമ്പിയെയാണു പേരൂര്‍ക്കട പൊലിസ് അറസ്റ്റ് ചെയ്തത്.
◾മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും കരുതല്‍ തടങ്കിലിലാക്കുന്നതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ കറുപ്പു പേടി കാരണം നാട്ടില്‍ മുസ്ലീം സ്ത്രീകള്‍ക്കു ഹിജാബ് ധരിക്കാന്‍ കഴിയുന്നില്ല. കറുത്ത വസ്ത്രം ധരിച്ച് പുറത്തിറങ്ങുന്ന പുരുഷന്‍മാരെ പൊലീസ് ഓടിച്ചിട്ടു പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
◾ഒരു മാസത്തിനിടെ തങ്ങളിലൊരാള്‍ കൊല്ലപ്പെടുമെന്ന് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്ബുക്കില്‍ കുറിച്ചു. കൊലപാതകത്തിന്റെ പാപക്കറ സിപിഎമ്മിനു മേല്‍കെട്ടി വച്ച് വേട്ടയാടരുത്. രാഷട്രീയ മുതലെടുപ്പിനായി ആര്‍എസ്എസ് ശ്രമിക്കുന്നുണ്ട്. പാര്‍ട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ജിജോ തില്ലങ്കേരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
◾നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിച്ച ഡീസലില്‍ വെട്ടിപ്പ്. 15,000 ലിറ്റര്‍ ഡീസല്‍ എത്തിച്ചപ്പോഴാണ് 1000 ലിറ്ററിന്റെ കുറവു കണ്ടെത്തിയത്.
◾സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മര്‍ദ്ദിച്ച സിപിഐ കായംകുളം ചിറക്കടവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷമീര്‍ റോഷനും കുടുംബാംഗങ്ങള്‍ക്കുമെതിരെ കായംകുളം പൊലീസ് കേസെടുത്തു. ഭാര്യ ഇഹ്സാന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഷമീര്‍ റോഷന്‍ ഒളിവിലാണ്.
◾500 കിലോ തൂക്കമുള്ള കൂറ്റന്‍ മല്‍സ്യത്തെ വലയില്‍ കുരുക്കി പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍. ഔക്കല ഫൈബര്‍ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് 'കട്ട കൊമ്പന്‍' എന്ന ഭീമന്‍ മല്‍സ്യത്തെ വലയിലാക്കി കരയില്‍ എത്തിച്ചത്.
◾കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച ഏഴ് കെഎസ്യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച മൂന്നു യുവമോര്‍ച്ച പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
◾മൂന്നുമാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. അട്ടക്കുളങ്ങര ശ്രീവള്ളിയില്‍ ദേവിക(24)യാണു മരിച്ചത്. ഭര്‍ത്താവ് ഗോപീകൃഷ്ണന്‍ (31) പിടിയിലായി.
◾പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പണം തട്ടിയെടുക്കുകയും ചെയ്ത ബസ് ഡ്രൈവര്‍ പിടിയില്‍. പരവൂര്‍ ഒഴുകുപാറ സ്വദേശി സതീഷ് കുമാറിനെയാണ് ചാത്തന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
◾തിരുവനന്തപുരം കിളിമാനൂരില്‍ 12 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസിലെ പ്രതി ചടയമംഗലം സ്വദേശി സുരേഷ് കുമാറിനെ (56) പോലീസ് അറസ്റ്റു ചെയ്തു.
◾പാലക്കാട് കാഞ്ഞിരപ്പുഴയില്‍ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു. വെള്ളത്തോട് ആദിവാസി കോളനിയിലെ ചന്ദ്രന്റെ ഭാര്യയാണ് ആശുപത്രിയിലേക്കു പോകവേ പ്രസവിച്ചത്.
◾പ്രണയ നൈരാശ്യത്തെകുറിച്ചു കളിയാക്കിയതിന് യുവാവ് സഹോദരങ്ങളെ ചുറ്റികകൊണ്ട് അടിച്ചു. ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുല്‍ ഹാഫിയാണ് ബന്ധുക്കളെ അടിച്ച് പരിക്കേല്‍പ്പിച്ചത്. സഹോദരന്മാരുടെ ഭാര്യമാര്‍, സഹോദരി എന്നിവരെയാണ് ആക്രമിച്ചത്.
◾പരിയാരം കോരന്‍പീടികയില്‍ അച്ഛന്റെ വെട്ടേറ്റ് മകനു ഗുരുതര പരുക്ക്. കോരന്‍പീടികയിലെ ഷിയാസ്(19) നാണു വെട്ടേറ്റത്. പിതാവ് അബ്ദുല്‍ നാസര്‍ മുഹമ്മദിനെ(51) പോലീസ് തെരയുന്നു.
◾ലോട്ടറി മാഫിയാത്തലവന്‍ സാന്റിയാഗോ മാര്‍ട്ടിന്‍ എയറോസ്പേസ് രംഗത്തേക്ക്. മാര്‍ട്ടിന്‍ ഫെഡറേഷന്‍ നേതൃത്വം നല്‍കുന്ന സ്വകാര്യ സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം തമിഴ്നാട്ടിലെ മഹാബലിപുരത്ത് നടന്നു. സ്പേസ് സ്റ്റാര്‍ട്ടപ്പായ സ്പേസ് സോണ്‍ ഇന്ത്യയുമായും ഡോ. എപിജെ അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായും സഹകരിച്ചാണു വിക്ഷേപണം.
◾മൂന്നു വര്‍ഷത്തിനകം ഇന്ത്യ ലോകത്തെ ടെലികോം ടെക്‌നോളജി കയറ്റുമതി രാജ്യമാകുമെന്ന് കമ്മ്യൂണിക്കേഷന്‍സ് മന്ത്രി അശ്വിനി വൈഷ്ണവ്. ഫൈവ് ജി ടെക്‌നോളജികളിലൂടെ ഇന്ത്യ മികവു തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
◾ബിജെപി ദേശീയ സെക്രട്ടറിയും കര്‍ണാടകത്തിലെ നേതാവുമായ സി.ടി രവിയുടെ അടുത്ത അനുയായി എച്ച്.ഡി തിമ്മയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ചിക്കമഗളുരുവിലെ ലിംഗായത്ത് നേതാവായ തിമ്മയ്യ പാര്‍ട്ടി വിട്ടത്. ബിജെപിയില്‍നിന്ന് ഇനിയും ചില നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് എത്തുമെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞു.
◾വിലക്ക് ലംഘിച്ചു റാലി നടത്തിയതിന് ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെതിരെ ആന്ധ്ര പോലീസ് കേസെടുത്തു. അനപാര്‍തിയില്‍ നായിഡുവിന്റെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് വന്‍സംഘര്‍ഷമുണ്ടായിരുന്നു. പൊലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്താണ് ടിഡിപി പ്രവര്‍ത്തകര്‍ റാലി നടത്തിയത്. അതേസമയം, വന്‍ റാലികളില്ലാതെ വീടുവീടാന്തരം കയറിയുള്ള പ്രചാരണപരിപാടിയാണ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി ആസൂത്രണം ചെയ്തിരിക്കുന്നത്.
◾ക്രൈസ്തവര്‍ക്കെതിരെ അസഹിഷ്ണുതയും അക്രമങ്ങളും വര്‍ധിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ല. 79 ക്രിസ്ത്യന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കൊല്ലം ക്രിസ്ത്യന്‍ പള്ളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ 1198 ആക്രണങ്ങള്‍ ഉണ്ടായെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആരോപിച്ചു.
◾പശുക്കടത്ത് ആരോപിച്ച് ചുട്ടുകൊന്ന യുവാക്കളെ മര്‍ദിച്ച ജനക്കൂട്ടം ഹരിയാനയിലെ ജിര്‍ക്ക പൊലീസ് പോലീസ് സ്റ്റേഷനില്‍ നേരത്തെ എത്തിച്ചിരുന്നെങ്കിലും പോലീസ് വിട്ടയച്ചതോടെയാണ് വീണ്ടും ആക്രമണവും ചുട്ടുകൊന്നതെന്നും മൊഴി. രാജസ്ഥാന്‍ പൊലീസ് അറസ്റ്റു ചെയ്ത ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ റിങ്കു സൈനിയാണ് മൊഴി നല്‍കിയത്. അതിനിടെ, രാജസ്ഥാന്‍ പോലീസിന്റെ മര്‍ദനമേറ്റ് ഗര്‍ഭിണിയുടെ വയറിലെ കുഞ്ഞ് മരിച്ചെന്ന് ഒളിവിലുള്ള പ്രതിയുടെ ഭാര്യ പരാതി നല്‍കി.
◾ഇന്ത്യയിലെ അഫ്ഗാനിസ്ഥാനാണ് തെലങ്കാനയെന്നും അവിടത്തെ താലിബാനാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവെന്നും വൈഎസ്ആര്‍ടിപി അധ്യക്ഷ വൈ എസ് ശര്‍മിള. തെലങ്കാനയില്‍ ഭരണഘടനയനുസരിച്ചല്ല ഭരണമെന്നും ആരോപിച്ചു. മെഹമൂദാബാദ് എംഎല്‍എയ്ക്കും ഭാര്യക്കുമെതിരെ മോശം പരാമര്‍ശം നടത്തിയതിന് ശര്‍മിളയെ അറസ്റ്റ് ചെയ്തിരുന്നു.
◾മാധ്യമ പ്രവര്‍ത്തനത്തെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തടസപ്പെടുത്തിയെന്ന് ബിബിസി. ആദായ നികുതി വകുപ്പിന്റെ ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്‍കി. പരിശോധന നടന്ന ദിവസങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മണിക്കൂറുകളോളം ജോലി ചെയ്യാനായില്ല. ഐടി ഉദ്യോഗസ്ഥരും പോലീസും പലരോടും മോശമായി പെരുമാറിയെന്നും ബിബിസിയുടെ ലേഖനത്തില്‍ കുറ്റപ്പെടുത്തി.
◾ബോളീവുഡിലെ ഇതിഹാസ താരം രാജ് കപൂറിന്റെ ബംഗ്ലാവ് ഗോദറേജ് പ്രൊപ്പര്‍ട്ടീസ് നൂറു കോടി രൂപയ്ക്കു വാങ്ങി. മുംബൈ ചെമ്പൂരിലെ ഡിയോനാര്‍ ഫാം റോഡിലെ ആര്‍കെ കോട്ടേജ് എന്നറിയപ്പെടുന്ന ബംഗ്ലാവിന് 4265 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുണ്ട്. ഒരുകാലത്ത് ബോളിവുഡ് സിനിമയുടെ കേന്ദ്രമായിരുന്നു ഈ ബംഗ്ളാവ്. ഇവിടെ പ്രീമിയം റെസിഡന്‍ഷ്യല്‍ പ്രോജക്ട് ഒരുക്കാനാണ് ഗോദറേജിന്റെ പദ്ധതി.
◾അമേരിക്കയില്‍ കത്തോലിക്കാ ബിഷപ്പ് വെടിയേറ്റു കൊല്ലപ്പെട്ടു. ലോസ് ആഞ്ചലസില്‍ ബിഷപ്പ് ഡേവിഡ് ഒ കോണല്‍ ആണ് കൊല്ലപ്പെട്ടത്.
◾സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളം പഞ്ചാബിനോട് സമനില വഴങ്ങി പുറത്തായി. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ പഞ്ചാബിനെതിരെ കേരളത്തിന് ജയം അനാവാര്യമായിരുന്നു.
◾സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സിന് തെലുങ്ക് വാരിയേര്‍സിനോട് തോല്‍വി. പത്ത് ഓവര്‍ വീതമുള്ള രണ്ട് സ്പെല്ലുകളുള്ള മത്സരത്തില്‍ 64 റണ്‍സിനാണ് കേരള സ്ട്രൈക്കേഴ്സ് തോറ്റത്.
◾അന്താരാഷ്ട്ര ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ ഈജിപ്തിലെ കെയ്‌റോയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയ്ക്ക് വേണ്ടി കൗമാരതാരം വരുണ്‍ തോമര്‍ വെങ്കലം നേടി.
◾ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ ആറ് വിക്കറ്റ് വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിനുള്ള സാധ്യത ഇന്ത്യ സജീവമാക്കി. പുതുക്കിയ പോയിന്റ് പട്ടികയിലും 66.67 പോയിന്റോടെ ഓസീസ് തന്നെയാണ് തലപ്പത്ത്. അതേസമയം രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് പുതുക്കിയ പട്ടികയില്‍ 64.06 പോയിന്റുണ്ട്. ഇന്‍ഡോറില്‍ മാര്‍ച്ച് ഒന്നാം തിയതി മുതലാണ് മൂന്നാം ടെസ്റ്റ്. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരം ഒന്‍പതാം തിയതി ആരംഭിക്കും.
◾രാജ്യാന്തര ക്രിക്കറ്റില്‍ 25000 റണ്‍സ് പൂര്‍ത്തിയാക്കി വിരാട് കോലി. ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാമിന്നിംഗ്സിലാണ് കോലിയുടെ വിസ്മയ നേട്ടം. ഇതോടെ ഏറ്റവും വേഗത്തില്‍ ഇരുപത്തിയയ്യായിരം റണ്‍സ് ക്ലബിലെത്തുന്ന ബാറ്ററായി കോലി. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരില്‍ 577 ഇന്നിംഗ്‌സിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ കോലിക്ക് 549 ഇന്നിംഗ്‌സുകളേ വേണ്ടിവന്നുള്ളൂ.
◾ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റുകള്‍ക്കും ഏകദിന പരമ്പരയ്ക്കുമുള്ള ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. ഇത്തവണയും മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതേസമയം ഫോമിലല്ലാത്ത കെ എല്‍ രാഹുല്‍ ഏകദിന സ്‌ക്വാഡിലുമുണ്ട്. മാര്‍ച്ച് 17നും 19നും 22നുമാണ് ഏകദിന മത്സരങ്ങള്‍.
◾രാജ്യത്ത് റഷ്യയില്‍ നിന്നുള്ള എണ്ണയുടെ ഇറക്കുമതിയില്‍ റെക്കോര്‍ഡ് നേട്ടം. 2023 ജനുവരിയിലെ കണക്കുകള്‍ പ്രകാരം, റഷ്യയില്‍ നിന്നും 1.3 ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തത്. 2022 ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 9.2 ശതമാനത്തിന്റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. റഷ്യയ്ക്ക് തൊട്ടുപിന്നിലായി ഇറാഖും സൗദി അറേബ്യയുമാണ് എണ്ണ ഇറക്കുമതിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ 10 മാസങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാര്‍ ഇറാഖ് ആയിരുന്നു. പിന്നീട് ഗള്‍ഫ് രാഷ്ട്രങ്ങളായ ഇറാഖിനെയും സൗദി അറേബ്യയും പിന്തള്ളിയാണ് റഷ്യ മുന്നേറിയത്. നിലവില്‍, ക്രൂഡോയില്‍ ഇറക്കുമതിയുടെ 27 ശതമാനം വിഹിതം റഷ്യയില്‍ നിന്നാണ്. എല്ലാ വര്‍ഷവും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി മറ്റു മാസങ്ങളെ അപേക്ഷിച്ച് താരതമ്യേന കൂടുതലാണ്. ഇത്തവണ കാനഡയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ നേരിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. ഇതോടെ, കാനഡ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ അഞ്ചാമത്തെ എണ്ണ വിതരണക്കാരായി മാറിയിരിക്കുകയാണ്. കാനഡയില്‍ നിന്നുള്ള എണ്ണ പ്രധാനമായും റിലയന്‍സാണ് വാങ്ങുന്നത്.
◾അടുത്ത ബോളിവുഡ് ചിത്രവുമായി നടന്‍ പൃഥ്വിരാജ്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയുടെ പേര് 'സര്‍സാ മീന്‍' എന്നാണ്. കാജോള്‍ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഇബ്രാഹിമിന്റെ അരങ്ങേറ്റ ചിത്രംകൂടിയാണ്. 'സ്റ്റുഡന്റ് ഓഫ് ദി ഇയര്‍' എന്ന കരണ്‍ ജോഹര്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്ത കായോസ് ഇറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും കേന്ദ്ര കഥാപാത്രമായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ബഡേ മിയാന്‍ ഛോട്ടേ മിയാനി'ലും പൃഥ്വിരാജ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കബീര്‍ എന്ന കഥാപാത്രമായാണ് നടന്‍ എത്തുക.
◾ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണന്‍, അനുശ്രീ, ബംഗാളിനടി മോക്ഷ എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നത്. കള്ളന്‍ മാത്തപ്പന്നായി വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എത്തുമ്പോള്‍ മോക്ഷ ഭഗവതിയാകുന്നു. അനുശ്രീ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇവര്‍ക്കു പുറമേ സലിം കുമാര്‍, ജോണി ആന്റണി, നോബി, ജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കര്‍, ജയകുമാര്‍, മാലാ പാര്‍വ്വതി എന്നിവരും പ്രധാന താരങ്ങളാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.
◾ഇന്ത്യന്‍ വാഹന വിപണിയില്‍ ചുവടുറപ്പിക്കാന്‍ പുതിയ ഇലക്ട്രിക് വാഹനവുമായി ജോയ് മിഹോസ്. 15 ദിവസത്തിനുള്ളില്‍ 18,600- ലധികം ബുക്കിംഗുകളാണ് നടന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 110 കിലോമീറ്റര്‍ വരെ ഓടാനുള്ള ശേഷിയാണ് ജോയ് മിഹോസ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാഗ്ദാനം ചെയ്യുന്നത്. മറ്റ് സ്‌കൂട്ടറുകളെ അപേക്ഷിച്ച് ഇവയില്‍ ഫാസ്റ്റ് ചാര്‍ജിംഗ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ 5.5 മണിക്കൂര്‍ മാത്രമാണ് ആവശ്യമായ സമയം. ഏവരെയും ആകര്‍ഷിക്കുന്ന ഡിസൈനാണ് ഈ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നല്‍കിയിരിക്കുന്നത്. സ്‌കൂട്ടറിന്റെ മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ, മുന്നിലും പിന്നിലും എല്‍ഇഡി ഹെഡ് ലൈറ്റ്, ടേണ്‍ സിഗ്നലുകള്‍, ടെയില്‍ ലൈറ്റ് എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിജിറ്റല്‍ സ്‌ക്രീന്‍, ബ്ലൂടൂത്ത് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളുമുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം 999 രൂപ നല്‍കി ജോയ് മിഹോസ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും. അടുത്ത മാസം മുതല്‍ വിപണിയിലെത്തുന്ന ഈ സ്‌കൂട്ടറുകളുടെ ഇന്ത്യയിലെ പ്രാരംഭ എക്സ് ഷോറൂം വില 1.35 ലക്ഷം രൂപയാണ്.
◾''അയാളുടെ നെഞ്ചോട് ചേര്‍ന്നിരിക്കുന്ന അവള്‍ പതുക്കെ മിഴി തുറന്ന് നോക്കി. ഒരു കൈ കൊണ്ട് അവളെ ചേര്‍ത്തുപിടിച്ച് മറുകൈയില്‍ കടിഞ്ഞാണുമായി അയാള്‍ കുതിരയെ ഓടിച്ചു. 'ഇനിയാരും നിന്നെ ഉപദ്രവിക്കാന്‍ വരില്ല. നിനക്ക് ഞാനുണ്ട്.' അയാള്‍ അവളുടെ കാതില്‍ മന്ത്രിച്ചു. അപ്പോഴാണ് മുമ്പില്‍ ദൂരെ ഇരുട്ടില്‍ ഊരിപ്പിടിച്ച വാളുകളുടെ മിന്നല്‍പ്പിണര്‍ കണ്ടത്. കുതിരകളുടെ കുളമ്പടിയൊച്ചകള്‍ അടുത്തു വന്നു. കുതിരപ്പുറത്തിരിക്കുന്ന പന്ത്രണ്ടു പേര്‍ക്കും ഭീമാകാരമായ ശരീരവും കുടവയറും കൊമ്പന്‍ മീശയുമുണ്ടായിരുന്നു. അവരെല്ലാവരും കാഴ്ചയില്‍ ഒരുപോലെയായിരുന്നു. പിറകില്‍നിന്ന് വഴിയമ്പലത്തില്‍വച്ച് അയാള്‍ പരാജയപ്പെടുത്തിയ എട്ടു കുടവയറുകാര്‍ അവരുടെ കുതിരപ്പുറത്തിരുന്ന് തന്റെ നേരെ പാഞ്ഞടുക്കുന്നത് അയാള്‍ കണ്ടു.'' രചനയെ പരിസരങ്ങളില്‍ ലയിപ്പിച്ച് അസാധാരണമായ ജീവിതസന്ദര്‍ഭങ്ങളെ അടയാളപ്പെടുത്തുന്ന രചനാരീതി മുകുന്ദനോളം മലയാളത്തില്‍ ആര്‍ക്കുമില്ല. എം. മുകുന്ദന്റെ രചനാലോകം - കഥ, സംഭാഷണം, പഠനം. 'മൂര്‍ദ്ധാവില്‍ കൊത്തുന്ന പ്രാവുകള്‍'. ഡോ കെ ബി ശെല്‍വമണി. ചിന്ത പബ്ളിക്കേഷന്‍സ്. വില 123 രൂപ.
◾കിടന്നാലും പെട്ടന്ന് ഉറങ്ങാന്‍ സാധിക്കാതെ വരുന്നത് ഇന്ന് മിക്കവരുടെയും പ്രശ്‌നമാണ്. ഇത്തരക്കാര്‍ക്ക് അക്യുപ്രഷര്‍ മാര്‍ഗം സ്വീകരിക്കാവുന്നതാണ്. നമ്മുടെ ശരീരത്തില്‍ ചില പ്രഷര്‍ പോയിന്റുകള്‍ ഉണ്ട് അവിടെ സമ്മര്‍ദ്ദം ചെലുത്തുന്നതിലൂടെ പെട്ടന്ന് ഉറങ്ങാന്‍ സാധിക്കും. നമ്മുടെ ചെവിക്ക് പിന്‍ഭാഗത്തായി കുറച്ച് സമയം അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ കഴിയും. ചെവിയുടെ തൊട്ടുപിന്നില്‍ ഇയര്‍ലോബിന്റെ ഭാഗത്താണ് അമര്‍ത്തേണ്ടത്. അല്‍പനേരം ഇവിടെ അമര്‍ത്തിയാല്‍ പെട്ടെന്ന് ഉറങ്ങാന്‍ സാധിക്കും.ഈ പോയിന്റിനെ അനീമിയ പോയിന്റ് എന്ന് വിളിക്കുന്നു.ഏകദേശം 10 മുതല്‍ 20 തവണ അമര്‍ത്തിയാല്‍ തന്നെ നമുക്ക് പെട്ടെന്ന് ഉറക്കം ലഭിക്കും. ഉറക്കമില്ലായ്മയുടെ കാരണം പലര്‍ക്കും പലതാകാം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ഒക്കെ ഇതിന് കാരണമാകാം. അത്തരമൊരു സാഹചര്യത്തില്‍ വേഗത്തില്‍ ഉറങ്ങാന്‍ രണ്ട് പുരികങ്ങള്‍ക്കും ഇടയിലായി കുറച്ച് നേരം സമ്മര്‍ദ്ദം ചെലുത്തിയാല്‍ മതിയാകും. ഇതിലൂടെ പെട്ടെന്ന് ഉറക്കം കിട്ടും. കഴുത്തിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ നമുക്ക് നല്ല റിലാക്‌സേഷന്‍ അനുഭവപ്പെടും. ഇതോടൊപ്പം നല്ല ഉറക്കവും വരും. തലയോട്ടിക്ക് തൊട്ടു താഴെ കഴുത്തിന്റെ പിന്‍വശത്തായാണ് ഇത്തരത്തില്‍ മസാജ് ചെയ്യേണ്ടത്. തള്ളവിരലിന്റെ സഹായത്തോടെ അല്‍പനേരം ഈ ഭാഗത്ത് അമര്‍ത്തിയാല്‍ ശരീരത്തിന് നല്ല വിശ്രമം അനുഭവപ്പെടുകയും വേഗത്തില്‍ ഉറക്കം വരികയും ചെയ്യും. അക്യുപ്രഷര്‍ പ്രകാരം കൈപ്പത്തിയിലെ ചില ഭാഗങ്ങളില്‍ സമ്മര്‍ദ്ദം നല്‍കിയാല്‍ ശരീരം വിശ്രമാവസ്ഥയിലാകും. പെട്ടന്ന് ഉറങ്ങാനായി നിങ്ങളുടെ രണ്ട് വിരലുകള്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ നേരിയ മര്‍ദ്ദം പ്രയോഗിക്കുക. ഇവിടെ വിരലുകള്‍ കൊണ്ട് അമര്‍ത്തുന്നത് വേഗത്തില്‍ ഉറങ്ങാന്‍ സഹായിക്കുന്നു.
*ശുഭദിനം*
കാട്ടിലെ തേക്ക് മരത്തിന് മനോഹരമായ ആകാരഭംഗിയായിരുന്നു. ഇതില്‍ അതിന് നല്ല അഹങ്കാരവും ഉണ്ടായിരുന്നു. തനിക്ക് താഴെ നില്‍ക്കുന്ന ചെടികളെയെല്ലാം അത് കളിയാക്കും. ഒരുദിവസം ഒരു കൊടുങ്കാറ്റ് വീശി. കാറ്റില്‍ എല്ലാ ചെടികളും കുനിഞ്ഞ് മണ്ണില്‍ തൊട്ട് നിന്നു. ഇത് കണ്ട് തേക്ക് മരം , കാറ്റിനെ തടയാനുള്ള അവരുടെ കഴിവില്ലായ്മയെ അവഹേളിക്കാന്‍ തുടങ്ങി. അതില്‍ നിന്ന് ഒരു ചെടി, കാറ്റ് കടന്നുവരുമ്പോള്‍ ചില്ലകള്‍ ചായ്ച്ചു കാറ്റിനെ കടന്നുപോകാന്‍ അനുവദിക്കൂ എന്ന് തേക്ക് മരത്തോട് പറഞ്ഞെങ്കിലും തേക്ക് മരം കൂട്ടാക്കിയില്ല. പിറ്റേന്ന് കാറ്റൊഴിഞ്ഞപ്പോള്‍ മറ്റു ചെടികളെല്ലാം വീണ്ടും തലയുയര്‍ത്തി. പക്ഷേ, അപ്പോഴേക്കും തേക്ക് മരം നിലംപൊത്തിയിരുന്നു.. തലക്കനത്തോടെ നില്‍ക്കുന്നത് നല്ലതുതന്നെയാണ്. പക്ഷേ, കാല്‍ച്ചുവട്ടിലെ മണ്ണിന്റെ കനം കൂടി നാം മനസ്ലിലാക്കണം. എല്ലാ അലങ്കാരങ്ങളുടേയും ആശ്രയം അടിത്തറയാണ്. അതിന് ഇളക്കം തട്ടിയാല്‍ പിന്നെ തലയെടുപ്പോ, മെയ്യഴകോ ഇല്ല... അടിപതറാതിരിക്കുക എന്നത് തന്നെയാണ് ഏത് വന്‍മരവും ഉറപ്പുവരുത്തേണ്ട കാര്യം. എതിരേ വരുന്നവരെല്ലാം എതിര്‍ത്തുതോല്‍പ്പിക്കേണ്ടവരല്ല. പ്രതിയോഗിയെ ബലമറിഞ്ഞുമാത്രം പ്രതികരിക്കാന്‍ ശ്രമിക്കാം. ചിലരെ മല്‍പിടുത്തത്തിലൂടെ കീഴ്‌പെടുത്താം. ചിലരെ തന്ത്രങ്ങളിലൂടെയും. എന്നാല്‍ ചിലരോട് എതിരിടാനേ പാടില്ല, ഒഴിഞ്ഞു നില്‍ക്കണം. എത്രവലിയവനായാലും എത്ര ഉയരങ്ങളിലെത്തിയാലും എത്ര തവണ വിജയിയായാലും അടിപതറാതിരിക്കുക. അടിത്തറയാണ് ആശ്രയം - *ശുഭദിനം.*