സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾ 15 മുതൽ

2023-'24 അധ്യയന വർഷത്തെ സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് ബോർഡ് പരീക്ഷകൾ ബുധനാഴ്ച ആരംഭിക്കും. പത്താം ക്ലാസുകാർക്ക് പെയിന്റിങ്, ഗുരുങ്, റായ്, തമാങ്, ഷെർപ്പ, തായ് മൈനർ പരീക്ഷകളും പന്ത്രണ്ടാം ക്ലാസുകാർക്കായി സംരംഭകത്വ പരീക്ഷയുമാണ് ആദ്യദിനം നടക്കുക. രാവിലെ പത്തരയ്ക്ക് പരീക്ഷ ആരംഭിക്കും.

അഡ്മിറ്റ് കാർഡുകൾ ലഭിക്കാത്തവർ സ്കൂളുകളിലെത്തി കൈപ്പറ്റണം. അഡ്മിറ്റ് കാർഡിൽ സ്കൂൾ മേധാവിയുടെ ഒപ്പ് ഉണ്ടെന്ന് ഉറപ്പാക്കണം. ഇല്ലാത്തവരെ അയോഗ്യരാക്കും.

പ്രൈവറ്റായി പരീക്ഷയെഴുതുന്നവർ cbse.gov.in എന്ന വെബ്സൈറ്റിൽനിന്നോ parikshasangam.cbse.gov.in. നിന്നോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് 21-നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ അഞ്ചിനും അവസാനിക്കും.

മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം

കാഞ്ഞിരപ്പള്ളിയിലെ  പച്ചക്കറികടയിൽ  നിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടിസ് ഇടുക്കി എസ്പി വി.യു. കുര്യാക്കോസ് പൊലീസുകാരനു കൈമാറി. ഇടുക്കി എആർ ക്യാംപിലെ സിപിഒ കൂട്ടിക്കൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെതിരെയാണു നടപടി. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ ഷിഹാബിനെതിരെ ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി.

കഴിഞ്ഞ  സെപ്റ്റംബർ 30ന് പുലർച്ചെയാണ്  സംഭവം. കോട്ടയത്തുനിന്ന് ജോലികഴിഞ്ഞു മടങ്ങുന്ന വഴിയാണ് ഇടുക്കി എആര്‍ ക്യാമ്പിലെ പൊലീസുകാരനായ പി വി ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയില്‍ നിന്ന് മാമ്പഴം  മോഷ്ടിച്ചത്. വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ്  മോഷ്ടിച്ചത്. പൊലീസുകാരന്‍ കടയില്‍ നിന്നും മാങ്ങ മോഷ്ടിച്ച് ബാഗിലിട്ട് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചു. ഇതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോയി. കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയില്‍ പൊലീസുകാരനെതിരെ കേസെടുത്തു. തുടർന്ന്  ഷിഹാബിനെ ഇടുക്കി ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്യുകയായിരുന്നു. റോഡുകളിലെ കേബിളുകള്‍ അപകടരഹിതമായി പുനഃക്രമീകരിക്കണം'; അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ കേസ്‌ 

 _സ്ലാബില്ലാത്ത ഓടകള്‍ മൂലം അപകടമുണ്ടായാലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു_ 

 സംസ്ഥാനത്തെ റോഡുകളിലെ കേബിളുകള്‍ കാരണം അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് മന്ത്രി ആന്റണി രാജു. രണ്ട് മാസത്തിനകം എല്ലാ റോഡുകളിലും പരിശോധന നടത്തി കേബിളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികളുടെ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

മുഴുവന്‍ റോഡുകളിലെയും കേബിളുകള്‍ അപകടരഹിതമായി പുനഃക്രമീകരിച്ചില്ലെങ്കില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ റോഡ് സുരക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കും. സ്ലാബില്ലാത്ത ഓടകള്‍ മൂലം അപകടമുണ്ടായാലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.

അലക്ഷ്യമായും അനുമതിയില്ലാതെയും കേബിളുകള്‍ വലിച്ചിട്ടില്ലെന്ന് അധികൃതര്‍ ഉറപ്പാക്കണം. കെഎസ്ഇബി തൂണുകളിലൂടെ വലിച്ച കേബിളുകള്‍ കുരുങ്ങി അപകടമുണ്ടായാല്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കും. ബിഎസ്എന്‍എല്‍ കേബിളുകളാണ് അപകടത്തിന് കാരണമെങ്കില്‍ സബ് ഡിവിഷണല്‍ എന്‍ജിനീയറോ ക്ലസ്റ്ററിന്റെ ചുമതലയുള്ള ജൂനിയര്‍ ടെലികോം ഓഫീസറോ നടപടി നേരിടേണ്ടി വരും.

ഇന്ത്യന്‍ റോഡ് കോണ്‍ഗ്രസ് നിര്‍ണ്ണയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് റോഡുകളിലൂടെ കേബിള്‍ വലിക്കേണ്ടത്. റോഡില്‍ നിന്നുള്ള ഉയരവും വലിക്കേണ്ട രീതിയുമെല്ലാം ഇതനുസരിച്ചാണെന്ന് അധികൃതര്‍ ഉറപ്പാക്കണം. ഫുട്പാത്തുകളില്‍ ഇളകി കിടക്കുന്ന സ്ലാബുകള്‍ അടിയന്തരമായി അപകടരഹിതമായി പുനഃക്രമീകരിക്കണം. ജല അതോറിറ്റി കുഴിക്കുന്ന റോഡുകള്‍ കൃത്യമായി പൂര്‍വ സ്ഥിതിയിലാക്കണം. റോഡില്‍ പൈപ്പിടല്‍ നടക്കുമ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഇക്കാര്യങ്ങളില്‍ വീഴ്ച പറ്റിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.