◾മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ കോഴ ഇടപാടിലെ കള്ളപ്പണ കേസില്‍ മൂന്നു ദിവസമായി ശിവശങ്കറിനെ കൊച്ചിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. ശിവശങ്കറിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. തന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്നതു ശിവശങ്കറിന്റെ പണമായിരുന്നെന്ന സ്വപ്ന സുരേഷിന്റെയും വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാറിനു 4. 48 കോടി കോഴ നല്‍കിയെന്ന സന്തോഷ് ഈപ്പന്റെയും വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വര്‍ണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
◾സംസ്ഥാനത്തെ എല്ലാ ബസുകളിലും ഈ മാസം 28 നു മുമ്പ് ക്യാമറ ഘടിപ്പിക്കണമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. കൊച്ചിയില്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടേയും ബസുടമകളുടേയും യോഗത്തിലാണു നിര്‍ദേശം. ബസിന്റെ മുന്‍ഭാഗത്തെ റോഡും ബസിന്റെ ഉള്‍വശവും കാണാവുന്ന തരത്തില്‍ രണ്ടു കാമറകള്‍ ഘടിപ്പിക്കണം ചെലവിന്റെ പകുതി റോഡ് സുരക്ഷാ അതോറിറ്റി വഹിക്കുമെന്നും മന്ത്രി.
◾കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിനു വരുമാന ടാര്‍ജെറ്റ് നിശ്ചയിക്കണമെന്നു മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ നിര്‍ദേശം. ഡിപ്പോ അടിസ്ഥാനത്തിലാണ് ടാര്‍ഗറ്റ്. 100 ശതമാനം ടാര്‍ജെറ്റ് നേടുന്ന ഡിപ്പോകളിലെ എല്ലാ ജീവനക്കാര്‍ക്കും അഞ്ചാം തീയതിതന്നെ മുഴുവന്‍ ശമ്പളം കൊടുക്കും. 90 ശതമാനമാണെങ്കില്‍ ശമ്പളത്തിന്റെ 90 ശതമാനമേ നല്‍കൂ.
◾കെഎസ്ആര്‍ടിസിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ വിരമിച്ച 198 ജീവനക്കാര്‍ക്ക് ഈമാസം 28 നു മുന്‍പ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കോടതിയെ സമീപിച്ചവര്‍ക്ക് അമ്പതു ശതമാനം ആനുകൂല്യം ഉടന്‍ നല്‍കണം. എന്നാല്‍ ഇത്രയും തുക ഇല്ലാത്തതിനാല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കെഎസ്ആര്‍ടിസി മാനേജ്മെന്റ് വ്യക്തമാക്കി. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയില്‍ ജീവനക്കാര്‍ എന്തിനു ബുദ്ധിമുട്ടണമെന്നു കോടതി ചോദിച്ചു.
◾മുഖ്യമന്ത്രിക്കു സുരക്ഷ ഒരുക്കാന്‍ കുഞ്ഞിനു മരുന്നു വാങ്ങാനെത്തിയ അച്ഛനെ പൊലീസ് തിരിച്ചയച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
◾ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് പരിശോധനയിലൂടെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ രാജ്യത്തിനു നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ടുള്ള ബിബിസി ഡോക്യുമെന്ററിയില്‍ ബിജെപി ഭരണകൂടം പ്രകോപിതരായ പശ്ചാത്തലത്തിലാണ് റെയ്ഡ്.
◾ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ചു ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. . ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചു ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സിന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. 1500 രൂപ വിലയുള്ള വാക്സിന്‍ നിര്‍ബന്ധമാക്കിയത് മരുന്നു കമ്പനികള്‍ക്കു ലാഭമുണ്ടാക്കിക്കൊടുക്കാനാണെന്ന് വ്യാപാരികള്‍ ആരോപിച്ചിരുന്നു.
◾മന്ത്രി സജി ചെറിയാന് 85,000 രൂപ മാസ വാടകയുള്ള ഔദ്യോഗിക വസതി അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലുള്ള ഈശ്വര വിലാസം റെസിഡന്‍സ് അസോസിയേഷനിലെ 392 ആം നമ്പര്‍ ആഡംബര വസതിയാണ് സജി ചെറിയാനായി സര്‍ക്കാര്‍ വാടകക്ക് എടുത്തത്.
◾വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പത്തനംതിട്ട മൗണ്ട് സിയോന്‍ ലോ കോളേജ് പ്രിന്‍സിപ്പല്‍ കെ ജെ രാജനെതിരെ പൊലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിനിയായ ഒന്നാംവര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാണു പരാതി.
◾ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബെംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
◾ബെംഗളുരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഇമ്മ്യൂണോതെറാപ്പിക്കു വിധേയനാക്കും. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് ചികില്‍സ നിശ്ചയിച്ചത്.
◾സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗാര്‍ഹിക പീഡന ആരോപണങ്ങളുമായി ഭാര്യ അമല. താന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി അര്‍ജുന്‍ ആയങ്കിയും കുടുംബവുമായിരിക്കുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ അമല പറഞ്ഞു. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചു. വെളുത്ത നിറം കിട്ടാന്‍ ചികിത്സയ്ക്കു വിധേയയായി. അമല ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും പോലീസില്‍ പരാതി നല്‍കിയിട്ടില്ല.
◾കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിതനായ പ്രഫ. കെ.വി തോമസിന് ഓണറേറിയം അനുവദിക്കുന്ന ഫയല്‍ ധനവകുപ്പ് പിടിച്ചുവച്ചു. ഇതേച്ചൊല്ലി പ്രതിപക്ഷം സമരം ശക്തമാക്കുമെന്നു ശങ്കിച്ചാണ് ധനമന്ത്രി തത്കാലം ഫയല്‍ മടക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അഭിപ്രായം ലഭിച്ചശേഷം പരിഗണിച്ചാല്‍ മതിയെന്നാണ് ധനമന്ത്രിയുടെ നിലപാട്.
◾ജഡ്ജി കോഴ ആരോപണത്തിന്റെ പേരില്‍ ഹൈക്കോടതി ജഡ്ജിയെ യുടൂബ് ചാനല്‍ വഴി അധിക്ഷേപിച്ച കെ എം ഷാജഹാനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിനു കേസെടുത്തു. അഡ്വ. സൈബി ജോസിനെതിരായ കൈക്കൂലി കേസിലാണ് 'പ്രതിപക്ഷം' എന്ന യുട്യൂബ് ചാനലിലൂടെ ഹൈക്കോടതി ജഡ്ജിയെ ഷാജഹാന്‍ അധിക്ഷേപിച്ചത്.
◾കോഴിക്കോട് ചെറുവണ്ണൂരിലെ വീട്ടില്‍ അതിക്രമിച്ചു കയറി വാഹനങ്ങള്‍ക്കു തീയിട്ടതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ചെറുവണ്ണൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി യു. സജിത്താണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി സുല്‍ത്താന്‍ നൂറുമായി സജിത്ത് ഗൂഢാലോചന നടത്തിയിരുന്നെന്നു പൊലീസ് പറയുന്നു.
◾കേരളത്തിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രി ബാധ്യതയെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ജനങ്ങളെ ഇത്രയും ഭയപ്പെടുന്ന മുഖ്യമന്ത്രി ആദ്യമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. കെഎസ്യു പ്രവര്‍ത്തക മിവ ജോളിയുടെ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഷാഫി.
◾കാട്ടു പന്നിയുടെ ആക്രമണത്തില്‍ അഞ്ചു തൊഴിലുറപ്പു തൊഴിലാളികള്‍ക്കു പരിക്കേറ്റു. തിരുവനന്തപുരം പാലമേല്‍ പി എച്ച് സി വാര്‍ഡിലെ കുടുംബശ്രീ യോഗത്തിനിടയിലേക്കു കാട്ടുപന്നിക്കൂട്ടം പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്തംഗം രാജലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ പങ്കെടുത്തിരുന്ന സുജാത അടക്കമുള്ളവരെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
◾കൊച്ചിയിലും തിരുവനന്തപുരത്തും തീപിടിത്തം. കൊച്ചിയില്‍ ബ്രഹ്‌മപുരം കിന്‍ഫ്രാ പാര്‍ക്കിന് പിറകിലെ ചതുപ്പു പാടത്താണ് തീപ്പിടുത്തമുണ്ടായത്. തിരുവനന്തപുരം അമ്പൂരിയില്‍ ഓക്സീലിയം സ്‌കൂളിന് എതിര്‍വശത്തുള്ള വിലങ്ങുമലയിലെ വനമേഖലയിലാണ് തീപടര്‍ന്നത്.
◾കുറ്റിപ്പുറം പോലീസ് പിടികൂടി കൂട്ടിയിട്ടിരുന്ന തൊണ്ടി വാഹനങ്ങള്‍ കത്തിനശിച്ചു. ഇരുനൂറോളം തൊണ്ടിവാഹങ്ങളാണ് കത്തിനശിച്ചത്.
◾ചങ്ങരംകുളം ഒതളൂരില്‍ മാങ്ങ മോഷ്ടിച്ചു പറിച്ച കുട്ടികളെ മര്‍ദിച്ചെന്ന പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ഒതളൂര്‍ സ്വദേശിയായ സലീമിനെതിരെയാണ് പോലീസ് കേസെടുത്തത്.
◾വെള്ളറടയില്‍ ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ മന്ത്രവാദത്തിനിടെ 23 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഇമാം പിടിയില്‍. വെള്ളറട തേക്കുപാറ ജുമാ മസ്ജിദിലെ മുന്‍ ഇമാം വിതുര സ്വദേശി സജീര്‍ മൗലവി ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്.
◾പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്കു 16 വര്‍ഷം കഠിന തടവും 60,000 രൂപ പ്രതി പിഴയും ശിക്ഷ. കുന്നംകുളം സ്വദേശി ഫലാല്‍ മോനാണ് ശിക്ഷിക്കപ്പെട്ടത്.
◾ജനുവരിയില്‍ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 4.73 ശതമാനം. രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ഡിസംബറില്‍ പണപ്പെരുപ്പം 4.95 ശതമാനവും നവംബറില്‍ 6.12 ശതമാനവുമായിരുന്നു.
◾ആര്‍എസ്എസും ജമാഅത്തെ ഇസ്ലാമിയും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ച നടന്നെന്ന വാര്‍ത്ത ശരിയല്ലെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി ആരിഫലി. ആര്‍എസ്എസ് പ്രതിനിധികളും പ്രമുഖ മുസ്ലിം സംഘടനകളുടെ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദാറുല്‍ ഉലൂം ദയൂബന്ത്, അജ്മീര്‍ ദര്‍ഗ, ചില ശിഈ സംഘടനാ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ആര്‍എസ്എസ് മുന്‍കൈയെടുത്ത് പ്രമുഖരായ മുന്‍ ബ്യൂറോക്രാറ്റുകള്‍ വഴിയാണ് ചര്‍ച്ചയ്ക്കു ക്ഷണിച്ചത്.
◾ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍നിന്ന് ജീവനക്കാരുടെ ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്ന പേരിലാണ് ഇന്നലെ രാത്രിയിലും പരിശോധന തുടര്‍ന്നത്. കമ്പനിയുടെ അക്കൗണ്ട് ബുക്കുകളും പരിശോധിച്ചു.
◾ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂറാണ് ഹര്‍ജി നല്‍കിയത്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയതിന് എല്‍ഐസിക്കും എസ്ബിഐക്കും എതിരേയും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
◾എയര്‍ഇന്ത്യ 470 വിമാനങ്ങള്‍ വാങ്ങുന്നു. ഫ്രാന്‍സിന്റെ എയര്‍ബസില്‍നിന്നും അമേരിക്കയുടെ ബോയിംഗില്‍നിന്നുമാണു വിമാനങ്ങള്‍ വാങ്ങുന്നത്. എയര്‍ബസില്‍നിന്നും 250 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്ന് പ്രഖ്യാപിച്ചു. അമേരിക്കയുടെ 220 ബോയിംഗ് വിമാനങ്ങള്‍ വാങ്ങുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു. 34 ലക്ഷം കോടി രൂപയുടെ കരാറാണ് പ്രഖ്യാപിച്ചത്.
◾മദ്രാസ് ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശിയായ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി സ്റ്റീഫന്‍ സണ്ണിയാണ് മരിച്ചത്.
◾ബിബിസി ഓഫീസുകളില്‍ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിനു ന്യായീകരണവുമായി ബിജെപി. ബിബിസി അഴിമതി കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ ഏജന്‍സികള്‍ കൂട്ടിലിട്ട തത്തകളെല്ലെന്നുമാണ് ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പ്രതികരിച്ചത്.
◾കേരള - കര്‍ണാടക അതിര്‍ത്തിയായ കുടക് കുട്ടയില്‍ ഒരു കുടുംബത്തിലെ രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്കുവെടിവച്ചു പിടികൂടി.
◾തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലില്‍ കഞ്ചാവും മയക്കുമരുന്നു കൂണും വിറ്റ മലയാളി ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. 100 കിലോഗ്രാം കഞ്ചാവും 100 ഗ്രാം കൂണുമായി പാക്കിയപുരം സ്വദേശി വേളാങ്കണ്ണി ജന്നിഫര്‍, ആന്റണി രാഹുല്‍, മലയാളിയായ അല്‍ഹാസ് എന്നിവരാണ് പിടിയിലായത്.
◾തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണം 37,000 കടന്നു. ദുരന്തം നടന്ന് എട്ടാം ദിവസവും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തുടരുകയാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള സിറിയന്‍ പ്രദേശങ്ങളില്‍ സഹായമെത്തിക്കാന്‍ അതിര്‍ത്തി തുറക്കാമെന്ന് സിറിയ വ്യക്തമാക്കി.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദ് മുന്‍ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി. ഈ വിജയത്തോടെ ഹൈദരാബാദ് രണ്ടാം സ്ഥാനക്കാരായി സെമി ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തുള്ള മോഹന്‍ബഗാന് അടുത്ത രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്.
◾പ്രഥമ വനിതാ പ്രീമിയര്‍ ലീഗ് മാര്‍ച്ച് നാലിന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ജയന്റ്‌സ് മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. അഞ്ച് ടീമുകളുള്ള എഡിഷന്‍ 23 ദിവസം നീണ്ടുനില്‍ക്കും. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം തുടങ്ങുക. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം 3.30നാണ് ആരംഭിക്കുക.
◾ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ്മ. സീ ന്യൂസിന്റെ ഒളിക്യാമറ റിപ്പോര്‍ട്ടിംഗിലാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്ന നിരവധി കാര്യങ്ങള്‍ ചേതന്‍ ശര്‍മ്മ തുറന്നുപറഞ്ഞത്. ഫിറ്റ്‌നസ് കൃത്രിമമായി കാണിക്കാന്‍ താരങ്ങള്‍ കുത്തിവയ്പ് എടുക്കുന്നതായും സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ചേതന്‍ ശര്‍മ്മ പറയുന്നു. നാഷനല്‍ ക്രിക്കറ്റ് അക്കാദമിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു മിക്ക താരങ്ങളും ഉത്തേജകം ഉപയോഗിക്കുന്നതെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തി.
◾ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 741 കോടി രൂപ അറ്റാദായം നേടി റോയല്‍ എന്‍ഫീല്‍ഡ് നിര്‍മാതാക്കളായ ഐഷര്‍ മോട്ടോഴ്‌സ്. കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം 62 ശതമാനം ഉയര്‍ന്നു. പ്രവര്‍ത്തന വരുമാനം 29 ശതമാനം വര്‍ധിച്ച് 3,721 കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം 13 ശതമാനം ആണ് വര്‍ധിച്ചത്. ജൂലൈ-സെപ്റ്റംബറില്‍ അറ്റാദായം 657 കോടി രൂപയായിരുന്നു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 6.16 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഐഷര്‍ വിറ്റത്. ഇക്കാലയളവില്‍ 350 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ മാത്രം വില്‍പ്പന 5.40 ലക്ഷം യൂണിറ്റുകളാണ്. ഈ വിഭാഗത്തില്‍ 54 ശതമാനം വളര്‍ച്ചയാണ് നേടി. വില്‍പ്പന 48 ശതമാനത്തോളം ഉയര്‍ന്നു. 350 സിസിക്ക് മുകളിലുള്ള വിഭാഗത്തില്‍ 75,781 വാഹനങ്ങളാണ് വിറ്റത്. ആകെ വില്‍പ്പന 48 ശതമാനത്തോളം ഉയര്‍ന്നു. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കൂടാതെ എബി വോള്‍വോയുമായി ചേര്‍ന്ന് ബസ്, ട്രക്ക് എന്നിവയും കമ്പനി പുറത്തിറക്കുന്നുണ്ട്.
◾അമിത് ചക്കാലക്കല്‍, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടെയ്നര്‍ 'സന്തോഷം' ട്രെയിലര്‍ എത്തി. മല്ലിക സുകുമാരന്‍, കലാഭവന്‍ ഷാജോണ്‍, ആശ അരവിന്ദ്, ബേബി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കലാഭവന്‍ ഷാജോണിന്റെ മകളായി അനു സിത്താര എത്തുന്നു. വല്യമ്മയുടെ വേഷമാണ് മല്ലിക സുകുമാരന്. അര്‍ജുന്‍ സത്യന്‍ തിരക്കഥ എഴുതുന്ന ചിത്രം പേരുപോലെ തന്നെ ഫീല്‍ഗുഡ് സിനിമയാകും. ജീത്തു ജോസഫ്, സുജിത് വാസുദേവ് എന്നിവര്‍ക്കൊപ്പം സംവിധാനസഹായിയായി പ്രവര്‍ത്തിച്ച അജിത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. മീസ്-എന്‍-സീന്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ഫെബ്രുവരി 24ന് തിയറ്ററുകളിലെത്തും. സിനിമയുടെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയ്ഹരി സംഗീതം പകരുന്നു.
◾28 വര്‍ഷത്തിന് ശേഷം തീയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം സ്ഫടികം 4 കെയുടെ ബോക്സ്ഓഫീസ് കളക്ഷന്‍ നാല് ദിവസം കൊണ്ട് 2.25 കോടി രൂപ. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും റിലീസ് ചെയ്ത ചിത്രമെന്നത് പരിഗണിക്കുമ്പോള്‍ ചിത്രത്തിന് ലഭിച്ച കളക്ഷന്‍ വളരെ മികച്ചതാണ്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിനോടൊപ്പമാണ് സ്ഫടികം വീണ്ടും റിലീസ് ചെയ്തത്. തിലകന്‍, കെ പി എസ് സി ലളിത, സില്‍ക്ക് സ്മിത, രാജന്‍ പി ദേവ്, ശങ്കരാടി, കരമന ജനാര്‍ദ്ദനന്‍ നായര്‍ എന്നിങ്ങനെ മണ്മറിഞ്ഞുപോയ പ്രതിഭകളെ വീണ്ടും കണ്ട അനുഭവവും പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നുണ്ട്. 1995ല്‍ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. അതുകഴിഞ്ഞ് വന്ന അനേകം തലമുറകള്‍ക്ക് ഗംഭീര അനുഭവം പുതിയ പതിപ്പ് സമ്മാനിച്ചു. പഴയ പതിപ്പിലും എട്ടര മിനിറ്റോളം ദൈര്‍ഘ്യം കുടുതല്‍ ആണ് പുതിയ പതിപ്പിന്. പാട്ട്, ഡബ്ബിംഗ്, സൗണ്ട് ക്വാളിറ്റി, കൂട്ടിച്ചേര്‍ത്ത ഭാഗങ്ങള്‍ എല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 145 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.
◾ആഭ്യന്തര വിപണിയിലെ വാഹന നിരയില്‍ ഒരു പ്രധാന അപ്‌ഡേഷനുമായി യമഹ മോട്ടോര്‍സൈക്കിള്‍സ്. യമഹ ആര്‍15 ശ്രേണിയില്‍പ്പെട്ട ആര്‍15, ആര്‍15എം എന്നീ രണ്ട് ബൈക്കുകളാണ് പുതിയ നൂതന ഫീച്ചറുകളും സാങ്കേതികവിദ്യയുമായി കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഈ ബൈക്കുകളുടെ പ്രാരംഭ വില യഥാക്രമം 1,81,900 രൂപയും, 1,93,900 രൂപയുമാണ് (എക്‌സ്-ഷോറൂം, ഡല്‍ഹി) കമ്പനി നിശ്ചയിച്ചിരിക്കുന്നത്. ഈ രണ്ട് ബൈക്കുകളിലും, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുമായി വരുന്ന ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ കമ്പനി നല്‍കിയിട്ടുണ്ട്. ബ്ലൂടൂത്ത് വഴി ഈ ബൈക്കുകളെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാം. ഇതുകൂടാതെ, ഡേ-നൈറ്റ് മോഡുകള്‍, ഗിയര്‍ പൊസിഷനിംഗ് ഇന്‍ഡിക്കേറ്ററുകള്‍, പാര്‍കിംഗ് ലൊക്കേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ നിരയിലെ രണ്ട് വാഹനങ്ങളെയും വേറിട്ട് നിര്‍ത്തുന്നു. 115 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ വേരിയബിള്‍ വാല്‍വ് എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. ഇത് 18.1 ബിഎച്ച്പി കരുത്തും 14.2 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.
◾ചലച്ചിത്ര സംവിധായികയായ ക്രിസ് കൗസിന് തന്റെ ഭര്‍ത്താവ് സില്‍വര്‍ ലൊത്രാന്‍ഷയുടെ സഹപ്രവര്‍ത്തകനായ ഡിക്കിനോട് തോന്നുന്ന കടുത്ത അഭിനിവേശം അവളെക്കൊണ്ട് അയാള്‍ക്ക് കത്തുകളെഴുതിക്കുന്നു. ഈ കത്തുകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. ഭര്‍ത്താവും തന്റെ ആസക്തിക്ക് പാത്രമായ പുരുഷനുമാ യുള്ള ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ക്രിസിന്റെ പ്രണയലേഖനങ്ങള്‍ കരുത്തുള്ള ഉപന്യാസങ്ങളായി പരിണമിക്കുന്നു. 1997-ല്‍ എഴുത്തുകാരി അനുഭവിച്ചറിഞ്ഞ 'ഉന്മാദാവസ്ഥയില്‍ നിന്ന് എഴുതപ്പെട്ടതാണ് ഈ പുസ്തകം. 'ഐ ലവ് ഡിക്ക്'. ക്രിസ് കൗസ്. പരിഭാഷ - സംഗീത ശ്രീനിവാസന്‍. ഡിസി ബുക്സ്. വില 332 രൂപ.
◾വേനലോ വര്‍ഷമോ എന്ന വ്യത്യാസമില്ലാതെ വര്‍ഷം മുഴുവന്‍ സണ്‍സ്‌ക്രീന്‍ പുരട്ടണമെന്ന് ആരോഗ്യവിദഗ്ധര്‍. ചര്‍മ്മത്തിന് ഏല്‍ക്കുന്ന കരുവാളിപ്പ്, സൂര്യാഘാതം തുടങ്ങിയ ഏത് പ്രശ്‌നങ്ങള്‍ക്കും നല്‍കുന്ന പ്രതിരോധമാണിത്. സൂര്യാഘാതത്തിനുള്ള സാധ്യത ഇക്കാലത്ത് കൂടുതലാണ്. ദിവസവും സണ്‍സ്‌ക്രീന്‍ പുരട്ടുന്നതുകൊണ്ട് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇത് സൂര്യതാപത്തിന്റെ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. അമിതമായി വെയിലേല്‍ക്കുന്നത് മൂലം ചര്‍മത്തില്‍ കാന്‍സറിനുള്ള സാധ്യത കൂട്ടുന്നു. എന്നാല്‍ ദിവസവും സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് വഴി ത്വക്ക് കാന്‍സര്‍ വരാനുള്ള സാധ്യത പകുതിയായി കുറയ്ക്കുന്നു. സൂര്യാഘാതം നിരന്തരമായി ഏല്‍ക്കുന്നത് മൂലം ചര്‍മ്മത്തിന്റെ ആരോഗ്യം നശിക്കുന്നു. ഇതുമൂലം ചര്‍മത്തിന്റെ സ്വാഭാവിക നിറം ഇല്ലാതാകുകയും ചര്‍മത്തില്‍ ചുളിവുകളും വരകളും വേഗത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. സ്ഥിരമായി സണ്‍സ്‌ക്രീന്‍ പുരട്ടുന്ന 55 വയസ്സിന് താഴെയുള്ളവര്‍ക്ക് വാര്‍ധക്യത്തിന്റെ ഈ ലക്ഷണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് ചര്‍മ്മത്തിന്റെ നിറവ്യത്യാസവും കറുത്ത പാടുകളും തടയാന്‍ സഹായിക്കുന്നു, ഇത് ചര്‍മ്മം മിനുസമാര്‍ന്നതും കൂടുതല്‍ തിളക്കമുള്ളതുമാക്കാന്‍ സഹായിക്കുന്നു. സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ദിവസവും സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് അത്യാവശ്യമാണെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. പുറത്ത് പോകുന്നതിന് 15 മിനിറ്റ് മുമ്പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടണം. മുഖം, കഴുത്ത്, നെഞ്ച്, ചെവി, കൈകള്‍ എന്നിവയിലായിരിക്കണം സണ്‍സ്‌ക്രീന്‍ പുരട്ടേണ്ടത്. ചര്‍മ്മത്തിന് എന്തെങ്കിലും അസുഖങ്ങളുള്ളവര്‍ ചര്‍മ്മരോഗ വിദഗ്ധന്റെ ഉപദേശം തേടിയതിന് ശേഷം മാത്രം സണ്‍സ്‌ക്രീന്‍ പുരട്ടുക.
*ശുഭദിനം*
അയാളുടെ വിനോദമായിരുന്നു നായാട്ട്. അന്ന് വേട്ടയ്ക്ക് ഇറങ്ങിയപ്പോള്‍ അയാള്‍ക്ക് ഒരു മുയലിനെയാണ് കിട്ടിയത്. അതിനെ അയാള്‍ വെടിവെച്ചിട്ടു. പക്ഷേ, മുയല്‍ തെറിച്ച് അടുത്തുള്ള വീടിന്റെ പൂന്തോട്ടത്തിലാണ് വീണത്. അയാള്‍ ആരും കാണാതെ മുയലിനെ എടുത്തു. പക്ഷേ, വീടിനു പുറത്തിറങ്ങുമ്പോഴേക്കും വീട്ടുടമസ്ഥന്‍ കയ്യോടെ പിടികൂടി. വീട്ടുടമസ്ഥനും മുയലിനെ വേണമെന്നായി. വെടിവെച്ചിട്ടതിന്റെ അവകാശം അയാളും വീണസ്ഥലത്തിന്റെ അവകാശം വീട്ടുടമയും പറഞ്ഞു. അവസാനം രണ്ടുപേരും ഒരു തീരുമാനത്തിലെത്തി. പരസ്പരം 3 തവണ തൊഴിക്കുക. നിലത്തുവീഴാതെ പിടിച്ചുനില്‍ക്കുന്ന ആളിന് മുയലിനെ എടുക്കാം എന്ന വ്യവസ്ഥയായി. സ്ഥലമുടമയ്ക്ക് ആദ്യം തൊഴിക്കാനുള്ള അവകാശം കിട്ടി. മൂന്നാമത്തെ തൊഴിയില്‍ വെടിവച്ചയാള്‍ വീണു. തിരിച്ചു തൊഴിക്കാന്‍ പോലുമാകാതെ കിടക്കുന്ന അയാളെ നോക്കി വിജയഭാവത്തില്‍ വീട്ടുടമ പറഞ്ഞു: എനിക്ക് ഇനി മുയലിനെ വേണ്ട. അതിനെ നിങ്ങള്‍ തന്നെ എടുത്തോളൂ. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് തര്‍ക്കിക്കരുത് എന്ന് പറയുന്നത് പോലെതന്നെയാണ് പരിചയമില്ലാത്ത വ്യക്തികളോട് ഏറ്റ് മുട്ടരുത് എന്നതും. അഹം പൊളളയായവരാണ് അഹങ്കാരത്തിന് അടിമകളാകുന്നത്. സമയമെടുത്തുള്ള വിലയിരുത്തലുകളാണ് എപ്പോഴും നല്ലത്. അഹംബോധത്തിന്റെ കൊടുമുടിയില്‍ നിന്ന് അപരന് വിലയിടാതിരിക്കാന്‍ നമുക്കും ശ്രമിക്കാം - *ശുഭദിനം.*