ചത്ത കോഴി പകുതി വിലയ്ക്ക് ;അറേബിയൻ വിഭവങ്ങളിൽ കൂടുതലായി ഉപയോഗം ,

കണ്ണൂര്‍ : കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പല ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ബാര്‍ബി ക്യൂ, അല്‍ഫാം, കുഴിമന്തി എന്നിവയ്ക്ക് ഉപയോഗിക്കുന്ന കോഴിയിറച്ചി ഭക്ഷ്യയോഗ്യമല്ലെന്ന് വ്യാപക പരാതി.ഇവയ്‌ക്കൊപ്പം കഴിക്കുന്ന മയോണൈസും ഭക്ഷ്യ യോഗ്യമല്ലാത്തത്. 

പലയിടത്തും കോഴി ഫാമുകളില്‍നിന്നു ലഭിക്കുന്ന ചത്ത കോഴിയുടെ ഇറച്ചിയാണ് ഉപയോഗിക്കുന്നതെന്നാണ് വ്യാപകമായ ആരോപണം.

ചത്ത കോഴിക്ക് വില പകുതി നല്‍കിയാല്‍ മതി. ബാര്‍ബി ക്യൂവിനും ആല്‍ഫാമിനും കുഴിമന്തിക്കും ഇങ്ങനെയുള്ള ഇറച്ചികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

മസാലയും മറ്റു ചേരുവകളും ചേര്‍ക്കുമ്പോള്‍ ആളുകള്‍ക്ക് രുചി വ്യത്യാസം അനുഭവപ്പെടുന്നില്ല. അതിനാല്‍ ആരും ഇതിനെ ചോദ്യം ചെയ്യാറുമില്ല.
പുറമെ നിന്ന് വാഹനങ്ങളില്‍ എത്തിക്കുമ്പോള്‍ ധാരാളം കോഴികള്‍ ചത്തുപോകുന്നു.

വഴിയില്‍ വലിച്ചെറിയേണ്ടെന്നതും ചെറിയൊരു തുക കിട്ടും എന്നതും കോഴിലോറിക്കാര്‍ക്കും വളരെയേറെ ആശ്വാസകാര്മാണ്.

ക്രിസ്മസും അവധിക്കാലവും ആയതിനാല്‍ ഇങ്ങനെയുള്ള ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും രണ്ടാഴ്ചയായി നല്ല തിരക്കായിരുന്നു.വൈകുന്നേരങ്ങളില്‍ ഹോട്ടലുകളിലെ പ്രധാന ഭക്ഷണവിഭവവും മന്തിയും അല്‍ഫാമുമാണ്.കോഴിവില ക്രമാതീതമായി ഉയര്‍ന്നതോടെയാണ് അമിതലാഭത്തിനായി ചത്ത കോഴികളെ ഫാമുകളില്‍നിന്നു വാങ്ങാന്‍ തുടങ്ങിയത്.

കോഴിയിറച്ചി നല്ല രീതിയില്‍ വേവിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പലയിടത്തും തുറസായ സ്ഥലത്തും വൃത്തിഹീനമായ സ്ഥലത്തുമാണ് പാചകം.പാചകം ചെയ്യുന്നവര്‍ ഭക്ഷ്യ സുരക്ഷാനിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് മിക്ക ഹോട്ടലുകളിലും മന്തിയുടെയും അല്‍ഫാമിന്റെയും പാചകക്കാരായി ജോലി ചെയ്യുന്നത്‌.