വിഴിഞ്ഞം നാവായിക്കുളം റിംഗ് റോഡ് വെള്ളല്ലൂർ മേഖലയിലെ ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കണം, ആക്ഷൻ കൗൺസിൽ

കിളിമാനൂർ :- നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്ന വിഴിഞ്ഞം - നാവായ് കുളം റിംഗ് റോഡിന് വേണ്ടി വെള്ളല്ലൂർ വില്ലേജിൽ ഉൾപ്പെട്ട പ്രദേശത്ത് ജനങ്ങൾ താമസ്സിക്കുന്ന വീടുകളെ ബോധപൂർവ്വം ലക്ഷ്യമാക്കിയാണ് കല്ലിടൽ നടന്നിരിക്കുന്നത്. സമീപ സ്ഥലത്ത് ജനവാസമില്ലാത്ത ഭൂപ്രദേശങ്ങൾ ഉണ്ടായിരിന്നിട്ടും, റോഡിന്റെ അലൈൻ മെന്റ് വളച്ച് വെള്ളല്ലൂരിലെ പരമ്പരാഗത കർഷകർ താമസ്സിക്കുന്ന വീടുകൾ നഷ്ടപ്പെടുന്ന നിലയിലാണ് ഇപ്പോൾ കല്ല് പാകിയിട്ടുള്ളത്. വെള്ളല്ലൂർ വില്ലേജിൽ ഉൾപ്പെട്ട 152-ൽ പരം വീടുകളും , സാമൂഹ്യ ആരോഗ്യ കേന്ദ്രമായ കേശവപുരം ആശുപത്രിയും പൊളിച്ച് മാറ്റുന്ന രീതിയിലാണ് ഇപ്പോൾ ഈ റോഡിന്റെ കല്ലുകൾ പാകിയിട്ടുള്ളത്. എന്നാൽ ഈ വീടുകളേയും, ആശുപത്രിയേയും നിലനിർത്തി കൊണ്ടു തന്നെ സമീപ ത്ത് ആൾ പാർപ്പ് ഇല്ലാത്ത മേഖലയിലൂടെ ഈ റോഡ് നിർമ്മിക്കുവാൻ കഴിയും. ബോധപൂർവ്വം വീടുകളേയും, കേശവപുരം ആശുപത്രിയേയും നശ്ശിപ്പിക്കുന്ന തരത്തിൽ റിംഗ് റോഡ് നിർമ്മാണം നടത്തുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്.
ആയതിനാൽ നെൽ കർഷകരുൾപ്പെടെയുള്ള നിരവധി കർഷകർ വസിക്കുന്ന വീടുകൾ ഒഴിവാക്കിയും, പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രമായ കേശവപുരം ആശുപത്രിയെ ഒഴിവാക്കിയും, ജനങ്ങൾക്ക് ബുദ്ധി മുട്ടുണ്ടാകാത്ത രീതിയിൽ റോഡിന്റെ അലൈൻമെന്റ് മാറ്റി നിർമ്മാണ പ്രവർ ത്തനങ്ങൾ ആരംഭിക്കണമെന്നും വെള്ളല്ലൂരിൽ കൂടിയ ആക്ഷൻ കൗൺസിൽ യോഗം ബന്ധപ്പെട്ട അധികാരികളോട് നിവേദനത്തിലൂടെ ആവശ്യപ്പെടുകയുണ്ടായി. വിവിധ രാഷ്ട്രീയ പ്രതിനിധികളായ എസ്സ്.കെ. സുനി, ബി. രത്നാകരൻ പിള്ള , അനന്ദു കൃഷ്ണൻ , നഗരൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ കെ. അനിൽകുമാർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും മെമ്പറുമായ എം. രഘു, ഗ്രാമ പഞ്ചായത്ത് അംഗം അർച്ചന സഞ്ചു , പാടശേഖര സമതി സെക്രട്ടറി കെ.ബാലകൃഷ്ണപിള്ള തുടങ്ങി കുടുംബശ്രീ പ്രവർത്തകരുൾപ്പെടെ നൂറോളം തദ്ദേശ വാസികൾ യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. മൂഴിയിൽ സുരേഷ് ബാബു കൺവീനറായും, പുരുഷോത്തമൻ ചെയർമാനായും ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയുണ്ടായി.