ശ്രീനാരായണ ഗുരുദേവന്‍ ധര്‍മ്മസംസ്ഥാപനാര്‍ത്ഥം സംസ്ഥാപനം ചെയ്ത ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം സ്ഥാപിച്ച തൃശൂര്‍ കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്ര സന്നിധാനത്തിലെ പ്ലാവിന്‍ ചുവട്ടില്‍ വച്ച് 96-ാമത് സ്ഥാപക ദിനം ശിവഗിരി മഠത്തിലെ സംന്യാസിമാരുടെ നേതൃത്വത്തില്‍ 9 ന് നടക്കും. 1928 ജനുവരി 9 ന് രാത്രി 8 മണിയ്ക്കാണ് ഗുരുദേവ സന്നിധിയില്‍ വച്ച് പ്രബോധാനന്ദ സ്വാമി, ധര്‍മ്മതീര്‍ത്ഥ സ്വാമി, നരസിംഹസ്വാമി, നിജാനന്ദ സ്വാമി, വിദ്യാനന്ദ സ്വാമി, രാമനന്ദസ്വാമി നടരാജഗുരു, നീലകണ്ഠന്‍ ശാന്തി എന്നീ പതിനൊന്ന് ശിഷ്യന്‍മാരെ ചേര്‍ത്ത് ശ്രീനാരായണ ധര്‍മ്മസംഘം സ്ഥാപിതമായത്. ഈ ശിഷ്യന്‍മാര്‍ ഗുരുദേവനെ നമസ്കരിച്ച് രാത്രി 8 മണിയ്ക്ക് ദീപം സാക്ഷിയായി പ്രതിജ്ഞ ചെയ്തുകൊണ്ടാണ് ധര്‍മ്മസംഘത്തിന് ആരംഭം കുറിച്ചത്. ഇതിനെ സ്മരിച്ചു കൊണ്ടാണ് അതേ സമയത്ത് സംന്യാസിമാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും സമ്മളനവും നടത്തുവാന്‍ മഠം തീരുമാനിച്ചത്. ആഘോഷത്തില്‍ കൂര്‍ക്കഞ്ചേരി ശ്രീനാരായണ ഭക്തപരിപാലന യോഗം ഭാരവാഹികളും വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും സംബന്ധിക്കും. കൂര്‍ക്കഞ്ചേരി ശ്രീനാരായണ ഹാളില്‍ വൈകിട്ട് ഏഴിനാണ് സമ്മേളനം. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ പങ്കെടുക്കും.