സ്കൂളുകളിൽ ലിഫ്റ്റ് സംവിധാനം ഒരുക്കണം: വി.ശിവൻകുട്ടി

ഭാരമേറിയ ബാഗുകളുമായി സ്കൂളിലെ ബഹുനില കെട്ടിടങ്ങൾ കയറിയിറങ്ങുന്നതു ബുദ്ധിമുട്ടാണെന്ന, സ്വകാര്യ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയുടെ കത്തു ലഭിച്ചിരുന്നുവെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്കൂളുകളോടു കുട്ടികളുടെ ബാഗുകളെങ്കിലും ക്ലാസ്റൂമിലെത്തിക്കാൻ ലിഫ്റ്റ് അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാൻ ആവശ്യപ്പെടുമെന്നും മന്ത്രി വി.ശിവൻകുട്ടി. ടൗൺ യുപിഎസിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.

ടൗൺ യുപിഎസിലെ 4 ക്ലാസ്മുറികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഒരു കോടി രൂപ സ്കൂൾ വികസനത്തിനായി അനുവദിച്ചത്. 530 വിദ്യാർഥികളാണ് ഇപ്പോൾ ടൗൺ യുപിഎസിൽ പഠിക്കുന്നത്. എം.മുകേഷ് എംഎൽഎ അധ്യക്ഷനായി. മേയർ പ്രസന്ന ഏണസ്റ്റ്, കോർപറേഷൻ സ്ഥിര സമിതി അധ്യക്ഷ എസ്.സതീദേവി, ഡിഡിഇ കെ.ഐ.ലാൽ, ഹെഡ്മാസ്റ്റർ ജെ.യേശുദാസൻ, പിടിഎ പ്രസിഡന്റ് കെ.സി.റൻസിമോൾ, എസ്എംസി ചെയർമാൻ ജെ.ബിജു, കൊല്ലം എഇഒ ആന്റണി പീറ്റർ, ജനറൽ കൺവീനർ ഇ.ജെ.ഹാരിസൺ തുടങ്ങിയവർ പ്രസംഗിച്ചു.