സ്‌കൂളുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 13 മുതല്‍. ഒന്നു മുതല്‍ ഒമ്പതു വരെയുള്ള ക്ലാസുകളിലെ പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 30 വരെയാണ്. ഉച്ചയ്ക്ക് 1.30 മുതലാണു പരീക്ഷ. രാവിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയാണ്. വെള്ളിയാഴ്ചകളില്‍ പരീക്ഷ 2.15 മുതലായിരിക്കും.
◾ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഓഹരി വിപണികളിലുണ്ടായ തകര്‍ച്ച പരിശോധിക്കാന്‍ സുപ്രീം കോടതി നേരിട്ട് സമിതിയെ നിയോഗിക്കും. പരിശോധനയ്ക്കു സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധരുടെ പട്ടിക കോടതി തള്ളി. സമിതി അംഗങ്ങളുടെ പേരുകള്‍ മുദ്രവച്ച കവറിലാണു സര്‍ക്കാര്‍ കോടതിക്കു നല്‍കിയിരുന്നത്.
◾ഇനി 65 വയസു കഴിഞ്ഞവര്‍ക്കും അവയവം സ്വീകരിക്കാം. പ്രായ പരിധി ആരോഗ്യമന്ത്രാലയം നീക്കി. ആയുര്‍ദൈര്‍ഘ്യം കണക്കിലെടുത്താണ് നടപടി. അവയവ ദാനത്തിനായി ദേശീയ നയം രൂപീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
◾ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പിന് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത പത്തു പേര്‍ക്കും വോട്ടവകാശം ഇല്ലെന്നു സുപ്രീം കോടതി. ജനവിധി അട്ടിമറിക്കാന്‍ ഡല്‍ഹി ഗവര്‍ണറും ബിജെപിയും ചേര്‍ന്നു നടത്തിയ ശ്രമമാണ് കോടതി തള്ളിയത്. 24 മണിക്കൂറിനുള്ളില്‍ മേയര്‍ തിരഞ്ഞെടുപ്പിനുള്ള തിയതി നിശ്ചയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
◾ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയ ജമാഅത്തെ ഇസ്ലാമി വിവരങ്ങള്‍ പുറത്തുവിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസുമായി സംവാദം വേണമെന്ന ന്യായം കാപട്യമാണ്. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നല്‍കിയതെന്നും പിണറായി വിജയന്‍ ചോദിച്ചു.
◾സ്വകാര്യ ബസുകളില്‍ ഫെബ്രുവരി 28 നകം ക്യാമറകള്‍ ഘടിപ്പിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം പ്രായോഗികമല്ലെന്ന് ബസുടമകള്‍. ബസുടമകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കാമറയ്ക്കു റോഡ് സുരക്ഷാ ഫണ്ടില്‍നിന്ന് പകുതി തുക അനുവദിച്ചാല്‍ പോരാ, മുഴുവന്‍ തുകയും വേണം. ക്യാമറ ഘടിപ്പിക്കാന്‍ ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയംവരെ സാവകാശവും വേണം. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം. അനുകൂല നടപടി ഇല്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍.
◾കളമശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയും എറണാകുളം മെഡിക്കല്‍ കോളജിലെ അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റുമായ അനില്‍കുമാര്‍ പിടിയില്‍. ഒളിവിലായിരുന്ന അനിലിനെ മധുരയില്‍നിന്നാണു പിടികൂടിയത്. വ്യാജജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ സാമ്പത്തിക ഇടപാടുണ്ടെന്നു പൊലീസ് പറഞ്ഞു.
◾രാഹുല്‍ ഗാന്ധി എംപിയുടെ ഫണ്ട് ഉപയോഗിച്ച് എത്തിച്ച ഡയാലിസിസ് ഉപകരണങ്ങള്‍ തിരിച്ചയച്ച വണ്ടൂര്‍ താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ക്കും രണ്ടു ജീവനക്കാര്‍ക്കും ബ്ലോക്ക് പഞ്ചായത്ത് ഭരണാസമിതി യോഗം കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ തീരുമാനിച്ചു.
◾തൊണ്ടിമുതലായ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പ്രതികള്‍ക്കു മറിച്ചുവിറ്റ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. കോട്ടക്കല്‍ സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന രജീന്ദ്രന്‍, സിപിഒ സജി അലക്സാണ്ടര്‍ എന്നിവരെയാണ് പാലക്കാട്ട് ജില്ലയില്‍ നിയമിച്ചത്.
◾നടന്‍ മോഹന്‍ലാലിന്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും സ്വത്തിനെക്കുറിച്ചും അന്വേഷണവുമായി ആദായനികുതി വകുപ്പ്. മോഹന്‍ലാലിന്റെ മൊഴിയെടുത്തു. രണ്ടു മാസം മുമ്പ് നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് മൊഴി രേഖപ്പെടുത്തിയത്.
◾സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ ആകാശ് തില്ലങ്കേരി ഉള്‍പ്പടെ മൂന്ന് പ്രതികള്‍ക്കു കോടതി ജാമ്യം നല്‍കി. ആകാശ് കോടതിയില്‍ കീഴടങ്ങിയാണ് ജാമ്യം നേടിയത്. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു. ഇവരെ രണ്ടുപേരേയും പോലീസ് ഉച്ചയോടെ പിടികൂടിയിരുന്നു.
◾പാലോട് ഇടിഞ്ഞാര്‍ വനത്തില്‍ കാട്ടുതീ. ഇടിഞ്ഞാര്‍ - മൈലാടും കുന്ന്, മല്ലച്ചല്‍ പ്രദേശങ്ങളിലെ കാട്ടുതീയില്‍ 50 ഏക്കര്‍ കത്തിനശിച്ചു.
◾ഇന്നു മഹാശിവരാത്രി. ആലുവാ അടക്കമുള്ള ശിവക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍, ദര്‍ശനം. ശിവരാത്രി വൃതവുമായി വിശ്വാസികള്‍. ആലുവായിലേക്കു പ്രത്യക ട്രെയിന്‍, ബസ് സര്‍വീസുകള്‍. പ്രദേശത്തു മദ്യശാലകള്‍ക്കു രണ്ടു ദിവസം അവധി.
◾സംസ്ഥാന പൊലീസിനു കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ അവഞ്ചേഴ്സിനു സാധൂകരണം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനും സ്ഫോടക വസ്തുക്കള്‍ നശിപ്പിക്കാനും പ്രത്യേക പരിശീലനം നല്‍കിയാണ് അവഞ്ചേഴ്സിന് രൂപം നല്‍കിയത്. 120 കമാന്‍ഡോകളാണ് ഈ സ്‌ക്വാഡിലുള്ളത്.
◾പത്തനംതിട്ട മല്ലപ്പള്ളി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ തമ്മിലടി. മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കുര്യനെതിരേ വിമര്‍ശനം ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
◾വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ സ്വകാര്യ ജനസേവന കേന്ദ്രം ഉടമ അറസ്റ്റില്‍. തൃശൂര്‍ അരിമ്പൂരിലെ ജനസേവകേന്ദ്രം ഉടമ മണലൂര്‍ സ്വദേശി ഹരീഷിനെയാണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. പെന്‍ഷന് അപേക്ഷിക്കാന്‍ 83 കാരിയായ വയോധികയ്ക്കാണ് വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയത്.
◾സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബറാസത്ത് സ്വദേശികളായ ഷൊറാബ് ഹുസൈന്‍ (42 ), തപോഷ് ദേബ്നാഥ് (40) എന്നിവരാണു പിടിയിലായത്.
◾സിപിഐ നേതാവിനെതിരെ ഗാര്‍ഹിക, സ്ത്രീധന പീഡന പരാതിയുമായി ഭാര്യ. കായംകുളം ചിറക്കടവം എല്‍.സി സെക്രട്ടറിയായ ഭര്‍ത്താവ് ഷമീര്‍ റോഷന്‍ മര്‍ദ്ദിച്ചെന്നാണ് ഭാര്യ ഇഹ്സാന കായംകുളം സ്റ്റേഷനില്‍ പരാതി നല്‍കിയത്. മൂന്നുവര്‍ഷം മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
◾അയല്‍വാസിയായ പതിനേഴുകാരന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ യുവാവിന് 30,250 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ. വെള്ളയൂര്‍ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീന്‍ (40)നെയാണ് മഞ്ചേരി കോടതി ശിക്ഷിച്ചത്.
◾കോഴിക്കോട് പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസ് കയറി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കക്കാട് സ്വദേശി കൈതക്കല്‍ ലക്ഷം വീട് കോളനിയിലെ ഹനീഫയാണ് മരിച്ചത്. പെട്ടെന്ന് ബ്രേക്കിട്ട കാറില്‍ ഇടിക്കാതിരിക്കാന്‍ ബ്രോക്കിട്ടതോടെ നിയന്ത്രണം വിട്ട് റോഡില്‍ വീണ ഹനീഫയുടെ ദേഹത്ത് പിറകേവന്ന കെ എസ് ആര്‍ ടി സി ബസ് കയറുകയായിരുന്നു.
◾ഇടുക്കി വാഗമണ്ണില്‍ ഹോട്ടലിലെ ഭക്ഷണത്തില്‍ ചത്ത പുഴു. വാഗാലാന്‍ഡ് എന്ന ഹോട്ടലിലെ മുട്ടക്കറിയിലാണ് പുഴുവിനെ കണ്ടത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ആറു കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോട്ടല്‍ പൂട്ടിച്ചു.
◾ആലപ്പുഴയില്‍ അനധികൃതമായി മദ്യം വിറ്റിരുന്നയാളെ എക്സൈസ് അറസ്റ്റു ചെയ്തു. പത്തിയൂര്‍ വ്യാസമന്ദിരത്തില്‍ അനില്‍കുമാര്‍ (49) ആണ് പിടിയിലായത്.
◾കവര്‍ച്ചാശ്രമം നാട്ടുകാര്‍ കണ്ടതോടെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് വാഹനാപകടത്തില്‍പ്പെട്ട് അബോധാവസ്ഥയില്‍ ആശുപത്രിയിലായി. താമരശേരി തച്ചംപൊയില്‍ പുത്തന്‍തെരുവില്‍ അഷ്റഫിന്റെ പലചരക്ക് കടയില്‍ രാത്രി പന്ത്രണ്ടരയോടെയാണ് മോഷണം നടന്നത്. ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാവ് കുന്ദമംഗലത്തിന് സമീപമാണ് അപകടത്തില്‍പെട്ടത്.
◾എടത്വ തലവടിയില്‍ പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ നിരവധി പേര്‍ക്ക് നീര്‍ നായയുടെ ആക്രമണത്തില്‍ പരിക്ക്. ഗണപതി ക്ഷേത്രത്തിനു സമീപമാണു നീര്‍നായയുടെ ആക്രമണമുണ്ടായത്.
◾മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേനയെ ഔദ്യോഗിക ശിവസേനയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. ഇനി മുതല്‍ ശിവസേന എന്ന പേരും ഔദ്യോഗിക ചിഹ്നവും ഷിന്‍ഡേ വിഭാഗത്തിന് ഉപയോഗിക്കാം.
◾ബിബിസിയില്‍ ക്രമക്കേട് കണ്ടെത്തിയെന്ന് ആദായനികുതി വകുപ്പ്. ലാപ്ടോപ്പുകളോ ഉപകരണങ്ങളോ പിടിച്ചെടുത്തിട്ടില്ല. ബിബിസിയുടെ വരുമാനവും രാജ്യത്തെ പ്രവര്‍ത്തന ചെലവും തമ്മില്‍ യോജിക്കുന്നില്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. മൂന്നു ദിവസമാണ് പരിശോധന നടത്തിയത്.
◾ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിനെയും, ജമ്മു കാഷ്മീര്‍ ഗസ്നവി ഫോഴ്സിനെയും ആഭ്യന്തര മന്ത്രാലയം തീവ്രവാദ സംഘടനകളായി പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് തീരുമാനം.
◾മതപരമായ വിഷയങ്ങളില്‍ ബിജെപി എംപിമാര്‍ സ്വന്തമായി അഭിപ്രായം പറയേണ്ടെന്ന് ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ. ആധ്യാത്മിക നേതാക്കളെക്കുറിച്ചും പരസ്യ പ്രസ്താവനകള്‍ നടത്തരുത്. അനാവശ്യ വിവാദങ്ങള്‍ വേണ്ട. ബജറ്റിലെ പ്രഖ്യാപനങ്ങളും ഭരണ നേട്ടങ്ങളും ജനങ്ങളിലേക്കെത്തിക്കാന്‍ എംപിമാര്‍ ശ്രമിക്കണം. ഓണ്‍ലൈന്‍ യോഗത്തില്‍ നദ്ദ പറഞ്ഞു.
◾രാജ്യത്തിന്റെ ഫെഡറല്‍ ഘടന ബിജെപി അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്ത് ജനാധിപത്യ സംവിധാനത്തെ തകര്‍ക്കുന്നു. രാജ്യത്തെ സാമുദായിക സൗഹാര്‍ദവും തകര്‍ക്കുകയാണ്. കൊല്‍ക്കത്തയില്‍ നടക്കുന്ന കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
◾ഹരിയാനയിലെ ലോഹറുവില്‍ കത്തിക്കരിഞ്ഞ വാഹനത്തില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിനു തങ്ങളുടെ പ്രവര്‍ത്തകര്‍ ഉത്തരവാദികളല്ലെന്നു വിശ്വഹിന്ദു പരിഷത്ത് കേന്ദ്ര ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍. തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾കര്‍ണാടകയിലെ ഉഡുപ്പിയില്‍ യുവാവിന്റെ മൃതദേഹം നടുറോഡില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ടു പേരെ പൊലീസ് പിടികൂടി. പച്ചക്കറി കച്ചവടത്തിനായി എത്തിയ ഉത്തര കന്നഡ സ്വദേശിയായ ഹനുമന്തയ്യയാണ് വാഹനത്തില്‍ കിടന്നു മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ മൃതദേഹം ഇറക്കി സ്ഥലംവിടുകയായിരുന്നു.
◾അദാനി ഗ്രൂപ്പിന്റെ ഓഹരി കുംഭകോണക്കുറിച്ച് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചത് ഭയംമൂലമാണെന്ന് എ ഐ സി സി വക്താവ് രാജീവ് ഗൗഡ. നിയമവിരുദ്ധമായി പല വന്‍കിട പദ്ധതികളും അദാനിക്കു നല്‍കിയെന്നും രാജീവ് ഗൗഡ ആരോപിച്ചു.
◾ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു ബോംബു ഭീഷണി. സന്ദേശം ലഭിച്ചതിനു പിറകേ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.
◾ബൈക്കിന് ഇഷ്ട നമ്പരിനായി മുടക്കിയത് ഒരു കോടിയിലേറെ രൂപ. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം. എച്ച്പി- 99- 9999 എന്ന നമ്പര്‍ കിട്ടാന്‍ 1,12,15,500 രൂപയുടെ ലേലക്കരാര്‍ ലഭിച്ചതായി ഹിമാചല്‍ പ്രദേശ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍.
◾തമിഴ്നാട് തീരത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികളെ പുറങ്കടലില്‍ ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു. പരിക്കേറ്റ തൊഴിലാളികള്‍ നാഗപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
◾കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് ഭീകരാക്രമണം. രണ്ടു ഭീകരരെ വധിച്ചു. പൊലീസ് ആസ്ഥാനത്തേക്ക് ഇരച്ചു കയറിയ ഭീകരര്‍, ഗ്രനേഡാക്രമണം നടത്തുകയും തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കറാച്ചി പൊലീസിന്റെ യൂണിഫോം ധരിച്ചാണ് ഭീകരര്‍ എത്തിയത്.
◾റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്റെ അനുയായിയും സൈനിക ഉദ്യോഗസ്ഥയുമായ മരിനാ യാങ്കിന എന്ന 58 കാരി സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ കെട്ടിടത്തിന്റെ 16 ാം നിലയില്‍നിന്നു വീണു മരിച്ചു. പുടിനുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥര്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണുന്ന സംഭവത്തില്‍ ഒടുവിലത്തേതാണ് ഇത്.
◾യുഎഇയിലെ അജ്മാനില്‍ വന്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ തീപിടുത്തം. 25 നില കെട്ടിടമായ പേള്‍ ടവര്‍ ബി 5 ലാണ് അഗ്നിബാധയുണ്ടായത്. മലയാളികള്‍ അടക്കം നൂറുകണക്കിന് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
◾യൂട്യൂബ് സിഇഒ ആയി ഇന്ത്യന്‍- അമേരിക്കക്കാരനായ നീല്‍ മോഹനെ നിയോഗിച്ചു. ഒമ്പതു വര്‍ഷമായി യൂട്യൂബിന്റെ സിഇഒ ആയിരുന്ന 54 കാരി സൂസന്‍ വോജിക്കി സ്ഥാനമൊഴിയുകയാണ്. കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികള്‍ എന്നീ കാരണങ്ങള്‍ പറഞ്ഞാണു സൂസന്‍ വോജിക്കി രാജിവച്ചത്. പുതിയ സിഇഒ നീല്‍ മോഹന്‍ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായകമായ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഒഡിഷ എഫ്.സി. നിലവില്‍ 19 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി അഞ്ചാമതാണ് ഒഡിഷ എഫ്.സി.
◾ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഓസ്ട്രേലിയ 263 റണ്‍സിന് പുറത്ത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മാന്യമായൊരു സ്‌കോര്‍ നേടാനായത് ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ 81 റണ്‍സും പീറ്റര്‍ ഹാന്‍ഡ്സ്‌കോമ്പിന്റെ 72 റണ്‍സ് പ്രകടനത്തിലൂടെയാണ്. മുഹമ്മദ് ഷമി 4 വിക്കറ്റും അശ്വിനും ജഡേജയും 3 വിക്കറ്റും വീതമെടുത്തു. ഒന്നാമിന്നിംഗ്സ് ആരംഭിച്ച ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 റണ്‍സ് നേടിയിട്ടുണ്ട്.
◾ഐപിഎല്‍ 2023 മാര്‍ച്ച് 31 ന് ആരംഭിക്കും. ഉദ്ഘാടനമത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ഏറ്റുമുട്ടും. മാര്‍ച്ച് 31 മുതല്‍ മേയ് 21 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. ആകെ 10 ടീമുകള്‍ 70 മത്സരങ്ങള്‍ കളിക്കും. ഒരു ടീമിന് 14 മത്സരങ്ങള്‍ കളിക്കാനുണ്ടാകും. പ്ലേ ഓഫ്, ഫൈനല്‍ മത്സരങ്ങളുടെ തീയ്യതി പുറത്തുവന്നിട്ടില്ല.
◾മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ചതോടെ മികച്ച പ്രകടനം കാഴ്ചവച്ച് ടോറന്റ് പവര്‍ ലിമിറ്റഡ്. കണക്കുകള്‍ പ്രകാരം, ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ അറ്റാദായം 88 ശതമാനമാണ് വര്‍ദ്ധിച്ചത്. ഇതോടെ, അറ്റാദായം 694.5 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 369.4 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചത്. അറ്റാദായത്തിന് പുറമേ, കമ്പനിയുടെ മൊത്ത വരുമാനത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. അവലോകന പാദത്തില്‍ മൊത്ത വരുമാനം 71 ശതമാനം വര്‍ദ്ധിച്ച് 6,442.8 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം ഇത് 3,767.4 കോടി രൂപയായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ പ്രവര്‍ത്തന വരുമാനം 53 ശതമാനം ഉയര്‍ന്ന് 1,527 കോടി രൂപയായി. വിതരണ ബിസിനസുകളില്‍ നിന്നും ലഭിച്ച ഉയര്‍ന്ന ആദായം വരുമാനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇത്തവണ നിക്ഷേപകര്‍ക്കായി ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് 22 രൂപയാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചത്.
◾ഷാന്‍ റഹ്‌മാന്‍ ചിത്രത്തിന്റെ സംഗീത സംവിധാനത്തില്‍ ജി വേണുഗോപാല്‍ ആലപിച്ച 'പ്രണയ വിലാസം' എന്ന ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ ഗാനത്തിന്റെ പ്രത്യേകതകളെ കുറിച്ച് സംഗീത സംവിധായകനും ഗായകനും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വന്‍ വിജയമായ 'സൂപ്പര്‍ ശരണ്യ'ക്ക് ശേഷം അര്‍ജുന്‍ അശോകനും അനശ്വര രാജനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. നിഖില്‍ മുരളിയാണ് ചിത്രത്തിന്റെ സംവിധാനം. ജ്യോതിഷ് എം, സുനു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതുന്നു. മമിത, മിയ, ഹക്കിം ഷാ, മനോജ് കെ യു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. സിബി ചവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ കലാ സംവിധാനം രാജേഷ് പി വേലായുധന്‍ ആണ്. ഗാനരചന സുഹൈല്‍ കോയ, മനു മഞ്ജിത്ത്, വിനായക് ശശികുമാര്‍.
◾ഓര്‍മക്സ് മീഡിയ പുറത്തുവിട്ട ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് സാമന്ത. തെലുങ്കിലെ ജനപ്രിയ താരങ്ങളില്‍ സാമന്ത ഒന്നാമത് എത്തിയപ്പോള്‍ മലയാളത്തിന്റെ കീര്‍ത്തി സുരേഷ് എട്ടാമത് ഇടംപിടിച്ചു. 2023 ജനുവരിയിലെ ജനപ്രിയ നായികമാരുടെ വിവരങ്ങളാണ് ഓര്‍മക്സ് മീഡിയ പുറത്തുവിട്ടത്. കാജല്‍ അഗര്‍വാളാണ് പട്ടികയില്‍ രണ്ടാമത്. സാമന്ത, കാജല്‍ അഗര്‍വാള്‍, അനുഷ്‌ക ഷെട്ടി, സായ് പല്ലവി, രശ്മിക മന്ദാന, പൂജ ഹെഗ്ഡെ, തമന്ന, കീര്‍ത്തി സുരേഷ്, ശ്രീലീല, ശ്രുതി ഹാസന്‍ എന്നിവരാണ് ഓര്‍മക്സ് മീഡിയയുടെ ജനപ്രിയ നായികമാരുടെ പട്ടികയില്‍ യഥാക്രമം ഒന്ന് മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. സാമന്ത നായികയായി 'ശാകുന്തളം' എന്ന ചിത്രമാണ് ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. 'ദസറ'യാണ് കീര്‍ത്തി സുരേഷ് നായികയായ ചിത്രമായി പ്രദര്‍ശനത്തിന് എത്താനുള്ളത്. 'ശാകുന്തളം' ഏപ്രില്‍ 14നും കീര്‍ത്തി ചിത്രം 'ദസറ' മാര്‍ച്ച് 30നുമാണ് റിലീസ് ചെയ്യുക.
◾ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ബാറ്ററി ഇലക്ട്രിക്ക് പുതിയൊരു ഇലക്ട്രിക്ക് മോട്ടോര്‍ സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ബാറ്ററി ഡ്യൂണ്‍ എന്ന പേരുള്ള ഇ-മോട്ടോര്‍സൈക്കിളിന് ഒറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. ഇക്കോ, കംഫര്‍ട്ട്, സ്പോര്‍ട്സ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത റൈഡിംഗ് മോഡുകളുമായാണ് ഡ്യൂണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ എത്തുന്നത്. ബൈക്കിലെ ഇക്കോ മോഡില്‍ ആണ് 130 കിമി റേഞ്ച് ലഭിക്കുക. സ്‌പോര്‍ട്‌സ് മോഡില്‍ ഇതിന് 100 കിലോമീറ്റര്‍ വരെ ഓടാനാകും. വില ഏകദേശം ഒരുലക്ഷം രൂപ മുതല്‍ 1.10 ലക്ഷം രൂപ വരെ ആയിരിക്കും.