ജീവിതപങ്കാളിയെ തേടി അലഞ്ഞുവലഞ്ഞ 200 യുവാക്കൾ ക്ഷേത്രത്തിലേക്ക് ബാച്ചിലേഴ്സ് പദയാത്ര നടത്താൻ ഒരുങ്ങുന്നു.

ബെംഗളൂരു: ജീവിതപങ്കാളിയെ തേടി അലഞ്ഞുവലഞ്ഞ 200 യുവാക്കൾ ക്ഷേത്രത്തിലേക്ക് ബാച്ചിലേഴ്സ് പദയാത്ര നടത്താൻ ഒരുങ്ങുന്നു. കർണാടകയിലെ മാണ്ഡ്യയിൽ നിന്നാണ് റിപ്പോർട്ട്. 200 യുവാക്കൾ പദയാത്രയിൽ അണിചേരും. ചാമരാജനഗർ ജില്ലയിലെ എംഎം ഹിൽസ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുന്നത്. കല്യാണം നടക്കാൻ ദൈവനുഗ്രഹം തേടിയാണ് വേറിട്ട നീക്കം. ഈ മാസം 23ന് കെഎം ദൊഡ്ഡിയിൽ നിന്നാകും പദയാത്ര ആരംഭിക്കുന്നത്. ഇതിനോടകം 200 പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഏറെയും കർഷകരാണ്. 30 വയസ്സ് കഴിഞ്ഞിട്ടും കല്യാണം ശരിയാകാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാൻ ബാച്ചിലർ പദയാത്ര നടത്താൻ തീരുമാനിച്ചത്. ആശയം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അവിവാഹിതരായ യുവാക്കൾ പദയാത്രയിൽ അണിചേരാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന യാത്രയിൽ 105 കിലോമീറ്റർ ദൂരമാണ് പിന്നിടുന്നത്.