അടിമാലി: ഇടുക്കി അടിമാലിയിൽ വഴിയിൽ നിന്ന് കിട്ടിയ മദ്യം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതയുണ്ടായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ (40) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വഴിയിൽ നിന്ന് കിട്ടിയ മദ്യം സുധീഷ് എന്നയാൾ കുഞ്ഞുമോനും കൂടെയുണ്ടായിരുന്ന മനോജ്, അനു എന്നിവർക്കും നൽകുകയായിരുന്നു. തുടർന്ന് അസ്വസ്ഥത തോന്നിയ ഇവർ ചികിത്സ തേടുകയായിരുന്നു.
മനോജ് രക്തം ശർദ്ദിച്ചതോടെയാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ശാരീരിക അസ്വസ്ഥത കാട്ടിയ അനുവിനെയും ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സ ആവശ്യമായതോടെ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കുഞ്ഞുമോനെയും കോട്ടയത്തിന് മാറ്റുകയായിരുന്നു.