ആലുവയില്‍ പട്ടാപ്പകല്‍ 19കാരിക്ക് നേരെ ലൈംഗികാതിക്രമം; തമിഴ്‌നാട് സ്വദേശി പിടിയില്‍

ആലുവ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം. ആലുവ പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ച് 19കാരിയെ യുവാവ് കടന്നുപിടിച്ചു. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പൊലീസ് പിടികൂടി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ് പിടിയിലായത്.പെണ്‍കുട്ടിയെ കടന്നുപിടിച്ചത് കണ്ട് നാട്ടുകാര്‍ പ്രതിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ക്ക് നേരേ കല്ലെറിഞ്ഞശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തു നിന്ന് നേരേ റെയില്‍വേ സ്റ്റേഷനിലേക്കാണ് ഇയാള്‍ ഓടിക്കയറിയത്. എന്നാല്‍ സ്റ്റേഷനില്‍വെച്ച് റെയില്‍വേ പൊലീസ് ഇയാളെ കൈയോടെ പിടികൂടി. കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മയക്കുമരുന്ന് ലഹരിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും പൊലീസ് പറയുന്നു