മധ്യപ്രദേശിൽ വിനോദയാത്രയ്ക്ക് പോയ മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു; 17 പേർക്ക് പരിക്ക്

ഭോപ്പാൽ: തൃശൂർ ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസ് മധ്യപ്രദേശിൽ അപകടത്തിൽപ്പെട്ടു. ജിയോളജി വിഭാഗത്തിലെ അവസാന വർഷ ബിരുദ വിദ്യാർഥികൾ ഫീൽഡ് സ്റ്റഡിയ്ക്കായി പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസ് മറിഞ്ഞതായി കോളജ് അധിക്യതർക്ക് വിവരം ലഭിച്ചു. ഒരു അധ്യാപകനും ഒരു വിദ്യാർഥിക്കും സാരമായി പരിക്കേറ്റെന്നാണ് കോളജിൽ ലഭിച്ചിട്ടുള്ള പ്രാഥമിക വിവരം.മധ്യപ്രദേശിലെ റായ്പുരയിലെ കട്നി യിലാണ് അപകടം സംഭവിച്ചത്. വിദ്യാർത്ഥികൾ  സഞ്ചരിച്ചിരുന്ന ഒരു  ബസ് മറിയുകയായിരുന്നു എന്നാണ് വിവരം. ഏഴ് അധ്യാപകരും 60 വിദ്യാർഥികളും രണ്ട് വാഹനങ്ങളിലാണ് സഞ്ചരിച്ചത്. ഇതിൽ ഒരു ബസാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 37 പേരെ കട്നിയിലെ ജില്ലാ ആശുപത്രിയിൽ കൊണ്ടുവന്നു. ഇവരിൽ സാരമായി പരിക്കേറ്റ രണ്ട് പേരെ ജബൽപുരിലെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മറ്റ് 35 പേർക്കും കാര്യമായ പ്രശ്നങ്ങൾ ഇല്ല.