*വർക്കല സ്വദേശികളായ ദമ്പതികൾ ഇടുക്കിയിൽ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ*

ഇടുക്കി ചെറുതോണിയിൽ വാടക വീട്ടിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല സ്വദേശികളായ അജിത് (40), ഷാനി (39) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കി മെഡിക്കൽ കോളജിൽ ടൈൽ പാകുന്നതിനുള്ള പണികൾക്കായി ഒരാഴ്ച മുമ്പാണ് ഇരുവരും എത്തിയത്. ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ താമസ സ്ഥലത്ത് എത്തി പരിശോധന നടത്തി. കതക് തുറക്കാത്തതിനാൽ പൊലീസിനെ അറിയിച്ചു. പോലീസെത്തി വാതിൽ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദ്ദേഹങ്ങൾക്ക് രണ്ട് ദിവസത്തോളം പഴക്കമുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)