തിരുവനന്തപുരം• വർക്കല എംഎൽഎ വി.ജോയിയെ ജില്ലാ സെക്രട്ടറിയാക്കിയതിലൂടെ സമഗ്രമായ ശുദ്ധീകരണത്തിനാണ് സിപിഎം ലക്ഷ്യമിടുന്നത്. ജില്ലാ സെക്രട്ടറി അനാവൂർ നാഗപ്പനെതിരെ വിമർശനം രൂക്ഷമായ സാഹചര്യത്തിലാണ് ഏറെക്കാലമായി നീളുകയായിരുന്ന സെക്രട്ടറി നിയമനം വേഗത്തിലായത്.കഴിഞ്ഞ വർഷം മാർച്ചിൽ ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയതോടെ പുതിയ ജില്ലാ സെക്രട്ടറിയെ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായെങ്കിലും നേതൃത്വത്തിന്റെ അഭിപ്രായ വ്യത്യാസങ്ങൾ കാരണം തീരുമാനം നീണ്ടു. കോർപറേഷനിലെ താൽക്കാലിക നിയമനത്തിനായി മേയർ ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയതും വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിയ എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ സംരക്ഷിക്കാൻ ജില്ലാ നേതൃത്വം ശ്രമിച്ചെന്ന ആക്ഷേപവും പുതിയ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കി.സെക്രട്ടറിയെ തിരഞ്ഞെടുക്കാൻ ജില്ലയിൽനിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗം മുഖ്യമന്ത്രി വിളിക്കുന്നതിനു മുൻപു തന്നെ ജോയിയെ പരിഗണിക്കാൻ നേതാക്കൾക്കിടയിൽ ധാരണയായിരുന്നു. യോഗത്തിൽ ആനാവൂർ നാഗപ്പനാണ് ജോയിയുടെ പേര് നിർദേശിച്ചത്. അതിനുശേഷം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ ജോയിയുടെ പേര് നിർദേശിച്ചു. എ.എ.റഹിം എംപി പിൻതാങ്ങി. വിശദമായ ചർച്ചകളിലേക്കു യോഗം കടന്നില്ല.യുവത്വത്തിന്റെ മുഖമായ ജോയിയെ നേതൃസ്ഥാനത്തേക്കു കൊണ്ടു വരുന്നതിലൂടെ വലിയ മാറ്റമാണു പാർട്ടിയുടെ സംസ്ഥാന നേതൃത്വം ലക്ഷ്യമിടുന്നത്. വിവിധ ആരോപണങ്ങളിൽപ്പെട്ട ജില്ലാ നേതൃത്വത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്നതാണ് ജോയിക്കു മുന്നിലുള്ള ദൗത്യം. വലിയ കടമ്പയായി സിപിഎം കരുതിയ വർക്കല സീറ്റ് പിടിച്ചെടുക്കാനും നിലനിർത്താനും കഴിഞ്ഞതിലൂടെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ സ്വീകാര്യത നേടാനായ ജോയിക്ക് അതിനു കഴിയുമെന്ന് നേതൃത്വം വിലയിരുത്തുന്നു.ജോയി സെക്രട്ടറിയാകുന്നതോടെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റമുണ്ടാകും. മുതിർന്ന നേതാക്കളായ കടകംപള്ളി, ആനാവൂർ, ശിവൻകുട്ടി എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു മറ്റു നേതാക്കളുടെ പ്രവർത്തനം. മുൻ മേയർ ജയൻബാബുവിനെയോ സി.അജയകുമാറിനെയോ സെക്രട്ടറിയാക്കാമെന്നായിരുന്നു ആനാവൂർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളിൽ ഒരു വിഭാഗത്തിന്റെ അഭിപ്രായം. സിഐടിയു നേതാവ് സുനിൽകുമാറിന്റെ പേരും ഉയർന്നു കേട്ടു. പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും പിന്തുണ ജോയിക്ക് തുണയായി. കടകംപള്ളിയോട് ആഭിമുഖ്യമുള്ള നേതാവായാണ് ജോയ് അറിയപ്പെടുന്നതെങ്കിലും പാർട്ടിയിൽ പൊതുസമ്മതനാണ്. സംഘടനാപാടവവും പ്രശനങ്ങൾ പരിഹരിക്കാനുള്ള കഴിവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.പി.കെ.വിജയന്റെയും ടി.ഇന്ദിരയുടെയും മകനായി 1965ൽ പെരുങ്കുഴിയിലാണ് ജനനം. ചെമ്പഴന്തി എസ്എൻ കോളജിൽനിന്നു തുടർച്ചയായി രണ്ട് വർഷം യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി. കേരള സർവകലാശാല യൂണിയൻ എക്സിക്യൂട്ടിവ് അംഗം, സെനറ്റ് അംഗം, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. രണ്ടുതവണ അഴൂർ ഗ്രാമപഞ്ചായത്തിലേക്കു മൽസരിക്കുകയും രണ്ടു തവണയും പ്രസിഡന്റാവുകയും ചെയ്തു. തുടർന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലേക്കു മൽസരിച്ചു പ്രസിഡന്റായി. ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെയാണ് 2016ൽ വർക്കല നിയമസഭാ മണ്ഡലത്തിൽ വിജയിച്ചത്.