തിരുവനന്തപുരം: കെഎസ്ആർടിസി- സ്വിഫ്റ്റിന് വേണ്ടിയുള്ള പുതിയ സൂപ്പർഫാസ്റ്റ് ബസുകൾ എത്തിതുടങ്ങി.131 സൂപ്പർഫാസ്റ്റ് ബസുകളിൽ ആദ്യ ബാച്ച് ലെയ്ലൻഡ് ബസുകൾ ബംഗുളുരുവിൽ നിന്നും കെഎസ്ആർടിസി- സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാർച്ച് 15 നകം ബാക്കി ബസുകളും എത്തിച്ചേരും. ഈ ബസുകൾ ട്രയൽ റണ്ണും രജിസ്ട്രേഷൻ നടപടികളും പൂർത്തിയായ ശേഷം മാർച്ച്- ഏപ്രിൽ മാസങ്ങളിൽ ബഡ്ജറ്റ് ടൂറിസത്തിന് വേണ്ടിയാകും ഉപയോഗിക്കുക. തുടർന്ന് മേയ് പകുതിയോട് കൂടി ദീർഘദൂര സർവ്വീസുകൾ ആരംഭിക്കും.
നേരത്തെയുള്ള സൂപ്പർഫാസ്റ്റുകളിൽ 52 സീറ്റുകളായിരുന്നയിടത്ത് പുതിയ ബസിൽ 55 സീറ്റുകളാണ് ഉണ്ടാകുക. എയർ സസ്പെൻഷൻ ബസിൽ കൂടുതൽ സ്ഥല സൗകര്യവും ലഭ്യമാണ്. പരസ്യം പ്രദർശിപ്പിക്കുന്നതിന് 32 ഇഞ്ച് ടിവിയും, സുരക്ഷയ്ക്ക് വേണ്ടി ബസിന് അകത്ത് 360 ഡിഗ്രി ക്യാമറയും മുൻഭാഗത്ത് ഡാഷ് ബോർഡിലും പിറക് വശത്തും ക്യാമറയും ഒരുക്കിയിട്ടുണ്ട്. പുറത്ത് നിൽകുന്ന യാത്രക്കാർക്ക് ഉൾപ്പെടെ കേൾക്കുന്ന രീതിയിൽ അനൗൺസ്മെന്റ് സംവിധാനവും നിലവിലുണ്ട്. എമർജൻസി വാതിൽ, ജിപിഎസ് സംവിധാനം, ഓരോ സീറ്റിലും മൊബൈൽ ചാർജിംഗ് പോയിന്റുകള്‍, ബസ്സുകളുടെ സാങ്കേതികമായ പ്രവർത്തനങ്ങൾ ഓൺലൈനായി നിരീക്ഷിയ്ക്കുന്നതിനുള്ള i-alert സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.