കഴക്കൂട്ടം–കോവളം ബൈപാസ് : പണി പൂർത്തിയാകും മുൻപേ ടോൾ ; പ്രത്യേക സംഘം പരിശോധന നടത്തി

കോവളം • കഴക്കൂട്ടം–കോവളം ബൈപാസിൽ പണിപൂർത്തിയാകും മുൻപേ ടോൾ പിരിവ് എന്ന പരാതി സംബന്ധിച്ച കേസിൽ‌ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മിഷൻ ബി.എച്ച്. മൻസൂർ ഇന്നലെ രണ്ടാമതും സ്ഥലം സന്ദർശിച്ചു. പാതയുടെ അശാസ്ത്രീയ നിർമിതിയും തലതിരിഞ്ഞ ഗതാഗത പരിഷ്കാരവും അപകട സംഭവങ്ങളും വെളിപ്പെടുത്തി സ്ഥലവാസികൾ. കഴക്കൂട്ടം മേൽപാലത്തിന്റെ ഭാഗത്തു നിന്നു ബൈപാസിന്റെ രണ്ടാം ഘട്ടത്തിന്റെ മുക്കോല പയറുമൂടു വരെ യാത്ര ചെയ്താണ് കമ്മിഷൻ വിവരങ്ങൾ ശേഖരിച്ചത്.പാതയുടെ തിരുവല്ലം ഭാഗത്ത് കമ്മിഷൻ‌ പരിശോധനയ്ക്ക് ഇറങ്ങിയപ്പോഴാണ് നാട്ടുകാരും ഓട്ടോഡ്രൈവർമാർ ഉൾപ്പെടെയുള്ളവർ റോഡിന്റെ സ്ഥിതിയെക്കുറിച്ചും നിരന്തര അപകടങ്ങളെ കുറിച്ചും വെളിപ്പെടുത്തിയത്. പാത അമ്പലത്തറ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് ഇന്നലെ രാവിലെ നടന്ന അപകടത്തിൽപെട്ടു മറിഞ്ഞു കിടക്കുന്ന സൈക്കിളും ഹെൽമറ്റും കമ്മിഷനു കാട്ടിക്കൊടുത്തു. തിരുവല്ലം ജംക്‌ഷനിലെ നിരന്തര അപകടങ്ങളും മരണവും സംബന്ധിച്ച് ഓട്ടോ ഡ്രൈവർമാരും പറഞ്ഞു.പാതയിൽ സർവീസ് റോഡ് കയ്യേറിയാണ് ടോൾ പിരിവ് കേന്ദ്ര നിർമാണമെന്നതും കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തി. കോവളം ജംക്‌ഷനിലെ ഗതാഗതപ്രശ്നങ്ങൾ പൊലീസ് അധികൃതരും വെളിപ്പെടുത്തി. പോറോട് ഭാഗത്ത് സർവീസ് റോഡ് ഇല്ലാത്ത പ്രതിസന്ധിയുൾപ്പെടെയുള്ള കാര്യങ്ങൾ പ്രദേശത്തെ പൊതു പ്രവർത്തകർ കമ്മിഷനു മുൻപിൽ അവതരിപ്പിച്ചു.ഒപ്പം തിരുവല്ലം, ആക്കുളം ഭാഗത്ത് സർവീസ് റോഡ് അഭാവവും കമ്മിഷൻ നിരീക്ഷിച്ചു.