റിയാദ്• പതിനഞ്ച് വർഷത്തോളം നാട്ടിലേക്കു പോകാനാകാതെ സൗദിയിൽ കഴിഞ്ഞ മലയാളി വയോധികന് ഒടുവിൽ പ്രവാസലോകത്ത് അന്ത്യം. ദീർഘകാലം അധ്വാനിച്ചിട്ടും കാര്യമായി ഒന്നും നേടാനാവാതെ രോഗിയായി ജീവിച്ച്, അനാഥനായി മരിച്ചു ചേതനയറ്റ് തിരിച്ചുപോകേണ്ടി വരുന്ന അനേക ഹതഭാഗ്യരിൽ ഒരാളായിത്തീർന്നു, കഴിഞ്ഞ ദിവസം റിയാദിൽ അന്തരിച്ച പത്തനംതിട്ട റാന്നി നാരങ്ങാനം സ്വദേശി കാട്ടൂർപേട്ട മേലേവീട്ടിൽ വേണുഗോപാല പിള്ള (68). അവസാനകാലത്തെങ്കിലും നാട്ടിൽ ജീവിക്കാനുള്ള ആഗ്രഹങ്ങളൊക്കെ ബാക്കി വച്ചാണ് അദ്ദേഹത്തിന്റെ മടക്കം.റിയാദിലെ കിങ് ഫഹദ് ആശുപത്രിയിലായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.1979 മുതൽ പ്രവാസ ജീവിതം തുടങ്ങിയ വേണുഗോപാല പിള്ള 2007ലാണ് അവസാനമായി നാട്ടിൽ അവധിക്കു പോയത്. എന്നാൽ തിരിച്ചെത്തിയ ഇദ്ദേഹം പിന്നീട് കുടുംബവുമായി ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു. ഉറ്റ ബന്ധുകൾ ഇക്കാലയളവിലെല്ലാം ഇദ്ദേഹത്തെ അന്വേഷിക്കാറുണ്ടായിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. വിവരങ്ങളൊന്നും ലഭ്യമാകാതെ ആയതോടെ 2019 ൽ ഇന്ത്യൻ എംബസി വഴി പരാതി നൽകിയും കുടുംബം അദ്ദേഹത്തിനായുള്ള അന്വേഷണം നടത്തിയെങ്കിലും അതെല്ലാം നിഷ്ഫലമായി. പിന്നീട് ഇവരുടെ ബന്ധുവും റിയാദിലെ സാമൂഹിക പ്രവർത്തകയുമായ ചന്ദനവല്ലി ജോസ് നടത്തിയ അന്വേഷണത്തിനൊടുവിൽ റിയാദിലെ ഖാദിസിയ മസ്റയിൽ ജോലി ചെയ്യുന്നതായി വിവരം ലഭിച്ചു.അവർ ഇദ്ദേഹവുമായി ബന്ധപ്പെട്ടപ്പോൾ നിങ്ങളന്വേഷിക്കുന്ന വ്യക്തി താനല്ലെന്നു പറഞ്ഞ് വേണുഗോപാല പിള്ള ഒഴിഞ്ഞ് മാറിയതോടെ തിരച്ചിൽ അവസാനിപ്പിച്ചു. വർഷങ്ങൾക്കിപ്പുറം ആരോഗ്യം മോശമായി. വിവിധ ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം ഉദരസംബന്ധമായ അസുഖവും പിടികൂടി അവശനായതോടെ കഴിഞ്ഞവർഷം ഡിസംബറിൽ അദ്ദേഹത്തിന്റെ സ്പോൺസർ, ബന്ധുവായ വല്ലിജോസുമായി ബന്ധപ്പെടുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇതിനിടയിൽ ഒരു ശസ്ത്രക്രിയയും കഴിഞ്ഞു. തുടർന്ന് നാട്ടിലേയ്ക്ക് കയറ്റി വിടാനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും വീസയും ഇഖാമയും പാസ്പോർട്ടുമൊക്കെ കാലാവധി തീർന്നതുമൂലം തിരിച്ച് പോക്ക് അനിശ്ചിതാവസ്ഥയിലായി.ഈ ഘട്ടത്തിൽ ഇദ്ദേഹത്തിന്റെ ദുരവസ്ഥ അറിഞ്ഞ ഇന്ത്യൻ എംബസിയിലെ കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ എം ആർ .സജീവിന്റെ ഇടപെടലുകൾ രേഖകൾ കൃത്യസമയത്തു ലഭിക്കാൻ സഹായകമായി. രേഖകളെല്ലാം ശരിയാക്കി നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ട് തുടർ ചികിത്സക്ക് നാട്ടിൽ സൗകര്യങ്ങൾ ചെയ്തു യാത്രക്കൊരുങ്ങിയപ്പോഴേക്കും രോഗാവസ്ഥ ഗുരുതരമായി. വീണ്ടും ആശുപത്രിയിലാക്കുകയും തുടർന്നു മൂന്നു ശസ്ത്രക്രിയകൾ നടത്തുകയും ചെയ്തു. ഏകദേശം പത്തു ലക്ഷത്തോളം റിയാലിന്റെ ചികിത്സയാണ് കഴിഞ്ഞ മാസങ്ങളിൽ അദ്ദേഹത്തിനായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നടത്തിയത്.വീട്ടുകാർ ചുമതലപ്പെടുത്തിയതനുസരിച്ചു ചന്ദനവല്ലി ജോസ് മൃതദേഹത്തെ അനുഗമിക്കും. അജിത പിള്ളയാണു വേണുഗോപാല പിള്ളയുടെ ഭാര്യ. മക്കൾ: ബിനു പിള്ള, ജിഷ്ണുപിള്ള
.