വെഞ്ഞാറമൂട്• പുതുവർഷം ആഘോഷിക്കാൻ എത്തിയവർ വെള്ളാണിക്കൽ പാറമുകൾ വിനോദ സഞ്ചാര കേന്ദ്രം അഗ്നിക്കിരയാക്കി. വെള്ളാണിക്കൽ ക്ഷേത്രത്തിനു ചുറ്റുമുള്ള പച്ചപ്പുകൾ അടക്കം പുതുവർഷപ്പുലരിയിൽ കത്തിയമർന്നു. പുതുവർഷ ദിനത്തിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് മാണിക്കൽ പാറമുകൾ. പോത്തൻകോട്, മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തിയുടെ സംഗമ സ്ഥലമാണ്.പടക്കം പൊട്ടിച്ചും, പന്തം കൊളുത്തി എറിഞ്ഞുമാണ് സംഘം പ്രദേശത്തെ അഗ്നിക്കിരയാക്കതെന്നു നാട്ടുകാർ പറയുന്നു. രാത്രി 12 ന് ആണ് ചെറിയ തോതിൽ തീ പടർന്നു പിടിക്കുന്നത് പ്രദേശവാസികൾ കാണുന്നത്. അഗ്നിശമന സേന എത്തിയെങ്കിലും വാഹനം സ്ഥലത്തേക്ക് എത്തിക്കാനായില്ല. തുടർന്ന് സേനാംഗങ്ങൾ മരച്ചില്ല വെട്ടിയും ചെടികൾ പിഴുതെടുത്ത് നിലത്തടിച്ചും തീ കെടുത്താൻ ശ്രമിച്ചു. ലഹരി വിൽപന സംഘങ്ങൾ പാറമുകളിൽ സജീവമാണെന്നും ഇവിടെ വൻതോതിൽ ലഹരി വിൽപനയും സംഘർഷവും നടക്കുന്നുവെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രമായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പുരാതനമായ ഒരു ക്ഷേത്രം കൂടി നിലനിൽക്കുന്ന, 23 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന വെള്ളാണിക്കൽ പാറമുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയൊന്നുമില്ല. പാറമുകളിലേക്കു വിനോദ സഞ്ചാരികളുടെ പ്രവേശന സമയം രാത്രി 8 വരെയായി ക്രമപ്പെടുത്തണമെന്നും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.