*പ്രഭാത വാർത്തകൾ*2023 | ഫെബ്രുവരി 10 | വെള്ളി | 1198 | മകരം 27 |

◾കൂട്ടിയ നികുതി കുറയ്ക്കില്ലെന്നും സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മ്മ പദ്ധതി ഇന്ന് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 100 ദിവസം കൊണ്ട് 15,896.03 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കും. ഇന്ധന സെസിനെതിരെ കോണ്‍ഗ്രസിനൊപ്പം ബിജെപിയും സമരം നടത്തുന്നത് വിചിത്രമാണ്. ഇന്ധന വില തരാതരംപോലെ കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് പ്രതിഷേധിക്കുന്നത്. ബജറ്റിലെ നികുതി നിര്‍ദ്ദേശങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധങ്ങളെ പരിഹസിച്ചുമാണു മുഖ്യമന്ത്രി സംസാരിച്ചത്.

◾തുര്‍ക്കി, സിറിയ ഭൂകമ്പങ്ങളിലെ മരണം ഇരുപതിനായിരം. ഭക്ഷണവും കുടിവെള്ളവും കിട്ടാനില്ല. ചികില്‍സാ സൗകര്യങ്ങളുമില്ല. അതിശൈത്യംമൂലം ജനങ്ങളും രക്ഷാപ്രവര്‍ത്തകരും നരകിക്കുകയാണ്. തുര്‍ക്കിയില്‍ മാത്രം പതിനാറായിരം പേരാണു മരിച്ചത്. രണ്ടു രാജ്യങ്ങളിലുമായി പരിക്കേറ്റു 73,000 പേരാണു ചികില്‍സയിലുള്ളത്.

◾സംസ്ഥാനത്തെ 509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജമായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണ്‍ലൈനായി ഒപി ടിക്കറ്റും ആശുപത്രി അപ്പോയ്‌മെന്റും എടുക്കാനാകും. ഇ ഹെല്‍ത്ത് വഴി ഇതുവരെ 3.04 കോടി രജിസ്‌ട്രേഷനുകള്‍ നടന്നു. മെഡിക്കല്‍ കോളേജുകളും അനുബന്ധ ആശുപത്രികളും കൂടാതെ 16 ജില്ല, ജനറല്‍ ആശുപത്രികള്‍, 73 താലൂക്ക് ആശുപത്രികള്‍, 25 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 380 പ്രാഥമികാരോഗ്യ/കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, ഒരു പബ്ലിക് ഹെല്‍ത്ത് ലാബ് എന്നിവിടങ്ങളിലാണ് ഇ ഹെല്‍ത്ത് നടപ്പാക്കിയത്.


◾രാജ്യത്തെ വന്യജീവികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പുളളിപ്പുലികളുടെ എണ്ണം 2014 ലെ 8,032 ല്‍നിന്നും 60 ശതമാനം വര്‍ധിച്ച് 12,852 ആയി. 2014 ല്‍ 2,226 എണ്ണമായിരുന്ന കടുവകള്‍ 2,967. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം 2600 ല്‍ നിന്നു മൂവായിരം കവിഞ്ഞു. 2007 ല്‍ 27,694 ആയിരുന്ന ആനകള്‍ പെരുകി 2021 ല്‍ 30,000 ആയി. സിംഹങ്ങള്‍ 2010 ലെ 411 ല്‍ നിന്ന് 2020 ല്‍ 674 ആയി ഉയര്‍ന്നു. മന്ത്രി പറഞ്ഞു.

◾സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരായ കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ജഡ്ജിമാര്‍ക്കെന്ന പേരില്‍ കോഴ വാങ്ങിയെന്ന കേസില്‍ പ്രതിയായ സൈബി ജോസ് ഹാജരായി നേടിയ അനുകൂല വിധിയാണു റദ്ദാക്കിയത്. കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് ഇരയുടെ പേരില്‍ ഇല്ലാത്ത സത്യവാങ്മൂലം ഹാജരാക്കിയത് ഗുരുതര തെറ്റാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സൈബി ജോസ് കോടതിയില്‍ ഹാജരായിരുന്നില്ല.

◾നടന്‍ ഉണ്ണി മുകുന്ദനുവേണ്ടി വ്യാജരേഖയല്ല, കേസുമായി മുന്നോട്ടു പോകാന്‍ താല്പര്യമില്ലെന്നു പരാതിക്കാരി അയച്ച ഇമെയില്‍ രേഖയാണു കോടതിയില്‍ ഹാജരാക്കിയതെന്ന് അഭിഭാഷകന്‍ സൈബി ജോസ്. ഇമെയില്‍ വിശദാംശങ്ങള്‍ അടക്കം മുഴുവന്‍ തെളിവും ഹൈക്കോടതിക്കു കൈമാറുമെന്നും തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണങ്ങളാണെന്നും സൈബി ജോസ് പറഞ്ഞു.


◾പയ്യന്നൂരിനടുത്ത് കോറോം മുച്ചിലോട്ട് പെരുംകളിയാട്ട നഗരിയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നൂറിലേറെ പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഐസ്‌ക്രീമും ലഘു പലഹാരവും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധ.

◾കുത്തകമുതലാളിമാരും ക്വാറി ഉടമകളും മദ്യമാഫിയകളും വെട്ടിച്ച 7,500 കോടി രൂപയുടെ നികുതി കുടിശ്ശിക പിരിച്ചെടുക്കണമെന്നും പാവപ്പെട്ടവന്റെ മേല്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം ഒഴിവാക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നികുതി വര്‍ദ്ധനവിനെതിരെ കോഴിക്കോട് കളക്ടറേറ്റിലേക്ക് ബിജെപി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

◾യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ചിന്ത ജെറോമും പി.കെ ശ്രീമതിയും. സുരേന്ദ്രനു മറുപടി പറയാന്‍ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോം. സുരേന്ദ്രന്റെ പരാമര്‍ശം നിന്ദ്യമാണെന്ന് പി.കെ ശ്രീമതി വിമര്‍ശിച്ചു.

◾കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗ ശല്യംമൂലം കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ താമസക്കാര്‍ കൃഷി ഉപേക്ഷിച്ച് പലായനം ചെയ്യുന്നു. പെരുവണ്ണാമൂഴി പൂഴിത്തോട് മാവട്ടത്ത് മാത്രം 25 കുടുംബങ്ങളാണ് പത്ത്ുവര്‍ഷത്തിനിടെ കൃഷിഭൂമി ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് മാറിത്താമസിച്ചത്.

◾വന്യമൃഗങ്ങള്‍ നാടു വിറപ്പിക്കവേ, വന്യമൃഗങ്ങള്‍ക്കു പേരിട്ടു രസിച്ച് വനംവകുപ്പ്. വയനാടിനെ വിറപ്പിച്ച ആളെകൊല്ലിയായ ആനയ്ക്കും കടുവയ്ക്കും പേരിട്ടു. തമിഴ്നാട്ടില്‍ നിന്ന് ബത്തേരിയിലെത്തിയ പിഎം 2 മോഴയാനയ്ക്കു രാജ എന്ന പേരിട്ടു. കഴിഞ്ഞ ദിവസം പിടികൂടിയ കടുവയ്ക്ക് കെജിഎഫ് 2 സിനിമയിലെ വില്ലന്റെ പേരായ അധീരയെന്നാണു പേരിട്ടത്.

◾പാലക്കാട് നഗരത്തില്‍ അര്‍ധരാത്രിയോടെ തീപിടുത്തം. മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയര്‍ കടയ്ക്കാണ് തീപിടിച്ചത്.

◾തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ചു. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനു എത്തിയ നല്ലേപ്പിള്ളി സ്വദേശി അനിതയും നവജാത ശിശുവുമാണ് മരിച്ചത്. പ്രസവശേഷം ഗുരുതരാവസ്ഥയിലായ അനിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഡോക്ടര്‍മാരുടെ പിഴവുമൂലമാണ് മരിച്ചതെന്ന് പരാതിയുമായി ബന്ധുക്കള്‍.

◾സഹകരണ ബാങ്ക് അധികൃതര്‍ ജപ്തി നടപടികള്‍ ആരംഭിച്ചതോടെ വൈക്കത്തിനടുത്ത് തലയാഴത്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. വാക്കേത്തറ സ്വദേശി കാര്‍ത്തികേയന്‍ (61) ആണ് മരിച്ചത്. തോട്ടകം സഹകരണ ബാങ്കില്‍ കാര്‍ത്തികേയന് 17 ലക്ഷം രൂപയുടെ വായ്പാ കുടിശിക ഉണ്ടായിരുന്നു. കാര്‍ത്തികേയന്റെ വീടും സ്ഥലവും ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തി അളന്നു മടങ്ങിയതിനു പിറകേയാണ് ആത്മഹത്യ.

◾സ്‌കോട്ലന്‍ഡില്‍ മലയാളിയായ റസ്റ്റോറന്റ് ഉടമ മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശിയായ സുനില്‍ മോഹന്‍ ജോര്‍ജ് (45) ആണ് ഫോര്‍ട്ട് വില്യമില്‍ മരിച്ചത്. ഏതാനും ദിവസങ്ങളായി പനിയും മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്ന സുനില്‍ ഉറക്കത്തിനിടെ മരിച്ചതാണെന്നാണ് അനുമാനം.

◾ഭാര്യയുമായി അവഹിത ബന്ധമുണ്ടെന്നു സംശയിച്ച് യുവാവിനെ കൊന്ന് കനാലില്‍ തള്ളിയ കേസിലെ പ്രതി അറസ്റ്റില്‍. പത്തനംതിട്ട കലഞ്ഞൂരില്‍ 28 കാരനായ അനന്തുവിനെ കൊലപ്പെടുത്തിയതിന് അയല്‍വാസി ശ്രീകുമാറാണ് പിടിയിലായത്.

◾ആറു മാസമായി ശമ്പളം കിട്ടാത്തിന് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. കൊല്ലം പത്തനാപുരം മാങ്കോട് സ്വദേശി ഇ എസ് ബിജുമോനാണ് സാമ്പത്തിക പ്രതിസന്ധിമൂലം ജീവനൊടുക്കിയത്.

◾എടത്വാ പാലത്തിന് താഴെ യുവാവിന്റെ മൃതദേഹം. കുട്ടനാട് കാവാലം അഞ്ചാം വാര്‍ഡ് മുണ്ടടിത്തറ പൊന്നപ്പന്റെ മകന്‍ നിതിന്‍ (26) ആണ് മരിച്ചത്

◾പെരിന്തല്‍മണ്ണയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് ഏഴുവര്‍ഷം കഠിനതവ്. പെരിന്തല്‍മണ്ണ മണ്ണാര്‍മല സ്വദേശി ജിനേഷിനെയാണ് ശിക്ഷിച്ചത്.

◾കോഴിക്കോട്ട് ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗണ്‍ ഷുഗറുമായി മൂന്നു പേര്‍ അറസ്റ്റിലായി. അടിവാരം ഷാജി വര്‍ഗീസ് (54), കായലം ഭൂതനം കോളനി അബ്ദുള്‍ സമദ് എന്ന കിളി സമദ് (35), ഒളവണ്ണ അബ്ദുള്‍ ഷാഹിര്‍ എന്ന സായി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◾ദേശീയപാത 766 ല്‍ കുന്ദമംഗലം പതിമംഗലത്ത് നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് അധ്യാപകന്‍ മരിച്ചു. പതിമംഗലം അവ്വാ തോട്ടത്തില്‍ രാജു (47) ആണ് മരിച്ചത്.  

◾വര്‍ക്കല പാപനാശത്ത് തീരദേശ പരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ക്ലിഫി പാണ്ഡേ കെട്ടിടം നഗരസഭ പൊളിച്ചു നീക്കി. സൗത്ത് ക്ലിഫില്‍ അപകടകരമായ അവസ്ഥയില്‍ തീരത്ത് നിന്നു 40 മീറ്റര്‍ ഉയരത്തിലുള്ള മലനിരപ്പിനോടു ചേര്‍ന്നാണു കെട്ടിടം നിര്‍മിച്ചത്

◾പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്‌കറിന്റെ ഭാര്യ രമ ബി. ഭാസ്‌കര്‍ അന്തരിച്ചു. 82 വയസായിരുന്നു. സംസ്‌കാരം ചെന്നൈ ബസന്ത് നഗര്‍ വൈദ്യുതി ശ്മാശാനത്തില്‍ നടന്നു.

◾ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കുടുംബക്കാര്‍ എന്തുകൊണ്ടാണ് 'നെഹ്‌റു' എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധി കുടുംബവും, കോണ്‍ഗ്രസും ചേര്‍ന്ന് രാജ്യത്തെ തകര്‍ത്തു.ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. അവസരങ്ങളെ പ്രതിസന്ധികളാക്കി. രാജ്യസഭയില്‍ നന്ദിപ്രമേയചര്‍ച്ചക്കുള്ള മറുപടിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇങ്ങനെ ആഞ്ഞടിച്ചത്. പ്രതിപക്ഷം എറിയുന്ന ചളിയില്‍ കൂടുതല്‍ താമര വിരിയുമെന്നും മോദി പറഞ്ഞു. മോദി അദാനി ഭായ് ഭായ് എന്ന പ്രതിപക്ഷ മുദ്യാവാക്യം വിളികള്‍ക്കിടയിലാണു പ്രധാനമന്ത്രിയുടെ പ്രസംഗം.

◾നെഹ്റു എന്നതിനു പകരം ഗാന്ധി എന്ന കുടുംബപ്പേര് ഉപയോഗിക്കുന്നതിനെ പരിഹസിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അസംബന്ധം പ്രചരിപ്പിക്കുകയാണെന്നു കോണ്‍ഗ്രസ്. ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവിന്റെ പേര് ഫിറോസ് ഗാന്ധി എന്നാണ്. അച്ഛന്റെ പേരിന്റെ പിന്തുടര്‍ച്ചയെന്ന നിലയിലാണ് രാജീവ് ഗാന്ധിയും രാഹുല്‍ഗാന്ധിയും. അദാനി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ കുടുംബപേരിനെ പരിഹസിക്കുന്ന മോദി ഭാര്യയെ ഉപേക്ഷിച്ചയാളാണെന്നും പ്രതികരിച്ചു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സ്വകാര്യ വിവരങ്ങളാണെന്നും പുറത്തു വിടില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. വിവരങ്ങള്‍ കൈമാറണമെന്ന് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സര്‍വകലാശാല നല്‍കിയ ബിരുദാനന്തര ബിരുദത്തിന്റെ വിവരങ്ങള്‍ തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇന്‍ഫര്‍മേഷന്‍ കമ്മീഷനെ സമീപിച്ചിരുന്നത്.

◾വമ്പന്‍ വാഗ്ദാനങ്ങളുമായി ത്രിപുരയില്‍ ബിജെപി പ്രകടന പത്രിക. പെണ്‍കുഞ്ഞുങ്ങളുള്ള പാവപ്പെട്ട കുടുംബത്തിന് 50,000 രൂപ ധനസഹായം. കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സൗജന്യ സ്‌കൂട്ടര്‍, രണ്ട് സൗജന്യ ഗ്യാസ് സിലിണ്ടര്‍ തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

◾ബിജെപിയുടെ വിശുദ്ധ പശുവാണ് വ്യവസായി ഗൗതം അദാനിയെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പശുവിനെയല്ല, അദാനിയെയാണ ബിജെപി നേതാക്കള്‍ ആശ്ളേഷിച്ചിരിക്കുന്നത്. മറ്റുള്ളവരെല്ലാം പശുവിനെ കെട്ടിപ്പിടിച്ചോളൂവെന്നാണ് ബിജെപി നേതാക്കളുടെ നിലപാടെന്നും അദ്ദേഹം പരിഹസിച്ചു. അദാനിയുടെ തിരിമറികളെക്കുറിച്ച് അന്വേഷണം നടത്താത്തതിനു കാരണം അതാണെന്നും സഞ്ജയ് റാവത്ത്.

◾കര്‍ണാടക തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കി ബിജെപി. ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പു സുല്‍ത്താന്റെയും സവര്‍ക്കറുടെയും ആശയങ്ങള്‍ തമ്മിലുള്ളതാകുമെന്ന് സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍ പറഞ്ഞു. ടിപ്പുവിനെ പിന്തുണയ്ക്കുന്ന സിദ്ധരാമയ്യക്ക് തുറന്ന സംവാദത്തിനു ധൈര്യമുണ്ടോ എന്നും കട്ടീല്‍ വെല്ലുവിളിച്ചു.

◾ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് ഈടാക്കുന്ന കണ്‍വീനിയന്‍സ് ഫീസിനത്തില്‍ ഐആര്‍സിടിസിക്കു കോടികളുടെ ആദായം. മൂന്നു വര്‍ഷത്തിനകം ഐആര്‍സിടിസിയുടെ വരുമാനം ഇരട്ടിയായെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കണ്‍വീനിയന്‍സ് ഫീസായി 352.33 കോടി രൂപയാണ് ലഭിച്ചത്. 2021-22 ല്‍ ഇത് 694 കോടി രൂപയായി ഉയര്‍ന്നു.

◾ശ്രീലങ്കയില്‍നിന്നു ബോട്ടില്‍ കടത്തിക്കൊണ്ടുവരവേ കോസ്റ്റ്ഗാര്‍ഡ് വളഞ്ഞതോടെ കള്ളക്കടത്തു സംഘം രാമേശ്വരത്തു കടലില്‍ ഉപേക്ഷിച്ച സ്വര്‍ണം വീണ്ടെടുത്തു. പത്തര കോടി രൂപ വിലവരുന്ന 17.74 കിലോ സ്വര്‍ണമാണ് കടലില്‍നിന്ന് മുങ്ങിത്തപ്പിയെടുത്തത്. ബോട്ടിലുണ്ടായിരുന്ന മൂന്നുപേരെ നേരത്ത അറസ്റ്റു ചെയ്തിരുന്നു.

◾ജാതി വ്യവസ്ഥ സൃഷ്ടിച്ചത് പണ്ഡിതരാണെന്നും ദൈവമല്ലെന്നുമുള്ള ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന പൂര്‍ണമായും ശരിയല്ലെന്നു പുരി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി. വര്‍ണ സമ്പ്രദായം ബ്രാഹ്‌മണരുടെ മാത്രം സമ്മാനമാണെന്നും എല്ലാ സനാതന ഹിന്ദുക്കളുടെയും പൂര്‍വികര്‍ ബ്രാഹ്‌മണരാണെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ ജഗ്ദല്‍പൂരില്‍ മതസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◾ഗുജറാത്തിലെ ജില്ലാ കോടതികളിലെ ഒഴിവുകള്‍ ഉടനേ നികത്തണമെന്നു സുപ്രീം കോടതി. കോടതികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

◾ആന്ധ്രാപ്രദേശിലെ കാക്കിനാടയില്‍ ഓയില്‍ ടാങ്കറില്‍നിന്ന് വിഷവാതകം ശ്വസിച്ച് ഏഴു മരണം. കാക്കിനാടയിലെ ജിരംഗപേട്ടയിലുള്ള അമ്പാടി സുബ്ബണ്ണ ഓയില്‍ ഫാക്ടറി വളപ്പിലുള്ള ഓയില്‍ ടാങ്കര്‍ വൃത്തിയാക്കാന്‍ കയറിയ തൊഴിലാളികളാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്.

◾കാബൂളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നൂറുകണക്കിനു പുസ്തകങ്ങള്‍ സൗജന്യമായി നല്‍കിയ പ്രൊഫസറെ താലിബാന്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇസ്മായില്‍ മഷാല്‍ എന്ന 37 കാരനായ അഫ്ഗാന്‍ പ്രൊഫസറെയാണ് ജയിലിലടച്ചത്.

◾ഇന്ത്യയില്‍ ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന് മാസം 900 രൂപ നല്‍കേണ്ടിവരും. ആന്‍ഡ്രോയിഡ് മൊബൈലിലോ ഐഫോണിലോ ട്വിറ്റര്‍ ബ്ലൂ ടിക്ക് സേവനങ്ങള്‍ ലഭിക്കാനാണ് 900 രൂപ. വെബിലെ ഒരു സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് പ്രതിമാസം 650 രൂപയാണ്. വെബ് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6,800 രൂപയ്ക്ക് വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു.

◾ചെലവ് ചുരുക്കാന്‍ വാള്‍ട്ട് ഡിസ്നി ഏഴായിരം ജീവനക്കാരെ പിരിച്ചുവിടുന്നു. 550 കോടി ഡോളര്‍ ചെലവ് ചുരുക്കാനാണു ശ്രമം.

◾മെറ്റയില്‍ കൂട്ടപിരിച്ചുവിടലിനു ശേഷവും പിരിച്ചുവിടല്‍ ഭീഷണി. സീനിയല്‍ മാനേജര്‍ തലത്തിലുള്ളവര്‍ക്കാണു ഭീഷണി. വ്യക്തിഗത കോണ്‍ട്രിബ്യൂട്ടര്‍ ജോലികളിലേക്ക് മാറുന്നില്ലെങ്കില്‍ കമ്പനി വിടണമെന്നാണു നിര്‍ദേശം.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച് ജംഷേദ്പുര്‍ എഫ്.സി. ഈ സമനിലയോടെ മോഹന്‍ ബഗാന്‍ പോയന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്നില്‍ നാലാം സ്ഥാനത്ത് തുടരുന്നു. പത്താം സ്ഥാനത്തുള്ള ജംഷേദ്പുര്‍ നേരത്തേ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിട്ടുള്ളതാണ്.

◾ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യയ്ക്ക് സ്വന്തം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഇന്ത്യന്‍ സ്പിന്നിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകാതെ 177 റണ്‍സിന് ആദ്യ ഇന്നിംഗ്സില്‍ പുറത്തായി. രവീന്ദ്ര ജഡേജ 5 വിക്കറ്റെടുത്തപ്പോള്‍ രവിചന്ദ്ര അശ്വിന് 3 വിക്കറ്റ് ലഭിച്ചു. ഇന്ത്യ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സ് എടുത്തിട്ടുണ്ട്.

◾വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ ആരംഭം. ആദ്യ മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേയാണ്.

◾ഇന്ത്യന്‍ റെയില്‍വേ ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐആര്‍സിടിസി) ഈ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 225 കോടി രൂപയുടെ അറ്റാദായം നേടി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 22.3 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 208.8 കോടി രൂപയായിരുന്നു ഐആര്‍സിടിസിയുടെ അറ്റാദായം. ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ വരുമാനം 70 ശതമാനം ഉയര്‍ന്ന് 918.1 കോടി രൂപയായി. കാറ്ററിംഗ്, റെയില്‍ നീര്‍, ടൂറിസം, സ്റ്റേറ്റ് തീര്‍ഥ തുടങ്ങിയവയില്‍ നിന്നുള്ള വരുമാനം ഉയര്‍ന്നു. അതേ സമയം ഇന്റര്‍നെറ്റ് ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം 3.1 ശതമാനം ഇടിഞ്ഞു.ലാഭവിഹിതം 3.50 രൂപഓഹരി ഒന്നിന് 3.50 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

◾ഇന്ത്യയില്‍ ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ പ്രഖ്യാപിച്ച് ട്വിറ്റര്‍. ആന്‍ഡ്രോയിഡ് മൊബൈലിലോ ഐഫോണിലോ ട്വിറ്റര്‍ ബ്ലൂ ടിക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നതിന്, ഉപയോക്താക്കള്‍ പ്രതിമാസം നല്‍കേണ്ടത് 900 രൂപയാണ്. വെബിലെ ഒരു സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും. വെബ് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6,800 രൂപയ്ക്ക് വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി വാഗ്ദാനം ചെയ്യുന്നു. ട്വിറ്റര്‍ ബ്ലൂവിലേക്കുള്ള പുതിയ സബ്‌സ്‌ക്രിപ്ഷനുകള്‍ നിലവില്‍ ഇന്ത്യ, യുഎസ്, കാനഡ, ജപ്പാന്‍, ഇന്തോനേഷ്യ, ന്യൂസിലാന്‍ഡ്, ബ്രസീല്‍, യുകെ, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രേലിയ, ഇറ്റലി, പോര്‍ച്ചുഗല്‍, സ്പെയിന്‍, എന്നിവിടങ്ങളില്‍ ലഭ്യമാണ്. ഒരിക്കല്‍ ഒരു ഉപയോക്താവ് ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രൈബ് ചെയ്തുകഴിഞ്ഞാല്‍, പ്രൊഫൈല്‍ ഫോട്ടോയിലോ ഡിസ്‌പ്ലേ ചെയ്യുന്ന ഉപയോക്താവിന്റെ പേരിലോ ഉപയോക്തൃനാമത്തിലോ മാറ്റം വരുത്തിയാല്‍ അക്കൗണ്ട് സാധൂകരിക്കുന്നതുവരെ നീല ചെക്ക്മാര്‍ക്ക് നഷ്ടപ്പെടും. മാത്രമല്ല, ട്വിറ്റര്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ റദ്ദാക്കാനും ഉപയോക്താക്കളെ അനുവദിക്കും. പണം നല്‍കിയ കാലാവധി അവസാനിച്ചാല്‍, കൂടുതല്‍ നിരക്കുകള്‍ ഒഴിവാക്കാന്‍ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കല്‍ കാലയളവിന് 24 മണിക്കൂര്‍ മുമ്പെങ്കിലും റദ്ദാക്കുക.

◾മണി ഹീസ്റ്റ് സീരിസിന് ഒരു സ്പിന്‍-ഓഫ് സീക്വല്‍ വരുന്നു. മണി ഹീസ്റ്റില്‍ ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായ ബെര്‍ലിന്റെ ജീവിതത്തിലേക്കാണ് പുതിയ സീരിസ് എത്തുന്നത്. മണി ഹീസ്റ്റ് ബര്‍ലിന്‍ എന്നാണ് സീരിസിന്റെ പേര്. അനൌണ്‍സ്മെന്റ് ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മണി ഹീസ്റ്റിലെ മുഖ്യകഥാപാത്രമായ പ്രൊഫസറുടെ സഹോദരനാാണ് കൊള്ള സംഘത്തിലെ അംഗമായ ബര്‍ലിനെ കാണികള്‍ പരിചയപ്പെട്ടത്. സ്പെയിന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ കൊള്ള എന്ന് വിശേഷിപ്പിക്കപ്പെടുന്ന മണി ഹീസ്റ്റ് സീരിസിലെ കഥ നടക്കും മുന്‍പാണ് ബെര്‍ലിന്റെ പുതിയ സീരിസിലെ കഥ നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബെര്‍ലിന്‍ എന്ന കഥാപാത്രത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയുള്ള ഒരു യാത്ര, അവന്‍ പ്രണയ ഭ്രാന്തനാണ്, പ്രണയത്തിന് വേണ്ടി അവന്‍ യൂറോപ്പ് കൊളളയടിക്കുന്നുണ്ട്, അതാണ് ഈ സീരിസിന്റെ പ്രമേയം. ഡിസംബര്‍ 2023 ല്‍ ആയിരിക്കും സീരിസ് എത്തുക എന്നാണ് നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. പെട്രോ അലന്‍സോയുടെ പ്രധാന കഥാപാത്രത്തിനൊപ്പം മണി ഹീസ്റ്റ് സീരിസിലെ പ്രഫസര്‍ അടക്കം പ്രധാന താരങ്ങള്‍ ഇതിലും പ്രത്യക്ഷപ്പെട്ടേക്കാം.

◾ലാല്‍കൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി തകര്‍ത്താടിയ ചിന്താമണി കൊലക്കേസ് റിലീസ് ചെയ്ത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം എത്തുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമായിരുന്നു സംവിധായകന്‍ ഷാജി കൈലാസ് പ്രഖ്യാപനവുമായി എത്തിയത്. 'ഞങ്ങള്‍ മുന്നോട്ട്' എന്ന് കുറിച്ചു കൊണ്ടാണ് ഷാജികൈലാസ് പോസ്റ്റര്‍ പങ്കുവച്ചത്. അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളില്‍ സുരേഷ് ഗോപിയുടെ മുഖം തെളിയും വിധമാണ് പോസ്റ്റര്‍. ലാല്‍കൃഷ്ണ വിരാടിയാര്‍ എന്നതിന്റെ ചുരുക്കമായ എല്‍കെ എന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. ആദ്യ ഭാഗത്തിന് തിരക്കഥ ഒരുക്കിയ എ കെ സാജന്‍ തന്നെയാണ് രണ്ടാം ഭാഗത്തിനു വേണ്ടിയും കഥ എഴുതുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ചിത്രത്തില്‍ ഭാവന, തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. തെലുങ്കില്‍ 'മഹാലക്ഷ്മി' എന്ന പേരിലും തമിഴില്‍ 'എല്ലാം അവന്‍ സെയ്യാല്‍' എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.

◾ടൊയോട്ട ഹൈലക്‌സില്‍ ഗംഭീരമായ രണ്ട് ക്യാംപിങ് വാഹനം നിര്‍മിച്ച് ജാപ്പനീസ് കമ്പനിയായ ഡയറക്ട് കാര്‍സ്. ഹൈലക്‌സ് ജിആര്‍ സ്‌പോര്‍ട്‌സിലാണ് ബിആര്‍75 എന്നു പേരിട്ടിരിക്കുന്ന ക്യാംപിങ് വാഹനങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാനും രണ്ടു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും സുഖമായി കിടന്നുറങ്ങാനും സൗകര്യമുള്ള വാഹനമാണിത്. വീടുകളില്‍ ഉപയോഗിക്കുന്ന എയര്‍ കണ്ടീഷനിങ് സംവിധാനമാണ് ഈ വാഹനത്തിലും നല്‍കിയിരിക്കുന്നത്. വെള്ളം നില്‍ക്കാത്ത തറയും സിങ്കുമൊക്കെയുള്ള ചെറിയൊരു കുളിമുറിയും പിന്നിലുണ്ട്. ഹൈലക്‌സ് കാംപറിന് 200എഎച്ച് സെക്കന്‍ഡറി ബാറ്ററിയും നല്‍കിയിട്ടുണ്ട്. വാഹനത്തിന് മുകളിലെ 200വാട്ട് സോളാര്‍ പാനലുകള്‍ ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. 85 ലീറ്റര്‍ വാട്ടര്‍ ടാങ്ക്, 20 ലീറ്റര്‍ കുടിവെള്ള സംഭരണി, 45 ലീറ്റര്‍ അഴുക്കു ജല സംഭരണി എന്നിവയും വാഹനത്തിലുണ്ട്. അകത്തും പുറത്തും പവര്‍ ഔട്ട് ലെറ്റുകളുമുണ്ട്. രണ്ടു വാഹനങ്ങളാണ് ബിആര്‍75 അഡ്വെഞ്ചര്‍ കാംപര്‍ പുറത്തിറക്കിയിരിക്കുന്നത്. ആദ്യത്തേത് ഹൈലക്‌സ് ഇസെഡിലാണെങ്കില്‍ രണ്ടാമത്തേത് ജി.ആര്‍ സ്‌പോര്‍ട്‌സിലാണ്. ഹൈലക്‌സ് ഇസെഡിന് 83,931 ഡോളറും (ഏകദേശം 69.32 ലക്ഷം രൂപ) ജി.ആര്‍ സ്‌പോര്‍ട്‌സിലെ മോഡലിന് 95,121 ഡോളറുമാണ് (ഏകദേശം 78.56 ലക്ഷം രൂപ) വില.

◾പ്രക്ഷുബ്ധമായ ഒരു സമുദ്രം പോലെ ചിത്തഭ്രമം ബാധിച്ച സിതാരയുടെയും നിസ്സഹായനായൊരു ദൃക്‌സാക്ഷിയെപ്പോലെയുള്ള ശബരിയുടെയും കഥ. എല്ലാം തകര്‍ന്നു തരിപ്പണമാകുമ്പോഴും പ്രത്യാശയുടെ ഒരു കാലം മനുഷ്യന്‍ മനസ്സില്‍ സൂക്ഷിക്കേണ്ടതുണ്ട്. എങ്കില്‍ അവളുടെ പേരിനു നേരെ ജീവിതം ശാന്തതയുടെ ഒരു നേരം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ കാലം ഏതാണ്? സിംഹത്തിന്റെ കഥയ്ക്കു ശേഷം അഖില്‍ കെ. രചിച്ച നോവല്‍. 'താരാകാന്തന്‍'. മാതൃഭൂമി ബുക്സ്. വില 323 രൂപ.

◾ആദ്യ ഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ പുറത്തേക്ക് പ്രകടമാകില്ല എന്നതാണ് ഫാറ്റി ലിവര്‍ രോഗത്തിന്റെ പ്രത്യേകത. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുന്ന അവസരത്തില്‍ ഇതുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ദഹനസംവിധാനത്തില്‍ പ്രകടമായി തുടങ്ങും. കരളിന്റെ പ്രവര്‍ത്തനം 75 ശതമാനത്തോളം നിലയ്ക്കുമ്പോഴാണ് ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുക. ഗ്യാസ് കൊണ്ട് വയര്‍ വീര്‍ത്ത് വരുന്നത് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ഒരു ലക്ഷണമാണ്. കരള്‍ സിറോസിസ് ബാധിക്കപ്പെടുന്ന 80 ശതമാനം രോഗികളിലും ഒന്നോ അതിലധികമോ ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ ലക്ഷണങ്ങള്‍ കാണപ്പെടാറുണ്ടെന്ന് വേള്‍ഡ് ജേണല്‍ ഓഫ് ഗ്യാസ്ട്രോഎന്ററോളജി ലേഖനം പറയുന്നു. 49.5 ശതമാനം രോഗികളിലും വയര്‍ ഗ്യാസ് മൂലം വീര്‍ക്കുന്ന ബ്ലോട്ടിങ് ഉണ്ടാകാമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടിവയറില്‍ ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്നതാണ് ഇതിന് കാരണമാകുന്നത്. ഇത് ചികിത്സിക്കാതെ ഇരുന്നാല്‍ അണുബാധയിലേക്കും നയിക്കാം. വയറിന്റെ മുകള്‍ ഭാഗത്തായി തോന്നുന്ന വേദനയാണ് ഫാറ്റി ലിവറിന്റെ മറ്റൊരു ലക്ഷണം. ഇതിനൊപ്പം മനംമറിച്ചിലും വിശപ്പില്ലായ്മയും അനുഭവപ്പെടാം. നെഞ്ചെരിച്ചില്‍, കഴിച്ച ഭക്ഷണം തിരികെ കയറി വരല്‍, ഛര്‍ദ്ദി, വായ്നാറ്റം തുടങ്ങിയ ലക്ഷണങ്ങള്‍ ഇതു മൂലം ഉണ്ടാകാം. വയറിന്റെ മുകള്‍ ഭാഗത്തായി നിറഞ്ഞിരിക്കുന്ന തോന്നലും ഭക്ഷണം ദഹിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതും ഫാറ്റി ലിവര്‍ സൂചനയാണ്. വയറ്റില്‍ നിന്ന് ശരിക്ക് പോകാനും ബുദ്ധിമുട്ട് ഉണ്ടാകാം. ഇത്തരം ലക്ഷണങ്ങല്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ചികിത്സ തേടേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ സസ്യാധിഷ്ഠിത ഭക്ഷണക്രമം, നിത്യവുമുള്ള വ്യായാമം, ഭാരനിയന്ത്രണം എന്നിവയെല്ലാം ഫാറ്റി ലിവറിന്റെ സാധ്യത കുറയ്ക്കുന്നതാണ്.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ക്ക് വീട്ടില്‍ വലിയ ദാരിദ്ര്യമായിരുന്നു. ഇത് കണ്ട സുഹൃത്ത് അയാള്‍ക്ക് അടുത്തുളള ഒരു കടയില്‍ ജോലി വാങ്ങിക്കൊടുത്തു. ആദ്യമെല്ലാം ജോലി അയാള്‍ക്ക് ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് അയാള്‍ അതില്‍ മിടുക്കനായി തീര്‍ന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ആ കടയിലെ എല്ലാ സെക്ഷനിലും പ്രഗത്ഭനായി അയാള്‍ മാറി. പക്ഷേ, അയാളുടെ ശമ്പളത്തിന് ഇത് വലിയ ഉയര്‍ച്ചയ്‌ക്കൊന്നും കാരണമായതേയില്ല. ഇതറിഞ്ഞ കൂട്ടുകാരന്‍ മറ്റൊരു കടയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ഒരു ജോലി വാഗ്ദാനം ചെയ്തു. പക്ഷേ, പുതിയ കടയിലെ പുതിയ സാഹചര്യത്തെ നേരിടേണ്ടിവരുമല്ലോ എന്നോര്‍ത്ത് അയാള്‍ ആ ജോലി സ്വീകരിക്കാതെ കാലം നീക്കി! മഹത്തായതിനെ സ്വന്തമാക്കണമെങ്കില്‍ ശരാശരിയെ ഉപേക്ഷിച്ചേ മതിയാകൂ. കൈവശമാക്കാന്‍ എളുപ്പമുളളവയെ പിന്തുടരാന്‍ ആളുകള്‍ക്ക് ഇഷ്ടമാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് ഉയരങ്ങളെ തിരസ്‌കരിക്കുന്ന ഉന്മാദജീവികളായി സ്വയം തരംതാഴും. സന്തോഷം നല്‍കുന്നവയെല്ലാം അഭിവൃദ്ധി നല്‍കണമെന്നില്ല. ചിലരെങ്കിലും വളരാത്തതിന് കാരണം തങ്ങളുടെ നിലവിലെ സന്തോഷാവസ്ഥയോട് വിടപറയാത്തതുകൊണ്ടാണ്. കാലത്തിനും പ്രായത്തിനുമനുസരിച്ച് സ്വപ്നങ്ങളിലും ലക്ഷ്യങ്ങളിലും ക്രിയാത്മകമായ വ്യത്യാസം ഉണ്ടാകണം. അതില്ലാത്തവര്‍ അവനവനേയും കര്‍മ്മമണ്ഡലങ്ങളേയും അവഹേളിക്കുകയാണ് ചെയ്യുന്നത്. ഒരു നേട്ടത്തിനും എല്ലാകാലവും വിലയുണ്ടാകില്ല. കാലത്തിനും പ്രായത്തിനുമനുസ |രിച്ച് നേട്ടങ്ങളുടെ നിലവാരത്തിലും വ്യത്യാസമുണ്ടാകും. ഒന്നാംക്ലാസ്സില്‍ സംഗീതത്തിന് കിട്ടിയ ഒന്നാം സ്ഥാനം കോളേജ് കാലഘട്ടത്തില്‍ വിലമതിക്കുമോ.. പക്ഷേ അത് കുട്ടിക്കാലത്തെ പ്രചോദനവും അതിവശിഷ്ടവുമായ ഒന്നായിരുന്നു. നാം വളരുകയാണ്.. ഒപ്പം നമ്മുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും വളരട്ടെ.. കംഫര്‍ട്ട് സോണുകളെ നമുക്ക് ഉപേക്ഷിക്കാം. ജീവിതത്തെ ക്രിയാത്മകമാക്കി മുന്നേറാം - ശുഭദിനം.