◾എല്‍ഡിഎഫ് സര്‍ക്കാരിന്റെ നികുതി വര്‍ധനയ്ക്കെതിരേ നികുതി ബഹിഷ്‌കരണ സമരം വേണ്ടെന്ന് കെപിസിസി. പാര്‍ട്ടിക്കുള്ളില്‍ ആശയക്കുഴപ്പമുണ്ടെന്നു തോന്നിപ്പിക്കുന്ന ചര്‍ച്ച വേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന കെപിസിസി എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു. ഭവനസമ്പര്‍ക്ക പരിപാടിയായ ഹാഥ് സേ ഹാഥ് പരിപാടി സര്‍ക്കാര്‍ വിരുദ്ധ പ്രചാരണമാക്കാനും തീരുമാനിച്ചു.
◾പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വ്യവസായി അദാനിയേയും തമ്മില്‍ ബന്ധപ്പെടുത്തി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശത്തിന് രാഹുല്‍ഗാന്ധിക്കെതിരേ അവകാശലംഘന നോട്ടീസ്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്സഭാ സെക്രട്ടേറിയറ്റാണ് നോട്ടീസ് അയച്ചത്. പ്രധാനമന്ത്രിക്കെതിരേ കള്ളം പറഞ്ഞെന്നാണ് നോട്ടീസിലെ ആരോപണം. ബുധനാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണു നിര്‍ദേശം.
◾കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കേരളത്തെക്കുറിച്ച് എന്താണു പറയാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷ ചിന്തയോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണ് കേരളം. അതിസമ്പന്നര്‍ക്കുവേണ്ടി രാജ്യത്തെ പണയപ്പെടുത്തുന്നതല്ല ഭരണം. പട്ടിണിയും ദാരിദ്ര്യവും സഹിക്കാനാകാതെ ജനം പ്രതിഷേധിക്കുന്നതു തടയാന്‍ വര്‍ഗീയ കലാപമുണ്ടാക്കാനാണു ബിജെപിയുടെ ശ്രമമെന്നും പിണറായി കുറ്റപ്പെടുത്തി.
◾നാലു ഹൈക്കോടതികളിലേക്കു പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാര്‍ശ അംഗീകരിച്ചിട്ടില്ല. ഗുജറാത്ത് ഹൈക്കോടതിയിലേക്ക് ജസ്റ്റിസ് സോണിയ ഗിരിധര്‍ ഗൊകാനി, ത്രിപുരയിലേക്ക് ജസ്റ്റിസ് ജസ്വന്ത് സിംഗ്, ഗോഹട്ടിയിലേക്ക് ജസ്റ്റിസ് സന്ദീപ് മേത്ത, ജമ്മുകാഷ്മീരിലേക്ക് ജസ്റ്റിസ് എന്‍ കോടിശ്വര്‍ സിംഗ് എന്നിവരെയാണു നിയമിച്ചത്.
◾ശമ്പളം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞു. അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു മുന്നിലെ ദേശീയപാതയില്‍ തടഞ്ഞ ജീവനക്കാരെ പോലീസ് ബലം പ്രയോഗിച്ചു നീക്കം ചെയ്തു. ചൊവ്വാഴ്ചയ്ക്കകം ശമ്പളം കൊടുത്തില്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
◾മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ തുടര്‍ ചികില്‍സയ്ക്കായി ബംഗളൂരുവിലെ എച്ച്സിജി ആശുപത്രിയില്‍ എത്തിച്ചു. എഐസിസി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് ബംഗളൂരുവില്‍ എത്തിച്ചത്. കുടുംബാംഗങ്ങള്‍ ചികില്‍സ നിഷേധിച്ചെന്ന ആരോപണം ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
◾മന്ത്രി റോഷി അഗസ്റ്റിന്റെ വാഹന വ്യൂഹത്തിനു നേരെ കരിങ്കൊടിയും കാലിക്കുടം ഏറുമായി യൂത്ത് കോണ്‍ഗ്രസ്. മല്ലപ്പള്ളിയില്‍ വെച്ചാണ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
◾കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയെ വിമര്‍ശിച്ച എംഎല്‍എ ആസൂത്രിത നാടകം കളിച്ചതാണെന്ന് ആരോപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരേ നടപടിയെന്ന് ജനീഷ് കുമാര്‍ എംഎല്‍എ. ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെയ്തത് പെരുമാറ്റച്ചട്ട ലംഘനമാണ്. സര്‍ക്കാര്‍ നയത്തിനെതിരെ പ്രചാരണം നടത്താന്‍ അനുവദിക്കില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്നും ജനീഷ് കുമാര്‍ പറഞ്ഞു.
◾കോഴിക്കോട് സബ് കളക്ടര്‍ ഓഫീസീലും കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിന് 22 ജീവനക്കാരാണ് അവധിയെടുത്തു പോയത്. ഫെബ്രുവരി മൂന്നിന് തിരുനെല്‍വേലിയിലാണ് വിവാഹം നടന്നത്. കളക്ടര്‍ ഓഫീസിലെ 33 ജീവനക്കാരില്‍ ഭൂരിഭാഗവും വിവാഹത്തിനായി അവധി എടുത്തിരുന്നു.
◾തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം 83.6 ശതമാനം വര്‍ധിച്ചു. വിമാന ഷെഡ്യൂളുകളില്‍ 31.53 ശതമാനം വളര്‍ച്ചനേടി. ഇക്കഴിഞ്ഞ ജനുവരിയില്‍ ആകെ 3,23,792 യാത്രക്കാര്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 1,76,315 ആയിരുന്നു.
◾ഭാരത് ജോഡോ യാത്രയ്ക്കുശേഷം രാഹുല്‍ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടില്‍ എത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, താരിഖ് അന്‍വര്‍, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തുടങ്ങിയവര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. വയനാട്ടിലെ പരിപാടികള്‍ക്കുശേഷം ഇന്നു വൈകുന്നേരം തിരികേ ഡല്‍ഹിക്കു പോകും.
◾ഇന്ധന സെസും വെള്ളക്കരം വര്‍ധനയും സാധാരണക്കാരന് താങ്ങാനാവാത്തതെന്ന് മാര്‍ത്തോമ്മാ മെത്രാപൊലീത്ത. മാരാമണ്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടന വേദിയില്‍ മന്ത്രിമാര്‍ ഇരിക്കേയാണ് വിമര്‍ശനം. തൊഴിലില്ലായ്മയില്‍ സംസ്ഥാനം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണെന്നും മെത്രാപൊലീത്ത കുറ്റപ്പെടുത്തി.
◾കോഴിക്കോട്ടെ ട്രാന്‍സ്ജെന്‍ഡര്‍ പ്രസവത്തില്‍ പുരുഷന്‍ പ്രസവിച്ചെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢരുടെ സ്വര്‍ഗത്തിലാണെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. ട്രാന്‍സ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല. ഗര്‍ഭപാത്രമുള്ള സ്ത്രീ ആയതുകൊണ്ടാണ് പ്രസവിക്കാന്‍ കഴിഞ്ഞതെന്നും മുനീര്‍.
◾ലോറിയില്‍ കടത്തുകയായിരുന്ന 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി അച്ഛനും മകനും കൊച്ചിയില്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ സട്ടപ്പയും മകന്‍ അഭിഷേകുമാണ് പിടിയിലായത്. സ്‌കൂള്‍ കുട്ടികള്‍ക്കു വിതരണം ചെയ്യാനാണ് കഞ്ചാവ് മിഠായി എത്തിച്ചത്.
◾മൂന്നാര്‍ ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്കുകട ആക്രമിച്ച് കാട്ടാന. കടയിലെ ഒരു ചാക്കു മൈദയം സവാളയും ഭക്ഷിച്ചു.
◾തൊടുപുഴയിലും മൂവാറ്റുപുഴയിലുമായി പണം വച്ച് ചൂതാട്ടം നടത്തുന്ന സംഘത്തിലെ 19 പേര്‍ പിടിയില്‍. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. തൊടുപുഴയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഫ്ളാറ്റിലും മൂവാറ്റുപുഴയില്‍ ശ്രീമൂലം ക്ലബിലുമായിരുന്നു പരിശോധന.
◾തിരുവനന്തപുരത്തെ ഗുണ്ടാനേതാവ് ഓം പ്രകാശിനും കൂട്ടുപ്രതികള്‍ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി. പാറ്റൂര്‍ ഗുണ്ടാ ആക്രമണ കേസില്‍ പിടികൂടാനുള്ള നാലു പ്രതികള്‍ക്കെതിരെയാണ് പൊലീസ് ലുക്ക് ഔട്ട് ഇറക്കിയത്. ഓം പ്രകാശിനെ ഒരു മാസത്തിന് ശേഷവും കണ്ടെത്താനാകാത്തതിനാലാണ് ലുക്ക് ഔട്ട് നോട്ടീസിറക്കിയത്.
◾ആലപ്പുഴ അച്ഛന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ യുവാക്കള്‍ മുങ്ങിമരിച്ചു. പുലിയൂര്‍ വാത്തിലേത്ത് രാമചന്ദ്രന്‍ പിള്ളയുടെ മകന്‍ രാകേഷ് (30), വെട്ടിയാര്‍ വടക്കേതില്‍ മണിക്കുട്ടന്‍ പിള്ളയുടെ മകന്‍ എം. വിഷ്ണു (26) എന്നിവരാണു മരിച്ചത്.
◾തൃശൂര്‍ പെരിഞ്ഞനത്ത് കാറിന്റെ ഡോറില്‍ തട്ടി വീണ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരില്‍ അന്‍വറിന്റെ ഭാര്യ ജുബേരിയ (35) ആണ് മരിച്ചത്.
◾അമിത നിയന്ത്രണങ്ങളിലൂടേയും അധികാരത്തിന്റെ അടിച്ചമര്‍ത്തലുകളിലൂടേയും ജനാധിപത്യത്തെ ഞെരിക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിയുടേയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജനന്‍ ഖാര്‍ഗെയുടേയും പാര്‍ലമെന്റിലെ പ്രസംഗം സഭാ രേഖകളില്‍നിന്നു നീക്കം ചെയ്തതില്‍ ശക്തമായി പ്രതിഷേധിച്ചുകൊണ്ടാണ് എഐസിസിയുടെ പ്രതികരണം.
◾അയോധ്യ കേസില്‍ വിധി പ്രസ്താവിച്ച സുപ്രീം കോടതി ജഡ്ജിയെ ഗവര്‍ണറായി നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ നയത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ്. ജസ്റ്റീസ് എസ് അബ്ദുള്‍ നസീറിനെ ഗവര്‍ണറായി നിയമിച്ചതു ജുഡീഷ്യറിക്കു ഭീഷണിയാണെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു.
◾രാജ്യത്തിന്റെ 'പത്തു ലക്ഷം കോടി രൂപ അദാനിക്കു നല്‍കി'യിരിക്കേ, ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിച്ചോടുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. മോദി ലോക്സഭയില്‍ നടത്തിയത് വെറുപ്പുളവാക്കുന്ന പ്രസംഗമാണ്. ഒരു ചോദ്യത്തിനും മറുപടിയില്ല. ജനങ്ങളുടെ ചെലവില്‍ കോര്‍പറേറ്റുകള്‍ക്കു ശതകോടികളുടെ ലാഭമുണ്ടാക്കിക്കൊടുക്കുകയാണെന്നു തെലങ്കാന നിയമസഭയില്‍ പ്രസംഗിക്കവേ അദ്ദേഹം ആരോപിച്ചു.
◾1400 കിലോമീറ്ററുള്ള ഡല്‍ഹി -മുംബൈ അതിവേഗ പാതയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. എക്‌സ്പ്രസ് വേയുടെ 246 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സോഹ്ന -ദൗസ പാത നിലവില്‍ വരുന്നതോടെ ഡല്‍ഹിയില്‍നിന്ന് ജയ്പൂരിലേക്കുള്ള യാത്രാ സമയം അഞ്ചു മണിക്കൂറില്‍നിന്ന് മൂന്നര മണിക്കൂറായി കുറയും. 12 മണിക്കൂര്‍ കൊണ്ട് ഡല്‍ഹിയില്‍നിന്നു മുംബൈയിലേക്ക് എത്താവുന്ന പാതയാണു സജ്ജമാകുന്നത്.
◾തമിഴ്നാട് തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപം പുതുക്കോവിലില്‍ പടക്കനിര്‍മാണ ശാലയ്ക്കു തീപിടിച്ച് മൂന്നു പേര്‍ മരിച്ചു. പത്തിലധികം പേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു.
◾സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതിയാണെന്ന് സുപ്രീം കോടതി ചീഫ് ജസറ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മഹാരാഷ്ട്ര നിയമ യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ഈസ്റ്റ് ബംഗാള്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. ഇന്നലെ നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചതോടെയാണ് പ്ലേ ഓഫ് സാധ്യതകള്‍ ഇല്ലാതായത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ എട്ടാം സ്ഥാനത്തും ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്തുമാണ്.
◾പ്രഥമ വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പാകിസ്ഥാനെതിരെ ഏഴുവിക്കറ്റിന്റെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. പാകിസ്ഥാന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം ആറ് ബോളുകള്‍ ശേഷിക്കേ വെറും മുന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറി കടന്നു. അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന ജെമീമ റോഡ്രിഗസിന്റെ 53 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്.
◾നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദഫലങ്ങള്‍ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ടയര്‍ ഉല്‍പാദന കമ്പനിയായ എംആര്‍എഫ്. ഒക്ടോബറില്‍ ആരംഭിച്ച് ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ മികച്ച അറ്റാദായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകള്‍ പ്രകാരം, മൂന്നാം പാദത്തില്‍ 174.83 കോടി രൂപയുടെ അറ്റാദായമാണ് എംആര്‍എഫ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 17 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. 149.39 കോടി രൂപയുടെ അറ്റാദായമാണ് മുന്‍ വര്‍ഷം കൈവരിച്ചത്. ഇത്തവണ എംആര്‍എഫിന്റെ വരുമാനം 5,644.55 കോടി രൂപയായാണ് ഉയര്‍ന്നത്. കൂടാതെ, നിക്ഷേപകര്‍ക്കായി കമ്പനി ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഹരി ഒന്നിന് അഞ്ച് രൂപ നിരക്കിലാണ് ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തവണ രണ്ടാമത്തെ ഇടക്കാല ലാഭവിഹിതമാണ് പ്രഖ്യാപിച്ചത്. ഇവ ഉടന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.
◾വിജയ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് 'വാരിസ്'. വംശി പൈഡിപ്പള്ളിയാണ് ചിത്രത്തിന്റെ സംവിധാനം. 'ജിമിക്കി പൊണ്ണ്' എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടതാണ് പുതിയ വാര്‍ത്ത. വിജയ് നായകനായ 'വാരിസ്' എന്ന ചിത്രം 302 കോടി രൂപയാണ് കളക്ഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. വിജയ്യുടെ നായികയായി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന 'വിജയ് രാജേന്ദ്രന്‍' എന്ന കഥാപാത്രത്തെയാണ് വിജയ് 'വാരിസ്' എന്ന സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി ചിത്രത്തില്‍ എത്തുന്നത്. വിജയ് നായകനായ 'വാരിസ്' എന്ന സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട്. ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.
◾കുഞ്ചാക്കോ ബോബനെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന 'പകലും പാതിരാവും' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 3ന് ചിത്രം വേള്‍ഡ് വൈഡ് ആയി റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ രജിഷ വിജയന്‍ ആണ് നായിക. മനോജ് കെ യു, സീത, തമിഴ് എന്നിവര്‍ക്കൊപ്പം ഗോകുലം ഗോപാലനും ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജയ് വാസുദേവിന്റെ ഫിലിമോഗ്രഫിയിലെ നാലാമത്തെ ചിത്രമാണ് പകലും പാതിരാവും. മമ്മൂട്ടി നായകനായ മൂന്ന് ചിത്രങ്ങളാണ് ഇതിനു മുന്‍പ് അദ്ദേഹം സംവിധാനം ചെയ്തത്. രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നിവയാണ് ആ സിനിമകള്‍.
◾2023 ലെ ആദ്യ മാസത്തെ വാഹന വില്‍പന പരിശോധിച്ചാല്‍ മാരുതി സുസുക്കി തന്നെ ഒന്നാമന്‍. മാരുതിയുടെ ചെറു ഹാച്ച്ബാക്ക് ഓള്‍ട്ടോ 21411 യൂണിറ്റുമായി ഒന്നാമനായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 73 ശതമാനം അധിക വില്‍പന, 12342 യൂണിറ്റായിരുന്നു 2022 ജനുവരിയിലെ വില്‍പന. ചെറു ഹാച്ച്ബാക്കായ വാഗണ്‍ ആറാണ് കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റ രണ്ടാമത്തെ കാര്‍. 20466 യൂണിറ്റിന്റെ വില്‍പനയാണ് ഈ ചെറുകാര്‍ ജനുവരി മാസം നേടിയത്. വളര്‍ച്ച ഒരു ശതമാനം. മാരുതിയുടെ തന്നെ സ്വിഫ്റ്റാണ് മൂന്നാം സ്ഥാനത്ത്, വില്‍പന 16440 യൂണിറ്റ്. കഴിഞ്ഞ വര്‍ഷം ജനവരിയെ അപേക്ഷിച്ച് 14 ശതമാനം വില്‍പനക്കുറവാണ് സ്വിഫ്റ്റിന്. 141 ശതമാനം വളര്‍ച്ചയുമായി ബലേനോയാണ് നാലാം സ്ഥാനത്ത്. വില്‍പന 16357 യൂണിറ്റ്. ടാറ്റയുടെ കോംപാക്റ്റ് എസ്യുവി നെക്സോണാണ് അഞ്ചാമത്. 15567 യൂണിറ്റ് വില്‍പനയും കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 13 ശതമാനം വളര്‍ച്ചയും നെക്സോണ്‍ നേടി. ഹ്യുണ്ടേയ്യുടെ ചെറു എസ്യുവി ക്രേറ്റ 15037 യൂണിറ്റുമായി ആറാം സ്ഥാനത്ത് എത്തി. മാരുതിയുടെ കോംപാക്റ്റ് എസ്യുവി വിറ്റാര ബ്രെസ 14359 യൂണിറ്റുമായി ഏഴാം സ്ഥാനത്തുണ്ട്. ടാറ്റ പഞ്ച്, മാരുതി ഇക്കോ, മാരുതി ഡിസയര്‍ എന്നിവരാണ് യഥാക്രമം 12006, 11709, 11317 യൂണിറ്റ് വില്‍പനയുമായി എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍.
◾ഗ്രാമീണമായ ഒരു സ്ഥലനാമോത്പത്തികഥയും ജാരസംസര്‍ഗസംശയത്തില്‍ നിന്നുണ്ടായ കൊലപാതകത്തിന്റെ കഥയും കൂട്ടിയിണക്കുന്ന 'നിലവിളിക്കുന്നിലേക്കുള്ള കയറ്റം' ജീവിതത്തിനും മരണത്തിനുമിടയിലെ സര്‍പ്പിളസമയത്തില്‍ തൃഷ്ണകളും അഭിലാഷങ്ങളും പാഷാണതുല്യമായ അസൂയയും മദമാത്സര്യങ്ങളുമെല്ലാം പകര്‍ന്നാടുന്ന മനുഷ്യ പ്രകൃതിയുടെ ആവിഷ്‌കാരമായിത്തീരുന്നത് അഗദതന്ത്രത്തെ ആഖ്യാനതന്ത്രമായി സ്വീകരിക്കുന്നതുകൊണ്ടാണ്. വിഷവും അതിന്റെ ഗുണവേഗങ്ങളും ഔഷധവും വിഷബാധിതനും വിഷകാരകനും വിഷഹാരിയും രസായനവാദിയുമെല്ലാം കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്ന ഘോരവും മാന്ത്രികവുമായ ഒരു ദുരന്തനാടകവേദിയായി ഈ നോവല്‍ മാറുന്നു. എം.നന്ദകുമാര്‍. ചിത്രീകരണം കെ. ഷെരീഫ്. മാതൃഭൂമി. വില 170 രൂപ.
◾ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് വീതം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും കുറക്കുമെന്ന് പഠനം. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. അരമണിക്കൂര്‍ ഇരുത്തത്തിനു ശേഷം ഒരു മിനിറ്റ് നടത്തം, ഒരു മണിക്കൂര്‍ ഇരുത്തത്തിനു ശേഷം ഒരു മിനിറ്റ് നടത്തം, ഓരോ അരമണിക്കൂര്‍ ഇരിപ്പിനുശേഷവും അഞ്ച് മിനിറ്റ് നടത്തം, ഓരോ മണിക്കൂര്‍ ഇരിപ്പിനുശേഷവും അഞ്ച് മിനിറ്റ് നടത്തം, നടക്കാതെ ഒരേയിരുപ്പ് ഇരിക്കുക എന്നിങ്ങനെയാണ് ഇവര്‍ പരീക്ഷണം നടത്തിയത്. ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് നടക്കുന്നത് ആരോഗ്യകരമെന്നു കണ്ടു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും കുറച്ചു. ഓരോ അരമണിക്കൂറിലും ഒരു മിനിറ്റ് നടക്കുന്നതും നല്ലതാണെന്നു കണ്ടു. എന്നാല്‍ ഒരു മണിക്കൂറില്‍ ഒരു മിനിറ്റോ അഞ്ച് മിനിറ്റോ നടക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ദിവസം മുഴുവന്‍ ഇരിക്കാതെ ഇടയ്ക്ക് നടക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കുന്നതായി കണ്ടു. ചെറുനടത്തം ക്ഷീണമകറ്റുന്നതായും മനോനില മെച്ചപ്പെടുത്തുന്നതായും പഠനത്തില്‍ പറയുന്നു. ഒരേയിരുപ്പ് ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നില്‍ക്കുന്നതു പോലും ഗുണകരമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് കാലറി ബേണ്‍ ചെയ്യാന്‍ സഹായിക്കും. നടത്തവും നില്‍പും രക്തപ്രവാഹം വര്‍ധിപ്പിക്കും, പ്രത്യേകിച്ച് കാലുകളിലേക്കുള്ളത്. ഇത് കാലിന് വീക്കം വരാതെയിരിക്കുവാന്‍ സഹായിക്കും. കൊഴുപ്പ്, പഞ്ചസാര ഇവയുടെ ഉപാപചയം മെച്ചപ്പെടുത്താനും ശ്വസനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടുതല്‍ സമയം ഇരിക്കുന്നത് പുറംവേദനയ്ക്കും കാരണമാകും. തുടര്‍ച്ചയായി ഇരിക്കാതെ നടക്കുകയും നില്‍ക്കുകയും ചെയ്യുന്നത് പേശികളെയും ലിഗമെന്റുകളെയും സന്ധികളെയും അയവുള്ളതാക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ വലിയ കഠിനാധ്വാനിയാണ്. ജോലി സമയം കഴിഞ്ഞും അയാള്‍ അധികവരുമാനത്തിനായി അടുത്ത ജോലികള്‍ ചെയ്യുമായിരുന്നു. അങ്ങനെ അയാള്‍ മനോഹരമായ വീടു പണിതു. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി, ഭാര്യയ്ക്ക് അത്യാധുനിക വീട്ടുപകരണങ്ങള്‍ നല്‍കി. മക്കള്‍ അച്ഛനോട് തങ്ങളോടൊപ്പം ഒരു ദിവസം ചെലവഴിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരക്ക് മൂലം അയാള്‍ക്കതിനുസാധിച്ചില്ല. ജോലിയില്‍ പ്രമോഷന്‍ ലഭിക്കുന്നതിനനുസരിച്ച് സമ്പത്തും വര്‍ദ്ധിച്ചു. ബീച്ചിനരികില്‍ പുതിയൊരു വീടുകൂടി വാങ്ങി. ഭാര്യയേയും മക്കളേയും അവിടെയാക്കി ജോലിസ്ഥലത്തേക്ക് തിരിച്ചുപോയി. മക്കള്‍ വീണ്ടും തങ്ങളുടെ കൂടെ ഒരുദിവസമെങ്കിലും ചെലവഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ പിറ്റേദിവസം ഉറപ്പായും വരാമെന്ന് അയാള്‍ വാക്കുകൊടുത്തു. അവരെല്ലാവരും സന്തോഷത്തോടെ അച്ഛന്റെ വരവ് കാത്തിരുന്നു. പിറ്റേന്ന് അയാളെത്തിയപ്പോള്‍ അവിടെ വീടില്ലായിരുന്നു. രാത്രിയിലുണ്ടായ കടല്‍ക്ഷോഭം വീടിനേയും വീട്ടുകാരേയും കൊണ്ടുപോയി! ഒപ്പമുണ്ടായിരിക്കുന്ന നിമിഷങ്ങളാണ് ഓര്‍മകളും ഒരുമയും സമ്മാനിക്കുക. ജീവിതസൗകര്യങ്ങള്‍ നല്‍കുന്നതും ജീവിതം നല്‍കുന്നതും രണ്ടാണ്. ഈ ഊഷ്മളത നഷ്ടമാകുമ്പോള്‍ പരാതിപ്പെടുന്നവരോട് നിനക്കെന്തിന്റെ കുറവാണ്, വേണ്ടതെല്ലാം ലഭിക്കുന്നില്ലേ എന്നൊക്കൊ ചോദിക്കുന്നവര്‍ ഒരു കാര്യം മറന്നുപോകുന്നു. പ്രാണനില്ലാത്ത പ്രിയം വിനോദോപാധിയോ കടമനിര്‍വ്വഹിക്കലോ മാത്രമാണ്. തിരക്ക് ആപേക്ഷികമാണ്. ഒരാള്‍ എന്തിനാണോ മുന്‍ഗണന നല്‍കുന്നത് അതിലാകും അയാള്‍ കൂടുതല്‍ സമയം ചിലവഴിക്കുക. സമയമില്ല എന്നതല്ല, സമയം മറ്റുകാര്യങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ചിരിക്കുന്ന എന്നതാണ് യാഥാര്‍ത്ഥ്യം. കൂടെയിരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കൂടെപ്പിറപ്പാണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം... ഇപ്പോള്‍ ചെയ്യേണ്ടവ ഇപ്പോള്‍ തന്നെ ചെയ്യുക.. പിന്നീട് ചെയ്യാനുള്ള സമയം കണ്ടെത്തിവരുമ്പോള്‍ സ്വീകരിക്കാന്‍ ആളുണ്ടായെന്ന് വരില്ല.. ജീവിതം വളരെ ചെറുതും അനിശ്ചിതത്വം നിറഞ്ഞതുമാണ്.. ഈ ചെറിയ കാലയളവില്‍ നമുക്ക് ജീവിക്കാന്‍ ശ്രമിക്കാം, പ്രിയപ്പെട്ടവര്‍ക്കൊപ്പം - ശുഭദിനം.