റിയാദ്: സൗദി എയർലൈൻസ്, ഫ്ലൈനാസ് വിമാനങ്ങളിൽ ടിക്കറ്റെടുക്കുന്നവർക്ക് നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് സന്ദർശന വിസ നൽകുന്ന സേവനം ആരംഭിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച (ജനുവരി 30) മുതലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിവിധ വകുപ്പുകളുടെയും ദേശീയ വിമാനക്കമ്പനികളുടെയും സഹകരണത്തോടെയാണ് ഈ സേവനം ആരംഭിച്ചിരിക്കുന്നത്. ഏത് ആവശ്യത്തിനും സൗദിയിലേക്ക് വിദേശികൾക്ക് വരാൻ സൗകര്യമൊരുക്കുക, പ്രവേശന വിസ നടപടിക്രമങ്ങൾ സുഗമമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതി. ഈ ഹ്രസകാല വിസയിൽ വരുന്നവർക്ക് ഉംറ നിർവഹിക്കാനും മദീനയിലെ മസ്ജിദുന്നബവി സന്ദർശിക്കാനും രാജ്യത്ത് നടക്കുന്ന വിവിധ വിനോദ പരിപാടികളിൽ പങ്കെടുക്കാനും വിനോദസഞ്ചാരം നടത്താനും കഴിയുമെന്ന് മന്ത്രാലയം വിശദീകരിച്ചു.സൗദി എയർലൈൻസിന്റെയും ഫ്ലൈനാസിന്റെയും ഓൺലൈൻ സംവിധാനങ്ങളിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ വിസക്ക് കൂടി അപേക്ഷിച്ച് വിസ നേടാൻ കഴിയുക. ഓൺലൈനിൽ ആവശ്യമായ വിവരം പൂരിപ്പിച്ച് സമർപ്പിക്കുന്ന അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിലെ വിസകൾക്കായുള്ള പോർട്ടലിലേക്കാണ് പോവുക. ഉടൻ തന്നെ വിസ ഇഷ്യൂ ചെയ്യുകയും ഇ-മെയിൽ വഴി അപേക്ഷകന് അത് ലഭിക്കുകയും ചെയ്യും. ‘വിഷൻ 2030’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ ഡിജിറ്റൽ ട്രാൻസിറ്റ് വിസ സേവനം സഹായിക്കുമെന്നാണ് കരുതുന്നത്.