‘നോ’എന്നു പറഞ്ഞാൽ അത് ‘നോ’എന്നു തന്നെയാണെന്ന് ആൺകുട്ടികൾ മനസ്സിലാക്കണം: ഹൈക്കോടതി

കൊച്ചി • സ്ത്രീയുടെ വ്യക്തമായ അനുമതിയില്ലാതെ അവരുടെ ശരീരത്തിൽ സ്പർശിക്കരുതെന്ന് ആൺകുട്ടികൾ മനസ്സിലാക്കണമെന്നു ഹൈക്കോടതി. ‘നോ’എന്നു പറഞ്ഞാൽ അത് ‘നോ’എന്നു തന്നെയാണെന്ന് മനസ്സിലാക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. വിദ്യാർഥികൾക്കെതിരെ കോളജുകളിലും സ്കൂളുകളിലും ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നെന്നു വിലയിരുത്തിയ കോടതി ഇക്കാര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ആഴത്തിൽ ചിന്തിക്കേണ്ട സമയമായെന്നു പറഞ്ഞു.ക്യാംപസിലെ പെൺകുട്ടികളോടു മോശമായി പെരുമാറിയെന്നാരോപിച്ച് തനിക്കെതിരെ പ്രിൻസിപ്പൽ നടപടിയെടുത്തതു ചോദ്യം ചെയ്ത് കൊല്ലം ജില്ലയിലെ എൻജിനീയറിങ് വിദ്യാർഥി നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതി ഇക്കാര്യം പറഞ്ഞത്.നല്ല പെരുമാറ്റത്തിന്റെയും മര്യാദയുടെയും പാഠങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാകണമെന്നു പറഞ്ഞ കോടതി ഇതിനായി സംസ്ഥാന ചീഫ് സെക്രട്ടറി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയവർക്ക് ഉത്തരവിന്റെ പകർപ്പ് നൽകാൻ നിർദേശിച്ചു.യുജിസിക്കും ഇതിൽ നിർണായക പങ്കുണ്ടെന്നും ഇത്തരം വിഷയങ്ങൾ സംബന്ധിച്ച റെഗുലേഷൻ ഫലപ്രദമായി നടപ്പാക്കണമെന്നും നിർദേശിച്ചു. നടപടികൾ സ്വീകരിക്കുമെന്നു യുജിസിയുടെ അഭിഭാഷകൻ അറിയിച്ചതു കോടതി രേഖപ്പെടുത്തി. കോടതിയുടെ നിരീക്ഷണങ്ങളിലുള്ള തീരുമാനങ്ങളും നടപടികളും വ്യക്തമാക്കി റിപ്പോർട്ട് നൽകണമെന്നു സർക്കാരിനു നിർദേശം നൽകി. വിഷയം 3ന് വീണ്ടും പരിഗണിക്കും.ഹർജിക്കാരനെതിരെ അന്വേഷണം നടത്തിയ കോളജിലെ ആഭ്യന്തര സമിതി കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് പ്രിൻസിപ്പൽ അച്ചടക്ക നടപടി സ്വീകരിച്ചു. തന്റെ ഭാഗം കേൾക്കാതെയാണു നടപടി എന്നാരോപിച്ചാണു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.പരാതി കേട്ടു പരിഹാരമുണ്ടാക്കാൻ രണ്ടാഴ്‌ചയ്ക്കകം സമിതി രൂപീകരിക്കാനും തുടർന്ന് ഇരുഭാഗവും കേട്ട് ഒരു മാസത്തിനുള്ളിൽ തീരുമാനമെടുക്കാനും ഹൈക്കോടതി നിർദേശിച്ചു.