ചെങ്കോട്ട - കടമ്പാട്ട്കോണം ഗ്രീന്‍ഫീല്‍ഡ് ഹൈവേ വികസനത്തിന് ഇനി വേഗതകൂടും

ചെങ്കോട്ട - കടമ്പാട്ട് കോണം  ഗ്രീന്‍ഫീല്‍ഡ് ഹൈവേ വികസനത്തിന് ഇനി വേഗതകൂടും. സ്ഥലമേറ്റെടുപ്പ് ഉള്‍പ്പടെയുള്ളവ വേഗത്തിലാക്കാന്‍ ദേശീയ പാത വികസന അതോറിട്ടി സമയ ബന്ധിത പദ്ധതി തയ്യാറാക്കിമാര്‍ച്ച്‌ 31ന് മുൻപ് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. കടമ്പാട്ട് കോണം മുതല്‍ ആര്യങ്കാവ് വരെ 38.24 കിലോമീറ്റര്‍ പാതയാണ് നാലുവരിയില്‍ നിര്‍മ്മിക്കുക. നിലവിലെ ആര്യങ്കാവ് - തെന്മല പാത 21 കിലോമീറ്റര്‍ ദൂരം 30 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനും പദ്ധതിയിലുണ്ട്. പുതിയ പാതയുടെ നിര്‍മ്മാണത്തിന് ദേശീയ പാത വികസന അതോറിട്ടി കരാര്‍ ക്ഷണിച്ചു. ഫെബ്രുവരി രണ്ട് ആണ് അവസാന തീയതി. എഗ്രിമെന്റ് വയ്ക്കുന്ന തീയതി മുതല്‍ മൂന്നു മാസത്തിനകം റോഡ് വികസന ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ട്. ജില്ലയിലെ കൊട്ടാരക്കര, പുനലൂര്‍ താലൂക്കുകളിലായി 293.56 ഹെക്ടര്‍ ഭൂമിയും തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല താലൂക്കില്‍ 56 ഹെക്ടര്‍ ഭൂമിയും ഏറ്റെടുക്കാന്‍ ഹൈവേ ഡെപ്യൂട്ടി കളക്ടര്‍ 3 (എ) പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനത്തിന്‍ മേല്‍ തിരുവനന്തപുരം ജില്ലയില്‍ 33 പേരും കൊല്ലം ജില്ലിയില്‍ 295 പേരും ആക്ഷേപം നല്‍കിയിരുന്നു. കൊല്ലം ജില്ലയിലെ ആക്ഷേപങ്ങള്‍ കേള്‍ക്കാന്‍ 11മുതല്‍ 21 വരെ ഹീയറിംഗ് നിശ്ചയിച്ചിട്ടുണ്ട്.

പാതയുടെ നീളം : 59.36 കി. മീ.

ആവശ്യമായ ഭൂമി : 347.95 ഹെക്ടര്‍

ഏറ്റെടുക്കുന്ന ഭൂമി : 293.56 ഹെക്ടര്‍

കടമ്ബാട്ടുകോണം- ആര്യങ്കാവ് പാത വീതി : 45 മീറ്റര്‍ (4 വരി )

ആര്യങ്കാവ്- തെന്മല വീതി. : 30 മീറ്റര്‍

പദ്ധതി അടങ്കല്‍ ചെലവ് : 4047.34 കോടി

ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം :1840 കോടി

റോഡ് നിര്‍മ്മാണം : 1798 കോടി

പ്രീ കണ്‍സ്ട്രക്ഷന്‍ ചെലവ് : 71.97 കോടി

ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്കായി സ്ഥലമേറ്റെടുപ്പും റോഡ് നിര്‍മ്മാണവും

വേഗത്തില്‍ തീര്‍ക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു