വിവാദങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് നടൻ ഇന്ദ്രൻസിന് വേണ്ടി സ്വന്തം നാട്ടിൽ വേദിയൊരുക്കി മന്ത്രി വി.എൻ വാസവൻ. കോട്ടയം പാമ്പാടിയിൽ മന്ത്രിയുടെ ക്ഷണപ്രകാരം പൊതുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഇന്ദ്രൻസ് വേദിയിൽ വെച്ച് മന്ത്രിയോട് തനിക്ക് ഒരു പിണക്കവുമില്ലെന്ന് പറഞ്ഞു. നിയമസഭയിൽ മന്ത്രി വി എൻ വാസവൻ നടത്തിയ 'കോൺഗ്രസിന് ഇപ്പോൾ ഇന്ദ്രൻസിന്റെ വലിപ്പം' എന്ന പരാമർശമായിരുന്നു വിവാദമായത്.മന്ത്രി വി എൻ വാസവന്റെ ജന്മനാടായ പാമ്പാടിയിലെ സ്വകാര്യ സ്കൂളിന്റെ വാർഷികാഘോഷിച്ചടങ്ങുകളിൽ അതിഥി ആകേണ്ടത് നടൻ ഇന്ദ്രൻസ് ആവണമെന്ന് മന്ത്രി വി എൻ വാസവന്റെ തന്നെ തീരുമാനമായിരുന്നു. ഇന്ദ്രൻസ് എത്തുന്നതിനും അരമണിക്കൂർ മുന്നേ സ്കൂളിൽ എത്തിയ മന്ത്രിക്കരികിലേക്ക് നടൻ ഇന്ദ്രൻസ് എത്തി. പിന്നാലെ ഇരുവരും കൈകോർത്ത് പിടിച്ച് വേദിയിലേക്ക്.കുട്ടികൾക്ക് വലിയ പ്രചോദനമാകണമെങ്കിൽ ഇന്ദ്രൻസ് തന്നെ പരിപാടിയിൽ പങ്കെടുക്കണമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന മന്ത്രി വേദിയിൽ വച്ചും ഇന്ദ്രൻസിന്റെ ഉയരങ്ങളെക്കുറിച്ച് വാചാലനായി. തന്നെ ഇതുവരെയും മന്ത്രിമാർ ഒന്നും ഇങ്ങനെ വിളിച്ചിട്ടില്ല എന്ന് പറഞ്ഞ ഇന്ദ്രൻസ് തന്റെ നാട്ടിലെ സ്കൂളിലേക്ക് വരുമോ എന്ന മന്ത്രിയുടെ ചോദ്യത്തിന് ഏറെ നന്ദി പറഞ്ഞു. താര ജാഡകളില്ലാതെ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച നടന്റെ വലുപ്പത്തിന് മുന്നിൽ കാണികളും നിറഞ്ഞ കരഘോഷമുയർത്തി.