ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികള്‍ക്ക് ശിക്ഷ

ദുബൈ: ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍ കുടുങ്ങി. ദുബൈയിലാണ് സംഭവം. ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട് തൊഴിലാളികള്‍ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം (1.83 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. ഇതില്‍ നല്ലൊരു പങ്ക് ഇരുവരും നാട്ടിലേക്ക് അയക്കുകയും ചെയ്‍തു. വീട്ടുടമയായ അറബ് വംശജ ഒളിപ്പിച്ചുവെച്ച പണമായിരുന്നു ഇത്.ചെറിയ ചവറ്റുകുട്ടയില്‍ പണം ഒളിപ്പിച്ച ശേഷം അത് തന്റെ വില്ലയുടെ ടെറസിന്റെ ഒരു ഭാഗത്താണ് വീട്ടുടമ സൂക്ഷിച്ചിരുന്നത്. പിന്നീട് അവധിക്കാലം ആഘോഷിക്കാനായി അവര്‍ വിദേശത്തേക്ക് പോവുകയും ചെയ്‍തു. തിരികെ വന്ന് പരിശോധിച്ചപ്പോള്‍ പണം കാണാനില്ലെന്ന് മനസിലാക്കിയതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദുബൈ പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയാണ് കേസ് അന്വേഷിച്ചത്. തെളിവുകള്‍ ശേഖരിച്ചും നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചും മുന്നോട്ടു നീങ്ങിയ അന്വേഷണം ഒടുവില്‍ എത്തി നിന്നത് അറ്റകുറ്റപ്പണികള്‍ക്കായി വില്ലയില്‍ എത്തിയ രണ്ട് പ്രവാസി തൊഴിലാളികളിലായിരുന്നു.വില്ല കോംപ്ലക്സിന്റെ മെയിന്റനന്‍സ് ചുമതലയുള്ള കമ്പനി നിയോഗിച്ച രണ്ട് ജീവനക്കാര്‍ ഈ സമയത്ത് വീട്ടിലെ എ.സിയുടെ അറ്റകുറ്റപ്പണികള്‍ക്കായി എത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇവര്‍ പിടികൂടി ചോദ്യം ചെയ്‍തപ്പോള്‍ കുറ്റം സമ്മതിക്കുകയും ചെയ്‍തു. വീട്ടിലെ ചവറ്റുകുട്ടയില്‍ നിന്ന് പണം കിട്ടിയിരുന്നുവെന്നും അത് തുല്യമായി വീതിച്ചെടുത്തുവെന്നും ഇവര്‍ പറഞ്ഞു. കുറേ പണം നാട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് ഇരുവരും അയച്ചുകൊടുത്തു. പൊലീസ് അന്വേഷണത്തില്‍ പണം മുഴുവനായി വീണ്ടെടുക്കാന്‍ സാധിച്ചു. കേസ് പരിഗണിച്ച ദുബൈ പ്രാഥമിക കോടതി രണ്ട് പ്രതികള്‍ക്കും മൂന്ന് മാസം വീതം ജയില്‍ ശിക്ഷയാണ് വിധിച്ചത്. ഒപ്പം 1,65,000 ദിര്‍ഹം പിഴയും അടയ്ക്കണം. ശിക്ഷ പൂര്‍ത്തിയായ ശേഷം ഇരുവരെയും നാടുകടത്തും.