*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 19 | ഞായർ

◾സംസ്ഥാനങ്ങള്‍ക്കു ജിഎസ്ടി നഷ്ടപരിഹാര സെസായി 16,982 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു.  ലിക്വിഡ് ശര്‍ക്കര, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ചരക്കു സേവന നികുതി കുറച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 49-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, സംസ്ഥാന ധനമന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

◾കേരളത്തിന് ജിഎസ്ടി കുടിശികയായി 780 കോടി രൂപ ലഭിക്കും. ഒരാഴ്ചക്കുള്ളില്‍ തുക ലഭ്യമാകും. ജിഎസ്ടി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ട്രൈബ്യൂണല്‍ ഉടനേ ആരംഭിക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

◾ബന്ധുനിയമന രീതി പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം തെറ്റു തിരുത്തല്‍ രേഖ. സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനുള്ള ആര്‍ത്തി പാര്‍ട്ടി സഖാക്കള്‍ ഉപേക്ഷിക്കണമെന്നും സംസ്ഥാന സമിതി അംഗീകരിച്ച തെറ്റു തിരുത്തല്‍ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

◾സംസ്ഥാന ജീവനക്കാരുടെ ഡിഎ, പെന്‍ഷന്‍ കുടിശികയുടെ മൂന്നാം ഗഡു ഈ വര്‍ഷം അനുവദിക്കില്ല. സാമ്പത്തിക നില മെച്ചപ്പെട്ടാല്‍ അടുത്ത സാമ്പത്തിക വര്‍ഷം കുടിശിക വിതരണം ചെയ്യുന്നകാര്യം പരിഗണിക്കാമെന്നാണ് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.

◾പത്തനംതിട്ട ആറന്മുളയില്‍ പമ്പയാറ്റില്‍ കാണാതായ മൂന്നു പേരില്‍ രണ്ടു പേരുടെ മൃതദേഹം കിട്ടി. ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. ചെട്ടികുളങ്ങര കണ്ണമംഗലം സ്വദേശികളായ മെറിന്‍, മെഫിന്‍ എന്നിവരുടെ മൃതദേഹമാണ് കിട്ടിയത്. എബിനുവേണ്ടി തെരച്ചില്‍ തുടരുന്നു. മാരാമണ്‍ കണ്‍വന്‍ഷന് എത്തിയ എട്ടംഗ സംഘത്തിലുള്ളവരാണ് പരപ്പുഴ കടവില്‍ കുളിക്കാനിറങ്ങി മുങ്ങിപ്പോയത്.

◾കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണകരാര്‍ കൂടുതല്‍ തുകയ്ക്കു ക്വട്ടേഷന്‍ നല്‍കിയ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്‍കിയത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവിനു സുപ്രീംകോടതി സ്റ്റേ. നിര്‍മാണത്തിനു കുറഞ്ഞ തുകയ്ക്കു ക്വട്ടേഷന്‍ നല്‍കിയ പി.എം മുഹമ്മദാലി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി.

◾സ്വന്തമായി യു ട്യൂബ് ചാനല്‍ നടത്തി വരുമാനമുണ്ടാക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെട്ടിലായി. യൂ ട്യൂബ് ചാനല്‍ തുടങ്ങാന്‍ അനുമതിയില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവു പുറത്തുവന്നതോടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിസന്ധിയിലായത്.

◾തൃശൂരിലെ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പു കേസിലെ പ്രതികളുടെ മുഴുവന്‍ നിക്ഷേപങ്ങളും മരവിപ്പിച്ചു. സ്വത്തുക്കള്‍ കണ്ടുകെട്ടാനും സര്‍ക്കാര്‍ ഉത്തരവിറക്കി. ധനവ്യവസായ ബാങ്കേഴ്സ് ഉടമകളായ ജോയ് ഡി. പാണഞ്ചേരി, ഭാര്യ റാണി ജോയ് എന്നിവരുടെ സ്ഥാവരജംഗമ വസ്തുക്കളും എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാനാണ് ഉത്തരവ്.

◾പാലക്കാടിനു പിറകേ തലശേരിയിലും മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി. ചിറക്കരയിലൂടെ മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോഴായിരുന്നു കരിങ്കൊടി ഉയര്‍ത്തിയത്. രാവിലെ പാലക്കാട് ചാലിശ്ശേരിയില്‍ സംസ്ഥാന തദ്ദേശ ദിനാഘോഷത്തിനെത്തിയ മുഖ്യമന്ത്രിയ്ക്കു നേരെ രണ്ടിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയിരുന്നു. മൂന്നു പേരെ അറസ്റ്റു ചെയ്തു. നാലു പേരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിരുന്നു.

◾കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളാക്കുന്നതിനെച്ചൊല്ലി വിവാദമുണ്ടാക്കേണ്ട ആവശ്യമില്ലെന്നു മന്ത്രി ആന്റണി രാജു. യൂണിയനുകള്‍ക്ക് അവരുടേതായ അഭിപ്രായം പറയാം. ആവശ്യപ്പെട്ടാല്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്നും മന്ത്രി പ്രതികരിച്ചു.

◾സിപിഎം നേതാവ് പി ജയരാജനെ വാഴ്ത്തുന്ന പിജെ ആര്‍മി എന്ന സമൂഹമാധ്യമ കൂട്ടായ്മയുടെ അഡ്മിനായ ആകാശ് തില്ലങ്കേരിക്കെതിരേ തില്ലങ്കേരിയില്‍ പ്രസംഗിക്കണമെന്നു പി. ജയരാജനോട് സിപിഎം നേതൃത്വം. ജനങ്ങള്‍ക്ക് ബോധ്യം വരണമെങ്കില്‍ പി ജയരാജന്‍ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണമെന്നാണ് നിര്‍ദേശം. ആകാശിനെതിരേ തില്ലങ്കേരി ലോക്കല്‍ കമ്മറ്റിക്കു കീഴിലെ 19 ബ്രാഞ്ചുകള്‍ക്കും സിപിഎം കര്‍ശന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

◾ഇരുളിന്റെ മറവില്‍ കൂടെയുള്ളവരെ വഞ്ചിക്കില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍. സ്ഥാപിത താല്പര്യങ്ങള്‍ക്കായി മുസ്ലിം ലീഗ് മുന്നണി വിടുകയോ മുന്നണി ഉണ്ടാക്കുകയോ ചെയ്തിട്ടില്ല. ലീഗിന്റെ നിലപാടുകള്‍ക്കു വ്യക്തമായ മാനദണ്ഡം ഉണ്ടാകും. പകല്‍ വെളിച്ചത്തില്‍ പറയേണ്ടത് പറയാന്‍ ലീഗിന് ഒരു മടിയും ഇല്ലെന്ന് മുസ്ലിം ലീഗ് സമാപന സമ്മേളനത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞു.

◾കേരളത്തിലെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം ഷോളയൂര്‍ പൊലീസ് സ്റ്റേഷന്. മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം.

◾മാളയില്‍ റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്ന് എംഡിഎംഎ പിടികൂടി.  കാട്ടിക്കരകുന്ന് സ്വദേശിയായ  സലീമിന്റെ വീട്ടില്‍ നിന്നാണ് 42.93 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. സലീമിന്റെ മകനായ ഫൈസല്‍ (42), സുഹൃത്തായ  ആഷ്‌ലി (35) എന്നിവരെ അറസ്റ്റു ചെയ്തു.

◾ആറ്റിങ്ങലില്‍ വ്യാജ ലോട്ടറി തയാറാക്കി സമ്മാനത്തുക തട്ടാന്‍ ശ്രമിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം മങ്കട സ്വദേശി സജിന്‍ (38), കണ്ണൂര്‍ ചെറുപുഴ സ്വദേശി നിഖില്‍ (40) എന്നിവരാണ് പിടിയിലായത്. സമ്മാനാര്‍ഹമായ ലോട്ടറിയുടെ ടിക്കറ്റിന്റെ കളര്‍ പ്രിന്റ് ഹാജരാക്കിയായിരുന്നു തട്ടിപ്പു ശ്രമം. 5000 രൂപ സമ്മാനം നേടിയ ലോട്ടറിയുടെ 12 വ്യാജ ടിക്കറ്റുകളും പിടികൂടി.

◾ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥികള്‍ പഠനയാത്രയ്ക്കു പോയ ബസ് മധ്യപ്രദേശില്‍ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. ജിയോളജി വിഭാഗത്തിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്.

◾കൊല്ലം കരുനാഗപ്പള്ളിയില്‍ വന്‍ പാന്‍മസാല വേട്ട. മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു.

◾ജമാഅത്തെ ഇസ്ലാമി - ആര്‍എസ്എസ് ചര്‍ച്ച അപകടകരമെന്ന് എ.എ റഹീം എംപി. ഗൂഢാമായ ചര്‍ച്ചയില്‍ രാജ്യത്തിന് ആശങ്കയുണ്ട്. രണ്ടു പ്രസ്ഥാനങ്ങളും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും റഹീം പറഞ്ഞു.

◾ക്രൈസ്തവര്‍ക്കെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്നു പ്രതിഷേധ റാലി. 79 ക്രൈസ്തവ സംഘടനകളുടെ നേതൃത്വത്തില്‍ ജന്തര്‍മന്തറിലാണ് പ്രതിഷേധം. കേന്ദ്രസര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കണമെന്നും കള്ളക്കേസുകള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു റാലി.

◾ജിഎസ്ടി നഷ്ടപരിഹാരം കണക്കാക്കിയതില്‍ പിഴവുണ്ടെന്ന് തമിഴ്നാട് ധനമന്ത്രി പളനിവേല്‍ ത്യാഗരാജന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. പിഴവു തിരുത്തി പണം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾വിവാഹത്തിനു വഴങ്ങാത്തതിനു കര്‍ണാടകയില്‍ പതിനേഴുകാരിക്കുനേരെ ആസിഡ് ആക്രമണം. രാമനഗര ജില്ലയിലെ കനകപുരയിലാണു പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്. കനകപുര സ്വദേശി സുമന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

◾ശിവസേനയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ അമ്പും വില്ലും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയ്ക്ക് അനുവദിച്ച തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിമയായെന്ന് ഉദ്ധവ് താക്കറെ. അടുത്ത തെരഞ്ഞെടുപ്പിനു തയ്യാറെടുക്കണമെന്ന് അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. ഉദ്ദവ് താക്കറെയ്ക്കു പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിനു ശിവസേനാ പ്രവര്‍ത്തകരാണു മാതോശ്രീയില്‍ എത്തിയത്.

◾ആര്‍എസ്എസും ബിജെപിയും ഇന്ത്യയെ  'നാഥുറാം ഗോഡ്‌സെയുടെ രാജ്യ'മാക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെയും തേജസ്വി യാദവ് വിമര്‍ശിച്ചു. ചോദ്യം ചെയ്യുന്നവരെ വേട്ടയാടാന്‍ കേന്ദ്ര സര്‍ക്കാറും ബിജെപിയും അന്വേഷണ ഏജന്‍സികളെ ദുരുപയോഗിക്കുകയാണെന്ന് തേജസ്വി പറഞ്ഞു.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച വിദേശ കോടീശ്വരനും നിക്ഷേപകനുമായ ജോര്‍ജ്ജ് സോറോസിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര മന്ത്രിമാര്‍. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ജോര്‍ജ് സോറസിനെ പടുവൃദ്ധന്‍, പണക്കാരന്‍ എന്നിങ്ങനെ വിശേഷിപ്പിച്ചാണു വിമര്‍ശിച്ചത്. കഴിഞ്ഞ ദിവസം മന്ത്രി സ്മൃതി ഇറാനിയും വിമര്‍ശിച്ചിരുന്നു.

◾തെലുങ്കു നടന്‍ നന്ദമുരി താരകരത്ന അന്തരിച്ചു. 40 വയസായിരുന്നു. ടിഡിപി ജനറല്‍ സെക്രട്ടറി നാരാ ലോകേഷിന്റെ 'യുവഗലം' യാത്രയുടെ ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീണ താരകരത്ന 23 ദിവസമായി ബെംഗളുരുവില്‍ ചികിത്സയിലായിരുന്നു. നടനും മുന്‍ ആന്ധ്ര മുഖ്യമന്ത്രിയുമായിരുന്ന എന്‍ടിആറിന്റെ പേരക്കുട്ടിയാണ് താരക രത്ന.

◾തമിഴ്നാട് സ്വദേശി കര്‍ണാടക വനപാലകരുടെ വെടിയേറ്റു മരിച്ചു. കര്‍ണാടകയിലെ അടിപ്പാലാറിലാണു സംഭവം. മേട്ടൂര്‍ കൊളത്തൂര്‍ സ്വദേശി രാജയാണ് മരിച്ചത്. കുട്ടവഞ്ചിയില്‍ മീന്‍ പിടിച്ചിരുന്ന തൊഴിലാളിയെ വനപാലകര്‍ വെടിവയ്ക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തെ ജനം ഇളകി. മണിക്കൂറുകള്‍ക്കു ശേഷമാണ് സംഘര്‍ഷത്തിന് അയവുണ്ടായത്.

◾തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ നാളെ ഡിഎംകെ മുന്നണിക്കായി പ്രചാരണത്തിനെത്തും. കോണ്‍ഗ്രസിന്റെ ഇവികെഎസ് ഇളങ്കോവനാണ് ഡിഎംകെ മുന്നണിയുടെ സ്ഥാനാര്‍ത്ഥി.

◾താലിബാന്‍ പാകിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ലെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീന്‍. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം നടന്ന പശ്ചാത്തലത്തിലാണ് തസ്ലീമയുടെ പ്രതികരണം.

◾യുഎഇയിലേക്കു കുടുംബസമേതം വരുന്നവര്‍ക്ക് ഗ്രൂപ്പ് വിസ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിനോദസഞ്ചാരം, ചികിത്സ, രോഗിയെ അനുഗമിച്ചുള്ള യാത്ര തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഗ്രൂപ്പ് വിസ പ്രയോജനപ്പെടുത്താം.

◾ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ മകളുമൊത്തു വീണ്ടും പൊതുവേദിയില്‍. ഫുട്ബോള്‍ മത്സരം കാണാനാണ് ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ എത്തിയത്. അച്ഛന്‍ കിം ജോംഗ് ഇല്ലിന്റെ പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായാണ് കാബിനറ്റ് അംഗങ്ങളും പ്രതിരോധ മന്ത്രാലയം ജീവനക്കാരും തമ്മില്‍ ഫുട്ബോള്‍  മത്സരം നടത്തിയത്.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി എടികെ മോഹന്‍ ബഗാന്‍ പ്ലേഓഫിലേക്ക് യോഗ്യതനേടി. കേരള ബ്ലാസ്റ്റേഴ്‌സ് നേരത്തേ തന്നെ പ്ലോഓഫിലേക്ക് യോഗ്യത നേടിയിരുന്നു. ഈ തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ മോഹന്‍ ബഗാനും ബാംഗ്ലൂരുവിനും പിറകിലായി  ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുംബൈ സിറ്റിയും ഹൈദരാബാദുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

◾ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യക്ക് തിരിച്ചടി. ആദ്യ ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്ക് ഒരു റണ്‍സിന്റെ ലീഡ് നല്‍കി ഇന്ത്യ 262ന് പുറത്തായി. 139 ന് 7 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യയെ 74 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റേയും 37 റണ്‍സെടുത്ത അശ്വിന്റേയും എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. രണ്ടാമിന്നിംഗ്്സ് ആരംഭിച്ച ഓസ്ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്തിട്ടുണ്ട്.

◾വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് പതിനൊന്ന് റണ്‍സിന്റെ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 152-റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 20-ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 140-റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

◾എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇടപാടുകള്‍ ഇനി ചെലവേറിയതാകും. ഇതേക്കുറിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അറിയിപ്പ് ലഭിച്ചു. എസ്ബിഐയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇഎംഐ രീതിയില്‍ മാസ വാടക നല്‍കുന്നതിനും, ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ പ്രോസസിംഗ് ഫീസാണ് എസ്ബിഐ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ,പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് 17 മുതലാണ് പ്രാബല്യത്തിലാകുക. എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം, ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളില്‍ നിന്ന് പ്രോസസിംഗ് ഫീസായി 199 രൂപയും, നികുതിയുമാണ് ഈടാക്കുക. 2022 നവംബറിലും പ്രോസസിംഗ് ഫീസ് പുതുക്കിയിരുന്നു. അക്കാലയളവില്‍ 99 രൂപയും നികുതിയുമാണ് ഉപയോക്താക്കളില്‍ നിന്നും ഈടാക്കിയിരുന്നത്. നിരക്ക് പുതുക്കലുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളെ കുറിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളെ എസ്ബിഐ എസ്എംഎസ് മുഖാന്തരവും, ഇ- മെയില്‍ മുഖാന്തരവും അറിയിച്ചിട്ടുണ്ട്. എസ്ബിഐക്ക് പുറമേ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയും ക്രെഡിറ്റ് കാര്‍ഡ് പ്രോസസിംഗ് ഫീസില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

◾കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ 'വനിതാ സംവിധായകരുടെ സിനിമ' പദ്ധതി പ്രകാരം നിര്‍മിച്ച  രണ്ടാമത്തെ ചിത്രമായ 'ഡിവോഴ്സി'ന്റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു. ആറ് സ്ത്രീകളുടെ ജീവിതവും അവരുടെ അതിജീവിതാനുഭവങ്ങളും പങ്കുവെയ്ക്കുന്ന ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മിനി ഐ.ജി ആണ്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം ലാല്‍ ജോസ്, പി. ബാലചന്ദ്രന്‍ എന്നിവരുടെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. നാടക രംഗത്തും സജീവ സാന്നിധ്യം അറിയിച്ചിട്ടുള്ള മിനി ഐ. ജി യുടെ ആദ്യ സിനിമാ സംരഭമാണ്. ഡിവോഴ്സില്‍ കൂടി കടന്നുപോകുന്ന വ്യത്യസ്ത സാഹചര്യങ്ങളിലുള്ള ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഇവര്‍ തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നീതി ന്യായ കോടതിയിലെത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, പി ശ്രീകുമാര്‍, ശിബല ഫറാഹ്, അഖില നാഥ്, പ്രിയംവദ കൃഷ്ണന്‍, അശ്വതി ചാന്ദ് കിഷോര്‍, കെ പി എ സി ലീല, അമലേന്ദു, ചന്ദുനാഥ്, മണിക്കുട്ടന്‍, അരുണാംശു, ഇഷിതാ സുധീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 60ഓളം തിരക്കഥകളില്‍ നിന്ന് നിഷിദ്ധോ, ഡിവോഴ്സ് എന്നീ രണ്ട് സിനിമകളാണ് നിര്‍മ്മാണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. 1.5 കോടി രൂപയാണ് ഓരോ പ്രൊജക്ടിനുമായി കെഎസ്എഫ്ഡിസി സഹായം നല്‍കിയത്.

◾സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന വെബ് സീരിസ് ആയ 'ഹീരാമണ്ഡി'യുടെ ടീസര്‍ പുറത്ത്. നെറ്റ്ഫ്‌ളിക്‌സാണ് ഹീരാമണ്ഡി പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. മനീഷ കൊയ്രോള, അതിഥി റാവു, സോനാക്ഷി സിന്‍ഹ, ഷര്‍മിന്‍ സേഗല്‍, റിച്ച ഛദ്ദ, സഞ്ജീത ഷേക്ക് എന്നിവരെ ടീസറില്‍ കാണാം. എല്ലാവരും സ്വര്‍ണ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ ആഭരണങ്ങും ഇവര്‍ ധരിച്ചിട്ടുണ്ട്. തന്റെ കരിയറിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രോജക്ടുകളില്‍ ഒന്നാണ് ഹീരാമണ്ഡിയെന്ന് സഞ്ജയ് ലീല ബന്‍സാലി നേരത്തെ പറഞ്ഞിരുന്നു. എട്ട് വ്യത്യസ്ത സിനിമകള്‍ ചെയ്യുന്നതു പോലെയായിരുന്നു ഇതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഓരോ എപ്പിസോഡും ഒരു സിനിമ പോലെയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

◾ഏറെ സവിശേഷതകളുമായി നവീകരിച്ച ടാറ്റ ഹാരിയര്‍ 2023ന്റെ ബുക്കിംഗ് ആരംഭിച്ചതായി ടാറ്റ മോട്ടോഴ്‌സ്. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്, ന്യൂ ജനറേഷന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, റിയല്‍ ഡ്രൈവിംഗ് എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിന്‍ എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകളാണ് പുതിയ അപ്‌ഡേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പഴയ ഹാരിയറിന് 15 ലക്ഷം മുതല്‍ 22.60 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) വിലയാണ് ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ ഹാരിയറിന്റെ വില 15.50 ലക്ഷം രൂപയില്‍ തുടങ്ങി 24 ലക്ഷം രൂപ വരെയായി (എക്‌സ് ഷോറൂം) ഉയരും. പുതിയ ഹാരിയറിന്റെ പുറംഭാഗത്ത് കാര്യമായ അപ്‌ഡേറ്റുകളൊന്നുമില്ല. മുന്‍ മോഡലിന് സമാനമായി ഒമേഗ ആര്‍ക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കി എസ്യുവിയില്‍ എച്ച്ഐഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്.

◾സംസ്‌കൃതഭാഷയുടെ വാമൊഴി-വരമൊഴിയഴകുകള്‍ അറിയുവാനും ആസ്വദിക്കുവാനും ആഗ്രഹിക്കുന്ന ആര്‍ക്കും അവഗണിക്കുവാനാകാത്ത പഠനഗ്രന്ഥമാണ് 'സിദ്ധരൂപം.' ഈ ബാലപാഠപുസ്തകത്തെ ആസ്പദമാക്കിയായിരുന്നു കാലാകാലങ്ങളായി നമ്മുടെ കുട്ടികള്‍ സംസ്‌കൃതം അഭ്യസിച്ചിരുന്നത്. ഭാഷാധ്യയനത്തില്‍ ഇത് പ്രാഥമികവും പ്രാമാണികവുമെന്ന ഖ്യാതി നേടി. സിദ്ധരൂപം സ്വായത്തമാക്കിയ വിദ്യാര്‍ഥികള്‍ തുടര്‍ന്ന് ഭാഷാവ്യുത്പത്തിയാക്കി ആശ്രയിച്ചിരുന്ന ബാലപ്രബോധനവും ശ്രീരാമോദന്തവും കൂടി ഉള്‍പ്പെട്ടതാണ് ഈ പുസ്തകം. ബാലപ്രബോധനം വ്യാകരണ നിയമങ്ങളുടെ ലളിതമായ പ്രതിപാദനമാകുമ്പോള്‍, ശ്രീരാമോദന്തം കാവ്യാനുശീലനത്തിലേക്കുള്ള പ്രവേശനകവാടമായി മാറുന്നു. 'സിദ്ധരൂപം'. കെ.കെ. ബാലകൃഷ്ണപണിക്കര്‍. എച്ച് & സി ബുക്സ്. വില 90 രൂപ.

◾പരീക്ഷാക്കാലത്ത് വിദ്യാര്‍ത്ഥികളുടെ ശാരീരികാരോഗ്യവും മാനസികാരോഗ്യം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഈ സമയത്ത് ആദ്യമായി നിങ്ങളുടെ ഭക്ഷണക്രമം കൃത്യമാക്കുക. ഇത് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ജങ്ക് ഫുഡ് കഴിയുന്നത്ര ഒഴിവാക്കുക. ബ്രിട്ടനിലെ ഒരു പഠനം പറയുന്നത് കൂടുതല്‍ ഫാസ്റ്റ് ഫുഡുകളും പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം പരീക്ഷാ സമയത്ത് സമ്മര്‍ദ്ദം സൃഷ്ടിക്കുമെന്നാണ്. നിങ്ങള്‍ കഴിക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. അമിതമായ അളവില്‍ കാപ്പിയോ എനര്‍ജി ഡ്രിങ്കുകള്‍, ചായ, കോള തുടങ്ങിയവ ശീലമാക്കുന്നത് ഉറക്കത്തെ താളംതെറ്റിക്കും. ധാരാളം വെള്ളം കുടിച്ച് എപ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കണം. പഠനമേശയില്‍ ഒരു കുപ്പി വെള്ളത്തിനും സ്ഥാനം നല്‍കണം. മിന്റ് ഇലകളും, നാരങ്ങയുടെ കഷ്ണങ്ങളുമൊക്കെ ചേര്‍ത്ത് വെള്ളം കുടിക്കുന്നതും നല്ലതാണ്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഒമേഗ 3ഫാറ്റി ആസിഡുകള്‍ വേണം. മത്സ്യത്തില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഒമേഗ 3ഫാറ്റി ആസിഡ്. പരീക്ഷാ സമ്മര്‍ദ്ദം വിറ്റാമിന്‍ ബി കോംപ്ലെക്സ്, വിറ്റാമിന്‍ സി അതുപോലെതന്നെ സിങ്ക് പോലുള്ള ധാതുക്കളുടെയും ആവശ്യം വര്‍ദ്ധിപ്പിക്കും. ഈ ധാതുക്കള്‍ അഡ്രീനല്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിലും പ്രവര്‍ത്തനത്തിലും സഹായിക്കുന്നു. ബ്രൗണ്‍ റൈസ്, ബദാം, മുട്ട, പഴങ്ങള്‍ എന്നിവ ഇതിന് സഹായിക്കും. പോഷകപരമായി നോക്കുമ്പോള്‍ എല്ലാ നട്ട്സിനും ഉര്‍ജ്ജം പകരാനായി എന്തെങ്കിലുമൊക്കെ സംഭാവന ചെയ്യാനുണ്ടാകും. കഴിക്കാന്‍ എളുപ്പമാണെന്നതും സാലഡ് പോലുള്ളവയില്‍ ഉള്‍പ്പെടുത്തി കഴിക്കാവുന്നതുമാണ് നട്ട്സ്. മുട്ട, സാല്‍മണ്‍, കാരറ്റ്, മത്തങ്ങ, പച്ച ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ നല്ലതാണ്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനും പരീക്ഷാക്കാലത്ത് അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും.

*ശുഭദിനം*

ഒരിക്കല്‍ കാട്ടിലൂടെ നടക്കുമ്പോള്‍ ഒരു മുയലിനെ ആ പുലി കണ്ടു.  മുയിലിനെ തിന്നാന്‍ പുലിക്ക് ആഗ്രഹമായി.  പുലി മുയലിനെ ഓടിച്ചു. പക്ഷേ, കിട്ടിയില്ല.  അങ്ങനെ തുടര്‍ച്ചയായി ആറു ദിവസവും ഇത് ആവര്‍ത്തിച്ചു.  പുലിക്ക് മുയലിനെ കിട്ടിയില്ല. മുയല്‍ ഓടി രക്ഷപ്പെട്ടു. അങ്ങനെ പുലി തന്റെ പരാജയം സമ്മതിച്ചു. ഒടുവില്‍ പുലി മുയലിന്റെ കൂടിന് പുറത്ത് വന്നിരുന്ന് മുയലിനോട് ചോദിച്ചു.  ആ ആറു ദിവസം നിന്നെ ഞാന്‍ ഓടിച്ചു.  എന്ത് മാന്ത്രികതയാണ് നീ കാണിക്കുന്നത്  മുയല്‍ പറഞ്ഞു:  ആറല്ല, അറുപത് ദിവസം ഓടിച്ചാലും നിനക്കെന്നെ കിട്ടണമെന്നില്ല. എവിടെനിന്നാണ് നിനക്ക് ഇത്രയും ആത്മവിശ്വാസം വന്നത് :  പുലിക്ക് അത്ഭുതമായി.  മുയല്‍ പറഞ്ഞു:  പുലി, നീ ഓടിയത് നിന്റെ ഭക്ഷണത്തിന് വേണ്ടിയാണ്.  ഞാന്‍ ഓടിയത് എന്റെ ജീവന് വേണ്ടിയും..  ജീവന് വേണ്ടി ഓടുന്നവന്‍ ഭക്ഷണത്തിന് വേണ്ടി ഓടുന്നവനേക്കാള്‍ വേഗത്തില്‍ ഓടും. നമുക്ക് വേഗം കുറയാന്‍ കാരണം ശരീരഘടനയല്ല, വേഗം കുറയാന്‍ കാരണം നമ്മള്‍ ഓടുന്ന സ്ഥലമല്ല, വേഗം കുറയാന്‍ കാരണം എതിരെ വീശുന്ന കാറ്റല്ല, മറിച്ച് നമ്മുടെ ആവശ്യം, നമ്മുടെ ലക്ഷ്യം, നമ്മുടെ സ്വപ്നം ഗാഢമാണെങ്കില്‍ , അത്രയും തീവ്രമാണെങ്കില്‍ ഓടുന്ന മണ്ണും, അടിക്കുന്ന കാറ്റും, കാലുകളില്‍ ഇട്ടിരിക്കുന്ന ചെരുപ്പും ഒന്നും.. ഒന്നും പ്രശ്‌നമാകില്ല.. ലക്ഷ്യം മനസ്സിലുറപ്പിച്ച് യാത്ര തുടരാന്‍ നമുക്കും സാധിക്കട്ടെ - *ശുഭദിനം.*