കോവളം ബൈപ്പാസിലെ തിരുവല്ലം-കോവളം ഭാഗം അപകടകേന്ദ്രമാകുന്നു

കോവളം : ബൈപ്പാസിലെ തിരുവല്ലം-കോവളം ഭാഗം അപകടകേന്ദ്രമാകുന്നു. അശ്രദ്ധയും അമിതവേഗവുമാണ് അപകടങ്ങൾക്കു കാരണമാകുന്നത്. റോഡ് സുരക്ഷാ നിയമങ്ങളും സിഗ്നലുകളും ലംഘിക്കുന്നത് ഈ ഭാഗത്ത് പതിവാണ്. ഞായറാഴ്ച രാത്രിയിൽ തിരുവല്ലം ബൈപ്പാസിൽ മീൻകയറ്റി വന്ന ലോറിയിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മത്സ്യത്തൊഴിലാളി ഹാരിസ് ഖാൻ(25) മരിച്ചു. ബൈക്കിനെ 30 മീറ്ററോളം ദൂരം ഇഴച്ചുകൊണ്ടുപോയാണ് ലോറി നിന്നത്. റോഡിലുരഞ്ഞ് ബൈക്ക് കത്തി. 

തിരുവല്ലം ടോൾപ്ലാസ കഴിഞ്ഞ് കുമരിച്ചന്ത ഭാഗത്തേക്കും തിരുവല്ലം ജങ്ഷനിലേക്കും സർവീസ് റോഡിലേക്കും കടക്കുന്നതിന് യു-ടേണുണ്ട്. ഇവിടെ അപകടങ്ങൾ പതിവാണ്. ഇടതുവശത്തുനിന്നുവരുന്ന വാഹനങ്ങൾ മറുവശത്തുള്ള ബൈപ്പാസിലേക്ക് യു ടേണെടുത്ത് പെട്ടെന്നു കടക്കാൻ ശ്രമിക്കുന്നതും അപകടത്തിനു കാരണമാവുന്നു. മിക്കദിവസങ്ങളിലും ഈ ഭാഗത്ത് ചെറുതും വലുതുമായ അപകടങ്ങളുണ്ടാകുന്നുണ്ട്. 

സർവീസ് റോഡ് ഉപയോഗിക്കാതെ വാഹനങ്ങൾ നിയമം ലംഘിച്ച് ബൈപ്പാസിലേക്കു കയറുന്നതാണ് തിരുവല്ലം ഭാഗത്ത് അപകടങ്ങൾക്കു കാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ പശ്ചാത്തലത്തിൽ കണ്ടെയ്‌നർ ലോറികൾ ഹൈവേ റോഡുകളിൽ പ്രവേശിക്കുന്നതു തടയാൻ പ്രത്യേക പരിശോധന നടത്തുമെന്ന് കമ്മിഷണർ എസ്.എച്ച്.നാഗരാജു അറിയിച്ചു.

ഒമ്പതു ദിവസത്തിനിടെ 78 അപകടം

ഒമ്പതു ദിവസത്തിനിടെ നഗരത്തിൽ 78 വാഹനാപകടങ്ങളാണുണ്ടായത്. ഇതിൽ നാലുപേർ മരിച്ചു. കഴിഞ്ഞവർഷം 1823 വാഹനാപകടങ്ങളിലായി 165 പേരും മരിച്ചു. തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിൽ 65 അപകടങ്ങളിലായി 11 പേരുടെ ജീവൻ നഷ്ടപ്പെട്ടു. 33 അപകടങ്ങളും ഹൈവേയിലായിരുന്നു. ഈ വർഷം അഞ്ച്‌ അപകടങ്ങൾ ഹൈവേയിൽ നടന്നു. വാഹനപരിശോധന കർശനമാക്കുമെന്ന് കമ്മിഷണർ അറിയിച്ചു. 

തിരുവല്ലം ബൈപ്പാസിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരേ നരഹത്യയ്‌ക്ക് കേസെടുക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എസ്.എച്ച്. നാഗരാജു അറിയിച്ചു. സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ രതീഷാണ് ലോറി ഓടിച്ചിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.