കാൽനടയാത്രക്കാർക്കായി ഓപ്പറേഷൻ വൈറ്റ് കാർപെറ്റ്; തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ പുതിയ പദ്ധതി
January 31, 2023
തിരുവനന്തപുരം: നഗരത്തിൽ ഉടനീളം കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ നടപ്പാത ഒരുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസിൻ്റെ ഓപ്പറേഷൻ വൈറ്റ് കാർപെറ്റ് പദ്ധതി. ഗതാഗത കുരുക്ക് ഒഴിവാക്കാൻ നടപാതയിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവർക്കെതിരെയും നടപാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കും. ഇങ്ങനെയുള്ളവരുടെ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിൻറെ രജിസ്ട്രേഷനും റദ്ദ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികളഉണ്ടാകുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപാതകളിലെ കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി ബോധവൽക്കരണം നടത്തി ഫുട്പാത്ത് കയ്യേറ്റങ്ങളും റോഡ് കയ്യേറ്റങ്ങളും ഒഴിവാക്കുക എന്നുള്ളതാണ് ആദ്യത്തെ നടപടി. ഇതിൻ്റെ ഭാഗമായി ഒരു മാസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ ആണ് ഇന്ന് മുതൽ തിരുവനന്തപുരം സിറ്റി പൊലീസ് ആരംഭിച്ചത്. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും നഗരത്തിലെ വിവിധ ഓഫീസുകളിൽ ജോലിനോക്കുന്ന ജീവനക്കാരും ഉൾപ്പടെ വലിയ വിഭാഗം വരുന്ന കാൽനട യാത്രക്കാർക്ക് അപകടം കൂടാതെ റോഡ് മുറിച്ച് കടക്കുന്നതിനും ഫുട്പാത്തിലൂടെ സൗകര്യപ്രദമായി നടന്നു പോകുന്നതിനും സൗകര്യമൊരുക്കുന്നതിന് വേണ്ടിയും കാൽനട യാത്രക്കാർക്ക് വാഹനങ്ങൾ ഇടിച്ച് പരിക്കേൽക്കാതിരിക്കുന്നതിനും വേണ്ടിയാണ് പദ്ധതി. എവിടെയൊക്കെ റോഡുകൾ ഉണ്ടോ അവിടെയൊക്കെ കാൽനട യാത്രക്കാർക്ക് നടപ്പാതയും ഉറപ്പുവരുത്തുന്നതിലൂടെ ഇവർ റോഡുകളിലൂടെ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തും. സീബ്രാക്രോസിംഗിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കുന്നുള്ളു എന്ന് ഉറപ്പുവരുത്തുന്നതിലൂടെ കാൽനട യാത്രക്കാർക്ക് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കി അപകട രഹിതമായ റോഡ് യാത്ര ഉറപ്പുവരുത്തും. ഇതിൻ്റെ ഭാഗമായി റോഡ് വശങ്ങളിൽ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും കാഴ്ചയെ മറക്കുന്നതും അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതുമായ കൊടി തോരണങ്ങളും ബാനറുകളും കണ്ടെത്തി ഉടനടി നീക്കുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. ഇത് പാലിക്കാത്തവർക്ക് എതിരെ ഹൈക്കോടതി ഉത്തരവുകൾ പ്രകാരമുളള നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.പലസ്ഥലങ്ങളിലും പല രീതിയിലുള്ള ഉയരത്തിലാണ് നടപ്പാത സ്ഥിതി ചെയ്യുന്നത്. ചില സ്ഥലങ്ങളിൽ എങ്കിലും നടപ്പാതയോട് ചേർന്നുള്ള ഓട ഇടിഞ്ഞു പൊളിഞ്ഞും കൈവരി ഇല്ലാതെയും അപകടാവസ്ഥയിൽ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ ശരിയാക്കുന്നതിനും റോഡ് അടയാളങ്ങൾ മറക്കുന്നതും അപകടകരമായ രീതിയിൽ നിൽക്കുന്നതുമായ മരച്ചില്ലകളും മരങ്ങളും സോഷ്യൽ ഫോറസ്റ്ററി വകുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പാലിച്ച് മുറിച്ചു മാറ്റി നടപ്പാത സൗകര്യപ്രദമാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ നടപാത കയ്യേറിയുള്ള കച്ചവടങ്ങളും കയ്യേറ്റങ്ങളും കണ്ടെത്തി അത്തരം ആളുകളെ ബോധവൽക്കരണം നടത്തി ഇവ ഒഴിവാക്കുക എന്നുള്ളതാണ് ആദ്യത്തെ നടപടി. കാൽനട യാത്രക്കാർ തോന്നിയപോലെ റോഡ് മുറിച്ച് കടക്കാതെ സീബ്രാ ക്രോസിംഗിലൂടെ മാത്രം കാത്തുനിന്ന് റോഡ് മറികടക്കുന്നതിനും ഫുഡ് ഓവർ ബ്രിഡ്ജ് ഉള്ള സ്ഥലങ്ങളിൽ റോഡ് മുറിച്ച് കിടക്കുന്നതിന് ആയത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ കാൽനട യാത്രക്കാരുടെ നിർദ്ദേശങ്ങളും പരാതികളും തിരുവനന്തപുരം ട്രാഫിക് ഐ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ 94 97 93 00 05 എന്ന നമ്പറിൽ അറിയിക്കാവുന്നതാണ് എന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.