വക്കത്ത് ഹോട്ടലിലെത്തി ജീവനക്കാരെ ബിയർകുപ്പി കൊണ്ടടിച്ച് പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

ഹോട്ടലിലെത്തി ജീവനക്കാരെ ആക്രമിച്ച് കടന്നു കളഞ്ഞയാളെ കടയ്ക്കാവൂർ പൊലീസ് പിടികൂടി. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിലെ വക്കം പാലസ് ഹോട്ടലിലെത്തി അവിടത്തെ ജീവനക്കാരെയും മറ്റുള്ളവരെയും ബിയർകുപ്പി കൊണ്ടടിക്കുകയും ജനൽഗ്ളാസുകൾ അടിച്ചു തകർക്കുകയും ചെയ്ത യുവാവാണ് പൊലീസിന്റെ വലയിലായത്. വർക്കല വെട്ടൂർ നെടുങ്ങണ്ട റിയാസ് മൻസിലിൽ റിയാസിനെയാണ് (26) കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.റിയാസിനൊപ്പം അക്രമത്തിനുണ്ടായിരുന്ന മുഹമ്മദ് താഹിർ, സുൽത്താൻ എന്നിവർ നേരത്തെ മറ്റൊരു കേസിൽ അറസ്റ്റിലായിരുന്നു. നവംബർ 22ന് രാത്രി 9ഓടെയാണ് പാലസ് ഹോട്ടൽ ജീവനക്കാരെയും അവിടെയുണ്ടായിരുന്നവരെയും ഇവർ ആക്രമിച്ചത്. അക്രമത്തിന് ശേഷം ബാംഗ്ളൂർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.ഒളിവിൽ കഴിഞ്ഞിരുന്ന മുംബൈ‌യിൽ നിന്നും തിരികെ നാട്ടിലേക്ക് വരുന്നതിനിടയിലാണ് റിയാസ് പിടിയിലായത്. വർക്കല ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എച്ച്.എസ്.ഒ സജിൻ ലൂയിസ്, സബ് ഇൻസ്‌പെക്ടർ ദീപു, എസ്.എസ്.മാഹിൻ, എ.എസ്.ഐമാരായ ജയപ്രസാദ്, രാജീവ്, സി.പി.ഒമാരായ സുജിൽ, അനിൽകുമാർ, അഭിജിത്ത് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ റിയാസിനെ റിമാൻഡ് ചെയ്തു. ആക്രമണം നടത്തിയവർ കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, വർക്കല പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്.