കാവ് ഫെസ്റ്റിന് തുടക്കം: ഫെബ്രുവരി 15 വരെ വിവിധ പരിപാടികൾ

വട്ടിയൂര്‍ക്കാവ് മണ്ഡലം രണ്ടാമത് വട്ടിയൂര്‍ക്കാവ് ഫെസ്റ്റിന് തുടക്കമായി. നെട്ടയം സെന്‍ട്രല്‍ പോളിടെക്നിക് മൈതാനത്ത് ഫെബ്രുവരി 15 വരെ നടക്കുന്ന ഫെസ്റ്റിൻ്റെ ഉദ്ഘാടനം വി കെ പ്രശാന്ത് എം എൽ എ നിർവഹിച്ചു. വട്ടിയൂർക്കാവിൻ്റെ സമഗ്ര വികസനത്തോടൊപ്പം മണ്ഡലത്തെ സ്ത്രീ സൗഹൃദവും വയോജന സൗഹൃദവും ആകി മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയര്‍മാന്‍ കെ.സി. വിക്രമന്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിന് ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി.

നിയോജകമണ്ഡലത്തില്‍ നടപ്പാക്കേണ്ട ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനായി സംഘടിപ്പിച്ച വികസന സെമിനാര്‍ രാവിലെ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പു മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ കലാമേള, കുട്ടികളുടെ കലാ-സാംസ്‌കാരിക മല്‍സരങ്ങള്‍, സി.പി.ടി വിദ്യാര്‍ഥികളുടെ കലാമേള, വയലിന്‍ ഫ്യൂഷന്‍, സ്റ്റാര്‍ട്ടപ് മിഷന്‍ ഏകോപിപ്പിക്കുന്ന യുവജന സംഗമം, ജവഹര്‍ ബാലഭവന്‍ ഏകോപിപ്പിക്കുന്ന അംഗന്‍ കലോല്‍സവം, വയോജന സംഗമം എന്നിവയും വിവിധ ദിവസങ്ങളില്‍ നടക്കും. പ്രദര്‍ശനങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്ക്, കഫേ കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ട് എന്നിവയും ഫെസ്റ്റിന്റെ ഭാഗമാണ്.