ശ്രീഹരിക്കോട്ടയില്‍ രണ്ട് ജവാന്മാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

ശ്രീഹരിക്കോട്ടയില്‍ രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 24 മണിക്കൂറിനിടെയാണ് രണ്ട് ജവാന്മാരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഛത്തീസ്ഗഢ് സ്വദേശി ചിന്താമണി, ബീഹാര്‍ സ്വദേശി വികാസ് സിങ് എന്നിവരാണ് ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച രാവിലെയാണ് ഛത്തീസ്ഗഢ് സ്വദേശിയായ ചിന്താമണിയെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പാണ് ഇദ്ദേഹം നാട്ടില്‍ നിന്ന് അവധി കഴിഞ്ഞെത്തി തിരികെ ജോലിയില്‍ പ്രവേശിച്ചത്.
ബിഹാര്‍ സ്വദേശി വികാസ് സിങ് മെയില്‍ ഗേറ്റിലെ സുരക്ഷാ ജോലി സ്ഥലത്ത് വച്ചാണ് സ്വയം വെടിവച്ച് മരിച്ചത്. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇരുവരും.മരത്തില്‍ തൂങ്ങിയും സ്വയം വെടിവച്ചുമായിരുന്നു രണ്ടുപേരുടെയും മരണമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ സിഐഎസ്എഫ് പ്രതികരിച്ചിട്ടില്ല. മരിച്ച രണ്ടു പേരും തമ്മില്‍ ബന്ധമില്ലെന്നും രണ്ട് പേരുടെയും ആത്മഹത്യ വ്യക്തിപരമാണെന്നും പൊലീസ് പറഞ്ഞു.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056