◾കാര്‍ഷിക മേഖലയെ സഹകരണസംഘങ്ങളിലൂടെ ശക്തിപ്പെടുത്താന്‍ രാജ്യത്ത് അഞ്ചു ലക്ഷം വായ്പ സഹകരണ സംഘങ്ങള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. കാര്‍ഷിക, ക്ഷീര, മത്സ്യബന്ധന മേഖലകളിലാണ് അഞ്ചു വര്‍ഷത്തിനകം ഇത്രയും സംഘങ്ങള്‍ തുടങ്ങുകയെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഗ്രാമീണ മേഖലയെ ശാക്തീകരിക്കാന്‍ 4800 കോടി രൂപ ചെലവിട്ട് വൈബ്രന്റ് വില്ലേജസ് എന്ന പദ്ധതിക്കും മന്ത്രിസഭാ യോഗം അനുമതി നല്‍കി.
◾കേരളമടക്കം മൂന്നു സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി റെയ്ഡ്. എറണാകുളത്ത് അഞ്ചിടങ്ങളിലെ പരിശോധനയ്ക്കിടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആലുവയില്‍ പണമിടപാടുകാരനായ അശോകന്‍, ആലുവ വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പാനായിക്കുളം സ്വദേശിയും ബെംഗളൂരു സ്ഫോടനക്കേസില്‍ പ്രതിയുമായ സീനിമോന്റെ വീട്ടിലും പരിശോധന നടന്നു. ഇയാളോട് എന്‍ഐഎ ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു. മംഗളൂരുവിലെ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനക്കേസിലെ പ്രതി മുഹമ്മദ് ഷെരീഖ് സന്ദര്‍ശിച്ച സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
◾ലൈഫ് കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എംശിവശങ്കറിനെ അഞ്ചുദിവസത്തേക്ക് എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു. രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ ഇടവേള നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 12 മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തെന്നും ശാരീരികമായി ബുദ്ധിമുട്ടുണ്ടെന്നും ശിവശങ്കര്‍ പരാതിപ്പെട്ടിരുന്നു. ശിവശങ്കറിനു ഒരു കോടി രൂപയും മൊബൈല്‍ ഫോണുമാണു ലഭിച്ചതെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്‍ട്ട്. നാലര കോടി രൂപയുടെ കോഴ ഇടപാടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
◾സ്വപ്ന സുരേഷും എം ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റ് എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ സമര്‍പ്പിച്ചു. ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ഒന്നിലും കാര്യമായി ഇടപെടേണ്ട. വീഴ്ച ഉണ്ടായാല്‍ എല്ലാം സ്വപ്നയുടെ തലയില്‍ ഇടുമെന്നെല്ലാം ശിവശങ്കര്‍ മുന്നറിയിപ്പു നല്‍കുന്ന സംഭാഷണമാണ്. 2019 ജൂലൈ 31 നുള്ള സംഭാഷണത്തിനു പിറ്റേന്നാണ് സന്തോഷ് ഈപ്പന്‍ മൂന്നു കോടി എട്ടു ലക്ഷം രൂപയുമായി സ്വപ്നയെ കാണാന്‍ കവടിയാറില്‍ എത്തിയത്.
◾സിപിഎമ്മിനുവേണ്ടി കൊലപാതകം നടത്തിയെന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി. ഫേസ്ബുക്ക് കമന്റിലൂടെയാണു വെളിപ്പെടുത്തല്‍. എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് കൊലപാതകം ചെയ്യിച്ചത്. അവര്‍ക്ക് പാര്‍ട്ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി കിട്ടി. നടപ്പാക്കിയ തങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വയ്ക്കലുമാണ് കിട്ടിയത്. പാര്‍ട്ടി തള്ളിയതോടെയാണ് തങ്ങള്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞതെന്നും ആകാശ്.
◾നടിയെ ആക്രമിച്ച കേസിലെ സാക്ഷി മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. തെളിവുകളുടെ വിടവ് നികത്താന്‍ മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്നാണു പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. ഭാര്യ കാവ്യ മാധവന്റെ അച്ഛനെയും അമ്മയെയും വീണ്ടും വിസ്തരിക്കുന്നത് വിചാരണ നീട്ടി കൊണ്ടുപോകാനാണെന്നും സത്യവാങ്മൂലത്തില്‍ ദിലീപ് പറയുന്നു.
◾മരിച്ച ആദിവാസി യുവാവ് വിശ്വനാഥനു ചുറ്റും പന്ത്രണ്ടു പേര്‍ കൂടിനിന്ന് സംസാരിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇതോടെ പോലീസ് എഫ്ഐആര്‍ തിരുത്തി. മരണത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിച്ചു.
◾പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന നടന്‍ ഉണ്ണി മുകുന്ദന്റെ ഹര്‍ജിയില്‍ പരാതിക്കാരി ഇമെയില്‍ വഴി ഒത്തുതീര്‍പ്പിന് തയ്യറാണെന്ന് അറിയിച്ചതായി അഡ്വ. സൈബി വീണ്ടും ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം കൈയിലുണ്ടെന്നും സൈബി വ്യക്തമാക്കി.
◾ഐജിഎസ്ടിയില്‍ കേരളത്തിന് 25,000 കോടി രൂപ കിട്ടാനുണ്ടന്ന പ്രതിപക്ഷ പ്രചാരണം ശരിയല്ലെന്നു ധനമന്ത്രി കെഎന്‍. ബാലഗോപാലന്‍. ഐജിഎസ്ടിയില്‍ കേരളം പുതിയ അവകാശവാദം ഉന്നയിച്ചിട്ടില്ല. ധനകാര്യ എക്സ്പെന്‍ഡീച്ചര്‍ റിവ്യു കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.
◾ഗവര്‍ണര്‍ക്കു വധഭീഷണി സന്ദേശം അയച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി ഷംസുദ്ദീനെയാണ് പൊലീസ് പിടികൂടിയത്. 10 ദിവസത്തിനകം ഗവര്‍ണറെ വധിക്കുമെന്നായിരുന്നു ഇ - മെയില്‍ സന്ദേശം.
◾ഇടുക്കി കൊമ്പൊടിഞ്ഞാലിനു സമീപം പാറ ക്വാറിയിലെ വെള്ളത്തില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുത്തശ്ശിയും സഹോദരിമാരായ രണ്ടു പേരക്കുട്ടികളും മുങ്ങി മരിച്ചു. കൊമ്പൊടിഞ്ഞാല്‍ ഇണ്ടിക്കുഴിയില്‍ ബിനോയി - ജാസ്മി ദമ്പതികളുടെ മക്കളായ ആന്‍മരിയ (8), അമേയ (4) എന്നിവരും ജാസ്മിയുടെ മാതാവ് എല്‍സമ്മ (50) യുമാണ് മുങ്ങി മരിച്ചത്.
◾തിരുവനന്തപുരം കുണ്ടമന്‍കടവിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രകാശ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൃഷ്ണകുമാര്‍, ശ്രീകുമാര്‍, സതി കുമാര്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. പരസ്ത്രീ ബന്ധം ആരോപിച്ച് പ്രകാശിനെ പ്രതികള്‍ മര്‍ദ്ദിച്ചെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ കത്തിച്ചതു പ്രകാശാണെന്ന് ആരോപിച്ച് പോലീസെടുത്ത കേസ് ചീറ്റിപ്പോയിരിക്കേയാണ് അറസ്റ്റ്.
◾ന്യൂയോര്‍ക്ക് സെനറ്റര്‍ കെവിന്‍ തോമസ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തി വ്യവസായ മേഖലയുമായി സഹകരിക്കാന്‍ താല്‍പര്യം അറിയിച്ചെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. ആരോഗ്യം, ടൂറിസം, ഐ ടി മുതലായ മേഖലകളില്‍ സഹകരണമാകാമെന്ന് മുഖ്യമന്ത്രി കെവിന്‍ തോമസിനോട് പറഞ്ഞു.
◾ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായിരിക്കേ, ശിഷ്യനു പിറകെ ആശാനും അകത്തുപോകുമെന്നു പിണറായി വിജയനെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രി ഇക്കാലമത്രയും പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്നും കെ സുധാകരന്‍ പറഞ്ഞു.
◾പാലക്കാട് ജില്ലയിലെ തമിഴ് മലയാളം എല്‍ഡിസി ക്ലര്‍ക്കുമാരുടെ റാങ്ക് പട്ടികയില്‍ അട്ടിമറി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിന് ഇറങ്ങിയ 75 പേരുള്ള പട്ടികയില്‍ നിന്ന് 42 പേരെ ഒഴിവാക്കി, പുതുതായി അത്രയും പേരെ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. ലിസ്റ്റ് പരിഷ്‌കരിച്ചപ്പോള്‍ നിയമന ശുപാര്‍ശ ലഭിച്ചവര്‍പോലും പട്ടികയ്ക്കു പുറത്തായി.
◾യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വധത്തില്‍ സിപിഎമ്മിനു പങ്കില്ലെന്ന് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരി ക്വട്ടേഷന്‍ രാജാവാണ്. മാപ്പു സാക്ഷിയാകാനുളള ശ്രമമാണ് അയാള്‍ നടത്തുന്നതെന്ന് എംവി ജയരാജന്‍ പറഞ്ഞു.
◾ഷുഹൈബിന്റെ ചോരയ്ക്കു സിപിഎമ്മിനെക്കൊണ്ട് കോണ്‍ഗ്രസ് എണ്ണിയെണ്ണി കണക്കു പറയിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മിന്റെ അറിവോടെയാണ് ഷുഹൈബിനെ കൊലപ്പെടുത്തിയതെന്ന് ഒന്നാം പ്രതി ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയതു കേട്ട് കേരളം തരിച്ചിരുന്നുപോയെന്നും സുധാകരന്‍ പറഞ്ഞു.
◾ഫേസ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് കേസെടുത്തു. മന്ത്രി എംബി രാജേഷിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ ഭാര്യ ശ്രീലക്ഷ്മി അനൂപാണ് പരാതിക്കാരി.
◾ഡിവൈഎഫ്ഐ നേതാവ് എം ഷാജറിനെ കുടുക്കാന്‍ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന് ഡിവൈഎഫ്ഐ. ഷാജറിന്റെ കയ്യില്‍ നിന്ന് ട്രോഫി വാങ്ങുന്നതിനുവേണ്ടി ആകാശ് ക്രിക്കറ്റ് ടീമില്‍ കയറിപ്പറ്റിയെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിച്ചെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ആകാശിന്റെ വാട്സാപ്പ് ചാറ്റുകളും ഡിവൈഎഫ്ഐ പുറത്തുവിട്ടു.
◾പത്തനംതിട്ട ഡിസിസി യോഗത്തില്‍ വീണ്ടും നേതാക്കള്‍ തമ്മില്‍ തര്‍ക്കവും അടിപിടിയും. യോഗത്തിനിടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന പരാതിയുമായി ഡിസിസി ജനറല്‍ സെക്രട്ടറി വി ആര്‍ സോജി പോലീസില്‍ പരാതി നല്‍കി. പുനസംഘടന അടക്കമുള്ള വിഷയങ്ങളിലാണ് നേതാക്കള്‍ തമ്മില്‍ അടിപിടി.
◾പുലയനാര്‍കോട്ടയില്‍ മര്‍ദ്ദനമേറ്റ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ ശ്രീ മഹാദേവര്‍ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് അശോകന്‍ അറസ്റ്റില്‍. അതിര്‍ത്തി തര്‍ക്കത്തിനിടെ ഇയാള്‍ വിജയകുമാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
◾സണ്‍ ഗ്ലാസ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു. കോഴിക്കോട് മുക്കം കെഎംസിടി പോളിടെക്നിക് കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ജാബിറിനാണ് മര്‍ദ്ദനമേറ്റത്. അഞ്ചു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.
◾വയനാട് പയ്യമ്പള്ളി ചെറൂരില്‍ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നു ഷോക്കേറ്റ് ആദിവാസി യുവാവ് കുളിയന്‍ മരിച്ച സംഭവത്തില്‍ സ്ഥലമുടമ പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെ മാനന്തവാടി പോലീസ് കേസെടുത്തു. വന്യമൃഗങ്ങളെ തടയാന്‍ അനധികൃതമായാണു വൈദ്യുത വേലി സ്ഥാപിച്ചതെന്നാണ് കുറ്റം.
◾മമ്പാട് പൊങ്ങല്ലൂരില്‍ യുവതി തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. പൊങ്ങല്ലൂര്‍ പൊയിലില്‍ ഷമീമിന്റെ ഭാര്യ സുല്‍ഫത്താ (25) ണ് തൂങ്ങി മരിച്ചത്. ഭര്‍ത്താവ് ഷമീമി (32) നെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
◾പത്തനംതിട്ട പൂഴിക്കാട് കൂടെതാമസിച്ച സ്ത്രീ സജിതയെ കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജുവിനെയാണ് ബെംഗളൂരുവില്‍ നിന്നു പന്തളം പൊലിസ് പിടികൂടിയത്. ഷൈജുവിന്റെ പരസ്ത്രീ ബന്ധം സജിത ചോദ്യം ചെയ്തപ്പോള്‍ കമ്പി കൊണ്ട് തലക്കടിച്ചാണു കൊലപാതകം നടത്തിയത്.
◾ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ഹരിപ്പാട് മാധവ ജംഗ്ഷനു സമീപമായിരുന്നു സംഭവം. കുമാരപുരം കാട്ടില്‍ മാര്‍ക്കറ്റ് സ്വദേശിയായ അക്ഷയ് ഓടിച്ചിരുന്ന കാറിനാണ് തീ പിടിച്ചത്.
◾കയ്യേറ്റം ചെയ്തെന്ന വനിതാ മൃഗഡോക്ടറുടെ പരാതിയില്‍ മലപ്പുറം തിരുനാവായയില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. എലശ്ശേരി സ്വദേശി ജെയ്സണെയാണ് തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മൃഗഡോക്ടര്‍ കര്‍ഷകര്‍ക്കു സേവനം നല്‍കുന്നില്ലെന്ന് ആരോപിച്ച് നേരത്തെ സമരം നടത്തിയ ജയ്സണ്‍ സസ്പെന്‍ഷനിലാണ്.
◾കൊല്ലങ്കോട് കടന്നല്‍ കുത്തേറ്റ് പാലോക്കാട് സ്വദേശി പഴനി (74) മരിച്ചു. രാവിലെ ചായ കുടിക്കാന്‍ പോയപ്പോഴാണ് കടന്നാല്‍ കുത്തേറ്റത്. പ്രദേശത്തെ മറ്റു ചിലര്‍ക്കും കടന്നല്‍ കുത്തേറ്റു.
◾ചെറിയതുറയിലെ മൂന്നു വീടുകളില്‍ കയറി പണവും മൊബൈല്‍ ഫോണുകളും വാച്ചുകളും കവര്‍ന്ന മൂന്നംഗ സംഘം പിടിയില്‍. വളളക്കടവ് സ്വദേശി ഷാരൂഖ് ഖാന്‍ (22), ചെറിയതുറ മുഹമ്മദ് ഹസന്‍ (25), ബീമാപളളി ചന്തു (25) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റു ചെയ്തത്.
◾വീട്ടില്‍ വെള്ളം ചോദിച്ചെത്തി എണ്‍പതുകാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍. വെട്ടുകാട് ബാലനഗര്‍ ഈന്തിവിളാകം സ്വദേശി പൊടിയന്‍ എന്ന രഞ്ജിത്ത് (42) ആണ് വലിയതുറ പൊലീസിന്റെ പിടിയിലായത്.
◾സുപ്രീംകോടതിക്കെതിരേ ആര്‍എസ്എസ് മുഖപത്രമായ പാഞ്ചജന്യം. സുപ്രീം കോടതിയെ ഇന്ത്യാ വിരുദ്ധ ശക്തികള്‍ ഉപയോഗിക്കുന്നുവെന്ന് ആര്‍എസ്എസ് മുഖപത്രത്തിന്റെ എഡിറ്റോറിയലില്‍ ആരോപിച്ചു. ബിബിസി ഡോക്യുമെന്ററി നിരോധിച്ചതിനെതിരായ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിനു നോട്ടീസ് അയച്ച സുപ്രീം കോടതി നടപടിക്കെതിരേയാണ് വിമര്‍ശനം. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ബിബിസിക്കു ഇന്ത്യക്കാരുടെ നികതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന സുപ്രീം കോടതി ഒത്താശ ചെയ്യരുതെന്ന താക്കീതോടെയാണ് മുഖപ്രസംഗം.
◾ത്രിപുരയില്‍ ഇന്നു വോട്ടെടുപ്പ്. 60 മണ്ഡലങ്ങളിലേക്ക് 259 സ്ഥാനാര്‍ത്ഥികളാണു മല്‍സരിക്കുന്നത്. മാര്‍ച്ച് രണ്ടിനാണു വോട്ടെണ്ണല്‍.
◾ആന്ധ്രാപ്രദേശിന് മൂന്നു തലസ്ഥാനമുണ്ടാകില്ലെന്ന് ധനമന്ത്രി ബുഗ്ഗന രാജേന്ദ്രനാഥ്. ബെംഗളുരുവില്‍ നടന്ന വ്യവസായസംഗമത്തിലാണ് ധനമന്ത്രിയുടെ വിശദീകരണം. സര്‍ക്കാരിന്റെ ഭരണകാര്യങ്ങള്‍ നടത്തുക വിശാഖപട്ടണത്തു തന്നെയാകുമെന്നു മന്ത്രി പറഞ്ഞു.
◾ബിബിസി ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിനു സുരക്ഷ കൂട്ടി. ബിബിസിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സേന പ്രവര്‍ത്തകര്‍ എത്തിയതിനു പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
◾ബിബിസിയിലെ ആദായ നികുതി റെയ്ഡ് അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ അടയാളമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പേര് സര്‍വ്വേ എന്നാണെങ്കിലും നടത്തുന്നത് റെയ്ഡ് ആണെന്നും യെച്ചൂരി പറഞ്ഞു.
◾ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ എസ്എഫ്ഐ- എബിവിപി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. തെരഞ്ഞെടുപ്പിനു മുന്നോടിയായി യൂണിയന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനിടെ എബിവിപി പ്രവര്‍ത്തകര്‍ വേദിയിലേക്ക് ഇരച്ചു കയറി കൂട്ടത്തല്ലു നടത്തുകയായിരുന്നു.
◾ലിബിയയില്‍ കപ്പല്‍ മുങ്ങി 73 അഭയാര്‍ത്ഥികള്‍ മരിച്ചു. ട്രിപ്പോളിയില്‍നിന്ന് യൂറോപ്പിലേക്ക് അഭയാര്‍ഥികളുമായി പോയ കപ്പലാണ് മുങ്ങിയത്. 80 പേരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഏഴു പേര്‍ രക്ഷപ്പെട്ടു.
◾രണ്ടു മാസത്തിനകം ഇന്ത്യ ലോകത്ത് ഏറ്റവുമധികം ജനങ്ങളുള്ള രാജ്യമാകും. ഏപ്രില്‍ 14 ന് ചൈനയെ മറികടന്ന് ഇന്ത്യ 142 കോടി ജനസംഖ്യയുമായി ഒന്നാം സ്ഥാനത്തെത്തും. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇങ്ങനെ റിപ്പോര്‍ട്ടുചെയ്തത്.
◾ഒടുവില്‍ മുംബൈ സിറ്റി എഫ്.സിക്ക് തോല്‍വി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഈ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി മുംബൈ സിറ്റി എഫ്.സി. ബെംഗളൂരു എഫ്.സിയാണ് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെ അട്ടിമറിച്ചത്. കഴിഞ്ഞ 19 മത്സരങ്ങളില്‍ മുംബൈ വഴങ്ങുന്ന ആദ്യ തോല്‍വിയാണിത്. 19 മത്സരങ്ങളില്‍ നിന്ന് 46 പോയന്റുമായി ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന മുംബൈ സിറ്റി നേരത്തേ തന്നെ സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.
◾വനിതാ ട്വന്റി 20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ ആറുവിക്കറ്റിന് തകര്‍ത്ത ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. വിന്‍ഡീസ് ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 11 പന്തുകള്‍ ബാക്കിനില്‍ക്കേ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. പുറത്താവാതെ 44 റണ്‍സെടുത്ത റിച്ച ഘോഷാണ് ഇന്ത്യയുടെ വിജയശില്‍പ്പി.
◾രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും ജനുവരിയില്‍ ഇടിഞ്ഞു. കയറ്റുമതി 6.58 ശതമാനം ഇടിഞ്ഞ് 3291 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 3523 കോടി ഡോളറായിരുന്നു. 2022 ഡിസംബറിലെ ചരക്ക് കയറ്റുമതി 3448 കോടി ഡോളറാണ്. 2022 ജനുവരിയിലെ 5257 കോടി ഡോളറില്‍ നിന്ന് അവലോകന മാസത്തിലെ ഇറക്കുമതി 3.63 ശതമാനം ഇടിഞ്ഞ് 5066 കോടി ഡോളറിലെത്തി. ഡിസംബറിലെ 2376 കോടി ഡോളറില്‍ നിന്ന് ജനുവരിയിലെ വ്യാപാര കമ്മി 1775 കോടി ഡോളറായി. നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജനുവരി കാലയളവില്‍ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 8.51 ശതമാനം ഉയര്‍ന്ന് 36,925 കോടി ഡോളറിലെത്തി. ഈ കാലയളവിലെ ഇറക്കുമതി 21.89 ശതമാനം വര്‍ധിച്ച് 60,220 കോടി ഡോളറിലെത്തി. ഈ കാലയളവിലെ പ്രധാന കയറ്റുമതികളില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ ആഗോള ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ പരുത്തി, എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍, ഇരുമ്പയിര്, രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവയുടെ കയറ്റുമതി കുറഞ്ഞു.
◾അക്ഷയ് കുമാര്‍, ഇമ്രാന്‍ ഹാഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം 'സെല്‍ഫി'യുടെ പുതിയ ട്രെയ്ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു മലയാള ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണിത്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2019 ല്‍ പുറത്തെത്തിയ ഡ്രൈവിംഗ് ലൈസന്‍സ് ആണ് ആ ചിത്രം. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച ചലച്ചിത്ര താരത്തെയാണ് ഹിന്ദി റീമേക്കില്‍ അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ റീമേക്കില്‍ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയുമാണ്. ഇരുവരും ഒരു ചിത്രത്തിനുവേണ്ടി ആദ്യമായാണ് ഒരുമിക്കുന്നത് എന്നതും കൌതുകമാണ്. 1.34 മിനിറ്റ് ദൈര്‍ഘ്യമുണ്ട് പുതിയ ട്രെയ്ലറിന്. റീമേക്കിന്റെ നിര്‍മ്മാണത്തിലും പൃഥ്വിരാജിന് പങ്കാളിത്തമുണ്ട്. രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ഫെബ്രുവരി 24 ന് ചിത്രം തിയറ്ററുകളില്‍ എത്തും.
◾സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രമാണ് 'ശാകുന്തളം'. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യാകുമ്പോള്‍ 'ദുഷ്യന്തനാ'കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പല തവണ റിലീസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന 'ശാകുന്തള'ത്തിലെ നാലാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. 'മധുര ഗതമാ' എന്ന ഗാനമാണ് 'ശാകുന്തള'ത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും 'ശാകുന്തളം'. 'ശകുന്തള'യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം.
◾കാരക്കുളിയനിലെ പന്ത്രണ്ട് കഥകളിലൂടെ കടന്നുപോയപ്പോള്‍ കുറ്റബോധത്തിന്റെ വേരുകള്‍ പല നിലയില്‍ പ്രവര്‍ത്തിക്കുന്നതായി അനുഭവപ്പെട്ടു. കുറ്റബോധത്തിന്റെ മേലേരിയില്‍ വേവാന്‍ വിധിക്കപ്പെട്ട, പാപബോധത്തിന്റെ കാരമുള്ളില്‍ നോവാന്‍ ഒരുക്കപ്പെട്ട മനസ്സുകളുടെ നീണ്ട നിലവിളി പല ഒച്ചകളില്‍ നാം കേള്‍ക്കുന്നു. സത്യം പാലിക്കാനാവാത്ത, ധര്‍മ്മം ആചരിക്കാനാവാത്ത, നല്ലത് ചെയ്യാന്‍ കഴിയാത്ത മാരകമായ ആഴ്ന്നിറങ്ങുന്ന കുറ്റബോധം കഥകളുടെ പ്രമേയത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചുകൊണ്ട് നില്ക്കുന്നു. ആത്മബോധത്തെയും ആത്മബലവും മാത്രമല്ല ആരോഗ്യത്തെയും നശിപ്പിച്ച് കനമില്ലാത്തവരും നിലപാടില്ലാത്തവരുമാക്കി മാറ്റുന്ന ചെയ്തികള്‍ വ്യക്തികളെയും സമൂഹത്തെയും പ്രതിസന്ധിയിലാക്കുന്ന വിപര്യയും കഥകളില്‍ നിലീനമായിക്കിടക്കുന്നു. 'കാരക്കുളിയന്‍'. അംബികാസുതന്‍ മാങ്ങാട്. ഡിസി ബുക്സ്. വില 161 രൂപ.
◾ഇന്ത്യയില്‍ പുതിയൊരു പേറ്റന്റ് കൂടി നടത്തിയിരിക്കുകയാണ് ഹോണ്ട. ആഫ്രിക്ക ട്വിന്‍ മോഡലിനെ അടിസ്ഥാനമാക്കി ആഗോള വിപണിയിലെത്തിച്ച ഹോക്ക് 11 എന്ന മോഡലിനാണ് ഇന്ത്യയില്‍ ഹോണ്ട പേറ്റന്റ് നേടിയത്. മോഡേണ്‍ കഫേ റേസര്‍ രൂപഭംഗിയില്‍ തന്നെയാണ് വാഹനം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്. ബിക്കിനി ഫെയറിങ്ങില്‍ വലിയ ഉരുളന്‍ എല്‍ഇഡി ഹെഡ്‌ലാംപ് തന്നെയാണ് വാഹനത്തിന്റെ മുഖമുദ്ര. ക്ലിപ് ഓണ്‍ ഹാന്‍ഡല്‍ബാര്‍, ചെറിയ സീറ്റ്, മികച്ച കളര്‍ പാറ്റേണുകള്‍ എന്നിവയും വാഹനത്തിനുണ്ട്. 1084 സിസി പാരലല്‍ ട്വിന്‍ എന്‍ജിനും സ്റ്റീല്‍ ക്രേഡ്ല്‍ ഷാസിയും ഉപയോഗിക്കുന്നതിനാല്‍ കഫേ റേസര്‍ മോഡലുകളുടെ സ്വഭാവ സവിശേഷതകളെക്കാള്‍ മുകളില്‍ നില്‍ക്കും ഹോക്ക് 11. 101 എച്ച്പി 104 എന്‍എം ശേഷികളാണ് എന്‍ജിന്റെ മികവ്. ആഫ്രിക്ക ട്വിന്നിലേതുപോലെ മാന്വല്‍ ഡിസിടി പതിപ്പുകളോടു കൂടിയ 6 സ്പീഡ് ഗിയര്‍ ബോക്സ് തന്നെയാണ് ഹോക്ക് 11ലും. നിസിന്‍ കാലിപ്പറോടു കൂടിയ സംവിധാനമാണ് ബ്രേക്ക് വിഭാഗത്തിലുള്ളത്. ഇന്ത്യന്‍ നിരത്തിലെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
◾ദിവസവും നാല് കപ്പ് കട്ടന്‍ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുമെന്ന് പഠനം. ഹാര്‍വാര്‍ഡ് ടിഎച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ബ്ലാക്ക് കോഫി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. മധുരം ചേര്‍ക്കാതെ കുടിച്ചാല്‍ ഗുണം ഇരട്ടിയാകും. മാത്രമല്ല, ബ്ലാക്ക് കോഫിയിലെ കലോറിയുടെ അളവ് വളരെ കുറവാണെന്ന് ഗവേഷകര്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ (യുഎസ്ഡിഎ) പറയുന്നത് കാപ്പി ബീന്‍സ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കപ്പ് സാധാരണ കട്ടന്‍ കാപ്പിയില്‍ രണ്ട് കലോറിയാണുള്ളത്. അതേസമയം ഒരു ഔണ്‍സ് എസ്പ്രെസോയില്‍ ഒരു കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. മിതമായി കഴിക്കുമ്പോള്‍, കട്ടന്‍ കാപ്പിക്ക് ദോഷങ്ങളൊന്നും തന്നെയില്ല. എന്നിരുന്നാലും, അമിതമായ കാപ്പി ഉറക്കമില്ലായ്മ, ഉത്കണ്ഠ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, വയറുവേദന, തലവേദന, ഓക്കാനം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. ബ്ലാക്ക് കോഫിയില്‍ ക്ലോറോജെനിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കാപ്പിയില്‍ കാണപ്പെടുന്ന ഒരു പ്രധാന ആന്റിഓക്‌സിഡന്റായ ഫിനോളിക് ഗ്രൂപ്പിന്റെ സംയുക്തമാണ്. ഇത് ഭക്ഷണത്തിന് ശേഷം ഇന്‍സുലിന്‍, ഗ്ലൂക്കോസ് സ്പൈക്കുകള്‍ കുറയ്ക്കുകയും കാലക്രമേണ ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഇത് പുതിയ കൊഴുപ്പ് കോശങ്ങളുടെ ഉത്പാദനം വൈകിപ്പിക്കുന്നു. അതായത് ശരീരത്തിലെ കലോറി കുറയ്ക്കുന്നു. കാപ്പി ശരീരത്തെ കൂടുതല്‍ കൊഴുപ്പ് കത്തുന്ന എന്‍സൈമുകള്‍ പുറത്തുവിടുകയും കരളിനെ ശുദ്ധീകരിക്കുകയും ചീത്ത കൊളസ്‌ട്രോളും അമിതമായ ലിപിഡുകളും കുറയ്ക്കുകയും ചെയ്യുന്നു. ഇത് നമ്മുടെ മെറ്റബോളിസം മികച്ചതാക്കുകയും ചെയ്യുന്നു.
*ശുഭദിനം*
അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥികളോട് ഒരു നാടോടികഥപറഞ്ഞു. ഒരിക്കല്‍ ഒരാള്‍ 5 കഴുതകളുടെ പുറത്ത് ഭാണ്ഡക്കെട്ടുമായി സഞ്ചരിക്കുന്നത് ആ നാട്ടിലെ മന്ത്രി കണ്ടു. ഭാരം കൊണ്ട് നടക്കാന്‍ ബുദ്ധിമുട്ടുന്ന കഴുതകളെ കണ്ട് മന്ത്രി അയാളോട് ചോദിച്ചു: ഇവയുടെ പുറത്ത് എന്താണ്? അയാള്‍ പറഞ്ഞു: മനുഷ്യര്‍ ഏറ്റവുമധികം അന്വേഷിക്കുന്ന സാധനങ്ങളാണ് ഞാന്‍ വില്‍ക്കുന്നത്. ഒന്നാമത്തെ കഴുതയുടെ മുതുകില്‍ പീഡനങ്ങളാണ്. ഭരണകര്‍ത്താക്കള്‍ അവ വാങ്ങും. രണ്ടാം കഴുതയുടെ പുറത്ത് അഹങ്കാരമാണ്. പണ്ഡിതരെന്നു നടിക്കുന്നവര്‍ അവ വാങ്ങും. മൂന്നാം കഴുത ചുമക്കുന്നത് അസൂയയാണ്. ധനികരാണ് ഇതിന്റെ ഇടപാടുകാര്‍. നാലാമത്തെ കഴുത അസത്യം ചുമക്കുന്നു.കൊള്ളലാഭം ഉണ്ടാക്കുന്ന വ്യാപാരികള്‍ക്ക് അതു വേണം. അവസാന കഴുത കാപട്യം വഹിക്കുന്നു. തട്ടിപ്പുനടത്തുന്നവരാണ് ഇതിന്റെ ഉപയോക്താക്കള്‍. ഇവയ്‌ക്കെല്ലാം ധാരാളം ആവശ്യക്കാരുണ്ടെന്നും എത്ര വിറ്റാലും ആവശ്യക്കാര്‍ ഇല്ലാതാകുന്നില്ലെന്നും പറഞ്ഞ് അയാള്‍ തന്റെ കഴുതകളുമായി യാത്രയായി. എന്തിന്റെയെങ്കിലുമൊക്കെ വില്‍പനക്കാരാണ് എല്ലാവരും. ദിവസവും കണ്ടുമുട്ടുന്ന എല്ലാവര്‍ക്കും തങ്ങള്‍ക്കുള്ള എന്തെങ്കിലുമൊക്കെ പകര്‍ന്നിട്ടാണ് ഓരോരുത്തരും യാത്ര ചെയ്യുന്നത്. മനോഭാവത്തിനും പെരുമാറ്റശൈലിക്കുമനുസരിച്ച് വില്‍പന വസ്തുക്കളില്‍ മാറ്റം വരും. തങ്ങള്‍ എന്തിന്റെ വില്‍പനക്കാരാണെന്ന് ഒരു ആത്മവിശകലനം നടത്തിയാല്‍ കുറെക്കൂടി വിശുദ്ധമായ പരിസരം എല്ലാവര്‍ക്കും ലഭിക്കും. എന്തായി തീര്‍ന്നു എന്ന് വിലയിരുത്തുമ്പോള്‍, എങ്ങിനെ അങ്ങിനെയായി എന്നതുകൂടി പരിഗണിക്കപ്പെടണം. കബളിക്കല്‍ ദിനചര്യയാക്കുന്നവര്‍ക്ക് കാലം ഒരിക്കല്‍ മറുപടി നല്‍കുക തന്നെ ചെയ്യും. നാമെല്ലാം വില്‍പനക്കാരാണ്. അതുകൊണ്ട് നമുക്ക് നല്ലതുമാത്രം വില്‍ക്കാന്‍ ശ്രമിക്കാം. ഒപ്പം നല്ലതുമാത്രം വാങ്ങാനും - *ശുഭദിനം.*