നിക്ഷേപകര്‍ക്ക് പണവും പലിശയും നൽകിയില്ല; 12 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതി കിളിമാനൂർ പോലീസിന്റെ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ 12 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ. കിളിമാനൂർ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തി നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂർ ബ്രാഞ്ച് മാനേജരുമായ ചടയമംഗലം സ്വദേശി സുരേഷ് കുമാർ (56) ആണ് പൊലീസിന്‍റെ പിടിയിലായത്. നിക്ഷേപിച്ച പണവും പലിശയും നൽകാതെയായിരുന്നു തട്ടിപ്പ്. കിളിമാനൂരിൽ മാത്രം 25 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ വേണുഗോപാലിനെ നേരത്തെ കൊട്ടാരക്കരക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴും നിരവധി പരാതികൾ സ്റ്റേഷനിലെത്തുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അടൂര്‍, പുനലൂര്‍, ഏനാത്ത്, പട്ടാഴി എന്നീ മേഖലകളിലും സ്ഥാപനം നടത്തി സമാനമായ തട്ടിപ്പ് നടത്തിയിരുന്നു.