തിരുവനന്തപുരം: ബാങ്ക് വായ്പയെടുക്കാൻ ഈടു നൽകിയ വീടും പറമ്പും ഒറ്റിക്ക് നൽകി കബളിപ്പിച്ച് വീട്ടുടമ മുങ്ങിയതോടെ വെട്ടിലായി വയോധികയും കുടുംബവും. തിരുവനന്തപുരം മലയിൻകീഴ് വിളവൂര്‍ക്കലിൽ വാടകയ്ക്ക് താമസിക്കുന്ന രമയും കുടുംബവുമാണ് ദുരിതത്തിലായത്. വീട്ടുടമ മലയിൻകീഴ് സ്വദേശി വിനോദിന്‍റെ വീടും പറമ്പും അടുത്തമാസം 13ന് ജപ്തി ചെയ്യുമെന്നാണ് ബാങ്കിന്‍റെ മുന്നറിയിപ്പ്.2018ലാണ് ആറ്റുകാൽ സ്വദേശിയായ രമ വീടും പറമ്പും വിറ്റ് പെൺമക്കളേയും കെട്ടിച്ച് ബാക്കിയുണ്ടായിരുന്ന 4 ലക്ഷം രൂപാ കൊടുത്ത് വിളവൂര്‍ക്കലിൽ വീട് ഒറ്റിയ്ക്കെടുത്തത്. 4 വര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാൽ താമസം മാറി ആറുമാസത്തിനുള്ളിൽ ജപ്തിക്കായി ബാങ്ക് ജീവനക്കാര്‍ എത്തി. അപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരം രമ മനസിലാക്കിയത്.ഒറ്റി ആധാര കരാര്‍ പ്രകാരം വീടൊഴിയുമ്പോൾ തിരിച്ച് കിട്ടേണ്ട 4 ലക്ഷം രൂപ കിട്ടാതായതോടെ ഇനി എങ്ങോട്ടെന്ന ചോദ്യമാണ് ബാക്കി. രമയുടെ പരാതിയിൽ വീട്ടുടമ വിനോദ് അറസ്റ്റിലായി ജയിലിൽ കിടന്നെങ്കിലും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഒളിവിലാണ്. 18 ലക്ഷം രൂപയാണ് ആധാരം ഈടായി നൽകി വിനോദ് ബാങ്ക് വായ്പയെടുത്തത്. അതിപ്പോൾ പലിശയും സഹിതം 23 ലക്ഷമായെന്നാണ് രമ പറയുന്നത്. ക്യാൻസര്‍ രോഗിയായ ഭര്‍ത്താവ് ചികിത്സയിലുണ്ടായിരുന്നപ്പോൾ ബാങ്കുകാരുടെ കാരുണ്യം കൊണ്ടാണ് ഇത്രയും കാലം താമസിക്കാൻ അനുമതി നൽകിയത്. ഇനി അതുണ്ടാകില്ലെന്നാണ് ബാങ്കിന്‍റെ മുന്നറിയിപ്പ്. അപകടത്തിൽ പരിക്കേറ്റ രമയുടെ മകൻ ഇടയ്ക്കിടെ ഡ്രൈവിംഗ് ജോലിക്ക് പോയി കിട്ടുന്ന പണം കൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്.
എന്താണ് ഒറ്റി ?
വീട്ടുടമയ്ക്ക് പണം നൽകി നിശ്ചിതകാലത്തേക്ക് താമസിക്കാൻ അനുമതി നൽകുന്ന കരാര്‍. മാസംതോറുമുള്ള വാടക വേണ്ട. കരാര്‍ കാലാവധി തീരുമ്പോള്‍ വീട്ടുടമ പണം തിരിച്ചുനൽകണം.