ഗേറ്റ് പൂട്ടി നായയെ തുറന്നുവിട്ട് പ്രതി; രണ്ടുദിവസമായി പൊലീസ് പുറത്ത്, ട്രെയിനർമാരുടെ സഹായം തേടിയേക്കും

കൊല്ലം: കൊല്ലം ചിതറയിൽ യുവതിയുടെ വീട്ടിൽ വടിവാളും വളർത്തുനായയുമായി കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പിടികൂടാനാകാതെ പൊലീസ്. ഗേറ്റ് പൂട്ടി നായയെ തുറന്നു വിട്ടിരിക്കുന്നതിനാൽ ഇയാളെ പിടികൂടാനാകുന്നില്ല. രണ്ട് ദിവസമായി ഇയാളെ പിടികൂടാനായി കാത്തിരിക്കുകയാണ് പൊലീസ്. നായയെ മെരുക്കാൻ പരിശീലികരുടെ സഹായം തേടാനും പൊലീസ് ആലോചിക്കുന്നു. പ്രതിയെ പിടികൂടാൻ മഫ്തിയിൽ ഉദ്യോഗസ്ഥരെ നിർത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊല്ലം ചിതറാൽ കിഴക്കുംഭാഗം സ്വദേശി സജീവാണ് അയൽവാസിയായ യുവതിയുടെ വീട്ടിൽക്കയറി അതിക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാവിലെ പത്തുമണിയോടെയാണ് കിഴക്കും ഭാഗത്തെ സുപ്രഭയുടെ വീട്ടിലേക്ക് സജീവ് വളര്‍ത്തു നായയേയും വടിവാളുമായെത്തിയത്. സുപ്രഭ താമസിക്കുന്നത് തന്റെ വീട്ടിലാണെന്നായിരുന്നു സജീവിന്റെ വാദം. 

തന്റെ അച്ഛന്റെ പേരിലുള്ള വസ്തുവിലാണ് സുപ്രഭ താമസിക്കുന്നതെന്നും വീട്ടിൽനിന്നിറങ്ങണമെന്നും സജീവ് ആവശ്യപ്പെട്ടു. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും വഴങ്ങിയില്ല. തുടർന്ന് പൊലീസെത്തിയാണ് സജീവിനെ പിന്തിരിപ്പിച്ചത്. സമാനരീതിയിൽ മുമ്പും ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.വീട്ടിൽ അതിക്രമിച്ച് കടന്നതിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഷനിലേക്ക് എത്തണമെന്ന് സജീവിനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതി കൂട്ടാക്കിയില്ല. നേരെ വീട്ടിലേക്ക് പോയ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചെങ്കിലും നായ്ക്കളെ തുറന്നു വിട്ടതിനാൽ വീടിന് അകത്തു കടക്കാനായില്ല. സുപ്രഭയുടെ വീട്ടിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിന്റെ വീഴ്ച്ചയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം സജീവ് മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു