നോർക്ക-എസ്.ബി.ഐ ലോൺമേളയ്ക്ക് ഇന്ന് തുടക്കം

തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മേള. ലോൺ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നിർവ്വഹിക്കും.രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ www.norkaroots.org/ndprem ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മേള നടക്കുന്ന ബ്രാഞ്ചുകളില്‍ നേരിട്ടെത്തി സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ടാകും. രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരുക്കും മേളയില്‍ പങ്കെടുക്കുന്നതിന് മുന്‍ഗണന ലഭിക്കുക.പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

മേളയില്‍ പങ്കെടുക്കാനെത്തുന്നവർ താഴെപറയുന്ന രേഖകളും പകര്‍പ്പും കരുതേണ്ടതാണ്:

തിരിച്ചറിയല്‍ രേഖകളായ ആധാര്‍, പാന്‍ കാര്‍ഡ്, പാസ്സ്‌പോര്‍ട്ട്, വോട്ടര്‍ ഐ.ഡി എന്നിവയും പാസ്സ്‌പോര്‍ട്ട് സെസ്സ് ഫോട്ടോയും.

സംരംഭം തുടങ്ങുന്ന കെട്ടിടത്തിന്റെയോ, കടയുടെയോ വാടക, പാട്ടകരാറിന്റെ കോപ്പി.

കോര്‍പ്പറേഷന്‍ അല്ലെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ ലൈസന്‍സ്, ഉദ്യം രജിസ്‌ട്രേഷന്‍, ജി.എസ്.ടി സര്‍ട്ടിഫിക്കറ്റ്, സംരംഭത്തിനായി ഉപകരണങ്ങളോ വാഹനങ്ങളോ വാങ്ങിയിട്ടുണ്ടെങ്കില്‍ അവയുടെ നികുതി രശീതോ, കൊട്ടേഷനോ.
പദ്ധതിയുടെ രൂപരേഖ അല്ലെങ്കില്‍ വിശദാംശങ്ങള്‍ എന്നിവയും കരുതേണ്ടതാണ്.