ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനഭവനില്‍ സുനിതയെ മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ കേസില്‍ ഭര്‍ത്താവ് ജോയ് എന്ന ജോയ് ആന്റണിക്ക് ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും.പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് അഞ്ചുവർഷം തടവുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.രണ്ട് കുട്ടികളുടെ അമ്മയാണെന്ന പരിഗണനപോലും നല്‍കാതെയാണ് സുനിതയെ ജീവനോടെ ചുട്ടെരിച്ചതെന്നും പ്രതി സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്തയാളാണെന്നും ജില്ല ഗവ. പ്ലീഡര്‍ എം. സലാഹുദ്ദീന് വാദിച്ചു.സുപ്രീംകോടതി വിധിന്യായങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിക്ക് മരണശിക്ഷ നല്‍കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.2013 ആഗസ്റ്റ് മൂന്നിനാണ് പ്രതി സുനിതയെ മണ്‍വെട്ടികൊണ്ട് തലക്കടിച്ച് വീഴ്ത്തിയശേഷം ജീവനോടെ ചുട്ടെരിച്ചത്. മൂന്ന് കഷണങ്ങളാക്കി മുറിച്ച മൃതദേഹം മൂന്ന് ദിവസം സ്വന്തം കിടപ്പുമുറിയില്‍ സൂക്ഷിച്ചശേഷം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചു. ഏഴും അഞ്ചും വയസ്സുള്ള പെണ്‍കുട്ടികളുടെ മുന്നിലിട്ടാണ് സുനിതയെ തലക്കടിച്ച് വീഴ്ത്തി മണ്ണെണ്ണയൊഴിച്ചത്. പ്രതിയുടെ മാതാവ് കുട്ടികളെ അടുത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിനുശേഷമാണ് പ്രതി സുനിതയെ ചുട്ടെരിച്ചതും മൃതദേഹം കഷണങ്ങളാക്കിയതും. അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്ന് മക്കളെ പ്രതി വിശ്വസിപ്പിച്ചു.