ഒരാഴ്ചയിലധികമായി ഊട്ടി പാതയില്‍ വിവിധയിടങ്ങളിലായി ആനക്കൂട്ടമുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ വനാതിര്‍ത്തി വിട്ട് ആനക്കൂട്ടം ജനവാസമേഖലിയിലേക്കിറങ്ങി. വ്യാപകമായി വാഴയും തെങ്ങും കവുങ്ങും നശിപ്പിച്ചു. വനപാലകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ആനയെ കാട് കയറ്റാന്‍ ശ്രമിച്ചാലും വൈകാതെ തിരികെയെത്തി തേയിലത്തോട്ടത്തില്‍ നിലയുറപ്പിക്കുന്നതാണ് പതിവ്. രാപകല്‍ വ്യത്യാസമില്ലാതെ ആനക്കൂട്ടം ജനവാസമേഖലയില്‍ തുടരുന്നത് നാട്ടുകാരില്‍ ആശങ്ക കൂട്ടിയിട്ടുണ്ട്. പ്രദേശത്ത് വനംവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. വേനല്‍ കനത്തതോടെ വനത്തില്‍ നിന്നും ജനവാസമേഖലയിലേക്ക് കാട്ടാനക്കൂട്ടമിറങ്ങുന്നത് പതിവെന്നാണ് വിലയിരുത്തല്‍. റോഡില്‍ ആനക്കൂട്ടം നിലയുറപ്പിക്കുന്നതിനാല്‍ വിനോദസഞ്ചാരികളുടേത് ഉള്‍പ്പെടെ വാഹനം വഴിയില്‍ കുടുങ്ങുന്നതും പതിവായിട്ടുണ്ട്. ആനക്കൂട്ടത്തെ കാട് കയറ്റാന്‍ പരമാവധി ശ്രമം തുടരുന്നുവെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ഒറ്റയാനല്ലാത്തതിനാല്‍ ആളുകള്‍ക്ക് നേരെ ആക്രമണമുണ്ടാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.