കല്ലാർ അംബേദ്കർ കോളനി നിവാസി വീരപ്പൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (48) ആണ് 12 വർഷത്തിന് ശേഷം പിടിയിലായത്. ഇയാൾ വീട്ടിൽ ഉണ്ടെന്ന വിവരം ലഭിച്ച അടിസ്ഥാനത്തിൽ വിതുര പൊലീസ് എത്തി പിടികൂടുകയായിരുന്നു. അയൽവാസിയുടെ വീട് ആക്രമിച്ച ശേഷം ഒളിവിൽ പോയ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാൾ പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് അടിക്കടി വീട്ടിലെത്താറുണ്ടായിരുന്നു. കൂടുതൽ നേരവും കാട്ടിൽ ചെലവഴിച്ച പ്രതി ചന്ദനവും, ഈട്ടിയും മുറിച്ചു കടത്തുകയും കാട്ടിൽ ഒളിവിൽ കഴിയുകയും ചെയ്തതോടെയാണ് വീരപ്പൻ എന്നു കൂടി പേരു വീണത് എന്ന് വിതുര പൊലീസ് പറഞ്ഞു. കാടിനുള്ളിൽ പലയിടത്തായി സഞ്ചരിക്കുന്നതും ഫോൺ ഉപയോഗിക്കാത്തതും മൂലം പൊലീസിന്റെ വലയ്ക്ക് പുറത്തായിരുന്നു മണിക്കുട്ടൻ. ഡിവൈഎസ്പി കെ. സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ വിതുര ഇൻസ്പെക്ടർ എസ്. അജയ കുമാർ, ജിഎസ്ഐ: കെ.കെ. പത്മരാജ്, എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.